കേരളത്തിന്റെ വികസനത്തിന് കൂടുതൽ നിക്ഷേപം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതിനുതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നത് പ്രധാനവുമാണ്. അതോടൊപ്പം തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പുവരുത്താനും കഴിയണം. ഇതിനുതകുന്ന ചില നിർദേശങ്ങളാണ് സിഐടിയു മുന്നോട്ടു വയ്‌ക്കുന്നത്. ഈ ഭേദഗതികൾ നിയമമാക്കാൻ കഴിഞ്ഞാൽ കയറ്റിറക്ക് മേഖലയിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൊഴിലിന്റെ സ്വഭാവം തലച്ചുമട് മാത്രമല്ലാതാകുകയും കാര്യമായ വ്യത്യാസം വരികയും ചെയ്ത സാഹചര്യത്തിൽ ഹെഡ് ലോഡ് (തലച്ചുമട്) എന്ന വാക്കിനുപകരം നിയമത്തിൽ ‘ചുമട് കയറ്റിറക്ക്’ എന്ന് മാറ്റം വരുത്താൻ കരട് ഭേദഗതി നിർദേശിക്കുന്നു. തൊഴിലാളിയുടെ നിർവചനത്തിൽ സൂക്ഷ്മവും നൂതനവുമായ സാങ്കേതിക സാമഗ്രികൾ ഉൾപ്പെടെയുള്ള ചുമട് കയറ്റുന്നതിനോ ഇറക്കുന്നതിനോ നിയോഗിക്കപ്പെടുന്ന വ്യക്തി എന്ന കാതലായ മാറ്റവും ഭേദഗതിയിലുണ്ട്. ഇതിനായി തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഐഎൽഒ നിർദേശപ്രകാരമുള്ള പരിശീലനം നൽകണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.
ചട്ടങ്ങൾക്കോ ഏതെങ്കിലും പദ്ധതികൾക്കോ കീഴിൽ സാധുതയുള്ളതും നിലവിലുള്ളതുമായ രജിസ്ട്രേഷനില്ലാതെ ചുമട് കയറ്റിറക്ക് തൊഴിലാളി എന്ന് അവകാശപ്പെടുന്നത് അർഹതയില്ലാത്ത തൊഴിലിന് അവകാശമുന്നയിക്കുന്നതാണെന്നും നിയമം അനുശാസിക്കുന്നു. അതിന് രണ്ടു വർഷംവരെ തടവിനോ ഒരു ലക്ഷം രൂപവരെ പിഴയ്ക്കോ രണ്ടിനും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കാമെന്നും നിർദേശിക്കുന്നു. ഇതുവഴി ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് നിയമംമൂലം തടയാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്.
നോക്കുകൂലി നിരോധിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് ഭേദഗതിയിലൂടെ നിയമപ്രാബല്യം വരികയാണ്. നിലവിലുള്ള നിയമത്തിലെ 28 എ വകുപ്പ് അസത്യ പ്രസ്താവനയ്‌ക്കുള്ള ശിക്ഷയെന്ന ശീർഷകം ഭേദഗതി ചെയ്ത് പ്രത്യേക പ്രവൃത്തികളുടെ നിരോധനവും ശിക്ഷയും എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കാനാണ് നിർദേശം
നിർദിഷ്ട വേതനത്തേക്കാൾ തുക ആവശ്യപ്പെടുന്നതും മറ്റാരെങ്കിലുമോ യന്ത്രസഹായത്താലോ ചെയ്ത കയറ്റിറക്കിന് കൂലി ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും രണ്ടു വർഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കുമെന്നും നിർദേശിക്കുന്നുണ്ട്. ജോലിസമയത്ത് അസഭ്യഭാഷ പ്രയോഗിക്കുന്നതും മദ്യപിക്കുന്നതും കുറ്റമായി കണക്കാക്കും. രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എല്ലാ തൊഴിലാളികളും പരിധിയിൽ വരുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. വേതനനിരക്ക് നിയന്ത്രിക്കുന്നതിനും അത് കർശനമായി പിന്തുടരുന്നതിനും ഏകീകൃത വേജ് ബോർഡ് പ്രാബല്യത്തിൽവരണം. 1983ലെ കേരള ചുമട്ടുതൊഴിലാളി (തൊഴിലും ക്ഷേമവും ക്രമീകരണവും)പദ്ധതി ബാധകമായ പ്രദേശത്ത് നിലവിലുള്ള ബോർഡിന്റെ ഉപദേശം പരിഗണിച്ച് സർക്കാർ വേതനനിരക്ക് വിജ്ഞാപനം ചെയ്യുന്ന രീതിയാണുള്ളത്. ഇതിനു പകരം കമ്മിറ്റിയുടെ നിർദേശം പരിഗണിച്ച് ക്ഷേമനിധിബോർഡ് വേതനനിരക്ക് വിജ്ഞാപനം ചെയ്യണം. പദ്ധതി ബാധകമല്ലാത്ത ഇടങ്ങളിലാകട്ടെ നിരക്ക് സർക്കാർ വിജ്ഞാപനം ചെയ്യണം.
മേഖലകളും അതിർത്തികളും സംബന്ധിച്ച് ഉയരുന്ന തർക്കങ്ങൾ ഒഴിവാക്കാനും കരട് ഭേദഗതി നിർദേശിക്കുന്നു. ലേബർ കാർഡിൽ അതിർത്തി, മേഖല, കൈകാര്യം ചെയ്യുന്ന സാമഗ്രികൾ, തൊഴിലെടുക്കാൻ അർഹതയുള്ള സ്ഥാപനങ്ങൾ എന്നിവ രേഖപ്പെടുത്തണം. രജിസ്റ്ററിങ് സമിതിയുടെ അധികാരപരിധിക്കു പുറത്ത് തൊഴിലെടുക്കുന്നതിന് ഒരു തൊഴിലാളിക്കും ഇതിലൂടെ അർഹതയുണ്ടാകില്ല
Read more: https://www.deshabhimani.com/articles/headload-workers-kerala-t-p-ramakrishnan/1020349
No comments:
Post a Comment