Sunday, December 21, 2025

മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ മാറ്റി VB- G RAM G ഗോപകുമാർ മുകുന്ദൻ

മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ മാറ്റി VB- G RAM G - ബില്ലിൽ ഇന്ത്യൻ യൂണിയൻ പ്രസിഡൻ്റ് ഒപ്പു  വെച്ചതോടെ ഇത് നിയമമായിരിക്കുന്നു. സംസ്ഥാനങളുടെ കഴുത്ത് ഞെരിക്കുന്ന മാറ്റമാണിത്. ഇത് ഗ്രാമീണ തൊഴിലുറപ്പിൻ്റെ അന്ത്യമാണ്.

1. നമുക്കറിയുന്നതു പോലെ ഗ്രാമ മേഖലയിലാണ് ഈ ഉറപ്പ് ബാധകമാക്കുക. ഏതാണ് ഗ്രാമം എന്ന് ആരാണ് നിശ്ചയിക്കുക? യൂണിയൻ സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങൾ ആയിരുക്കും ഈ പദ്ധതിയ്ക്ക് ബാധകമായ ഗ്രാമീണ മേഖല എന്നതാണ് പുതിയ നിയമം . കേരളം ഏറ്റവും വേഗത്തിൽ നഗരവൽകൃതം ആകുന്ന സംസ്ഥാനമാണ്. സെൻസസ് നഗരങ്ങൾ ഇതിൻ്റെ പരിധിയ്ക്കു പുറത്താക്കി വിജ്ഞാപനം ഇറക്കിയാൽ കേരളത്തിൻ്റെ നല്ല ഭൂരിപക്ഷവും തൊഴിലുറപ്പിനു പുറത്താകും. അതാണ് സംഭവിക്കാൻ പോകുന്നത്.

2. ഇപ്പോൾ MGNREGS ആവശ്യാധിഷ്‌ഠിത , അവകാശ ബന്ധിതമായ പദ്ധതിയാണ് . അതായത് ജോലി ആവശ്യപ്പെടുന്നവരുടെ അവകാശം അനുസരിച്ച് സാധാരണ കായിക ജോലിക്കുള്ള കൂലി കൊടുക്കാനുള്ള ബാദ്ധ്യത യൂണിയൻ സർക്കാരിനുണ്ട്. പുതിയ നിയമ പ്രകാരം ഓരോ ധനകാര്യ വർഷത്തിലും യൂണിയൻ സർക്കാർ ഓരോ സംസ്ഥാനത്തിനുമുള്ള പണം ബജറ്റിൽ തീരുമാനിക്കും. അതോടെ നമ്മുടെ സാദ്ധ്യത ഗണ്യമായി ചുരുങ്ങും. കാരണം പരമാവധി എത്ര പണം നമുക്ക് തരും  എന്നു  അവർ തീരുമാനിക്കും. അതിനകത്ത് നിന്ന് തൊഴിലുറപ്പ് നടത്തി കൊള്ളണം. നമ്മുടെ ഊർജ്ജ സ്വലമായ വികേന്ദ്രീകരണത്തിൻ്റെ പശ്ചാത്തലത്തിൽ ഇതര യൂണിയൻ സർക്കാർ ആവിഷ്കൃത പദ്ധതികളിൽ നിന്നു വിഭിന്നമായി MGNREGS ൽ മെച്ചപ്പെട്ട വിഹിതം നേടിയിരുന്നത് പഴം കഥയാകും. ഡിമാൻ്റ് ഡ്രിവണായ MGNREGS യൂണിയൻ ബജറ്റിൽ അനുവദിക്കപ്പെടുന്ന വിഹിതത്തിന് അനുസരിച്ച് പരിമിതപ്പെടുമ്പോൾ ഏറ്റവും വലിയ അടി കിട്ടുന്ന സംസ്ഥാനമായിരിക്കും കേരളം'

3. തൊഴിലുറപ്പ് പദ്ധതി സാധാരണ കേന്ദ്രാവിഷ്കൃത പദ്ധതിയായി മാറുകയാണ്. യൂണിയൻ ബജറ്റിൽ അനുവദിക്കപ്പെടുന്ന വിഹിതത്തിനു മീതേ എന്തു വേണമെങ്കിലും അത് സംസ്ഥാനം വഹിച്ചു കൊള്ളണം. അതിൻ്റെ മാനദണ്ഡം എന്താണ്? അത് അവർ തീരുമാനിക്കും. കേരളത്തിൻ്റെ അനുഭവം പറയേണ്ടതില്ലല്ലോ?

4 . നികുതി വിഹിതത്തിലെന്ന പോലെ കേന്ദ്രാവിഷ്കൃത പദ്ധതികളിലും കൊടിയ വിവേചനമാണ് കേരളം നേരിടുന്നത്. നടപ്പുവർഷം ആകെ കേന്ദ്രാവിഷ്കൃത പദ്ധതി പണത്തിൻ്റെ 1.5 ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിനു കിട്ടുന്നത്. എന്നാൽ തൊഴിലുറപ്പ് കൂലിയുടെ 4 ശതമാനം നമ്മുടെ ഊർജ്ജസ്വലമായ തദ്ദേശ ഭരണ സംവിധാനത്തിൻ്റെ മികവിൽ നാം നേടുന്നുണ്ട്. അതിൽ ആകെ വരുന്ന വെട്ടിക്കുറവ് വേറെയാണ്. ഈ മാറ്റത്തോടെ കേരളം മൊത്തം കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നേരിടുന്ന വിവേചനത്തിൻ്റെ തോതിലേയ്ക്ക് തൊഴിലുറപ്പു പദ്ധതിയിലും കൂപ്പുകുത്തുകയാകും ചെയ്യുക.

5. കൂലി പൂർണ്ണമായും യൂണിയൻ സർക്കാർ നൽകിയിരുന്നത് ഇനി മേൽ 60 ശതമാനമായി ഇടിയും . ആവശ്യപ്പെട്ട തൊഴിൽ സമയത്ത് നൽകാതിരുന്നാൽ കൊടുക്കേണ്ടിയിരുന്ന അൺ എംപ്ളോയ്മെൻ്റ് വേതനം ഇനി മേൽ സംസ്ഥാനത്തിൻ്റെ ബാദ്ധ്യത ആയിരിക്കും.

6. കുറഞ്ഞത് പ്രതിവർഷം 2000 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുന്ന മാറ്റമാണിത്. 

നല്ലതുവരട്ടെ
© Gopakumar Mukundan

No comments:

Post a Comment