ഗാന്ധിവധമാണല്ലോ കെ. ആർ. മീരയും ബെന്യാമിനും തമ്മിലുള്ള പോട്ടിയുടെ പ്ലോട്ട്. വിഷയത്തിൽ മേപ്പടി മീരയ്ക്കൊപ്പമാണ്.
ഗാന്ധി വധത്തെ തുടർന്ന് RSS നിരോധിക്കപ്പെട്ടു. പ്രമുഖ നേതാക്കൾ അറസ്റ്റിലായി. അന്നത്തെ സർസംഘചാലക് MS ഗോൾവാൾക്കറും അറസ്റ്റിലായി. മോചിതനായ ശേഷം ഗോൾവാൾക്കറും സർദാർ വല്ലഭായ് പട്ടേലും തമ്മിൽ നടന്ന സുദീർഘമായ കത്തിടപാടുകളുണ്ട്. കോൺഗ്രസുമായി സഹകരിക്കാൻ കൈനീട്ടുന്നുവെന്ന് ഗോൾവാൾക്കർ. അതാണ് വേണ്ടതെന്ന് പട്ടേൽ
രാഷ്ട്രീയരംഗത്ത് കോൺഗ്രസും സാംസ്കാരികരംഗത്ത് ആർഎസ്എസും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ഗോൾവാൾക്കർ. "one supplementing and complementing the other" എന്നായിരുന്നു പ്രയോഗം.
ഈ കത്തിടപാടുകൾക്കു ശേഷമാണ് നെഹ്രു കോമൺവെൽത്ത് സമ്മേളനത്തിനു പോയ തക്കംനോക്കി, ആർഎസ്എസുകാർക്ക് കോൺഗ്രസിൽ മെമ്പർഷിപ്പുകൊടുക്കാൻ തീരുമാനിച്ചത്. ഗാന്ധിജി വധിക്കപ്പെട്ട് ഒരു കൊല്ലം തികയുന്നതിന് മുമ്പ് നടന്ന സംഭവം. പക്ഷേ, വിദേശത്തു നിന്ന് മടങ്ങിവന്ന നെഹ്രുവിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് ആ നീക്കം മരവിച്ചു.
ആർഎസ്എസുകാർക്ക് കോൺഗ്രസിൽ മെമ്പർഷിപ്പു കൊടുക്കുന്നത് തടയാനേ നെഹ്രുവിന് കഴിഞ്ഞുള്ളൂ. കോൺഗ്രസുകാർ മനസുകൊണ്ട് ആർഎസ്എസായി മാറുന്നത് തടയാൻ അദ്ദേഹത്തിനായില്ല. ഗാന്ധിജി കൊല്ലപ്പെട്ട് തൊട്ടടുത്ത വർഷം 1949 ഡിസംബർ 22 ന് ബാബറി പള്ളിയ്ക്കുള്ളിൽ സീതയുടെയും രാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. പരിപാടിയ്ക്ക് നേതൃത്വം നൽകിയത് ഫൈസാബാദിലെ കോൺഗ്രസ് MLA ബാബ രാഘവദാസും സുഹൃത്ത് ഹനുമന്ത് പ്രസാദ് പൊദ്ദറും.
കോൺഗ്രസുമായുള്ള സഹകരണത്തിൽ ഗോൾവാൾക്കർ വിഭാവനം ചെയ്ത one supplementing and complementing the other എന്ന ആശയം വേരുപടർന്ന് വ്യാപിക്കുകയായിരുന്നു. അയോധ്യ, കാശി, മഥുര പള്ളികൾ പൊളിച്ച് തൽസ്ഥാനത്ത് ക്ഷേത്രം "പുനഃ സ്ഥാപിക്കണം" എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ആർ എസ്എസോ സംഘപരിവാർ സംഘടനകളോ അല്ല.
1983 ൽ മുസാഫിർ നഗറിൽ ചേർന്ന ഹിന്ദുമഹാസമ്മേളനത്തിൽ ദാവു ദയാൽ ഖന്ന എന്ന കോൺഗ്രസ് നേതാവായിരുന്നു ഈ ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചത്. മൊറാദാബാദ് എംഎൽഎയും രണ്ടുതവണ യുപിയിൽ മന്ത്രിയുമായിരുന്ന ദാവു ദയാൽ ഖന്ന.
ആ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് കോൺഗ്രസ് നേതാവും രണ്ടു തവണ ഇന്ത്യയുടെ ആക്ടിംഗ് പ്രധാനമന്ത്രിയുമായിരുന്ന ഗുൽസാരിലാൽ നന്ദ. നെഹ്രുവിന്റെ മരണശേഷം തുച്ഛമായ ദിവസങ്ങളിലാണെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലിരുന്ന നേതാവ്.
ബാബറി പള്ളിയിൽ കൊണ്ടു വെച്ച രാമവിഗ്രഹം സരയൂനദിയിലെറിയാനും അതു ചെയ്തവരെ അറസ്റ്റു ചെയ്യാനും അന്ന് യുപി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ പന്തിന് നിർദ്ദേശം നൽകി, ജവഹർ ലാൽ നെഹ്രു. (പന്ത് അതു മൈൻഡ് ചെയ്തില്ല. എന്നുവെച്ച് ആ മന്ത്രിസഭയെ ഡിസ്മിസ് ചെയ്യാനൊന്നും നെഹ്രു തയ്യാറായില്ല. അതിന് 1957 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരുന്നതു വരെ കാത്തിരുന്നു)
അയോധ്യ മാത്രമല്ല, കാശി, മഥുര പള്ളികൾ കൂടി പൊളിക്കണമെന്ന് പ്രമേയം പാസാക്കിയ ഹിന്ദുമഹാസമ്മേളനത്തിന് നേതൃത്വം നൽകി, ഗുൽസാരിലാൽ നന്ദ.
"one supplementing and complementing the other" എന്ന ഗോൾവാൾക്കറുടെ സ്വപ്നം വടവൃക്ഷമായി വളർന്നു. അയോധ്യയിലെ തർക്കഭൂമിയിൽ ശിലാന്യാസത്തിന് അനുമതി നൽകിയത് കോൺഗ്രസ് മുഖ്യമന്ത്രി N D തിവാരി. (91 -ാംവയസിൽ മകനും ഭാര്യയ്ക്കുമൊപ്പം അദ്ദേഹം ബി ജെ പിയിൽ ചേർന്നു). തുടർന്ന് രാജീവ് ഗാന്ധിയുടെ കർസേവ. പള്ളി പൊളിക്കാൻ നരസിംഹറാവുവിന്റെ മൗനാനുവാദം.
"one supplementing and complementing the other". ഗാന്ധിജിയുടെ സർവമതസാഹോദര്യമെന്ന ആശയവും ഹിന്ദുമുസ്ലിം ഐക്യമെന്ന സ്വപ്നവും കോൺഗ്രസ് കുഴിവെട്ടിമൂടി.
പരസ്പരപൂരകമായി പ്രവർത്തിച്ചു പ്രവർത്തിച്ച് കോൺഗ്രസ് ഒന്നാകെ സംഘപരിവാറായി. അവശേഷിക്കുന്ന കോൺഗ്രസോ? യഥാർത്ഥ ഹിന്ദുത്വ തങ്ങളാണ് എന്ന് സ്ഥാപിക്കാൻ അഹോരാത്രം പാട്ടുപെടുന്നു. അതിന് എന്തെല്ലാം അഭ്യാസങ്ങൾ.
ഗാന്ധിജിയുടെ ആത്മാവിനെയും ആശയങ്ങളെയും കോൺഗ്രസ് കുഴിച്ചുമൂടിയപ്പോഴാണ് സംഘപരിവാർ ഇന്ത്യയിൽ തഴച്ചുവളർന്നത്. ഗോൾവാൾക്കർ സ്വപ്നം കണ്ട one supplementing and complementing the other എന്ന പാത പിന്തുടർന്ന്.
കെ ആർ മീര പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്.
©K.G.Biju
No comments:
Post a Comment