അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലെ അധികാരക്കുത്തക തകർന്ന ശേഷവും മൂന്നു പതിറ്റാണ്ടു കൂടി ദേശീയ തലത്തിലെ നിർണായക രാഷ്ട്രീയ ശക്തിയായി കോൺഗ്രസ് നിലകൊണ്ടു. ഇപ്പോൾ അതിന്റെ ദേശീയവും പ്രാദേശികവുമായ അസ്തിത്വം നിലനിർത്തുന്നതിൽ കോൺഗ്രസ് പ്രതിസന്ധി നേരിടുകയാണ്. മത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബിജെപിയോടാണ് ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലപ്പെട്ട പ്രകടനം തുടരുന്നതെങ്കിൽ സംസ്ഥാന തലങ്ങളിൽ പ്രാദേശിക സ്വത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബൂർഷ്വാ പാർടികൾക്കു മുന്നിലാണ് കോൺഗ്രസിന് അടിപതറുന്നത്. തങ്ങളുടെ എതിരാളികളെ നേരിടാൻ അവരേക്കാൾ മേൽത്തരം നയങ്ങളും പരിപാടികളും ആവിഷ്കരിക്കുക എന്നതാണ് ഓരോ രാഷ്ട്രീയ പാർടിയും സാധാരണ ചെയ്യുന്നത്. എന്നാൽ, കോൺഗ്രസാകട്ടെ തങ്ങളുടെ എതിരാളികളെ വികൃതമായി അനുകരിക്കുന്ന നിലവാരത്തകർച്ചയാണ് തുടർച്ചയായി പ്രകടിപ്പിക്കുന്നത്. അങ്ങനെ ഇരന്നു വാങ്ങുന്ന പരാജയ പരമ്പരകളിൽ നിന്ന് വീണ്ടെടുപ്പിന്റെ വഴികൾ തേടുമ്പോഴാണ് സെമികേഡർ മുതൽ പ്രശാന്ത് കിഷോർ വരെയുള്ള ഒറ്റമൂലികൾക്കു പിന്നാലെ പായുന്നത്. യഥാർഥത്തിൽ ഇന്നത്തെ ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള നയങ്ങളും നിലപാടുകളും സ്വീകരിക്കാതെ ഒറ്റമൂലികളിൽ അഭയം തേടുന്നത് ഇരുട്ടു കൊണ്ട് ഓട്ടയടയ്‌ക്കുന്നതിനു തുല്യമാണ്.
കോൺഗ്രസ്, ബ്രിട്ടീഷ് ഭരണാധികാരികൾക്കു മുമ്പിൽ യാചനയുടെ വഴികളാണ് തുടക്കം മുതൽ സ്വീകരിച്ചത്. 1916ൽ അമേരിക്കയിലെ സിയാറ്റിലിൽ ഇന്ത്യൻ ദേശീയതയെപ്പറ്റി മഹാകവി രബീന്ദ്രനാഥ ടാഗോർ നടത്തിയ പ്രഭാഷണത്തിൽ അക്കാലത്തെ കോൺഗ്രസ് പാർടിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: "ഇന്ത്യയിൽ രാഷ്ട്രീയ സമരങ്ങളുടെ ആരംഭഘട്ടത്തിൽ ഇന്നത്തേതുപോലെ രാഷ്ട്രീയ പാർടികൾ തമ്മിലുള്ള ഭിന്നത ഉടലെടുത്തിരുന്നില്ല. അക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടായിരുന്നെങ്കിലും അവർക്ക് പരിപാടി ഉണ്ടായിരുന്നില്ല. അധികാരികളിൽനിന്നും തുച്ഛമായ ആനുകൂല്യങ്ങൾ മാത്രമേ അവർ ആവശ്യപ്പെടുന്നുള്ളൂ’.
ബാലഗംഗാധരതിലക് അടക്കമുള്ളവരുടെ തീവ്ര നിലപാടുകാർക്കാകട്ടെ ഗണേശോത്സവം ഉൾപ്പെടെയുള്ള മതപരമായ കൂട്ടായ്മയെക്കൂടി സമരത്തിന്റെ ഭാഗമാക്കുന്ന ആന്തരിക ദൗർബല്യം കൂടിയുള്ളവരുമായിരുന്നു. പിന്നീടുള്ള കോൺഗ്രസിന്റെ ചരിത്രം വ്യത്യസ്തമായ ആശയധാരകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. പ്രാഥമികമായി കോൺഗ്രസുകാരായിരിക്കുമ്പോൾത്തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് എത്തിയ അന്നത്തെ ദേശീയ നേതാക്കൾ പൂർണ സ്വാതന്ത്ര്യമെന്ന ലക്ഷ്യം കോൺഗ്രസ് അംഗീകരിക്കണമെന്ന് വാദിച്ചു. തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള സംഘടനകളെ സ്വാതന്ത്ര്യ സമരത്തിൽ അണിനിരത്താനും നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാരും ജന്മിമാരും ഇന്ത്യക്കാരായതിനാൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രസ്ഥാനം നാട്ടു രാജ്യങ്ങളിൽ വേണ്ടതില്ലെന്ന നിലപാടുകൾ തിരുത്താനും അവർ കോൺഗ്രസിനുള്ളിൽ പൊരുതിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഫലമായി സ്വീകരിക്കപ്പെട്ട പല നിലപാടാണ് കോൺഗ്രസ് പാർടിയെ ദേശീയ വിമോചന സമരത്തിലെ നായകപദവിയിലേക്ക് എത്തിച്ചതെന്ന് ചരിത്രം സാക്ഷ്യംപറയുന്നു.
കോൺഗ്രസ് എക്കാലത്തും ഇന്ത്യയിലെ മുതലാളിത്തത്തിന്റെ രാഷ്ട്രീയ പാർടിയാണ്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് വിദേശഭരണത്തോട് ഒട്ടി നിന്ന ടാറ്റയടക്കമുള്ള മുതലാളിമാരും കോൺഗ്രസ് അനുഭാവം പ്രകടിപ്പിച്ച ബിർളയെപ്പോലുള്ള മുതലാളി വിഭാഗവും പൊതുവിൽ കോൺഗ്രസിനെത്തന്നെയാണ് ഇന്ത്യയിലെ തങ്ങളുടെ പ്രതിനിധിയായി അംഗീകരിച്ചത്.കോൺഗ്രസ് ജന്മിത്തവുമായി നടത്തിയ സന്ധിയിലൂടെ രാജ്യത്ത് അവശേഷിപ്പിച്ച ഫ്യൂഡൽ മൂല്യങ്ങളുടെ ചെളിക്കുഴിയിലാണ് ആർഎസ്എസ് വേരുകൾ ആഴ്ത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തിരയേറ്റത്തിൽ ദേശീയ വിമോചന വിപ്ലവത്തിന്റെ പുരോഗമന നിലപാടുകൾ ഒരുപരിധി വരെ ഉയർത്തിപ്പിടിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ ബിജെപി മുന്നോട്ടു വയ്‌ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനോട് കീഴ്പ്പെട്ടു കഴിഞ്ഞു.
മത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഫാസിസവും നാസിസവും തകർത്താടിയ ഇറ്റലിയിലും ജർമനിയിലും ഇതേ പ്രക്രിയ സംഭവിച്ചത് ആ രാജ്യങ്ങളുടെ ചരിത്രത്തിൽ കാണാം. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ ഭൂപരിഷ്കരണം ഒഴിവാക്കൽ മാത്രമല്ല, ചൂഷണവും സാമൂഹ്യ വിവേചനവും നിർബന്ധിതമാകുന്ന ഫ്യൂഡൽ മൂല്യങ്ങളെ സംരക്ഷിക്കുകയെന്നതിനാണ് കോൺഗ്രസിന്റെ വർഗനയം വഴിവച്ചത്. ദേശീയ സ്വാതന്ത്ര്യത്തിന്റെ തുടർച്ചയായി ജന്മിത്തത്തെയും അതിന്റെ ചൂഷണ ലക്ഷ്യത്തെയും നിരാകരിക്കുന്നതിനു പകരം കോൺഗ്രസ് അതിന്റെ സംരക്ഷകരായി മാറി. രാജവാഴ്ചയുടെയും ജന്മിത്തത്തിന്റെയും ഗൃഹാതുരത്വം പേറുന്ന ആശയ മണ്ഡലത്തിൽ അഭിരമിക്കുന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ ഒരുപടി മുന്നോട്ടു നിൽക്കാൻ കഴിയുന്ന ആർഎസ്എസ് നേതൃത്വം നൽകുന്ന സംഘപരിവാറിന് കീഴ്പ്പെടാൻ കോൺഗ്രസിനെ നിർബന്ധിതമാക്കുന്നത് ഇന്ത്യൻ ബൂർഷ്വാ വർഗത്തിന്റെ ജന്മിത്താനുകൂല നയം മൂലമാണ്. രാഷ്ട്രീയവും സംഘടനാപരവുമായ ഈ പ്രതിസന്ധിയെ പ്രശാന്ത് കിഷോറിന്റെ സൗന്ദര്യ വർധക ചികിത്സകൊണ്ട് ഭേദമാക്കാനാകില്ലെന്ന് കോൺഗ്രസ് പാർടിയുടെ ചരിത്രം പഠിച്ചാൽ അവർക്ക് ബോധ്യപ്പെടും.
ഫ്യൂഡലിസവുമായുള്ള സന്ധിയും സാമ്രാജ്യത്വ മൂലധന ശക്തിയോട് ചങ്ങാത്തവും മുതലാളിത്ത വർഗ നയങ്ങളാണ്. കോൺഗ്രസ് അതിന്റെ നടത്തിപ്പുകാരായതിനാലാണ് തുടർച്ചയായി തിരിച്ചടി നേരിടേണ്ടിവരുന്നത്.
സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പാരമ്പര്യത്തെ സ്വയം ബലിയർപ്പിച്ചു പ്രതിവിപ്ലവകാരികളായി കോൺഗ്രസ് സ്വയം മാറിയതിന്റെ മറ്റൊരു മേഖല ആഗോളവൽക്കരണ നയങ്ങളെ വാരിപ്പുണർന്നതാണ്. ജവാഹർലാൽ നെഹ്റുവും ഒരുപരിധി വരെ ഇന്ദിര ഗാന്ധിയും സ്വീകരിച്ച ദേശീയ നയങ്ങൾ റദ്ദുചെയ്തു കൊണ്ടാണ് നരസിംഹ റാവുവും മൻമോഹൻ സിങ്ങും ലക്കുകെട്ട സ്വകാര്യവൽക്കരണവും മറ്റു ജനവിരുദ്ധ നടപടികളും സ്വീകരിച്ചത്. ബിജെപി സർക്കാരുകളും അതേ വഴിയിലാണ് സഞ്ചരിക്കുന്നതെങ്കിലും ജനരോഷത്തെ മറികടക്കാനുള്ള വർഗീയതയുടെ തുറുപ്പു ചീട്ടാണ് ബിജെപി അതിജീവനത്തിന് ഉപയോഗിക്കുന്നത്. അതേ കളരിയിൽത്തന്നെ കളിക്കിറങ്ങിയ കോൺഗ്രസ് വിളറി നിൽക്കുന്നതിനു കാരണം മതത്തിന്റെയും മറ്റു സ്വത്വവാദങ്ങളുടെയും പേരിൽ നിൽക്കുന്നവർക്ക് ജനാധിപത്യ സമൂഹത്തിൽ സ്വയം പ്രതിരോധശേഷി ഏറെയുണ്ടെന്നതിനാലാണ്. ഫ്യൂഡലിസവുമായുള്ള സന്ധിയും സാമ്രാജ്യത്വ മൂലധനശക്തിയോട് ചങ്ങാത്തവും മുതലാളിത്തവർഗ നയങ്ങളാണ്. കോൺഗ്രസ് അതിന്റെ നടത്തിപ്പുകാരായതിനാലാണ് തുടർച്ചയായി തിരിച്ചടി നേരിടേണ്ടി വരുന്നത്.
ഓരോ രാജ്യത്തെയും ഏറ്റവും പുരോഗമനപരമായ രാഷ്ട്രീയത്തെയാണ് കമ്യൂണിസ്റ്റുകാർ എല്ലാ കാലത്തും പ്രതിനിധാനം ചെയ്യുന്നത്. ചൂഷകരായ ഭരണവർഗ ശക്തികളുടെ പ്രാതിനിധ്യം ഇന്ത്യയിൽ സംഘപരിവാർ ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഫാസിസത്തോട് ചെങ്കൊടി ഏറ്റുമുട്ടിയ രണ്ടാം ലോക യുദ്ധക്കാലത്തെ സമരഭരിതമായ വിതാനത്തിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയം പരിവർത്തനപ്പെട്ടു വരുന്നത്. തൊഴിലാളികളുടെ ദ്വിദിന ദേശീയ പണിമുടക്കും മഹത്തായ കർഷക സമര വിജയങ്ങളും നൽകുന്ന സമരപാഠങ്ങളാണ്, ഭരണവർഗങ്ങൾക്കെതിരായ തുടർ സമരത്തിന്റെ ഇന്ധനം.അത്തരം ദാർശനികവും പ്രായോഗികവുമായ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും അഭാവമാണ് ഒറ്റമൂലികൾ തേടുന്നതിലേക്ക് കോൺഗ്രസിനെ എത്തിച്ചത്. ഒരു ഒറ്റമൂലി ചികിത്സ കൊണ്ടും കീഴ്പ്പെടുത്താവുന്നതല്ല ഫാസിസ്റ്റ് പ്രവണതകൾ നിഴലിക്കുന്ന വർത്തമാനകാല രാഷ്ട്രീയമെന്ന തിരിച്ചറിവ് ആദ്യമുണ്ടാകണം.
Read more: https://www.deshabhimani.com/articles/congress/1019240
No comments:
Post a Comment