ചില കണക്കുകൾ... ആഭ്യന്തര ഉത്പാദനത്തിൽ നിന്ന് തുടങ്ങി ഒയാസിസ് വഴി വ്യവസായത്തിലേയ്ക്ക് വരാം...
ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിൻ്റെ 4% ആണ് കേരളത്തിൻ്റെ സംഭാവന.
ആഭ്യന്തര ഉത്പാദനം കണക്കാക്കുമ്പോൾ വിദേശത്തു നിന്ന് ഇന്ത്യക്കാർ അയയ്ക്കുന്ന പണം അതിൽ ഉൾപ്പെടുന്നില്ല!!! അതുപയോഗിച്ച് ഒരു ബിസിനസ് തുടങ്ങുകയോ എന്തെങ്കിലും നിർമാണം നടത്തുകയോ ചെയ്യുകയാണെങ്കിലേ വിദേശത്തു നിന്ന് അയയ്ക്കുന്ന പണം ജി ഡി പിയുടെ ഭാഗമാവൂ... ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഫോറിൻ റെമിറ്റൻസ് ബാങ്കുകാർ മറ്റേതെങ്കിലും സംസ്ഥാനത്ത് ലോൺ കൊടുത്ത് അതു കൊണ്ട് ഒരാൾ അവിടെ ഒരു കട തുറന്നാൽ കേരളത്തിലേയ്ക്ക് വരുന്ന എൻ ആർ ഐ സമ്പാദ്യം മറ്റൊരു സംസ്ഥാനത്തിൻ്റെ ജി ഡി പി ആയി മാറുകയാണ് ചെയ്യുക.
അതുമല്ല, ഇന്ന് കേരളത്തിലേയ്ക്കല്ല ഫോറിൻ റെമിറ്റൻസ് ഏറ്റവും കൂടുതൽ വരുന്നത്. മഹാരാഷ്ട്ര നമ്മളെ മറികടന്നിട്ട് കുറേ നാളായി.
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 2.8% ആണ് കേരളത്തിൻ്റെ ജനസംഖ്യ. ഈ ചെറിയ ജനസംഖ്യയുമായാണ് കേരളം ഇന്ത്യയുടെ 4% ജി ഡി പി സംഭാവന ചെയ്യുന്നതെന്ന് ഓർക്കുക.
ഇന്ത്യയുടെ ആകെ വിസ്തീർണത്തിൻ്റെ 1.16 ശതമാനമാണ് കേരളത്തിൻ്റെ വിസ്തീർണം. അതിൽ പകുതി കാടോ വനസമാനമായ പ്ലാൻ്റേഷനുകളോ ഒക്കെയാണ്. ബാക്കിയുള്ള ഭൂമിയിൽ തീരദേശ സംരക്ഷണ നിയമവും തണ്ണീർത്തട നിയമവും ഒക്കെ കഴിഞ്ഞ് വ്യവസായം നടത്താൻ വളരെക്കുറച്ച് സ്ഥലമേ ബാക്കിയുള്ളൂ! അവിടെയൊക്കെ നല്ല ജനസാന്ദ്രതയും ഉണ്ടാവും!
പത്ത് മുപ്പത് ഏക്കർ സ്ഥലം വാങ്ങിയെടുത്തിട്ട് വേണം ഒരു കമ്പനിക്ക് അവിടെ വ്യവസായം നടത്തുന്നതിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഗവണ്മെൻ്റിനെ സമീപിക്കാൻ എന്നാണ് ഒയാസിസിൻ്റെ ഉദാഹരണത്തിൽ നിന്ന് മനസ്സിലാവുന്നത്! തണ്ണീർത്തടമോ, തീരദേശമോ, പരിസ്ഥിതിലോലമോ ഒന്നുമില്ലാത്ത ഇത്രയും സ്ഥലം കേരളത്തിൽ എവിടെയുണ്ടാവും?
പാലക്കാടുണ്ടാവും!
അതാണെന്ന് തോന്നുന്നു വ്യവസായം നടത്താൻ താല്പര്യമുള്ള കമ്പനിക്കാർ പാലക്കാട് ഭൂമി വാങ്ങി അനുമതിക്കായി ഗവണ്മെൻ്റിനെ സമീപിക്കുന്നത്.
നിയമങ്ങളും സിസ്റ്റവും ഒക്കെ ഇങ്ങനെ ആക്കി വച്ചിട്ട് എന്തുകൊണ്ട് മഴ അധികം ലഭിക്കാത്ത പാലക്കാട് വ്യവസായം തുടങ്ങാൻ ആൾക്കാർ വരുന്നു എന്ന് അദ്ഭുതപ്പെട്ടിട്ട് കാര്യമൊന്നുമില്ല...
തണ്ണീർത്തട നിയമവും പരിസ്ഥിതി ലോലവും ഒക്കെ ഇത്തിരി മാറ്റിപ്പിടിച്ചാൽ ഇടുക്കിയിലും വയനാടിലും ആലപ്പുഴയിലുമൊക്കെ വ്യവസായികൾ ഭൂമി വാങ്ങി ബ്രൂവറികളും ഡിസ്റ്റിലറികളും ഒക്കെ സ്ഥാപിക്കും. ഹൈലാൻഡ് സിങ്കിൾ മാൾട്ട് സ്കോച്ച് വിസ്കി എന്നൊക്കെ പറയുന്നതുമാതിരി കേരളത്തിലും ഭാവിയിൽ ബ്രാൻഡുകൾ വന്നേയ്ക്കാം...
ഇത് മദ്യക്കമ്പനികളുടെ മാത്രം കാര്യവുമല്ല, ഒരു കാറ്/ബൈക്ക് കമ്പനി സ്ഥാപിക്കാൻ 2000 ഏക്കർ ഭൂമി വേണം എന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ ഇടുക്കിയിലോ വയനാടിലോ ഒക്കെയാവും എളുപ്പം ഭൂമി കണ്ടെത്തിക്കൊടുക്കാൻ സർക്കാരിന് സാധിക്കുക. അങ്ങനെ കൊടുത്താലോ? അത് പരിസ്ഥിതി തകർക്കുമെന്ന് പറഞ്ഞ് സമരം ചെയ്യാൻ മലയാളികൾ വരും എന്ന് എനിക്ക് ഉറപ്പാണ്... അതുകൊണ്ടെന്താണ് ഫലം? കമ്പനികൾ തമിഴ്‌നാട്ടിലേയ്ക്കും ഹരിയാനയിലേയ്ക്കും ഗുജറാത്തിലേയ്ക്കുമൊക്കെ പോവും!
പറഞ്ഞു വന്നത്: പരിസ്ഥിതി തീവ്രവാദമാണ് കേരളം വ്യവസായത്തിൻ്റെ കാര്യത്തിൽ ദേശീയ ശരാശരിയിൽ നിന്ന് പിന്നിൽ പോവാനുള്ള കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ ജി ഡി പിയുടെ 27.6% വ്യവസായത്തിൽ നിന്ന് വരുമ്പോൾ കേരളത്തിലെ ജി ഡി പിയുടെ 23% മാത്രമാണ് വ്യവസായത്തിൻ്റെ സംഭാവന എന്നാണ് വിക്കിപീഡിയയിൽ കാണുന്നത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും മാർജിനൽ വ്യത്യാസമേ കേരളത്തിന് ഇന്ത്യയുടെ ശരാശരിയുമായി ഉള്ളൂ എന്നത് ശ്രദ്ധിക്കുക.
കേരളത്തിന് വ്യവസായത്തിൻ്റെ കാര്യത്തിലും ഇന്ത്യൻ ശരാശരിക്ക് മുകളിലെത്താൻ സാധിക്കും! പരിസ്ഥിതി തീവ്രവാദം കുറച്ചൊക്കെ ഉപേക്ഷിക്കേണ്ടിവരുമെന്നേയുള്ളൂ...
നടക്കുമോ?
No comments:
Post a Comment