വിദ്യാഭ്യാസം എന്നതിൽനിന്ന് ജ്ഞാനസമൂഹം, വൈജ്ഞാനിക സമ്പദ്‌ഘടന എന്നിവയിലേക്കു പ്രയാണം ചെയ്യുന്ന കേരളത്തെയാണ് നമുക്ക് കാണാൻ സാധ്യമാകുക. ഇതിലേക്ക് പ്രതിജ്ഞാബദ്ധമായ പ്രവർത്തനത്തിലാണ് കേരള നോളജ് ഇക്കണോമിക് മിഷൻ. തൊഴിലന്വേഷികളെ തേച്ചുമിനുക്കി മൂർച്ച വരുത്തി പുതിയ തൊഴിൽ മേഖലകൾക്ക് ഉതകുന്നവരാക്കിത്തീർക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഫിനിഷിങ് പഠനങ്ങൾ ഇതിനായി ആസൂത്രണംചെയ്തു നടപ്പാക്കുന്നു. തൊഴിൽ മേഖലയിലേക്ക് സ്ത്രീകളെ ആകർഷിക്കുകയെന്നത് പരമപ്രധാനമാണ്. ഇതുവഴി സ്ത്രീപദവി ഉയർത്തുക, വീട്ടകങ്ങളിൽനിന്ന് ക്രിയാത്മക ഇടങ്ങളിലേക്ക് അവരെ എത്തിക്കുക എന്നിവ സാധ്യമാകും. പലയിടത്തും കോവിഡാനന്തര കാലത്തു നിലവിൽവന്ന പൊതു അടുക്കളകൾ ഇന്നും നില നിൽക്കുന്നുവെന്നത്, സ്വന്തം അടുക്കളയിൽമാത്രം ഭക്ഷണമുണ്ടാക്കുക എന്നതിൽനിന്ന് സ്‌ത്രീകൾക്ക് പുറത്തുപോയി മറ്റു തൊഴിലുകളിൽ ഏർപ്പെടാനുള്ള സ്ഥൈര്യം നൽകും. ഒപ്പം ഗാർഹിക ഇടങ്ങൾ ആധുനികവൽക്കരിക്കലും നടക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകളൊക്കെ ഭൗതികമായി മെച്ചപ്പെടുന്നു.
ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുക എന്നതിൽകവിഞ്ഞു സുസ്ഥിര ഗതാഗതമെന്ന ലക്ഷ്യത്തിലേക്കും കേരളം എത്തിക്കഴിഞ്ഞു. 2030ൽ സാധിതപ്രായമാകേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങളിലേക്ക് അതിദ്രുതം സഞ്ചരിക്കുകയാണ് സംസ്ഥാനം. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പ്രകൃതിസൗഹൃദ ഗതാഗതസംവിധാന ലഭ്യതയിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. 75 പോയിന്റോടെ കേരളം നിതി ആയോഗ് സൂചികയുടെ സുസ്ഥിരതാ പട്ടികയിൽ ഒന്നാമിടം നേടി. കൊച്ചിയിൽ ഗതാഗതം മെച്ചപ്പെടുത്താനെടുത്ത പദ്ധതികൾ പ്രത്യേകിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഇ -_മൊബിലിറ്റി എന്നിവയാണ് ഈ നേട്ടത്തിനു കാരണമായത്.
സിൽവർ ലൈൻ ഗതാഗതവികസനത്തിന്റെ, ഒപ്പം സാമ്പത്തിക വികസനത്തിന്റെയും രജതരേഖയാകും. സിൽവർ ലൈൻ പൂർത്തിയാകുമ്പോൾ ഗതാഗതക്കുരുക്കും റോഡപകടങ്ങളും അതിവിദൂര പ്രശ്ങ്ങളായിമാറും. അപ്പോൾ സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റംവരെ ഏതാണ്ട് 16 മണിക്കൂർ വേണ്ടിടത്ത് നാല് മണിക്കൂർകൊണ്ട് എത്തും. അതും തികച്ചും പ്രകൃതിസൗഹൃദമായി. വാണിജ്യ, വ്യവസായ മേഖലകളുടെ പുരോഗതി, ഐടി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളുടെ സമഗ്രവികസനം എന്നിവയും അനുബന്ധമായി ഉറപ്പാകും. 2023–--24ൽ അവതരിപ്പിക്കപ്പെടുന്ന പാരിസ്ഥിതിക ബജറ്റ് പ്രതീക്ഷയുണർത്തുന്നു. പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള വികസനം മാത്രമേ സുസ്ഥിരമാകുകയുള്ളൂവെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കടലിലെ മാലിന്യം നീക്കാനുള്ള ശുചിത്വസാഗര പദ്ധതി, ഹരിതകേരളത്തിന്റെ ഭാഗമായ ജലസ്രോതസ്സുകളുടെ തുടർ വിമലീകരണം, ൨൦൫൦ വർഷത്തോടെ സീറോ കാർബൺ ബഹിർഗമനം എന്നിവ ഭാവിയെ മുൻനിർത്തിയുള്ള കരുതൽ നടപടികളാണ്.
ക്ഷേമപ്രവർത്തനങ്ങൾ
വിവിധ പെൻഷനിൽ ഒതുങ്ങുന്നില്ല സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ. കേരളം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു പദ്ധതി പരിപ്രേക്ഷ്യം തയ്യാറാക്കി നടപ്പാക്കുന്നുണ്ട്. തലനരച്ചവരുടെ നാടായി കേരളം മാറുന്നുവെന്നത് ജനസംഖ്യാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് വേണ്ട ക്ഷേമ–-ആരോഗ്യ –-സാമ്പത്തിക പദ്ധതികളുടെ രൂപീകരണം പരമപ്രധാനമാണെന്ന തിരിച്ചറിവ്, സമൂഹത്തെയും അനുബന്ധ സ്ഥാപനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനരീതിയുടെ സാധ്യതകളിലേക്ക് കേരളത്തെ എത്തിക്കുന്നു. സെൻസസ് പ്രകാരം 16 ശതമാനം വർധനയാണ് മുതിർന്ന തലമുറയിൽ ഉണ്ടായിട്ടുള്ളത്.
ട്രാൻസ്ജൻഡർ വ്യക്തികളുടെ പൗരാവകാശം സംരക്ഷിക്കുക, അവർക്ക് വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ലഭ്യമാക്കുക, അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, ലിംഗമാറ്റ ശാസ്ത്രക്രിയക്കായുള്ള സഹായം നൽകുക എന്നിവയ്‌ക്കൊപ്പം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും ആസൂത്രണത്തിലാണ്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങളിലും കാതലായ, കാലാനുസൃതമായ മാറ്റംവരുത്തുന്നു. ൨൧ തരമായാണ് പരിമിതികളെ പട്ടികപ്പെടുത്തിയിട്ടുള്ളത്. പൊതുവിടങ്ങളിൽ പരിധിയില്ലാത്ത പ്രവേശനം, വിദ്യാഭ്യാസ, തൊഴിലിടങ്ങളിൽ പ്രതിബന്ധമില്ലാതെ ഇടപെടാനുള്ള സൗകര്യം, സാങ്കേതികവിദ്യയുടെ ലഭ്യത, ചികിത്സാ സഹായം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്ന പദ്ധതിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്തു ശിക്ഷ കഴിഞ്ഞു നിരീക്ഷണത്തിലുള്ളവരുടെ സാമൂഹ്യ, സാംസ്കാരിക പുനരധിവാസത്തിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
സമസ്ത മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ സ്ത്രീകൾ. എന്നാൽ, അവരുടെ വികസന സൂചികകളിലും സാമൂഹ്യ ശാക്തീകരണത്തിലും ചില വൈരുധ്യമുണ്ട്. അപര്യാപ്തതകൾ പരിഹരിക്കാനായി അങ്കണവാടി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനംവരെ ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തുന്ന ബോധവൽക്കരണവും കേരളം സാധ്യമാക്കുന്നു. അവകാശനിയമങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തൽ, ലൈംഗിക അതിക്രമം തടയാനുള്ള നയങ്ങളിലൊന്നായ നിർഭയപദ്ധതി പരിഷ്‌കരിക്കുക, നടന്നുവരുന്ന പദ്ധതികൾ വിലയിരുത്തി പുതുക്കുക എന്നിവയും ആരംഭിച്ചുകഴിഞ്ഞു. സാംസ്കാരികരംഗത്ത് സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തുന്ന സമം പദ്ധതിയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. വരുംനാളുകളിൽ കൃത്യമായ ലക്ഷ്യങ്ങളും വ്യക്തമായ സുസ്ഥിരവികസന നാഴികക്കല്ലുകളുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിന്റെ ദിശാസൂചികയാണ് തുടർഭരണത്തിൽ ഒരാണ്ട് തികയ്ക്കുന്ന ഇടതുപക്ഷ സർക്കാർ ഉറപ്പുനൽകുന്നത്.
(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റിൽ അസോസിയറ്റ് പ്രൊഫസറാണ് ലേഖിക)
Read more: https://www.deshabhimani.com/articles/navakeralam-ldf-kerala/1018879
No comments:
Post a Comment