Monday, June 18, 2012

തിരുവനന്തപുരത്ത് അതിക്രൂരമായ പൊലീസ് നരനായാട്ട്


 എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിലും വിദ്യാര്‍ഥിവേട്ടയിലും പ്രതിഷേധിച്ച് റോഡുപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. കേരളം അടുത്തൊന്നും കണ്ടിട്ടില്ലാത്ത പൈശാചികമായ വിദ്യാര്‍ഥിവേട്ടയാണ് തിങ്കളാഴ്ച തലസ്ഥാനത്തുണ്ടായത്. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ഇഷ്ടികയും കരിങ്കല്‍ച്ചീളുകളുമായി വിദ്യാര്‍ഥിവേട്ടയ്ക്കിറങ്ങിയ പൊലീസ് നഗരം യുദ്ധക്കളമാക്കി.

മര്‍ദനമേറ്റുവീണ കുട്ടികളെ പത്തും പതിനഞ്ചും പൊലീസുകാര്‍ വളഞ്ഞിട്ട് അതിഭീകരമായി തല്ലിച്ചതച്ചു. തലയ്ക്കും ശരീരമാസകലവും അടിയേറ്റ കുട്ടികള്‍ ബോധരഹിതരായിട്ടും ചോരക്കൊതിയടങ്ങാത്ത നരാധമന്മാര്‍ ബൂട്ടിട്ട് ചവിട്ടിയരച്ചു. ചില പൊലീസ് ക്രിമിനലുകള്‍ ലാത്തി ഒടിയുംവരെ കുട്ടികളെ തല്ലി. പൊലീസ് ഭീകരതയില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴുപേരുടെ നില ഗുരുതരമാണ്. പേപിടിച്ച പൊലീസ് നഗരത്തില്‍ മണിക്കൂറുകള്‍ അഴിഞ്ഞാടി. ക്രൂരമര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കാന്‍പോലും സമ്മതിക്കാതെ വലിച്ചിഴച്ചുകൊണ്ടുപോയി എആര്‍ ക്യാമ്പിലടച്ച് പൈശാചികമായി മര്‍ദിച്ചു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് ബാലമുരളി, ജില്ലാസെക്രട്ടറിയറ്റ് അംഗം ഷിബി, ജില്ലാകമ്മിറ്റി അംഗം പ്രശാന്ത്, പാളയം ഏരിയ സെക്രട്ടറി നിയാസ്, യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് അഭിജിത്, വെള്ളറട ഏരിയ ജോയിന്റ് സെക്രട്ടറി ആനന്ദ് മോഹന്‍, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി ഡിജിത് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. നിരവധിപേരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉപരോധത്തിനിടെ പൊടുന്നനെ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച പകല്‍ 12ഓടെ യൂണിവേഴ്സിറ്റി കോളേജിനു സമീപം സ്പെന്‍സര്‍ ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ച വിദ്യാര്‍ഥികളെ അറസ്റ്റ്ചെയ്തു നീക്കാന്‍പോലും ശ്രമിച്ചില്ല. പതിവുള്ള ജലപീരങ്കി പ്രയോഗവും ഉണ്ടായില്ല. സമരത്തെ ചോരയില്‍മുക്കിക്കൊല്ലണമെന്ന കൃത്യമായ നിര്‍ദേശം മുഖ്യമന്ത്രിയില്‍നിന്നും ആഭ്യന്തരമന്ത്രിയില്‍നിന്നും ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന തരത്തില്‍ യുദ്ധസന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം സമരം ഉദ്ഘാടനം ചെയ്തതിനുപിന്നാലെയായിരുന്നു ആക്രമണം. ഉന്നതനിര്‍ദേശം കിട്ടിയ ഉടന്‍ കാക്കിപ്പട വിദ്യാര്‍ഥികള്‍ക്കു മേല്‍ ചാടിവീണു. കടന്നാക്രമണത്തില്‍ പകച്ചുപോയ വിദ്യാര്‍ഥികള്‍ ചിതറിയോടി. നൂറുകണക്കിന് പൊലീസുകാരെ പലഭാഗങ്ങളില്‍ എന്തിനും സജ്ജരാക്കി നിര്‍ത്തിയിരുന്നു. അവരില്‍ ഒരുവിഭാഗം കല്ലും ഗ്രനേഡുകളുമായി കുട്ടികളെ പിന്തുടര്‍ന്നു.

സമരരംഗത്ത് അടിച്ചുവീഴ്ത്തിയ കുട്ടികളെയാണ് ഭ്രാന്തുപിടിച്ച മര്‍ദകവീരന്മാര്‍ വളഞ്ഞിട്ട് ലാത്തി ഒടിയുംവരെ തല്ലിച്ചതച്ചത്. അടിയേറ്റ് നിലത്തുവീണ എസ്എഫ്ഐ പാളയം ഏരിയസെക്രട്ടറി നിയാസിനെ പതിനഞ്ചോളം സായുധപൊലീസുകാര്‍ വളഞ്ഞിട്ടുതല്ലുകയും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍ അഭയം പ്രാപിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ മുപ്പതോളം ഗ്രനേഡ് പ്രയോഗിച്ചു. വേട്ടനായ്ക്കളെപ്പോലെ കോളേജ് വളഞ്ഞ പൊലീസ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കുനേരെയാണ് ഗ്രനേഡും കരിങ്കല്‍ച്ചീളുകളും കണ്ണീര്‍വാതകഷെല്ലുകളും തൊടുത്തത്. ഗ്രനേഡില്‍നിന്ന് രക്ഷപെടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസുകളില്‍നിന്ന് ഇറങ്ങിയോടി.

സംഭവമറിഞ്ഞ് എംഎല്‍എമാരായ കെ സുരേഷ്കുറുപ്പ്, ജെയിംസ് മാത്യു, ടി വി രാജേഷ്, ആര്‍ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തിയശേഷമാണ് പൊലീസ് അടങ്ങിയത്. പൊലീസ് ഭീകരതയറിഞ്ഞ് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, എളമരം കരീം എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി. നിയമസഭയ്ക്കുമുന്നില്‍നിന്ന് എല്‍ഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനം നടന്നു.
ഒരു വിദ്യാര്‍ഥിയെ തല്ലാന്‍ 15 പേര്‍; ലാത്തി ഒടിഞ്ഞപ്പോള്‍ ബൂട്ടിട്ടു ചവിട്ടി

: അടിയേറ്റ് റോഡില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിക്കുമേല്‍ പേപ്പട്ടികളെപ്പോലെ ചാടിവീഴുക, ആഞ്ഞടിച്ച് ലാത്തികള്‍ ഒടിഞ്ഞപ്പോള്‍ കലിതീരാതെ ബൂട്ടിട്ട് ചവിട്ടിയരയ്ക്കുക. മുഖം പൊത്തി റോഡില്‍ കിടക്കുമ്പോള്‍ ആഞ്ഞടിച്ചത് മുഖത്തും തലയിലും. ആരെയും ഞെട്ടിക്കുന്ന കൊടുംക്രൂരതയ്ക്കാണ് തിങ്കളാഴ്ച തലസ്ഥാനം സാക്ഷ്യംവഹിച്ചത്. അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്ന എസ്എഫ്ഐ പാളയം ഏരിയ സെക്രട്ടറിയായ ബി നിയാസിന്റെ ശരീരത്തില്‍ അടിയേല്‍ക്കാത്ത ഒരിഞ്ചുപോലുമില്ല. വലതുകൈ അടിച്ചൊടിച്ചു. ശരീരമാസകലം അടിയേറ്റ് ചതഞ്ഞു. ശരീരമാകെ ലാത്തിയുടെ പാടുകൊണ്ട് കരുവാളിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ നിയാസ് ഗവ. ആര്‍ട്സ് കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ലാത്തിച്ചാര്‍ജ് ആരംഭിച്ചപ്പോള്‍ നിയാസ് ഉപരോധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ലാത്തിയടിയേറ്റ് വീണ നിയാസിനെ പതിനഞ്ചോളം പൊലീസുകാര്‍ ആക്രോശത്തോടെ പൊതിഞ്ഞു. പിന്നെ ആരും നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. നിയാസിനു മേല്‍ ലാത്തികള്‍ ആഞ്ഞുപതിച്ചു. ആര്‍ത്തട്ടഹസിച്ച പൊലീസുകാരില്‍ ചിലരുടെ ലാത്തി ഒടിഞ്ഞുതെറിച്ചപ്പോള്‍ കലിയടങ്ങാതെ നിയാസിനെ ചവിട്ടി. പിന്നിലൂടെ വന്ന് രണ്ട് നരാധമന്മാര്‍ തലയ്ക്കും മുഖത്തും ആഞ്ഞടിച്ചു. നിയാസ് ബോധരഹിതനായിട്ടും ചോരക്കൊതിയടങ്ങാതെ അവര്‍ തല്ലിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ "അവിടെ കിടക്കട്ടെ" എന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്ന്, ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മറ്റു വിദ്യാര്‍ഥികളെ പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടപ്പോള്‍ ഒപ്പം നിയാസിനെയും ജീപ്പിലേക്ക് എടുത്തിട്ടു. നിയാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം എആര്‍ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ 40 പേരെ പ്രത്യേകം നിയോഗിച്ചു
തിരു: എസ്എഫ്ഐ സമരം നേരിടാന്‍ സായുധ പൊലീസ് സേനയില്‍നിന്ന് 40 പേരെ പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിച്ചു. കോണ്‍ഗ്രസ് അനുകൂലികളും മര്‍ദകവീരന്മാരുമായ ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് അനുകൂലികളായ പൊലീസ് അസോസിയേഷനിലെ ചില പ്രധാനികളും ഉണ്ടായിരുന്നു. ഞായറാഴ്ച എആര്‍ ക്യാമ്പില്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ഈ നാല്‍പ്പതംഗസംഘമാണ് സംസ്ഥാനത്തെയാകെ നടുക്കിയ കൊടുംക്രൂരത കാട്ടിയത്. തിങ്കളാഴ്ച ആദ്യം ഈ 40 പൊലീസുകാരെയും സമരരംഗത്തുനിന്ന് അല്‍പ്പമകലെ മാറ്റിനിര്‍ത്തി. സെക്രട്ടറിയറ്റിനു സമീപം അഭയ സെന്ററിന് അടുത്ത് നിലയുറപ്പിച്ച ഇവര്‍ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ സമരരംഗത്തേക്ക് കുതിക്കുകയായിരുന്നു. അതുവരെ സമരസ്ഥലത്ത് നിലയുറപ്പിച്ച സ്ട്രൈക്കര്‍ ഒന്നും രണ്ടും ടീം പിന്നോട്ടുമാറി. തുടര്‍ന്നാണ് അതിഭീകര മര്‍ദനമുറകള്‍ ആരംഭിച്ചത്. കൊടുംമര്‍ദനത്തിനുശേഷം ഈ 40 പേരെയും എആര്‍ ക്യാമ്പില്‍ പ്രത്യേകം അഭിനന്ദിച്ചു. പൊലീസ് അസോസിയേഷന്റെ പ്രമുഖനേതാവ് തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ നിയമസഭയിലെ ഓഫീസിലെത്തി ചര്‍ച്ച നടത്തി മടങ്ങിയിരുന്നു

No comments:

Post a Comment