ചരിത്രം ഭാഗികമായെങ്കിലും 1991-ൽ ആവർത്തിച്ചു. ചന്ദ്രശേഖർ സർക്കാർ നിലംപൊത്തിയശേഷം മെയ് 20, ജൂൺ 12, ജൂൺ 15 എന്നിങ്ങനെ മൂന്നു ഘട്ടമായാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടം പൂർത്തിയായതിന്റെ പിറ്റേന്നാണ് രാജീവ് കൊല്ലപ്പെടുന്നത്. ഏറ്റവും മോശം പ്രകടനം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നു ഒന്നാം ഘട്ടത്തിൽ കോൺഗ്രസിനുണ്ടായതെന്ന് തെരഞ്ഞെടുപ്പു ഫല വിശകലനം സ്ഥിരീകരിക്കുന്നു. വി പി സിങ്ങിൽനിന്ന് പരാജയം രുചിച്ച 1989-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസിൽനിന്ന് മറുപക്ഷത്തേക്ക് 5.7 ശതമാനം വോട്ടാണ് തെന്നിമാറിയത്. എന്നാൽ, രാജീവ്‌വധം സൃഷ്ടിച്ച സഹതാപം വോട്ടിങ് രീതിയെ പെൻഡുലംപോലെ ചലിപ്പിച്ചു. രണ്ടും മൂന്നും ഘട്ടത്തിൽ 13 ശതമാനത്തോളം ആനുകൂല്യമാണ് കോൺഗ്രസ് നേടിയത്. രാജീവ് വധമെന്ന ഒരൊറ്റ ഘടകമാണ്, ഭൂരിപക്ഷമില്ലെങ്കിലും, 232 അംഗങ്ങൾ ലോക്‌സഭയിൽ ലഭിക്കാനും ന്യൂനപക്ഷസർക്കാർ രൂപീകരിക്കാനും കോൺഗ്രസിനെ സഹായിച്ചത്. രാജീവിന്റെ ചിതാഭസ്മവുമായുള്ള കെ കരുണാകരന്റെ പ്രയാണത്തിൽ ഏറ്റവും കൂടുതൽ തിക്താനുഭവങ്ങൾ പേറേണ്ടിവന്നത് കേരളത്തിലെ ഇടതുപക്ഷത്തിനാണ്. ലോക്‌സഭയിൽ 20-ൽ 16-ഉം യുഡിഎഫ് കൈക്കലാക്കി. എന്നുമാത്രമല്ല, 14 ജില്ലാ കൗൺസിലിൽ 13 എണ്ണവും വിജയിച്ചതിന്റെ തിളക്കത്തിൽ തുടർഭരണത്തിന് തയ്യാറായ ഇടതുപക്ഷം നിയമസഭാ അങ്കത്തട്ടിലും ഇടറിവീണു.
തൃക്കാക്കരയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലമാണ് ഒഡിഷയിലെ ബ്രജ് രാജ് നഗർ. ബിജു ജനതാ ദളിന്റെ കിഷോർ കുമാർ 2019-ൽ 11,634 വോട്ടിന് ബിജെപിയെ തോൽപ്പിച്ച മണ്ഡലം. അദ്ദേഹത്തിന്റെ മരണത്തെതുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ വിധവ അൽക മഹന്തിയാണ് ബിജെഡി സ്ഥാനാർഥിയായത്. 65,000 വോട്ടിന്റെ ഭൂരിപക്ഷമാണ് അൽകയ്ക്ക് ലഭിച്ചത്. ഭർത്താവ് നേടിയ ഭൂരിപക്ഷം ആറിരട്ടിയായി അൽക വർധിപ്പിച്ചപ്പോൾ ഒഡിഷയിലെ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 61.25 ശതമാനവും 91,799 വോട്ടും അൽകയ്ക്കു ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ കിഷോർ ചന്ദ്രയ്ക്കു ലഭിച്ചത് കേവലം 21,791 വോട്ടാണ്.
കേരളത്തിലെ സഹതാപ സ്ഥാനാർഥികളുടെ ചരിത്രം പറയുന്നതും സമാനമായ കഥകൾ തന്നെ. സ്വന്തമായ രാഷ്ട്രീയാസ്തിത്വം ആർജിക്കാതെ മറ്റൊരാളുടെ പിൻഗാമിയായി വരുമ്പോഴാണ് സഹതാപത്തിന്റെ തോതു വർധിക്കുന്നതെന്നാണ് രാഷ്ട്രീയമീമാംസകരുടെ കണ്ടെത്തൽ. ജി കാർത്തികേയന്റെ വിയോഗത്തിനുശേഷം 2015ൽ മകൻ കെ എസ് ശബരീനാഥൻ 10,128 വോട്ട് ഭൂരിപക്ഷത്തിൽ അരുവിക്കര നിലനിർത്തി.
പിറവം അടിവരയിട്ടതും സഹതാപത്തിന്റെ മുറതെറ്റാത്ത കണക്കിനാണ്. ടി എം ജേക്കബിന് 2011-ൽ ലഭിച്ചത് കേവലം 157 വോട്ടിന്റെ ഭൂരിപക്ഷമാണ്. സഹതാപ സ്ഥാനാർഥിയായെത്തിയ അനൂപ് ജേക്കബ്ബിന് 2012-ൽ ലഭിച്ചത് 12,071 ന്റെ ഭൂരിപക്ഷം. അനൂപിന് 52.81 ശതമാനം വോട്ട് ലഭിച്ചു.
സഹതാപത്തിന് ഒരു പ്രത്യേകതയുണ്ട്. അത് അക്ഷരാർഥത്തിൽ വേലിയേറ്റമാണ്. കയറ്റം കഴിഞ്ഞാൽ ഇറങ്ങും. ഇന്ത്യൻ രാഷ്ട്രീയം സംശയലേശമന്യേ എടുത്തുകാട്ടുന്നത് ഈ പ്രകൃതിനിയമത്തിന്റെ അനിഷേധ്യ ഏടാണ്. കോൺഗ്രസുകാർക്ക് മറക്കാൻ കഴിയാത്ത രണ്ടു വ്യക്തിത്വങ്ങളാണ് മാധവ് റാവു സിന്ധ്യയും രാജേഷ് പൈലറ്റും. രണ്ടുപേരും രാഷ്ട്രീയനേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അപകടത്തിൽ അകാലചരമം പ്രാപിച്ചവർ. മധ്യപ്രദേശിലെ ഗുണ ലോക്‌സഭാ മണ്ഡലത്തിൽ 1999-ൽ മാധവറാവു സിന്ധ്യ മൽസരിച്ചപ്പോൾ 2.29 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. സിന്ധ്യയുടെ വേർപാടിനുശേഷം സഹതാപ സ്ഥാനാർഥിയായി 2002-ൽ പുത്രൻ ജ്യോതിരാദിത്യ മൽസരിച്ചപ്പോൾ ഭൂരിപക്ഷം നാലു ലക്ഷം കവിഞ്ഞു. ജ്യോതിരാദിത്യക്ക് 74.28 ശതമാനം വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിക്കു ലഭിച്ചത് കേവലം 17.91 ശതമാനംമാത്രം. ചരിത്രം മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിച്ചത്. ഇതേ മണ്ഡലത്തിൽ 2019-ൽ ജ്യോതിരാദിത്യ ഒന്നേകാൽ ലക്ഷം വോട്ടിന് പരാജയപ്പെട്ടു. അദ്ദേഹം ബിജെപിയിൽ അഭയം തേടുകയും ചെയ്തു.
രാജേഷ് പൈലറ്റിന്റെ തട്ടകമായ രാജസ്ഥാനിലെ ദൗസയ്ക്കു പറയാനുള്ളതും ഇതുതന്നെയാണ്. അദ്ദേഹം മരിച്ചപ്പോൾ ഭാര്യ രമാ പൈലറ്റാണ് സ്ഥാനാർഥിയായത്. 1999-ൽ രാജേഷ് പൈലറ്റ് കേവലം 6902 ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എന്നാൽ, ഭാര്യ മൽസരിച്ചപ്പോൾ വൻ വിജയം നേടി. തൊട്ടുപിറകേ, യഥാർഥ പിൻഗാമിയായി മകൻ സച്ചിൻ പൈലറ്റ് 2004-ൽ രംഗപ്രവേശം ചെയ്തപ്പോൾ ഭൂരിപക്ഷം 1.14 ലക്ഷമായി. വേലിയേറ്റം സ്വാഭാവികമായും അധിക നാൾ നിൽക്കില്ല. 2009 മുതൽ കോൺഗ്രസിന് ചുവടു പിഴച്ചു. കോൺഗ്രസ് സ്ഥാനാർഥി കെട്ടിവച്ച കാശുപോലും കിട്ടാതെയാണ് പരാജയം ഏറ്റുവാങ്ങിയത്.യുഡിഎഫ് വിജയത്തിനു പിന്നിൽ
തൃക്കാക്കരയെ വൻ ഭൂഖണ്ഡമായിക്കണ്ടാണ് മാധ്യമങ്ങളും നിരീക്ഷകരും വിശകലനങ്ങൾ നെയ്തെടുക്കുന്നത്. അപൂർവമായി ലഭിക്കുന്ന സഹതാപംകൂടി ഉപയോഗിച്ച് സ്വന്തം തട്ടകം സംരക്ഷിക്കുന്നവരെ ക്യാപ്റ്റന്റെ പടച്ചട്ടയണിയിക്കുന്നത് വസ്തുതകളുടെ വക്രീകരണമാണ്. പ്രതിപക്ഷത്തിന് ജീവവായു കൊടുക്കാൻ വേണ്ടിയാണ് ഇത്തരം വൈകൃതകൽപ്പനകളെങ്കിൽ അത് ചരിത്രനിഷേധമാണ്. ഇടതുപക്ഷത്തിന് തൃക്കാക്കര പിടിച്ചെടുക്കാനായില്ല എന്നതു മാത്രമാണ് കൃത്യമായ രാഷ്ട്രീയവായന. ലക്ഷ്യം നിശ്ചയിച്ചശേഷം പടക്കോപ്പു നിറയ്ക്കുക എന്നത് ഒരു പ്രയോഗവും രീതിയുമാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ പരാജയ കാരണങ്ങൾ പരതുന്ന മാധ്യമങ്ങൾക്കും മറ്റും പലതും വ്യാജമായി നിർമിച്ചെടുക്കേണ്ടി വരും. ഇടതു പക്ഷത്തുള്ളവരെത്തന്നെ ചില ശകലങ്ങൾ ചേർത്ത് അവർ പറഞ്ഞതും പറയാത്തതും ഊന്നലുകൾ മാറ്റിമറിച്ചു കൊണ്ടുവരും.
തൃക്കാക്കര അടിയുറച്ച യുഡിഎഫ് മണ്ഡലമാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഫണലിലൂടെ നോക്കിയാൽ ഒരുപാട് ന്യൂനതകളുള്ള സ്ഥാനാർഥിയായിരുന്നു പി ടി തോമസ്. കോൺഗ്രസിൽത്തന്നെ അദ്ദേഹത്തോട് എതിർപ്പുണ്ടായിരുന്നു. മരണശേഷമാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടത്. അത്തരം ന്യൂനതകളൊന്നും ഉമയെ തേടിയെത്തിയിരുന്നില്ല. സംഘടനാ ചേരിപ്പോരുകളിൽ കക്ഷിയല്ലാത്തതുകൊണ്ട് പാർടിയിലുള്ളവർക്ക് പരിഭവമുണ്ടാകേണ്ടതില്ല. പി ടി തോമസിന് ഇല്ലാതിരുന്ന സഹതാപത്തിന്റെ ആനുകൂല്യംകൂടി അവർക്ക് ലഭിച്ചപ്പോൾ പ്രയാണം സുഗമമായി.
Read more: https://www.deshabhimani.com/articles/news-articles-07-06-2022/1024441
No comments:
Post a Comment