Wednesday, May 18, 2022

ജനമനസ്സ്‌ ഇടതുമുന്നണിക്കൊപ്പം ; ‘മഴവിൽ സഖ്യ’ത്തെ അട്ടിമറിച്ചു വികസനത്തിന്റെ കുറ്റി പറിച്ചവരുടെ അടിത്തറയിളകി

കേരള ജനത എൽഡിഎഫിനൊപ്പമെന്ന്‌  തെളിയിച്ച്‌ ഉപ തെരഞ്ഞെടുപ്പ്‌ ഫലം. പല വാർഡുകളിലും  യുഡിഎഫ്‌–- ബിജെപി   അവിശുദ്ധ സഖ്യം  പൊളിച്ചാണ്‌  എൽഡിഎഫ്‌ വെന്നിക്കൊടി പാറിച്ചത്‌.  യുഡിഎഫുമായുള്ള പരസ്യമായ വോട്ടു കച്ചവടത്തിലൂടെ മൂന്നു സീറ്റിൽ ബിജെപി കഷ്ടിച്ച്‌ കടന്നുകൂടി. സിൽവർലൈൻ കടന്നുപോകുന്ന പഞ്ചായത്തുകളായ കണ്ണൂർ മുഴപ്പിലങ്ങാട്ടും തൃശൂർ മുരിയാടിലും എൽഡിഎഫിന്‌ കലക്കൻ ജയം. തെരഞ്ഞെടുപ്പു പ്രവർത്തനത്തിനിടെ കോൺഗ്രസും ബിജെപിയും  പദ്ധതിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വ്യാപക പ്രചാരണം നടത്തിയിരുന്നു. കെ–- റെയിൽ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഈ തെരഞ്ഞെടുപ്പ്‌ എൽഡിഎഫിന്‌ താക്കീതായി മാറണമെന്നായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡന്റ്‌ സുധാകരന്റെ കാർമികത്വത്തിൽ കെ–- റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ കല്ലുപറിക്കൽ സമരാഭാസം തന്നെ  മുഴപ്പിലങ്ങാട് അരങ്ങേറി. എന്നിട്ടും ബിജെപി–- യുഡിഎഫ്‌–- എസ്‌ഡിപിഐ ‘മഴവിൽ സഖ്യ’ത്തെ അട്ടിമറിച്ച്‌ എൽഡിഎഫ്‌ നേടിയ വിജയം തിളക്കമുള്ളതായി. മുരിയാട്‌ പഞ്ചായത്തിലെ തുറവങ്കാട്‌ വാർഡിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌.

കോഴിക്കോട്‌ കൊടുവള്ളി നഗരസഭയിലെ 14–--ാം ഡിവിഷനിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചാണ്‌ വാരിക്കുഴിത്താഴത്ത്‌ സീറ്റ്‌ എൽഡിഎഫ്‌ നിലനിർത്തിയത്‌. സിപിഐ എമ്മിന്‌ 418 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ടു വാർഡിലും സിപിഐ എം സ്ഥാനാർഥികൾക്ക്‌ ജയം. പല്ലശന പഞ്ചായത്തിലെ 11–-ാം വാർഡ്‌ കൂടല്ലുർ ബിജെപിയിൽ നിന്ന്‌ തിരിച്ചു പിടിച്ചു. ചെർപ്പുളശേരി നഗരസഭ 23–-ാം വാർഡ്‌ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. 

മലപ്പുറത്ത്‌ മൂന്ന്‌  വാർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ യുഡിഎഫും ഒന്നിൽ എൽഡിഎഫും ജയിച്ചു. വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ പരുത്തിക്കാട്‌ യുഡിഎഫിൽ നിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. 280 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. ആലങ്കോട്‌ പഞ്ചായത്തിലെ ഉദിനുപറമ്പ്‌ വാർഡ്‌ യുഡിഎഫ്‌ നേടി. കണ്ണമംഗലം പഞ്ചായത്തിലെ 19–-ാം വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി.  

ഇടുക്കിയിൽ മൂന്നു വാർഡിൽ രണ്ടിടത്ത്‌ എൽഡിഎഫും ഒരിടത്ത്‌ എൻഡിഎയും വിജയിച്ചു. യുഡിഎഫിന്റെ 30 വർഷത്തെ കുത്തക തകർത്ത്‌  ഉടുമ്പന്നൂർ പഞ്ചായത്ത്‌ 12–-ാം വാർഡ്‌ വെള്ളാന്താനത്ത് എൽഡിഎഫ്‌ 231 വോട്ടിന്‌ ജയിച്ചു.  അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡിൽ എൽഡിഎഫ്‌ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ്‌ നിലനിർത്തി.
ഇടമലക്കുടി പതിനൊന്നാം വാർഡ്‌ ബിജെപി നില നിർത്തി.  കോൺഗ്രസിന്‌ കഴിഞ്ഞ തവണത്തേക്കാൾ നേർപകുതി വോട്ടാണ്‌ ലഭിച്ചത്‌.

പത്തനംതിട്ടയിൽ മൂന്നു വാർഡിൽ രണ്ടിടത്തും എൽഡിഎഫിനാണ്‌ ജയം. റാന്നി അങ്ങാടിയിൽ എൽഡിഎഫ് ഭൂരിപക്ഷം നേടി. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. റാന്നിയിൽ എൽഡിഎഫ്‌ 179 വോട്ടിനാണ്‌ ജയിച്ചത്‌. കൊറ്റനാട്ട്‌ എൽഡിഎഫിനും യുഡിഎഫിനും 297 എന്ന നിലയില്‍ തുല്യ വോട്ടാണ് ലഭിച്ചത്. ടോസിലാണ് വിജയിയെ തെരഞ്ഞെടുത്തത്. കോന്നിയിൽ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റ് നിലനിർത്തി. 

കൊല്ലത്ത്‌ ആറു വാർഡിൽ അഞ്ചും എൽഡിഎഫിന്. വെളിയം പഞ്ചായത്തിലെ കളപ്പില വാർഡ് 269 വോട്ടിനും ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് 379 വോട്ടിനും എൽഡിഎഫ് നിലനിർത്തി. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് ബിജെപിയിൽ നിന്ന് സിപിഐ എം 245 വോട്ടിന് പിടിച്ചെടുത്തു. പെരിനാട് നാന്തിരിക്കൽ വാർഡ് 365 വോട്ടിനും ശൂരനാട് വടക്ക് സംഗമം വാർഡ് 169 വോട്ടിനും യുഡിഎഫിൽ നിന്ന്‌ എൽഡിഎഫ് പിടിച്ചെടുത്തു.  വെളിനല്ലൂരിലെ മുളയറച്ചാൽ വാർഡിൽ യുഡിഎഫ് വിജയിച്ചു. 

എറണാകുളത്ത്‌ ആറു വാർഡ്‌  ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് 11–-ാം വാർഡ്‌ (വെമ്പിള്ളി) യുഡിഎഫിൽ നിന്ന്‌ എൽഡിഎഫ് പിടിച്ചെടുത്തു. കൊച്ചി കോർപറേഷൻ 62–--ാം ഡിവിഷൻ (എറണാകുളം സൗത്ത്) ബിജെപിയും നെടുമ്പാശേരി പഞ്ചായത്ത് അത്താണി ടൗൺ, വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) എന്നിവ കോൺ​ഗ്രസും നില നിർത്തി. തൃപ്പൂണിത്തുറ ന​ഗരസഭ 11–-ാം വാർഡ് ഇളമനത്തോപ്പിലും 46–--ാം വാർഡ് പിഷാരി കോവിലും യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചു വിജയിപ്പിച്ചു. 

കണ്ണൂർ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽഡിഎഫ്‌ വിജയിച്ചു. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട്‌ തെക്കേകുന്നുമ്പ്രം വാർഡുകളിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌. കോർപറേഷനിലെ കക്കാട്‌ വാർഡ്‌ യുഡിഎഫും മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി ബിജെപിയും നിലനിർത്തി. മുതിയലത്ത് 828 വോട്ട്‌ ഭൂരിപക്ഷത്തോടെയുള്ള എൽഡിഎഫ്‌ വിജയം സിപിഐ എമ്മിനെതിരെയുള്ള  നുണപ്രചാരകർക്കുള്ള മറുപടിയായി. 

ആലപ്പുഴയിൽ രണ്ടു വാർഡിൽ എൽഡിഎഫും യുഡിഎഫും ഓരോന്നു വീതം നേടി.  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷനിൽ എൽഡിഎഫ്‌ കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌. ഇവിടെ കഴിഞ്ഞ തവണ 2119 വോട്ട്‌ നേടിയ ബിജെപിക്ക് ഇക്കുറി കിട്ടിയത്‌ 1446 വോട്ട്‌. മണ്ണഞ്ചേരി പഞ്ചായത്ത്‌ മൂന്നാം വാർഡിൽ യുഡിഎഫ്‌ വിജയിച്ചു. മണ്ണഞ്ചേരിയിൽ ബിജെപിക്ക്‌ ലഭിച്ചത്‌ 58 വോട്ട്‌. കഴിഞ്ഞ തവണ 346 വോട്ട് കിട്ടിയിരുന്നു.

തിരുവനന്തപുരത്ത്‌ നാലു വാർഡിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ടിടത്ത്‌ ജയം. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള, നാവായിക്കുളത്തെ മരുതിക്കുന്ന്‌ വാർഡുകൾ എൽഡിഎഫ്‌ നേടി. പൂവാർ പഞ്ചായത്തിലെ അരശുംമൂട്ടിൽ ബിജെപി സഹായത്തോടെ യുഡിഎഫ്‌ വിജയിച്ചു.  കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയ കുന്ന്‌ യുഡിഎഫ്‌ നിലനിർത്തി.

കോട്ടയത്ത്‌ ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡ്‌  ബിജെപി നില നിർത്തി. യുഡിഎഫ്‌ മൂന്നാം സ്ഥാനത്തായി.   
തൃശൂരിൽ ആറിൽ നാലിടത്തും എൽഡിഎഫിനാണ്‌ ജയം. തൃക്കൂർ ആലേങ്ങാട്‌ വാർഡ്‌ എൽഡിഎഫ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ല്‌, ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിലും എൽഡിഎഫിനാണ്‌ ജയം. കുഴൂർ പഞ്ചായത്തിലെ കുഴൂർ സീറ്റ്‌ യുഡിഎഫ്‌ നിലനിർത്തി.


Read more: https://www.deshabhimani.com/news/kerala/news-kerala-19-05-2022/1020717

No comments:

Post a Comment