Friday, November 27, 2020

1957 മെയ് 7 ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗം. ഇ.എംഎസ്

"പിന്നെ പ്രധാനമായി ഉന്നയിച്ച ഒരു വാദം ഈ ഗവണ്മെന്റ് ഏകാധിപത്യത്തിന്റെ പ്രവണത കാണിക്കുന്നുവെന്നാണ്. അതിനുദാഹരണമായി പറയുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗവണ്മെന്റ് നടപ്പിൽ വരുത്തേണ്ട പരിപാടികളെക്കുറിച്ഛ് അഭിപ്രായം പറയുന്നുവെന്നാണ്. ഇത് ഏകാധിപത്യത്തിന്റെ പ്രവണതയായി ഞാൻ അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായി ഭരണമുള്ള ഏതൊരു രാജ്യത്തും ഭരണം നടത്തുന്ന പാർട്ടികളിലെ നേതാക്കന്മാർ ഇങ്ങിനെ അഭിപ്രായം പുറപ്പെടുവിക്കും.

അജയഘോഷിന്റെയും, എ.കെ.ഗോപാലന്റെയും പ്രസംഗങ്ങൾ പോളിസിയെ സംബന്ധിച്ചാണ്. അത് ദൈനംദിന ഭരണകാര്യങ്ങളിലുള്ള ഒരു ഇടപെടലല്ല. പോളിസി സംബന്ധിച്ച് ജനാധിപത്യം നടക്കുന്ന ഏതു രാജ്യത്തും പാർട്ടി നേതാക്കന്മാർ പ്രസ്താവനകൾ പുറപ്പെടുവിക്കാറുണ്ട്. അതിൽ കൂടുതൽ എന്റെ പാർട്ടിയുടെ നേതാക്കൾ ചെയ്യുന്നില്ല. രണ്ടാമതായി ദൈനംദിന ഭരണത്തിൽ ഇടപെടുന്നു എന്നുള്ള കാര്യത്തെപ്പറ്റിയാണ്. എനിക്കു പറയാനുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരൊറ്റ ഘടകവും അതിലിടപെടുന്നില്ല. ആര് ഇടപെട്ടാലും മന്ത്രിമാർ അത് സ്വീകരിക്കാൻ പോകുന്നുമില്ല. കേരളത്തിൽ പൊതു തെരഞ്ഞെടുപ്പ് നടന്നശേഷം കൂടിയ പോളിറ്റ്ബ്യൂറോ ആദ്യമായി ഒരു തീരുമാനം എടുത്തു. അത് അജയ്ഘോഷ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കാര്യം ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മന്ത്രിമാർ പാർട്ടിക്ക് അതീതരാണെന്ന് പാർട്ടിയും , പാർട്ടി സർക്കാരിന് അതീതമാണെന്നുള്ള നില പാർട്ടിയും എടുക്കയില്ല. മന്ത്രിസഭ രൂപീകരിച്ചതോടു കൂടി മന്ത്രിമാർ പാർട്ടി അച്ചടക്കത്തിന് അതീതരരാണെന്നുള്ള ഒരു നിലപാട് ഇല്ല. അത് മറ്റ് പാർട്ടികൾ എടുക്കുന്നുണ്ടോ എന്നുള്ളതിലേക്ക് ഞാൻ കടക്കുന്നില്ല. അത് ഇവിടെ പ്രസക്തമല്ല. എന്നാൽ ഒരു കാര്യം എനിക്ക് ഉറപ്പു പറയാൻ കഴിയും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഓരോ മെമ്പറും അയാൾ മന്ത്രിസഭയിലായാലും കൊള്ളാം,  നിയമസഭയിലായാലും കൊള്ളാം പുറത്തായാലും കൊള്ളാം പാർട്ടി അച്ചടക്കത്തിന് വിധേയനാണ്. പക്ഷെ പാർട്ടി മന്ത്രിസഭയുടെ കാര്യത്തിലായാലും കൊള്ളാം, നിയമസഭയുടെ കാര്യത്തിലായാലും കൊള്ളാം ദൈനംദിനകാര്യങ്ങളിൽ കൈകടത്തുകയില്ല."



No comments:

Post a Comment