Sunday, June 5, 2022

ഇടതിനോട് മുഖം തിരിച്ച് തൃക്കാക്കര

ഇന്നത്തെ കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിന്.   ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയെ തുടർന്ന് പഴയ മദ്രാസ് പ്രൊവിൻസിന്റെ ഭാഗമായ മലാബാറും , തിരുവതാംകൂർ/ കൊച്ചിയും കൂടി ചേർന്നതാണ് ഇന്നത്തെ കേരളം. സ്വതന്ത്ര നാട്ടു രാജ്യങ്ങളായിരുന്ന തിരുവതാംകൂറും കൊച്ചിയും ഒന്നായത് 1949 ജൂലൈ ഒന്നിന്  മാത്രം.

ഒരേ ഭാഷയാണ് സംസാരിക്കുന്നതെങ്കിലും വ്യത്യസ്ഥ സംസ്കാരങ്ങളുടെ അവിയൽ ഘടന കേരളത്തിന് ഇപ്പോഴും പ്രകടമാണ്. ഇന്നത്തെ എറണാകുളം ജില്ല തന്നെ 1949 ന് മുമ്പ് രണ്ട് സംസ്ഥാനങ്ങളായി ഭിന്നിച്ച് കിടന്ന തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളിലേ ഭൂപ്രദേശങ്ങളെ യോജിപ്പിച്ച് രൂപം കൊടുത്തതാണ്. 

ഇക്കഴിഞ്ഞ ആഴ്ച ഉപ തെരഞ്ഞെടുപ്പ് നടന്ന "തൃക്കാക്കര " ഉൾപ്പെടുന്ന ഭൂപ്രദേശം പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമെന്ന നിലയിൽ തനതായ സവിശേഷതകൾ ഉള്ളതാണ്. തൃക്കാക്കരയുടെ പരമ്പരാഗത  സംസ്കാര സവിശേഷതകളെ വേറിട്ട് വിലയിരുത്താതെ തൃക്കാക്കരയുടെ ജനമനസ്സിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നതും കൂടിയാണ് ഉപ തെരഞ്ഞെടുപ്പ് ഫലം. ഈ സവിശേഷതകളുടെ ഉൾപ്പിരിവുകൾ കൃത്യമായി മനസിലാക്കാതെ നടത്തിയ സാമൂഹിക എഞ്ചിനീയറിംഗിന്റെ പാളിച്ച കൂടെ വിലയിരുത്തേണ്ടതാണ്.

സീറോ മലബാർ സഭയിലെ കുരിശ് വിവാദങ്ങളിലും, ആരാധനാ  സംവിധാന മാറ്റങ്ങൾക്കെതിരെ ഉയരുന്ന കലാപങ്ങളിലും വ്യത്യസ്ഥ സംസ്കാരങ്ങളുടെ വൈരുദ്ധ്യം പ്രകടമാണ്. സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിലെ യാക്കോബായ/ ഓർത്തഡോക്സ് തർക്കങ്ങളിൽ യാക്കോബായ സഭയുടെ സ്വാധീനം എറണാകുളത്തെങ്കിൽ ഓർത്തഡോക്സ് സഭാ സ്വാധീനം പത്തനംതിട്ട കൊല്ലം ജില്ലകളിലാണ്. കോട്ടയം ജില്ലയിൽ ഇരുവിഭാഗവും തുല്യ ശക്തികളാണ്.

ചെങ്ങന്നൂർ സ്വദേശിയായ സജി ചെറിയാനോ, പത്തനംതിട്ട ജില്ലയിലെ വീണാ ജോർജ്ജിനോ തൃക്കാക്കരയിലെ ക്രൈസ്തവ വോട്ടുകളിൽ നേരിയ ചലനം പോലും സൃഷ്ടിക്കാൻ കഴിയാതെ പോയതിന്റെ കാരണവും ഈ സാംസ്കാരിക വൈരുദ്ധ്യം തിരിച്ചറിയാൻ കഴിയാതിരുന്നതിനാലാണ്.

തൃക്കാക്കരയുടെ മനസിന്റെ ഈ സവിശേഷതകൾ കൃത്യമായി നിർദ്ധാരണം ചെയ്ത് വിലയിരുത്താതെ കേരളത്തിലെ വ്യത്യസ്ഥ മേഖലകളിലെ ജനപ്രതിനിധികളും , മന്ത്രിമാരും തമ്പടിച്ച് നടത്തിയ സാമൂഹിക എഞ്ചിനീയറിംഗിന്റെ താളപ്പിഴവുകളും ഉപതെരഞ്ഞെടുപ്പ് ഫല വിശകലനത്തിൽ പരിശോധിക്കേണ്ടതാണ്.

തൃക്കാക്കരയുടെ മനസിന്  ഇണങ്ങാത്ത കെ.സുധാകരനെ അവസാനം നാടുകടത്തിയും ,എ.കെ.ആന്റണിയുടെ പത്രസമ്മേളനം വേദിയിൽ പോലും ആന്റണിയെ മൗനിയാക്കി വി.ഡി.സതീശൻ നടത്തിയ എഞ്ചിനീയറിംഗിന്റെ മികവ് ഇടതു പക്ഷത്തെക്കാൾ എത്രയോ മികച്ചതായിരുന്നു. തൃക്കാരയിൽ വോട്ടില്ലാത്ത കേരളത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിന്നെത്തിയ എൽഡിഎഫ് പ്രവർത്തകരുടെ തുടർച്ചയായ ഭവന സന്ദർശനങ്ങൾ ഫ്ളാറ്റുകളിൽ മാത്രമായി ഒതുങ്ങി സ്വകാര്യതയ്ക്ക് ഏറെ മുൻതൂക്കം നൽകുന്ന മദ്ധ്യ വർഗ്ഗ വോട്ടർമാരിൽ അസംതൃപ്തി ഉണ്ടാക്കായിട്ടുണ്ടാകാം. 

No comments:

Post a Comment