ഭഗത് സിംഗ്, ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ
പത്താം ക്ലാസിലെ കന്നഡ പാഠപുസ്‌തകത്തിൽനിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തി കർണാടക സർക്കാർ. 2022- 23 അധ്യയന വര്‍ഷത്തെ പുസ്‌തകത്തിലാണ് ആരാണ് മികച്ച പുരുഷ മാതൃക എന്ന തലക്കെട്ടിൽ ഹെഡ്ഗേവാറിന്റെ പ്രസംഗമുള്ളത്. പാഠപുസ്‌തക അച്ചടി പുരോഗമിക്കുകയാണ്. കർണാടകത്തിലെ ബിജെപി സർക്കാർ പാഠ്യപദ്ധതിയെപ്പോലും കാവിവൽക്കരിക്കുകയാണെന്നും ഹെഡ്ഗേവാറിന്റെ പ്രസംഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ പാർടികൾ പറഞ്ഞു.
വിവിധ അധ്യാപക, വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എഴുത്തുകാരന് രോഹിത്ത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തണമെന്നും നേരത്തേയുള്ള ചില പാഠഭാഗങ്ങൾ നീക്കംചെയ്യണമെന്നുമുള്ള അന്തിമ റിപ്പോർട്ട് മാർച്ചിൽ സർക്കാരിന് നൽകിയത്. പുരോഗമന എഴുത്തുകാരുടെ പല പാഠഭാഗങ്ങളും സിലബസിൽനിന്ന് ഒഴിവാക്കി. സിലബസിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ ആർഎസ്എസ് ആണെന്നും ബിജെപി ഭരണത്തിനു കീഴിൽ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിദഗ്ധനായ വി പി നിരഞ്ജനാരാദ്യ പറഞ്ഞു.
ആർഎസ്‌എസിനെക്കുറിച്ച് പാഠപുസ്തകത്തിൽ പരാമർശിക്കുന്നില്ലെന്നും യുവജനങ്ങൾക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്ഗേവാറിന്റെ പ്രസംഗം മാത്രമാണ് പുസ്തകത്തിലുള്ളതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ന്യായീകരണം
Read more: https://www.deshabhimani.com/news/national/hedgewars-history-by-rss-founder-in-a-textbook-in-karnataka/1020090
No comments:
Post a Comment