Wednesday, February 26, 2025

കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഗണനീയ കൂറവ്

1. യൂണിയൻ സർക്കാർ ബജറ്റ് രേഖകളിൽ നിന്നും ഒരു ഭാഗമാണ് ആദ്യ ചിത്രം. അവരുടെ ചെലവു കണക്കുകളാണ് പട്ടികയിലുള്ളത് . നടപ്പു വർഷത്തെ ( 2024-2025) ബജറ്റ് അവതരിപ്പിച്ചപ്പോൾ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചെലവായി വകയിരുത്തിയിരുന്നത് 505978 കോടി രൂപയായിരുന്നു. അതാണ് ബജറ്റ് എസ്റ്റിമേറ്റ് എന്നു പറയുന്നത്. ഈ വർഷത്തെ മൂന്നു പാദങ്ങൾ പിന്നിട്ടപ്പോൾ വരുത്തിയ പുതുക്കിയ വകയിരുത്തൽ എത്രയാണെന്നു നോക്കൂ . അതാണ് revised estimate ആയി കൊടുത്തിരിക്കുന്നത്. 415356 കോടി രൂപയാണ് പുതുക്കിയ കണക്കുകൾ പ്രകാരമുള്ള വകയിരുത്തൽ. ബജറ്റിൽ പറഞ്ഞതിനെക്കാൾ 90622 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്.

2. ഏതൊക്കെ മേഖലകളിലെ ചെലവുകളാണ് ഇങ്ങനെ കുറയുന്നതെന്ന്    അടുത്ത ചിത്രത്തിൽ കാണാം. ഗ്രാമ വികസനം എന്ന ഐറ്റത്തിൽ ബജറ്റിൽ പറഞ്ഞ 265808 കോടി രൂപ 190675 കോടി രൂപയായി വെട്ടിക്കുറച്ചു. കുറവ് 75133 കോടി രൂപ. സോഷ്യൽ വെൽഫെയർ  56501 കോടി രൂപയിൽ നിന്നും 46482 കോടി രൂപയായി കുറഞ്ഞു. കുറവ് 10019 കളോട് രൂപ.

3.   കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അലോക്കേഷൻ എങ്ങനെയാണ് വെട്ടിക്കുറയ്ക്കുന്നത് എന്നു വ്യക്തമല്ലേ? നെല്ലു സംഭരണത്തിനും ദേശീയ ആരോഗ്യ മിഷനും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്കും തൊഴിലുറപ്പിനും എല്ലാം ഇക്കണ്ട കുടിശിക വരുന്നത് ഈ വെട്ടിക്കുറവു മൂലമാണ്. ഇതല്ലാം സംസ്ഥാനങ്ങൾ വഹിക്കണം എന്നതാണ് കെ.പി. കണ്ണനെ പോലുള്ള വിശ്രുതരായ പണ്ഡിതന്മാർ പറയുന്നത്. ഏതെങ്കിലും സംസ്ഥാന സർക്കാരിന് സാധ്യമായ കാര്യമാണോ അത്? അതൊന്നും അദ്ദേഹത്തിനും സെറ്റിനും ബാധകമല്ല. പിണറായി സർക്കാരല്ലേ , അവർ ഇതെല്ലാം കൊടുത്തില്ലെങ്കിൽ ഞങ്ങൾ മ്ലേച്ഛം എന്നു വിധിക്കും എന്ന തനി മാടമ്പിത്തരമാണ്  പ്രൊഫ. കണ്ണൻ ഇറക്കുന്നത്.  

4.  പതിവു പോലെ  അദ്ദേഹം കേരളം നികുതി പിരിക്കുന്നില്ല എന്ന വാദം ഉയർത്തി,  പിരിച്ചാൽ ഇതൊക്കെ കേരളത്തിനു തന്നെ   കൊടുക്കാമല്ലോ എന്ന നിർദ്ദോഷകരം എന്നു തോന്നിക്കുന്ന പ്രസംഗമാണ് നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർന്നു സമാഹരിക്കുന്ന തനതു നികുതിയുടെ 4 ശതമാനം (ശരാശരി) കേരളം പിരിക്കുന്നതാണ്. തനതു നികുതിയേതര വരുമാനത്തിന്റെ 5 ശതമാനവും കേരളം പിരിക്കുന്നതാണ്. അതേ  സമയം  എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി യൂണിയൻ സർക്കാർ കൈമാറി കൊടുക്കുന്ന ( Union Transfer ) നികുതിയുടെ 1.9 ശതമാനവും ഗ്രാന്റുകളുടെ 1.6 ശതമാനവുമാണ് കേരളത്തിനു ലഭിക്കുന്നത്. കേരളത്തിന്റെ ജനസംഖ്യ രാജ്യ ജനസംഖ്യയുടെ 2.8 ശതമാനമാണ് എന്നതോർക്കണം. യൂണിയൻ ട്രാൻസ്ഫറിൽ വരുന്ന ഈ വൻകുറവാണ് കേരളത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാനം എന്ന വസ്തുത മറച്ചു വെയ്ക്കുക എന്ന ദൌത്യമാണ് പ്രൊഫ. കണ്ണൻ അടക്കമുള്ള ഒരു സെറ്റ് പണ്ഡിത നിര നടത്തുന്നത്. അതിന് അവർ സംസ്ഥാന താൽപ്പര്യത്തെ    തന്നെ ബലി കൊടുക്കും. കാരണം മ്ലേച്ഛതയേക്കാൾ അരുതാത്ത മറ്റെന്താണുള്ളത്? 

5. യൂണിയൻ ട്രാൻസ്ഫറിന്റെ തുകയിലുള്ള കണക്ക് മറ്റൊരു പട്ടികയായി കൊടുത്തിട്ടുണ്ട്.  2022-2023 ലെ  യഥാർത്ഥ യൂണിയൻ ട്രാൻസ്ഫർ (അസൽ) 47046 കോടി രൂപയായിരുന്നു. അത് 2023-2024 ൽ 32652 കോടി രൂപയായും നടപ്പു വർഷം 36375 കോടി രൂപയായും കേവലമായി തന്നെ കുറയുന്നു എന്നു കാണണം. 

6.    ജനങ്ങളുടെ ചർച്ചയിൽ ഇതു വരാനേ പാടില്ല. ഈ ദൌത്യമാണ് ഈ സംഘം നിർവ്വഹിക്കുന്നത്. ഇതിനെ തുറന്നു കാണിക്കുക എന്നത് വലിയ രാഷ്ട്രീയ ജോലിയാണ് . ഫെഡറൽ നീതിയും മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് അനിവാര്യമായ രാഷ്ട്രീയ ഉത്തരവാദിത്തം.

No comments:

Post a Comment