2023-2024 സാമ്പത്തിക വർഷത്തിൽ കൈവരിച്ച 8.2 ശതമാനം വളർച്ച 2025 ൽ 6.4 ശതമാനമായി ചരുങ്ങും എന്നതാണ് സാമ്പത്തിക സർവേ തന്നെ കണക്കു കൂട്ടുന്നത്. സർക്കാർ ചെലവുകളിൽ വർദ്ധനവ് വരുത്തി ഈ സ്ഥിതി വിശേഷത്തെ നേരിടുക എന്ന സമീപനം മോദി 3.0 സ്വീകരിക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
2024-2025 ലെ ബജറ്റ് കണക്കുകൾ പ്രകാരം യൂണിയൻ സർക്കാരിന്റെ ആകെ ചെലവായി കണക്ക് കൂട്ടിയത് 4820512 കോടി രൂപയായിരുന്നു. ഇപ്പോൾ പുതുക്കിയ കണക്കുകൾ പ്രകാരം 4716487 കോടി രൂപയായി ആകെ ചെലവുകൾ ചുരുങ്ങി. വരും വർഷം 5065345 കോടി രൂപയാകും എന്നാണ് 2025-2026 ലെ ബജറ്റ് എസ്റ്റിമേറ്റ്. 2024-2025 ലെ ബജറ്റ് എസ്റ്റിമേറ്ററ്റിനെ അപേക്ഷിച്ച് കഷ്ടിച്ച് 5 ശതമാനമാണ് വർദ്ധന. ഇതു തന്നെ അവസാന കണക്കുകളിൽ വീണ്ടും ഇടിയും എന്നതാണല്ലോ അനുഭവം. വിലക്കയറ്റ തോതിനെ പോലും അബ്സൊർബ് ചെയ്യുന്ന ചെലവ് ബജറ്റ് വിഭാവനം ചെയ്യുന്നില്ല.
സമ്പദ് ഘടനയുടെ വീണ്ടെടുപ്പിൽ സർക്കാർ ചെലവുകളുടെ പങ്ക് നിരാകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. ഇതു സാധാരണ ജന ജീവിതത്തെ ബാധിക്കുന്നത് എന്നങ്ങനെയെന്ന് പ്രധാന പദ്ധതികളുടെ ചെലവു കണക്കിൽ നിന്നും വ്യക്തമാകും.
• PMAY-Urban പദ്ധതിയുടെ 2024-2025 ലെ ബജറ്റ് എസ്റ്റിമേറ്റ് 30171 കോടി രൂപയായിരുന്നു. ഇത് ഇക്കൊല്ലം പുതുക്കിയ കണക്കുകൾ പ്രകാരം 13670 കോടി രൂപ മാത്രമായി ഗണ്യമായി ഇടിയുന്നു. 55 ശതമാനമാണ് ബജറ്റ് വകയിരുത്തലിനെക്കാൾ കുറഞ്ഞത്. 2025-2026 ൽ 19794 കോടി രൂപയാണ് ഈ പദ്ധതിയുടെ വകായിരുത്തൽ. അതായത് കഴിഞ്ഞ ബജറ്റ് വകയിരുത്തലിനെക്കാൾ 30 ശതമാനത്തിൽ അധികം ഇടിവാണ് വരും കൊല്ലം വരുത്തിയിട്ടുള്ളത്. 2023-2024 ലെ യഥാർത്ഥ ചെലവായ 21684 കോടി രൂപയേക്കാൾ ഗണ്യമായി കുറഞ്ഞ തുകയാണ് നഗര ഭവന പദ്ധതിയുടെ അടങ്കൽ. പുതിയ സ്കീമായ PMAY-U 2.0 ലെ വകയിരുത്തൽകൂട്ടിയാലും 2023-2024 ലെ ചെലവിനെക്കാള് കുറഞ്ഞ തുകയാണ് വകയിരുത്തൽ എന്നു കാണണം.
• PM POSHAN സ്കീമിന്റെ 2024-2025 ലെ ബജറ്റ് വകയിരുത്തൽ 12467 കോടി രൂപയായിരുന്നു. പുതുക്കിയ കണക്കുകൾ പ്രകാരം ഇക്കൊല്ലത്തെ ചെലവ് 10000 കോടി രൂപയായി കുറയും. വരും വർഷത്തെ ബജറ്റ് വകയിരുത്തൽ 12500 കോടി രൂപയാണ്.വർദ്ധനവേയില്ല എന്നു സാരം.
• സ്വച്ഛ ഭാരത മിഷൻ 5000 കോടി രൂപ വകയിരുത്തി. 2159 കോടി രൂപ മാത്രമേ ചെലവിടൂ എന്നു പറയുന്നു. വരും കൊല്ലം ഒരു മാറ്റവുമില്ല.
• ജലജീവൻ മിഷന് വകയിരുത്തിയ 70163 കോടി രൂപ 22694 കോടി രൂപയായി പുതുക്കിയ കണക്കിൽ കുറച്ചു. വരും കൊല്ലം 67000 കോടി രൂപ ചെലവിടും എന്നാണ് ബജറ്റ് വാഗ്ദാനം. അതു പോലും 2023- 2024 ലെ യഥാർത്ഥ ചെലവായ 69992 കോടി രൂപയേക്കാൾ എത്ര കുറവാണ് എന്നു കാണണം.
• തൊഴിലുറപ്പ് പദ്ധതിയുടെ 2023-2024ലെ യഥാർത്ഥ ചെലവ് 89154 കോടി രൂപയായിരുന്നു. ഇക്കൊല്ലവും വരും കൊല്ലവും അത് 86000 കോടി രൂപയായി കുറയുകയാണ് ചെയ്യുന്നത്.
• PMGSY (റോഡ് ) യുടെ 2023 -2024 ലെ ചെലവ് 15380 കോടി രൂപയായിരുന്നു. നടപ്പ് വർഷത്തെ ബജറ്റ് വകയിരുത്തൽ 19000 കോടി രൂപയായിരുന്നത് പുതുക്കിയ കണക്ക് പ്രകാരം ഇക്കൊല്ലം 14500 കോടി രൂപയായി ഇടിയുന്നു. വരും വർഷത്തെ ബജറ്റ് വകയിരുത്തലിൽ കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ഒരു വർദ്ധനയുമില്ല .
• PMAY-Rural ഇക്കൊല്ലത്തെ ബജറ്റ് കണക്ക് 54500 കോടി രൂപയായിരുന്നത് പുതുക്കിയ കണക്ക് പ്രകാരം 32426 കോടി രൂപയായി ഗണ്യമായി ഇടിഞ്ഞു. വരും കൊല്ലത്തെ ബജറ്റ് വകയിരുത്തൽ ഇക്കൊല്ലത്തെ ബജറ്റ് വകയിരുത്തലിനെക്കാൾ കുറഞ്ഞതുമാണ്.
• അങ്കണവാടി 2023 -2024 ലെ ചെലവ് 21810 കോടി രൂപയായിരുന്നത് നടപ്പു വർഷത്തെ പുതുക്കിയ കണക്കുകൾ പ്രകാരം 20071 കോടി രൂപയായി ഇടിയുകയാണ്. വരും കൊല്ലം ഗണ്യമായ ഒരു മാറ്റവുമില്ല താനും .
• Pradhan Mantri Garib Kalyan Anna Yojana (PMGKAY)- ദാരിദ്ര്യ ലഘൂകരണ പദ്ധതിയാണ്- നടപ്പ് വർഷത്തെ ബജറ്റ് വകയിരുത്തൽ 205250 കോടി രൂപയായിരുന്നത് പുതുക്കിയപ്പോൾ 197000 കോടി രൂപയായി ഇടിഞ്ഞു. വരും കൊല്ലത്തെ വകയിരുത്തൽ 203000 കോടി രൂപ മാത്രം. ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ സ്ഥിതിയാണിത്.
• പുതിയ റയിൽവേ ലൈനുകൾക്ക് ഇക്കൊല്ലം വകയിരുത്തിയത് 34603 കോടി രൂപ. ചെലവിടുന്നത് 31459 കോടി രൂപ. വരുമജ് കൊല്ലത്തെ ബജറ്റ് വകയിരുത്തൽ 32235 കോടി രൂപ. കേരളത്തിന്റെ മൂന്നും നാലും ലൈൻ ഉഷാറാകും.
ഇൻകം ടാക്സ് ഇളവാണ് ആഘോഷിക്കപ്പെടുന്നത്. അതു പ്രതിഫലിക്കുന്നത് സാധാരണ മുകളിൽ പറഞ്ഞ രീതിയിലാണ് എന്നു കാണണം. മാത്രമല്ല സംസ്ഥാനങ്ങളുമായി പങ്ക് വെയ്ക്കേണ്ട ഡിവിസിബിൾ പൂളിൽ കുറവ് വരികയും ചെയ്യും. ഇതാകട്ടെ സംസ്ഥാനങ്ങളുടെ ചെലവിടൽ ശേഷിയെ ബാധിക്കുന്നതുമാണ്. ദില്ലി തെരെഞ്ഞെടുപ്പ് ഉന്നം വെച്ചുള്ള സങ്കുചിത നീക്കമാണിത് എന്നതുറപ്പ്.
ബീഹാറിന് കൊടുത്ത അമിതമായ ഊന്നൽ എന്താണ് കാണിക്കുന്നത്? ബജറ്റുകളെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്ന സങ്കുചിതമായ രീതി കൂടുതൽ ഊക്കോടെ നടപ്പിലാക്കുകയാണ് നിർമലാ സീതാറാമിന്റെ എട്ടാം ബജറ്റും ചെയ്യുന്നത്.
കേരളത്തോടുള്ള സമീപനം പ്രത്യേകം എഴുതാം.
No comments:
Post a Comment