കേരളം കടം കൊണ്ട് മുങ്ങിത്താഴുന്നു, ശ്രീലങ്കപോലെ മുടിയുന്നു എന്നു പറഞ്ഞു പറഞ്ഞു പൊതുബോധം അതാക്കി മാറ്റാൻ ഏറ്റവും അധികം പണിയെടുത്ത പത്രം മലയാള മനോരമയാണ്.വിധിയെ തടുക്കാൻ ഉടയവനും പറ്റില്ല എന്നാണല്ലോ? CAG ഇമ്മാതിരി ഒരു പണി, അതും ആദ്യമായി, ചെയ്യും എന്നു ആരു കരുതി? 2022-2023 ലെ കണക്കു വെച്ച് രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവർ പരിശോധിച്ച് ഒരു റിപ്പോർട്ട് ഇറക്കി. 2013-2024 മുതൽ 2022-2023 വരെയുള്ള ഒരു ദശകത്തിലെ ധന പ്രവണതകളും CAG ഈ റിപ്പോർട്ടിൽ വിശകലനം ചെയ്തു. അതായത് എന്താണ് സംസ്ഥാനങ്ങളുടെ ധന സ്ഥിതിയിലെ ദീർഘകാല പ്രവണത എന്നു CAG നോക്കി എന്നു സാരം.
യൂണിയൻ സർക്കാർ അനുവദിക്കുന്ന വായ്പാ ഗഡുക്കൾ എടുക്കുന്ന ഓരോ അവസരത്തിലും മനോരമ വാർത്ത എഴുതുന്നത് എങ്ങനെയാണ്? വീണ്ടും കടം തേടി കേരളം, നിങ്ങൾക്കും കൊടുക്കാം കടം എന്നൊക്കെയാണ് മനോരമയുടെ എഴുത്തു രീതി. ഇതേ മനോരമയാണ് കേരളത്തെ ശ്രീലങ്കയാക്കാൻ നടന്നത്. ശ്രീലങ്കയുടേത് അടിസ്ഥാനപരമായി വിദേശ നാണയ പ്രതിസന്ധിയായിരുന്നു. Balance of payment crisis. കേരളം ശ്രീലങ്കയെപ്പോലെ ഒരു രാഷ്ട്രമല്ല. ഇന്ത്യ എന്ന പരമാധികാര രാജ്യത്തെ ഒരു സബ് സോവറിൻ സംസ്ഥാനം മാത്രമാണ്. വിദേശ നാണയവും വിദേശ വിനിമയവും ഒന്നും, വിദേശ വായ്പ പോലും, സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കാര്യമല്ല. ഇനിയിപ്പോൾ വിദേശ നാണയ പ്രതിസന്ധി ഉണ്ടാക്കിക്കളയാം എന്നു പിണറായി വിജയൻ ആത്മാർത്ഥമായി ആഗ്രഹിച്ചാലും അതു നടപ്പുള്ള കാര്യമല്ല.എന്നാലും കേരളത്തെ ശ്രീലങ്കയാക്കിയേ അടങ്ങൂ എന്നതായിരുന്നല്ലോ മനോരമയുടെ ലൈൻ.
• ഇവിടെ പറഞ്ഞ CAG റിപ്പോർട്ടിൽ കേരളം ഒരു debt strained സംസ്ഥാനമല്ല എന്നാണ് പറയുന്നത്. കേരളം വലിയ അപകടാവസ്ഥയിലല്ല എന്ന തലക്കെട്ടിൽ ശ്രീ പ്രതാപൻ ഈ വാർത്ത കൊടുത്തിട്ടുണ്ട്. അങ്ങനെ ചുമ്മാ പറയുകയല്ല State Finances 2022-23 : Comptroller and Auditor General of India ചെയ്യുന്നത്. ഇരുപത്തി എട്ട് സംസ്ഥാനങ്ങളിൽ എട്ടെണ്ണത്തിനു മുപ്പതു ശതമാനത്തിൽ അധികം പൊതുക്കടം (Public Debt) ഉള്ളവയാണ്. പതിന്നാലു സംസ്ഥാനങ്ങളുടെ പൊതുക്കടം 20 നും 30 നും ഇടയിലാണ്. ഇതിലാണ് കേരളം വരുന്നത്. കേരളത്തിന്റെ പൊതുക്കടം കൃത്യമായി പറഞ്ഞാൽ 24.71 ശതമാനമാണ്. ആ ബ്രാക്കറ്റിൽ തന്നെ കേരളം ഏഴാമതാണ്. നിങ്ങൾ ഇതേ കൊല്ലമാണ് കേരളം കട ഭാണ്ഡം പേറി പേറി തറപറ്റി എന്ന കഥ പ്രചരിപ്പിച്ചത്.
• 2023-2024 ൽ പൊതുക്കടം 23.38 ശതമാനമായും 24-25 ൽ 23.33 ശതമാനമായും കുറഞ്ഞു എന്നതും ബജറ്റ് രേഖകൾ നോക്കിയാൽ മനസിലാകും.
• അല്ല, പൊതുക്കടം എന്നല്ലേ ഇവിടെ പറയുന്നത്? അതേ. കടഭാരം അളക്കാൻ അനുയോജ്യമായത് Public Debt ആണ് എന്നത് CAG തന്നെ അംഗീകരിക്കുകയാണ്. ട്രഷറിയിൽ ആളുകൾ നിക്ഷേപിക്കുന്ന പണം (Public Account) സംസ്ഥാനത്തിന്റെ കട ബാധ്യയതയാണ് എന്ന അനുമാനം അബദ്ധമാണ് എന്നു സാരം. ഇത് ഞങ്ങളൊക്കെ എപ്പോഴേ പറയുന്നതാണ്. എന്തിന് പൊതു മേഖലാ സ്ഥാപനങ്ങളുടെ വായ്പ ( കിഫ്ബി പോലെ) സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ ലയബിലിറ്റിയല്ല എന്നാണ് ഞങ്ങൾ വാദിച്ചു കൊണ്ടിരുന്നത്. എന്നാൽ യൂണിയൻ സർക്കാരിന്റെ കുതന്ത്രങ്ങളുടെ വഴി പിടിച്ച് മനോരമയും സെറ്റും ഈ total outstanding liability യുടെ കണക്ക് എടുത്ത് കേരളം തകർന്നു എന്ന കഥ പ്രചരിപ്പിക്കുകയായിരുന്നല്ലോ? എല്ലാ സംസ്ഥാനങ്ങളുടെയും കഥ നോക്കാൻ ഇറങ്ങുമ്പോൾ കേരളത്തോട് കാണിക്കുന്ന കന്നം തിരിവ് കാണിക്കാൻ കഴിയില്ലല്ലോ?
• ഈ റിപ്പോർട്ട് കടം കണക്കുകൾ മാത്രമല്ല നോക്കുന്നത്. വരുമാന കണക്കുകളും നോക്കുന്നുണ്ട്. കേരളത്തിൽ നിറഞ്ഞാടുന്ന മറ്റൊരു ആഖ്യാനം കേരളം നികുതി പിരിക്കാത്ത സംസ്ഥാനമാണ്, എല്ലാം കേന്ദ്രൻ തരുന്നതാണ്, അങ്ങോട്ടു കൈനീട്ടി ഇരിപ്പാണ് എന്നതാണല്ലോ?
• ഇരുപത്തി എട്ട് സംസ്ഥാനങ്ങളിൽ ആകെ റവന്യൂ വരുമാനത്തിന്റെ അറുപതു ശതമാനത്തിന് മുകളിൽ തനതു വരുമാനമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് കേരളം വരുന്നത്. കൃത്യമായി 65.61 ശതമാനം തനതു വരുമാനമാണ്. ഇതിന്റെ മറുപുറം എന്താണ്? 34.4 ശതമാനം മാത്രമാണ് യൂണിയൻ ട്രാൻസ്ഫർ എന്നാണ് അർത്ഥം. ഇത് 2022-2023 ലെ കണക്കാണ്. 2023-2024 ൽ 27 ശതമാനവും 24-25 ൽ 19 ശതമാനവും മാത്രമാണ് യൂണിയൻ ട്രാൻസ്ഫർ എന്നതും കാണണം.
• 2013-2014 മുതൽ 2022-2023 വരെയുള്ള കാലത്ത് കേരളത്തിന്റെ തനത് റവന്യൂ ഇരട്ടിയിലേറെയായി വളർന്നു. ഇത് അഖിലേന്ത്യ പ്രവണതകൾക്ക് സമാനമാണ്. 2024-2025 ൽ ആകെ റവന്യൂ വരുമാനമായ 133000 കോടി രൂപയിൽ ഒരു ലക്ഷത്തിൽ അധികം കോടി രൂപ സംസ്ഥാന തനത് വരുമാനമാണ്.
• പതിനഞ്ചാം ധനക്കമ്മീഷൻ കാലത്താണ് നമ്മുടെ വിഹിതം 2.5 ശതമാനത്തിൽ നിന്നും 1.9 ശതമാനമായി കുറഞ്ഞത് എന്നതാണല്ലോ പൊതുവിൽ കരുതുന്നത്. ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്ന ഒരു ദശാബ്ദക്കാലത്തെ ആകെ സംസ്ഥാനങ്ങൾക്ക് കൈമാറിയ നികുതി, ഗ്രാൻറ്റു തുടങ്ങിയവയുടെ ( Total Devolution) എത്ര ശതമാനം കേരളത്തിനു കിട്ടി? 1.9 ശതമാനമേ വരൂ എന്ന് CAG യുടെ ഈ റിപ്പോർട്ട് പറയുന്നുണ്ട്.
ഈ റിപ്പോർട്ട് ചെലവിന്റെ കണക്കുകളും നോക്കുന്നുണ്ട്. അത് പിന്നീട് എഴുതാം. കേരളം കടം കൊണ്ട് മുടിഞ്ഞു എന്ന ആഖ്യാനവും നികുതി പിരിക്കാത്ത സംസ്ഥാനമാണ് എന്ന ആഖ്യാനവും മനോരമയും സെറ്റും അവസാനിപ്പിക്കും എന്നൊന്നും നാം കരുതേണ്ടതില്ല.
No comments:
Post a Comment