തിരുവിതാംകൂറിലെ നികുതി വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ, അത് കേവലം സാമ്പത്തികമായ ഒന്നായിരുന്നില്ല, മറിച്ച് ജാതിവ്യവസ്ഥയുമായി ആഴത്തിൽ ബന്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇന്ത്യയിലെ മറ്റൊരു നാട്ടുരാജ്യത്തും കാണാത്തത്ര വിചിത്രവും ക്രൂരവുമായ നികുതികൾ ഇവിടെ നിലനിന്നിരുന്നു.
ജാതിയും നികുതിയും
തിരുവിതാംകൂറിൽ നികുതി നിശ്ചയിച്ചിരുന്നത് ഒരാളുടെ വരുമാനം നോക്കിയല്ല, മറിച്ച് അയാളുടെ ജാതി നോക്കിയായിരുന്നു. സവർണ്ണ വിഭാഗങ്ങൾക്ക് പല നികുതികളിലും ഇളവ് ലഭിച്ചപ്പോൾ, പിന്നോക്ക വിഭാഗങ്ങൾ എല്ലാത്തിനും നികുതി നൽകേണ്ടി വന്നു. ഇവിടെ ഉണ്ടായിരുന്ന വിചിത്രമായ ചില നികുതിയെ കുറിച്ച് കേട്ടാൽ സംസ്കാരമുള്ള മനുഷ്യർ ലജ്ജിച്ചു തല താഴ്ത്തും.
തലക്കരം, 16 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ പുരുഷന്മാരും തങ്ങൾ ജീവിച്ചിരിക്കുന്നതിന് ഭരണകൂടത്തിന് നൽകേണ്ട നികുതിയാണിത്.
മുലക്കരം, ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. മാറ് മറയ്ക്കണമെങ്കിൽ ഭരണകൂടത്തിന് നികുതി നൽകണം. ഇതിനെതിരെ ചേർത്തലയിലെ നങ്ങേലി എന്ന ധീരവനിത സ്വന്തം മുല മുറിച്ചു നൽകി പ്രതിഷേധിച്ച കഥ ചരിത്ര പ്രസിദ്ധമാണ്.
ഏണിക്കരം & തളപ്പുകരം:
തെങ്ങ് കയറുന്ന തൊഴിലാളികൾ ഏണി ഉപയോഗിക്കുന്നതിനും തളപ്പ് (തെങ്ങിൽ കയറാൻ കാലിൽ ഇടുന്ന കയർ) ഉപയോഗിക്കുന്നതിനും പ്രത്യേക നികുതി നൽകണമായിരുന്നു.
വലക്കരം: മീൻ പിടിക്കുന്നവർ അവരുടെ വലയുടെ എണ്ണത്തിനനുസരിച്ച് നികുതി നൽകണം.
അടിമപ്പണം: കീഴ്ജാതിക്കാരെ അടിമകളായി കൈവശം വച്ചിരുന്നതിന് ഉടമകൾ നൽകേണ്ട നികുതി.
തിരുവിതാംകൂർ വിസ്തൃതി വർദ്ധിപ്പിക്കാനായി മാർത്താണ്ഡവർമ്മയും ധർമ്മരാജാവും നടത്തിയ നിരന്തരമായ യുദ്ധങ്ങൾ ഖജനാവ് കാലിയാക്കി. കൂടാതെ:
മുറജപം പോലെയുള്ള വലിയ ചടങ്ങുകൾക്കായി ഭീമമായ തുക ആവശ്യമായിരുന്നു. എങ്കിലും ബ്രാഹ്മണരെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. ബ്രിട്ടീഷുകാർക്ക് നൽകേണ്ടിയിരുന്ന വാർഷിക സംഖ്യ താങ്ങാവുന്നതിലും അധികമായിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഈ ക്രൂരത നടപ്പിലാക്കിയിരുന്നത്. ഇത് കണ്ടെത്താൻ എന്ന പേരിൽ ജനങ്ങളെ പരമാവധി ചൂഷണം ചെയ്തു.
നികുതി പിരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരെ 'ചന്ദ്രക്കാരൻ' അല്ലെങ്കിൽ 'കാര്യക്കാർ' എന്ന് വിളിച്ചിരുന്നു. നികുതി നൽകാത്തവരെ തടവിലിടുകയോ, പരസ്യമായി മർദ്ദിക്കുകയോ, അവരുടെ വീട്ടിലെ പാത്രങ്ങളും കന്നുകാലികളെയും പിടിച്ചെടുക്കുകയോ ചെയ്യുന്നത് പതിവായിരുന്നു.19-ാം നൂറ്റാണ്ടിലുണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളാണ് ഈ നികുതി ഭീകരതയ്ക്ക് അറുതി വരുത്തിയത്.
വൈകുണ്ഠ സ്വാമികൾ ഈ നികുതികളെ 'അനന്തപുരിയിലെ കടുംപിടുത്തം' എന്ന് വിളിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. അദ്ദേഹം നികുതി പിരിവിനെതിരെ മാത്രമല്ല സാമൂഹ്യവും ജാതി വ്യവസ്ഥയ്ക്കും എതിരായി നിരന്തരം പോരാടിക്കൊണ്ടിരുന്നു.
വൈകുണ്ഠ സ്വാമികൾ അക്കാലത്തെ അധികാര കേന്ദ്രങ്ങളെ ഇപ്രകാരം വിളിച്ചു:
തിരുവിതാംകൂർ രാജാവിനെ (സ്വാതി തിരുനാൾ) അനന്തപുരിയിലെ നീചൻ എന്നും, ബ്രിട്ടീഷ് ഭരണകൂടത്തെ വെളുത്ത നീചൻ എന്നും ജാതി വിവേചനം നടപ്പിലാക്കിയിരുന്ന സവർണ്ണ മേധാവികളെ കറുത്ത നീചൻ എന്നും വിളിച്ചു. രാജാവിനെ 'നീചൻ' എന്ന് വിളിക്കുന്നത് അക്കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഈ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടു. ഇതിനെ തുടർന്നാണ് സ്വാതി തിരുനാൾ വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ സിംഗാരത്തോപ്പ് ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.
പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്ക് ഉള്ള ഊട്ടുപുരയിലേക്ക് വിശന്ന് വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കയറിച്ചെന്നു. ഇത് കണ്ട് കോപം പൂണ്ട രാജാവ് ആ വൃദ്ധനെ ഒറ്റ വെട്ടി കൊന്നു കളഞ്ഞു. ഇതറിഞ്ഞ് ബ്രിട്ടീഷ് കളക്ടർ 1802: ൽ രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനെ (വീര രവി) അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. രാജാവ് ജയിലിൽ കിടന്നാണ് മരിച്ചത്. ഈ സംഭവം അറിയാവുന്നത് കൊണ്ട് മാത്രമാണ് സ്വാതി തിരുനാൾ വൈകുണ്ഠസ്വാമിയെ കൊലപ്പെടുത്താതിരുന്നത്. നാട്ടുരാജാക്കന്മാർക്ക് ചെറിയ ശിക്ഷകൾ കൊടുക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും വധശിക്ഷ പോലുള്ള ശിക്ഷകൾ ബ്രിട്ടീഷുകാരുടെ അനുമതിയില്ലാതെ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇല്ലെങ്കിൽ നവോത്ഥാന നായകന്മാർ എന്നറിയപ്പെടുന്നവരിൽ പലരും ജീവിച്ചിരിക്കുകയില്ലായിരുന്നു.
കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി രാജഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കുന്നത്. "ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്, ദൈവം ഒന്ന്" എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം പിന്നീട് വന്ന ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ളവർക്കും വലിയ പ്രചോദനമായി.രാജാവിനെതിരെയുള്ള ഈ വിമർശനം വെറുമൊരു തെറിവിളിയായിരുന്നില്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശക്തമായ പ്രതിഷേധമായിരുന്നു.
ചാന്നാർ ലഹള (1822-1859): മുലക്കരത്തിനും വസ്ത്രധാരണ നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന ഈ സമരം തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന ഏടാണ്. ചുരുക്കത്തിൽ:
തിരുവിതാംകൂറിലെ നികുതി വ്യവസ്ഥ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചൂഷണാത്മകമായ ഒന്നായിരുന്നു. എന്നാൽ ഈ കഷ്ടപ്പാടുകളിൽ നിന്നാണ് കേരളം ഇന്ന് കാണുന്ന പുരോഗമന ചിന്തകളിലേക്കും സാമൂഹിക നീതിയിലേക്കും വളർന്നത്. കേരളത്തിലെ മുഴുവൻ സ്ത്രീകളും മനോഹരമായി വസ്ത്രം ധരിച്ച് നടക്കുന്നതിന് കാരണക്കാരനായ ഗോപാലദാസൻ എന്ന ആണൊരുത്തനെ തിരുവിതാംകൂറിലെ സവർണ്ണ ഗുണ്ടകൾ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നു കളഞ്ഞു. എല്ലാത്തരം ആളുകളും പരിഷ്കൃത സമൂഹത്തിലേക്ക് പ്രവേശിക്കുന്നതിനെതിരെ കർശനമായി വിരുദ്ധ നിലപാടെടുത്ത ഒരു രാജവംശമാണ് തിരുവിതാംകൂർ. സാമൂഹ്യവിരുദ്ധതയുടെ ഏറ്റവും കൂടിയ അളവ് മറ്റൊന്നിനെ കുറിച്ച് പറയാനില്ല. അവരുടെ ക്രൂരതയുടെ ചെറിയൊരു അംശം ആണ് മുകളിൽ പറഞ്ഞത്. ആ കുടുംബത്തിൽ നിന്നും വരുന്ന ഒരാൾ എത്രമാത്രം ജനാധിപത്യ ബോധമുള്ളവൻ ആയിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല. ഈ നാട്ടിൽ ജീവിച്ച പരിചയ മാത്രം മതി.
വാൽക്കഷണം:
ഇപ്പോൾ ദേശാഭിമാനികളായ മിത്രങ്ങൾ വീണ്ടും തിരുവിതാംകൂറിലെ ഒരുത്തനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുകയാണ്. ആക്കുന്നതിനു മുമ്പ് ഇദ്ദേഹത്തിൻറെ കുടുംബക്കാർ ഇന്ത്യയെന്ന ദേശീയതയെ കുറിച്ച് എന്താണ് ചിന്തിച്ചത് എന്ന് കൂടി ഇത്തിരി ചരിത്രം വായിച്ചു പഠിച്ചു മനസ്സിലാക്കണം. അമേരിക്കൻ മോഡൽ ഭരണവുമായി ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഒറ്റയ്ക്ക് നിൽക്കാനാണ് തിരുവിതാംകൂർ ആഗ്രഹിച്ചത്. അതിനെതിരെ സമരം ചെയ്ത ആയിരക്കണക്കിന് ആളുകൾ മർദ്ദനമേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ എന്നൊരു രാജ്യം ആകാതിരിക്കാൻ ആഗ്രഹിക്കുകയും അഥവാ ഉണ്ടായാൽ അതിൽ ചേരാതെ നിൽക്കാനും ആഗ്രഹിച്ച ഇന്ത്യ വിരുദ്ധനായ തിരുവിതാംകൂർ രാജാവിന്റെ ഇളം തലമുറയാണ് ഇപ്പോഴുള്ളത്. ഇയാളെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ പരമാധികാരിയാക്കാൻ ശ്രമിക്കുന്ന മിത്രങ്ങളുടെ ബൗദ്ധിക നിലവാരവും ദേശീയ ബോധവും ചർച്ച ചെയ്യാൻ മാത്രമൊന്നുമില്ല. അത് ചവറ്റുകൊട്ടയിൽ ഇട്ടാൽ മതി. പട്ടേലും നെഹ്റുവും ട്രൗസറിൽ മുള്ളിച്ചാണ് തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തത്. ആയിരക്കണക്കിന് മനുഷ്യർ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്ത ഈ രാജ്യത്തിൻറെ അധികാരം ഇതുപോലെയുള്ള ദേശവിരുദ്ധന്മാരുടെ കൈകളിൽ കൊണ്ടെത്തിക്കാനുള്ള ശ്രമം നടത്തുന്നവരെ തീർച്ചയായും തിരിച്ചറിയുക എന്നുള്ള ഒരു ബാധ്യത ഓരോ ഇന്ത്യക്കാരനുമുണ്ട്.
No comments:
Post a Comment