Thursday, May 19, 2022

ടൂറിസം മേഖല വിജയകരം, കുറ്റം പറയാനില്ല'; കോണ്‍ഗ്രസ് വേദിയില്‍ സര്‍ക്കാരിന്റേത് പൊള്ള വാഗ്ദാനങ്ങളെന്ന് പറഞ്ഞ യുവതിയോട് തരൂര്‍https://www.reporterlive.com/kerala/kerala-tourism-sector-is-successful-shashi-tharoor-reply-to-youth-congress-worker-80652?infinitescroll=1

തൃക്കാക്കര: കേരളത്തിലെ ടൂറിസം മേഖലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന അഭിപ്രായപ്പെട്ട യുവതിക്ക് വ്യക്തമായ മറുപടിയുമായി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും ടൂറിസം മേഖലയിലേക്ക് പാസാക്കുന്ന ഫണ്ട് ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു യുവതി അഭിപ്രായം. എന്നാല്‍ അക്കാര്യങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ശശി തരൂരിന്റെ മറുപടി. സംസ്ഥാനത്തെ വിജയകരമായി മുന്നോട്ടു പോകുന്ന മേഖലകളിലൊന്നാണ് ടൂറിസമെന്നും സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു യുവതിയുടെ ചോദ്യവും തരൂരിന്റെ മറുപടിയും. കെഎസ് ശബരിനാഥനും പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

യുവതിയുടെ ചോദ്യം: ''കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറെ ഫണ്ട് പാസാവുന്നത് നമ്മള്‍ കണ്ടു. പക്ഷെ ഇതെല്ലാം എവിടെയും ഉപയോഗിച്ചതായി കണ്ടിട്ടില്ല. സര്‍ക്കാരിന്റെ പൊള്ളയായ കുറെ വാഗ്ദാനങ്ങളുണ്ട്, ടൂറിസം മേഖലയെയും അതിന്റെ വളര്‍ച്ചയെയും കുറിച്ചിട്ട്. ഇതെല്ലാം കേട്ടിട്ടാണ് കുറെ വിദ്യാര്‍ത്ഥികള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സുകള്‍ക്ക് ചേരുന്നത്. ചോദ്യം ഇതാണ്, പോസ്റ്റ് കൊവിഡ് സാഹചര്യത്തില്‍ കേരളത്തിലെ ടൂറിസം എങ്ങനെ മെച്ചപ്പെടുത്താം, ഒപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ നോക്കുക്കുത്തികളാകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം.'' ശശി തരൂരിന്റെ മറുപടി: ''പല കാര്യങ്ങളും ചെയ്യുന്നുണ്ട്. വിജയകരമായ മേഖലയാണ്. കൊവിഡ് സാഹചര്യമായത് കൊണ്ട് സഞ്ചാരികള്‍ കുറവായിരുന്നു. വലിയ കഷ്ടപാടുകളും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. കൊവിഡിന് മുന്‍പ് കേരളത്തിലെ വലിയൊരു വരുമാനമാര്‍ഗം ടൂറിസം മേഖലയായിരുന്നു. സര്‍ക്കാര്‍ ടൂറിസം മേഖലയ്‌ക്കൊരു പ്രാധാന്യം കൊടുക്കുന്നുണ്ട്. അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷെ ചില കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്.'' ''പരിസ്ഥിതിയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം പ്രോത്സാഹിപ്പിക്കണം, ആദിവാസി മേഖലകളിലേക്ക് വിദേശസഞ്ചാരികള്‍ വരാന്‍ തയ്യാറാണ്. ഇത് വികസിച്ചിട്ടില്ല. കേരളമൊരു വികസിക്കപ്പെട്ട സംസ്ഥാനമാണെങ്കിലും ചില സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതിയെ കാണിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ആയുര്‍വേദ ടൂറിസം കുറച്ചുകൂടി വികസിപ്പിച്ചെടുക്കണം. എങ്കിലും കേരളത്തിലെ ടൂറിസം മേഖല വിജയകരമാണെന്ന് പറയാന്‍ എനിക്ക് സാധിക്കും. ഇനിയും നന്നാക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പല കാര്യങ്ങളിലും ഭേദമാണ് കേരളത്തില്‍.'' തൃക്കാക്കരയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയെന്ന ക്യാപ്ഷനോടെ ബിനീഷ് കോടിയേരി അടക്കമുള്ളവര്‍ പരിപാടിയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

https://www.reporterlive.com/kerala/kerala-tourism-sector-is-successful-shashi-tharoor-reply-to-youth-congress-worker-80652?infinitescroll=1


No comments:

Post a Comment