എസ്.സുധീപ് എഴുതുന്നു
സഹതാപ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു 1984 ൽ.
അന്നു കോൺഗ്രസ് തനിച്ചു നേടിയത് 414 സീറ്റാണ്.
ഇന്ത്യാ ചരിത്രത്തിൽ അതുവരെയോ പിന്നീടോ ഒരു കക്ഷിയും നാനൂറ് സീറ്റ് തനിച്ചു നേടിയിട്ടില്ല.
പിന്നീട് ആ പാർട്ടിക്കു ദേശീയ തലത്തിൽ എന്തു സംഭവിച്ചു എന്നതു ചരിത്രം.
തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിനു പുറത്തായി.
പിന്നീടൊരിക്കലും ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ 1984-ലെ സീറ്റിന്റെ പത്തിലൊന്ന്.
അതുപോലും നിലനിർത്താൻ കഴിയാത്ത അവസ്ഥ.
ഇനിയൊരിക്കലും കോൺഗ്രസിനു തനിച്ചോ കോൺഗ്രസ് നേതൃത്വത്തിലൊരു മുന്നണിക്കോ ഇന്ത്യ ഭരിക്കാൻ കഴിയില്ല.
സ്വന്തം ജനപ്രതിനിധികളെ വിശ്വസിക്കാൻ കഴിയാതെ റിസോർട്ടിൽ അടച്ചിടേണ്ടി വന്നിട്ടും ഒരിടത്തും ഭരണം നിലനിർത്താൻ കഴിയാത്ത ഒരു കക്ഷിയെ ഇന്ത്യ എങ്ങനെയാണു വിശ്വസിക്കുക?
പറഞ്ഞു വന്നത് ഇതാണ്...
സഹതാപം എന്നത് ഒരു സ്ഥിരനിക്ഷേപമല്ല.
വെറും താൽക്കാലികമാണ്.
പണ്ടാരെങ്കിലും ആനപ്പുറത്തിരുന്നാൽ പിന്നീടുള്ളവർക്കു തഴമ്പു വരില്ലെന്ന് എഐസിസി പ്രസിഡന്റിനെ ഓർമ്മിപ്പിച്ചത് കെ മുരളീധരനാണ്.
മുരളിയെ അതേ കാര്യം ഓർമ്മിപ്പിച്ചത് വടക്കാഞ്ചേരിയിലെയും വയനാട്ടിലെയും ജനങ്ങളാണ്.
രാജീവിനെയും സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും അക്കാര്യം ഇന്ത്യ നിരന്തരം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
അച്ഛന്റെ ആനയെയും അച്ഛന്റെ തഴമ്പും ഓർക്കുമ്പോൾ മക്കൾക്കു കരച്ചിൽ വരും, സ്വാഭാവികം.
ഒരു തവണ ജനം കൂടെക്കരഞ്ഞെന്നു വരാം.
എൺപത്തിനാലിലെ പോലെ.
പക്ഷേ എന്നും ആനയെയും തഴമ്പും ഓർത്തിരുന്നു കരയലല്ല ജനത്തിന്റെ ജോലി.
ഒരു കരയിലും ഒരു കരച്ചിലും സ്ഥിരമല്ല.
S Sudeep .
No comments:
Post a Comment