ജനങ്ങളെ ഭരണത്തിൽ ബോധപൂർവം പങ്കാളികളാക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥപൂർണമാകുക. ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം കൂടാതെ എങ്ങനെ ഭരിക്കപ്പെടുന്നുവെന്ന് അറിയാനുള്ള അവകാശവും അവർക്കുണ്ട്. ആ സുതാര്യതയാണ് ഭരണാധികാരികളിലും അതു വഴി ജനാധിപത്യത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്. കേരളജനത നൽകിയ അത്തരമൊരു വിശ്വാസത്തിന്റെ ഉൽപ്പന്നമാണ് രണ്ടാം പിണറായി സർക്കാർ. ലക്ഷ്യവും വഴിയും മാറുന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനവേളയിൽത്തന്നെ ഭരണപുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പു വാഗ്‌ദാനം എത്രത്തോളം പൂർത്തിയാക്കിയെന്ന്, ഓരോ പദ്ധതിയും എവിടെ എത്തിനിൽക്കുന്നുവെന്ന് അക്കമിട്ടു നിരത്തുന്നു.
കോവിഡും പ്രളയവും കൂടാതെ കേന്ദ്ര സർക്കാരിന്റെ അവഗണനയുംകൂടി നേരിട്ടാണ് സർക്കാർ ജനക്ഷേമ, വികസനപ്രവർത്തനങ്ങളുമായി മുന്നേറുന്നത്. വിഭവ പരിമിതികളുമുണ്ട്. ഈ വെല്ലുവിളികൾക്കിടയിലും പശ്ചാത്തല സൗകര്യ വികസനത്തിലും ജീവിത സൗകര്യങ്ങളിലും വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കുകയെന്ന ദൗത്യവുമായാണ് സർക്കാരിന്റെ പ്രയാണം. തുടക്കവർഷം തന്നെ ഒട്ടേറെ അഭിമാന പദ്ധതികൾ ഏറ്റെടുക്കാനും പൂർത്തിയാക്കാനും കഴിഞ്ഞെന്ന നേട്ടവുമായാണ് സർക്കാർ ജനങ്ങളെ അഭിമുഖീകരിക്കുന്നത്.
2021ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 900 വാഗ്‌ദാനമാണ് പ്രകടനപത്രികയിൽ വച്ചത്. ഇതിൽ 758ലും പ്രവർത്തനം ആരംഭിച്ച് വിവിധ ഘട്ടത്തിലാണ്. ഒന്നാംവർഷം തന്നെ 30 ശതമാനത്തോളം പൂർത്തിയാക്കാനായി എന്നതും വലിയ വിജയമാണ്. 20 ലക്ഷംപേർക്ക് തൊഴിൽ എന്നതായിരുന്നു ആദ്യ വാഗ്‌ദാനം. ഇതിൽ സർവേ നടത്തി 10.45 ലക്ഷം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വൺ ഡിസ്‌ട്രിക്ട് വൺ ഐഡിയ എന്ന പരിപാടിയിൽ സൂക്ഷ്‌മ, ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ 58 ഇന്നൊവേഷൻ ക്ലസ്റ്ററുകൾ രൂപീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം എന്നിവയ്‌ക്കുള്ള നടപടികൾ വിവിധ ഘട്ടത്തിലാണ്. കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ചു. ഇതിനായി സജ്ജമാക്കിയ ഡിജിറ്റൽ വർക്ക് സോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തു. 15,000 സ്റ്റാർട്ടപ് ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പ്രതിസന്ധിക്കിടയിലും 850 എണ്ണം ആരംഭിച്ചു.
ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി 29 ലക്ഷം ചതുരശ്രയടി സൗകര്യങ്ങൾ നിർമാണത്തിലാണ്. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴി പദ്ധതിയുടെ രൂപരേഖയാകുന്നു. സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കിലുമായി 10,400 പുതിയ തൊഴിലവസരം സൃഷ്ടിച്ചു. 181 പുതിയ കമ്പനിയും പ്രവർത്തനമാരംഭിച്ചു.
Read more: https://www.deshabhimani.com/editorial/ldf-government/1023632
No comments:
Post a Comment