Sunday, May 22, 2022

ക്ലാസ് ചുവരുകൾക്ക് പുറത്തുണ്ടൊരു’ ലോകം - ഫാ. ഫ്രാൻസിസ് ആലപ്പാട്ട് എഴുതുന്നു

മതിലുകളും അതിരുകളും ഇല്ലാതെ,  വ്യക്തികളുടെ സമഗ്രവികസനത്തിനുള്ള പഠനക്കളരികളാകണം വിദ്യാലയങ്ങളെന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ശ്രദ്ധേയമാണ്. വാക്കുകൾ അർഥതലങ്ങളിലേക്കിറങ്ങാതെ, മാർക്ക് ലഭിക്കാനുള്ള മത്സരവേദിയാകുമ്പോൾ വിദ്യാഭ്യാസമെന്ന വാക്കിനുപോലും അർഥം നഷ്ടപ്പെടുന്നു. മാർക്കും ഗ്രേഡും മാത്രം സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ മാത്രമാകരുത് വിദ്യാലയങ്ങൾ. ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നടത്തുന്ന  സഭാംഗങ്ങൾ മനുഷ്യകേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ നിർദേശിക്കുന്നതാണ്‌ മാർപ്പാപ്പ  ഏറ്റവും ഒടുവിലിറക്കിയ സന്ദേശം. വിദ്യാലയം ഒരാളുടെ ജീവിതത്തിന്റെ അവസാനവാക്കല്ല, ജീവിതത്തിൽ ധാർമികതയും സത്യവും സമ്മേളിക്കുന്ന  വേദി മാത്രമാണ്. മനുഷ്യസേവനത്തിൽ അധിഷ്ഠിതമായ നിരവധി പ്രവർത്തനത്തിന്‌ ഉത്തേജനം നൽകാനുള്ള വേദിയാണ്.

പ്രത്യേക സമയബന്ധിത പാഠ്യപദ്ധതി പൂർത്തിയാക്കാനുള്ള  കാലഘട്ടമായി വിദ്യാഭ്യാസകാലത്തെ കാണുന്നത് വ്യക്തിവികസനത്തിന് ഒട്ടും സഹായകരമല്ല. ബിരുദ-ബിരുദാനന്തര -ഗവേഷണപ്രതിഭകളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയല്ല  വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അതിർത്തികൾ ഇല്ലാത്ത ലോകത്തിൽ സേവനം ആവശ്യമുള്ളിടത്ത് പ്രവർത്തിക്കാൻ യുവജനങ്ങളെ സജ്ജമാക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇവിടെ പ്രദേശം,   പണം, സുഖസൗകര്യങ്ങൾ എന്നിവയ്‌ക്ക് അമിതസ്ഥാനം നൽകരുത്. ലോക യാഥാർഥ്യങ്ങൾ സിലബസിന്‌ അപ്പുറം മനസ്സിലാക്കപ്പെടുമ്പോൾ മാത്രമേ ഈ രാജ്യാന്തര മാനത്തിലേക്ക് ഉയരാൻ കഴിയൂ. ജസ്യൂട്ട്‌ സഭ  ലാറ്റിൻ അമേരിക്കയിൽ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോൺഫെഡറേഷന്റെ വാർഷികത്തോട്‌ അനുബന്ധിച്ചാണ് ഫ്രാൻസിസ്‌ മാർപ്പാപ്പ തന്റെ വിദ്യാഭ്യാസവീക്ഷണം  പാപ്പ വ്യക്തമാക്കിയത്. അമേരിക്കയിലെ പ്രശസ്തമായ ലയോള യൂണിവേഴ്സിറ്റിയും രാജ്യാന്തരതലത്തിൽ വ്യാപിച്ച സേവിയർ ഇൻസ്റ്റിറ്റ്യൂട്ടുകളുമടക്കം ജസ്യൂട്ട്‌  സഭയുടേതാണ്. ജസ്യൂട്ട്‌ സഭാംഗമെന്നനിലയിലുള്ള ആന്തരികബന്ധവും സ്വാതന്ത്ര്യവും ഈ സന്ദേശത്തിൽ വ്യക്തമാണ്


സാമൂഹികാവബോധം ലക്ഷ്യമാക്കി വിദ്യാലയങ്ങൾ പ്രവർത്തിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യംകൂടി സന്ദേശത്തിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ‘മോട്ടോ' ഉണ്ടാകണം. ആ ഉയർന്ന തത്ത്വം പ്രാവർത്തികമാക്കാനുള്ള ദൗത്യമാകണം സ്കൂൾ പ്രവർത്തനം. പ്രവേശനാർഥികളോട്‌ നിഷേധാത്മക സമീപനം സ്വീകരിച്ചാൽ അവരിലുള്ള ആന്തരിക മുറിവുകൾ ആഴപ്പെടും. ബാലപീഡനം, ദാരിദ്ര്യം എന്നീ സത്യങ്ങളിലേക്കാണ് പോപ്പ് ശ്രദ്ധ ക്ഷണിക്കുന്നത്.  തുറന്ന വാതിലുകളാകണം വിദ്യാലയങ്ങൾ. സാധാരണക്കാരായ വിദ്യാർഥികൾക്ക് അകത്തു പ്രവേശിക്കാനും പഠനാനന്തരം പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും ഈ "വാതിലുകൾ’ സഹായിക്കും.

സ്വാർഥതയുടെയും സുഖസൗകര്യങ്ങളുടെയും മേൽത്തട്ട് നിവാസികളാകാതെ ഒരുമിച്ചു ജീവിച്ച് സാഹോദര്യം എന്തെന്ന് അനുഭവിച്ചറിയുന്ന കേന്ദ്രങ്ങളാകണം വിദ്യാലയങ്ങൾ. അർജന്റീനയുടെ പശ്ചാത്തല അനുഭവമുള്ള ഫ്രാൻസിസ് പാപ്പയ്ക്ക് ദരിദ്രരും ധനികരും തമ്മിൽ വർധിച്ചുവരുന്ന ഭയാനകമായ വിടവിനെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുമല്ലോ.കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവ് വർധിപ്പിക്കുന്ന ഉള്ളറിവ് വിദ്യാർഥികൾക്ക് പകർന്നുനൽകാൻ അധ്യാപകർ ശ്രദ്ധിക്കണം. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച്, സ്വന്തം ജീവിതങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്‌  സമ്മാനമാക്കാനുള്ള ബോധ്യമാണ് യഥാർഥ വിദ്യാഭ്യാസലക്ഷ്യം. പങ്കുവയ്ക്കലും അപരനോടുള്ള നന്ദിയുമാകണം വിദ്യാഭ്യാസത്തിന്റെ അന്തിമലക്ഷ്യം.

വികസന സങ്കൽപ്പങ്ങൾ, ഉപഭോഗസംസ്കാരം എന്നിവ സർഗാത്മകമായി വിലയിരുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. ആത്മവിമർശവും അഭ്യസിപ്പിക്കണം. സ്വയാവബോധം അടിസ്ഥാനമാക്കിയുള്ള മനഃസാക്ഷി രൂപീകരണവും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകണം.  വിദ്യാർഥികൾ ഭാവി പൗരന്മാരാകുമ്പോൾ നന്മയുടെ സന്ദേശവാഹകരായി മാറണം. മനുഷ്യമനസ്സുകളെ  മിസൈൽ വേഗത്തിലാണ് അകറ്റുന്നൊരു കാലമാണല്ലോ ഇത്‌. .അതുകൊണ്ടു തന്നെ, ‘ഞാൻ' എന്ന അവസ്ഥയിൽനിന്ന് ‘നാം' എന്ന ശ്രേഷ്ഠമായ ഔന്നത്യത്തിലേക്ക് വളർത്തുന്നതാകണം വിദ്യാഭ്യാസം. കേരളത്തിന്റെ വിദ്യാഭ്യാസനയവുമായി ഏറെ സാമ്യമുള്ളതാണ് ഫ്രാൻസിസ് മാർപാപ്പ  ആഗോളവിദ്യാഭ്യാസമേഖലയ്‌ക്ക് നൽകിയ സന്ദേശം. ധ്രുവങ്ങളേക്കാൾ അന്തരമുള്ള ദരിദ്ര, -ധനിക അവസ്ഥകൾ പരിഹരിക്കാനുള്ള പോപ്പിന്റെ വിദ്യാഭ്യാസ സന്ദേശം 2022ൽ അദ്ദേഹം നൽകിയ ആഹ്വാനങ്ങളിൽ ഏറ്റവും ശക്തിയും പ്രസക്തിയുമുള്ളതാണ്. അമിതവും അയാഥാർഥ്യമായതുമായ സ്വാർഥ മോഹങ്ങളുടെ മുനയൊടിക്കുന്നതാണല്ലോ കറകളഞ്ഞ വിദ്യാഭ്യാസം.

"ഭാരതത്തിന്റെ ഭാവിഭാഗധേയത്തം ഒരു ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിലാണ് രൂപപ്പെടുന്നത്’ -–-കോത്താരി കമീഷൻ (1966). ഈ സങ്കൽപ്പമാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തിലൂടെ ഖണ്ഡിക്കപ്പെടുന്നത്. ലോകം ക്ലാസ് ചുവരുകൾക്ക് പുറത്താണല്ലോ.


Read more: https://www.deshabhimani.com/articles/news-articles-21-05-2022/1020994


No comments:

Post a Comment