കേരള രാഷ്ട്രീയം ഇന്ന് കടന്നു പോകുന്നത് ഒരു പ്രഹസനത്തിലൂടെയാണ്. “സ്വപ്നയുടെ വെളിപ്പെടുത്തൽ” എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ സാമാന്യ ബുദ്ധിയുള്ളവർക്ക് അസംബന്ധം എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്നവയാണ്.
ഈ പ്രഹസനത്തിൻറെ ആദ്യമുഖം കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളിലാണ് അരങ്ങേറുന്നത്. “സ്തോഭജനകമായ വെളിപ്പെടുത്തൽ” എന്ന മട്ടിൽ ഈ മാധ്യമങ്ങൾ ഒരാഴ്ചയിലേറെക്കാലമായി “സ്വപ്നയുടെ വെളിപ്പെടുത്തൽ”ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണക്കള്ളക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു ജയിലലടച്ച ഒരു മാന്യ വനിത പറയുന്ന വാക്കുകൾ മാധ്യമങ്ങൾ വേദവാക്യം പോലെ സ്വീകരിക്കുന്നു. ഈ പ്രതിക്ക് കേന്ദ്ര ഏജൻസികളുടെ താളത്തിനു തുള്ളേണ്ട കാരണമുണ്ടോ എന്ന് നോക്കേണ്ട പത്രധർമം തങ്ങൾക്ക് ബാധകമല്ല എന്നാണോ മലയാളത്തിലെ പുതുതലമുറ പത്രപ്രവർത്തകർ പഠിച്ചിരിക്കുന്നത്?
ഈ മാധ്യമവെളിപ്പെടുത്തലുകളെ ഏറ്റുപിടിച്ച്, അത്യന്തം അക്രമാസക്തമായ സമരപ്പേക്കൂത്തുകൾ കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും മറ്റും ചേർന്ന് തുടർച്ചയായി നടത്തുന്നതാണ് ഈ പ്രഹസനത്തിൻറെ രണ്ടാം രംഗം. കോൺഗ്രസ്-ലീഗ്-ബിജെപി നേതാക്കൾ ഇതിനായി ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. പക്ഷേ, അവർ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. ഈ പ്രതി ഇപ്പോൾ 164ാം വകുപ്പ് പ്രകാരം നല്കിയ സത്യവാങ്മൂലത്തിലെ പ്രധാനപ്പെട്ട എല്ലാ ആരോപണങ്ങളും വളരെ മുന്നേ തന്നെ കേന്ദ്ര അന്വേഷണ സംഘങ്ങൾക്കു മുന്നിൽ പറഞ്ഞതാണ്. അവർ അവ അന്വേഷിച്ച് ഒരു തെളിവും തുമ്പുമില്ലെന്നു മനസ്സിലാക്കി ഉപേക്ഷിച്ചതാണ്.
എന്നാലും യുഡിഎഫും ബിജെപിയും അണികളെ സംയുക്ത കലാപത്തിന് ആഹ്വാനം ചെയ്യുന്നു. വിമാനത്തിൽ കയറി മുഖ്യമന്ത്രിയെ ആക്രമിച്ച അത്യസാധാരണമായ അതിക്രമത്തെ “ആകാശ പ്രതിഷേധ”മായി വിശേഷിപ്പിക്കുന്നു! ജനാധിപത്യ പ്രക്രിയയെ കോമാളിത്തമായി അധ:പതിപ്പിക്കുകയാണിവിടെ.
ഇതു രണ്ടും ചേർന്ന് ചില ശുദ്ധാത്മാക്കളിൽ തീയില്ലാതെ പുകയുണ്ടാകുമോ എന്ന മട്ടിലുള്ള ചില സംശയങ്ങൾ ഉയർന്നേക്കുമോ എന്ന ആശങ്കയാണ് എൻറെ ഈ കുറിപ്പിനു പിന്നിൽ. തൻറെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെയും കൈകൾ സ്വർണക്കടത്തു സംഭവത്തിൽ സംശുദ്ധമാണെന്ന സത്യത്തിൻറെ ഏറ്റവും വലിയ തെളിവാണ് ഏത് കേന്ദ്ര അന്വേഷണസംഘങ്ങളെയും ഇക്കാര്യമന്വേഷിക്കാൻ നിയോഗിക്കാവുന്നതാണെന്ന് രേഖാമൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ അറിയിച്ചത്. ഈ മാന്യ വനിതയും സഹ കുറ്റാരോപിതനും പറയുന്ന അസത്യാരോപണങ്ങൾ അര ഡസനോളം കേന്ദ്ര അന്വേഷണ സംഘങ്ങൾ തലങ്ങും വിലങ്ങും അന്വേഷിച്ച് തെളിവില്ലെന്നു കണ്ട് ഉപേക്ഷിച്ചവയാണ് എന്നത് വീണ്ടും ഓർക്കുക. ഈ ആരോപണങ്ങൾക്കു പിന്നിൽ സ്ഥാപിതതാല്പര്യങ്ങളാണ് എന്നതിന് ഇതിൽ കൂടുതൽ വ്യക്തത വേണോ?
കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും കുടുംബത്തെയും വ്യക്തിപരമായി മാനഹാനിപ്പെടുത്താൻ ആർഎസ്എസ് തയ്യാറാക്കുന്ന പദ്ധതികളിൽ നിന്ന് കോൺഗ്രസും മുസ്ലിം ലീഗും മാറി നിന്നില്ലെങ്കിൽ കേരളം അവർക്ക് മാപ്പു നല്കില്ല. കാരണം ഈ സ്വർണ കള്ളക്കടത്ത് കേസിൽ കേരള സർക്കാരിന്റെയും സിപിഐഎമ്മിന്റെയും കരങ്ങൾ പൂർണമായും ശുദ്ധമാണ്.
No comments:
Post a Comment