രാജ്യത്ത് 2019 മുതൽ 2021 വരെ അരലക്ഷത്തിലേറെ സർക്കാർ സ്‌കൂൾ അടച്ചു പൂട്ടിയെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. ഇതേ കാലയളവിൽ സ്വകാര്യ സ്‌കൂളുകൾ പതിനയ്യായിരത്തോളം വർധിച്ചു. എന്നാൽ, കേരളം അടക്കം ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രം സർക്കാർ സ്‌കൂൾ വർധിക്കുകയും സ്വകാര്യ സ്‌കൂൾ കുറയുകയും ചെയ്‌തു. ദേശീയതലത്തിൽ എയ്‌ഡഡ് സ്‌കൂളിലും ഇടിവുണ്ടായി. കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യുണൈറ്റഡ് ഡിസ്‌ട്രിക്‌റ്റ് ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യുക്കേഷൻ (യുഡിഐഎസ്‌ഇ) പ്ലസ് 2021 റിപ്പോർട്ടിലാണ് കണക്ക് വിശദമാക്കുന്നത്. 2018ൽ 10,83,678 സർക്കാർ സ്‌കൂളുണ്ടായിരുന്നത് 2021ൽ 10,32,049 ആയി കുറഞ്ഞു. 51,629 എണ്ണമാണ് അടച്ചുപൂട്ടിയത്. അതേ സമയം സ്വകാര്യ സ്‌കൂൾ 3,25,760ൽനിന്ന് 3,40,753 ആയി. വർധന- 14,993. എയ്‌ഡഡ് സ്‌കൂൾ 84,614ൽനിന്ന് 84,295 ആയി കുറഞ്ഞു. 319 എണ്ണം അടച്ചുപൂട്ടി.
എന്നാൽ, കേരളത്തിൽ 2016–-17ൽ 4783 എണ്ണമുണ്ടായിരുന്ന സർക്കാർ സ്‌കൂൾ 2020–-21ൽ 5020 ആയി. കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടാനൊരുങ്ങിയ 237 പൊതു വിദ്യാലയങ്ങളെ സംസ്ഥാന സർക്കാർ സജീവമാക്കി. സ്വകാര്യ സ്‌കൂൾ 3533ൽനിന്ന് 3241 ആയി, 292 എണ്ണം പൂട്ടി. ബംഗാളിലും ബിഹാറിലും സ്‌കൂൾ വർധിച്ചിട്ടുണ്ട്. യുപിയിലും മധ്യപ്രദേശിലും ഒഡിഷയിലുമാണ് ഏറ്റവുമധികം സർക്കാർ സ്‌കൂൾ പൂട്ടിയത്. യുപിയിൽ 26074 ഉം മധ്യപ്രദേശിൽ 22904 ഉം. ഒഡിഷയിൽ 5227 സർക്കാർ സ്‌കൂൾ ഇല്ലാതായി. മൂന്നിടത്തും കൂടുതലായി അടച്ചുപൂട്ടിയത് പ്രൈമറി സ്‌കൂൾ.
വിദ്യാഭ്യാസ മേഖലയിൽക്കൂടി സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്. സ്‌കൂളിൽ കുട്ടികൾ കുറഞ്ഞാൽ സമീപത്തേതിൽ ലയിപ്പിക്കാൻ 2016ൽ കേന്ദ്രത്തിന്റെ സെക്രട്ടറിതല സമിതി ശുപാർശ ചെയ്‌തിരുന്നു. നിതി ആയോഗും ഇതിനെ പിന്തുണച്ചു. ഇതോടെ പല സംസ്ഥാനങ്ങളും സർക്കാർ സ്‌കൂളുകളെ നിലവാരം കൂട്ടി സംരക്ഷിക്കുന്നതിന് പകരം അടച്ചുപൂട്ടുന്ന സമീപനം സ്വീകരിച്ചു.
Read more: https://www.deshabhimani.com/news/kerala/news-kerala-10-05-2022/1018970
No comments:
Post a Comment