നേരത്തേ നൽകിയ മൊഴി സന്ദർഭവും കഥാപാത്രങ്ങളും മാറ്റി പുതിയ മൊഴിയാക്കിയ സ്വപ്‌ന സുരേഷിന്റെ നീക്കം തങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന് വ്യക്തമാക്കി ആർഎസ്‌എസ് അനുകൂല സന്നദ്ധസംഘടനയായ എച്ച്‌ആർഡിഎസിന്റെ വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ. ഉന്നതർ കുടുങ്ങുമെന്നും തെളിവുകൾ സ്വപ്ന ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്നും അവർ ഇനിയും തുറന്നുപറയുമെന്നും കെ ജി വേണുഗോപാൽ സ്വകാര്യ യുട്യൂബ് ചാനലിന് ബുധൻ രാവിലെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് അദ്ദേഹം ഫെയ്‌സ്‌ബുക്കിലും പങ്കുവച്ചു. സരിത്തും ഞങ്ങളുടെ സ്‌റ്റാഫാണ്. ഞങ്ങളാണ് രണ്ടുപേർക്കും ക്വാർട്ടേഴ്‌സ് നൽകിയത്. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്.
പാലക്കാട് ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്‌ആർഡിഎസ്) വൈസ് പ്രസിഡന്റാണ് ആർഎസ്‌എസ് സൈദ്ധാന്തികനായ കെ ജി വേണുഗോപാൽ. സംഘടനയിൽ സ്‌ത്രീശാക്തീകരണ -സിഎസ്‌ആർ വിഭാഗം ഡയറക്ടറാണ് സ്വപ്‌ന. സരിത്തിന് പി ആർ വിഭാഗം ചുമതലയാണ്. ഫെബ്രുവരിയിൽ സ്വപ്‌ന സുരേഷ് എച്ച്‌ആർഡിഎസ് തൊടുപുഴ ഓഫീസിൽ ചുമതലയേറ്റപ്പോൾ ബാഡ്‌ജ് അണിയിച്ച് സ്വീകരിച്ചത് വേണുഗോപാലാണ്.
ആർഎസ്‌എസിന്റെ മുഴുവൻസമയ പ്രചാരകനായിരുന്ന വേണുഗോപാൽ, എബിവിപിയുടെ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു. പിന്നീട് സംഘപരിവാർ സംഘടനകളുടെ സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി. ഇപ്പോൾ എറണാകുളത്താണ് താമസം.കേന്ദ്രഫണ്ടുപയോഗിച്ച് പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജയിൽ മോചിതയായ സ്വപ്‌നയെ, 2021 നവംബർ ആറിന് സ്വീകരിച്ചുകൊണ്ടുപോയി ജോലി കൊടുക്കുകയായിരുന്നു. റസ്‌പോൺസിബിലിറ്റി ഡയറക്ടറായി ഉയർന്ന ശമ്പളത്തിലായിരുന്നു നിയമനം.
വേണുഗോപാലുമായി നിരന്തരം ബന്ധപ്പെടുന്നയാളാണ് ജോർജ്. സ്വപ്‌നയുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടതും ഗുഢാലോചനയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതും ജോർജാണ്. ഈ ‘റോൾ’ വ്യക്തമാക്കുന്നതായിരുന്നു ബുധനാഴ്‌ചത്തെ വാർത്താസമ്മേളനം. ജോർജിനെ കണ്ടിട്ടുണ്ടെന്നും അത് എച്ച്‌ആർഡിഎസ് സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞിട്ടാണെന്നുമായിരുന്നു സ്വപ്ന മാധ്യമങ്ങളോട് സമ്മതിച്ചത്.
ഏത് വഴിക്ക്, എങ്ങനെയെല്ലാം ഗൂഢാലോചന രൂപംകൊണ്ടതെന്ന് ഇതിൽനിന്നുതന്നെവ്യക്തം
എത്തിയത് സംഘപരിവാർ അഭിഭാഷകനൊപ്പം
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ രണ്ടുദിവസം മൊഴി നൽകാനെത്തിയത് സംഘപരിവാർ സംഘടനകളുടെ അഭിഭാഷകൻ ആർ കൃഷ്‌ണരാജിനൊപ്പം. ഇയാളുടെ സാന്നിധ്യം പുതിയ രഹസ്യമൊഴിക്കുപിന്നിലെ ബാഹ്യപ്രേരണ ബലപ്പെടുത്തുന്നതാണ്.
Read more: https://www.deshabhimani.com/news/kerala/swapna-suresh-hrds-rss-support/1024881
No comments:
Post a Comment