Saturday, February 8, 2025

ശാസ്‌ത്രത്തിന്‌ മുകളിൽ 
അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കാൻ ശ്രമം : മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളെ ശാസ്‌ത്രത്തിനു മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സയൻസ് കോൺഗ്രസുകളിൽ ശാസ്ത്രജ്ഞരാണോ അവരുടെ വേഷമിട്ട വർഗീയ പുനരുജ്ജീവന വാദക്കാരാണോ
എത്തുന്നതെന്ന്‌ പരിശോധിക്കണം. അത്‌ യഥാർഥ ശാസ്ത്രജ്ഞരുടെ കടമയാണ്‌. ശാസ്‌ത്രീയതയിൽ ഊന്നിയ ചെറുത്തുനിൽപ്പ്‌ ഉയരണമെന്നും 37–-ാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌ വെള്ളാനിക്കരയിൽ ഉദ്‌ഘാടനം ചെയ്‌തു
മുഖ്യമന്ത്രി പറഞ്ഞു.


റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഫണ്ട് പോലും അന്ധവിശ്വാസങ്ങൾക്കായി
വഴിതിരിച്ചു വിടുന്നു. അശാസ്ത്രീയത പ്രചരിപ്പിക്കാനുള്ള വേദിയായി ദേശീയ സയൻസ് കോൺഗ്രസുകൾ മാറി.
ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്ന തരത്തിലാണ്‌ അടുത്തിടെ ഐഐടി ഡയറക്ടർ നടത്തിയ പ്രസംഗം.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സ്യൂഡോ സയൻസ് പ്രചരിപ്പിക്കുന്നത് നിത്യസംഭവമായി.

2015ൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്‌ അശാസ്ത്രീയമായ ഒട്ടേറെ കാഴ്ചപ്പാടുകൾ കൊട്ടിഘോഷിച്ചു.
ഗ്രഹങ്ങൾക്കിടയിൽ പറക്കുന്ന വിമാനങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നിർമിച്ചുവെന്നാണ് ചിലർ അവകാശപ്പെട്ടത്. ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന അവകാശവാദം 2016ൽ ഗുജറാത്ത്‌ സർവകലാശാലയിലെ ഗവേഷകർ ഉന്നയിച്ചു. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ശാസ്ത്രീയ അസ്തിത്വം വിശദീകരിക്കുന്നതിനുള്ള പ്രദർശനം 2017ൽ സംഘടിപ്പിച്ചു. കൗരവർ ജനിച്ചത് സ്റ്റെം സെല്ലിൽ നിന്നാണെന്നും ടെസ്റ്റ്ട്യൂബ് ശിശുക്കൾ അന്നേയുണ്ടായിരുന്നുവെന്നും 2019ൽ സർവകലാശാലാ വൈസ് ചാൻസലർ അവകാശപ്പെട്ടു. 2020ലെ സയൻസ് കോൺഗ്രസിലാകട്ടെ
ദിനോസറുകളെ കണ്ടെത്തിയത് ബ്രഹ്മാവാണെന്ന അവകാശവാദവുമായാണ് ശാസ്ത്രജ്ഞൻ എത്തിയത്.

എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ലോകത്താകെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന കാലത്താണ്‌ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാൻ രാജ്യത്തിന്റെ വിഭവങ്ങൾ ചെലവഴിക്കുന്നത്. സമൂഹത്തിൽ ശാസ്ത്രീയചിന്തയ്ക്ക്‌ ഊർജം പകരാൻ ശാസ്ത്ര കോൺഗ്രസ്‌ വഴിതുറക്കണം. ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുവെന്നതും ശാസ്ത്ര കോൺഗ്രസിന്റെ പ്രാധാന്യമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

Read more at: https://www.deshabhimani.com/News/kerala/kerala-science-congress-19809

No comments:

Post a Comment