Saturday, June 4, 2022

ആരാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുന്നത്?

ഡോ.തോമസ് ഐസക്ക്

ബോബ് ഡിലന്റെ പ്രസിദ്ധമായൊരു പാട്ടുണ്ട്. “ചിലർ നിങ്ങളെ ആറ് ഉണ്ട തോക്ക് കൊണ്ടു കൊള്ളയടിക്കും. മറ്റു ചിലർ ഒരു ഫൗണ്ടൻ പേന കൊണ്ടും.” ആരാണ് നമ്മുടെ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുന്നത്? 

2020-21-ൽ ബാങ്കുകളുടെ കിട്ടാക്കടം 5.77 ലക്ഷം കോടി രൂപയായിരുന്നു. 2012-13-നും 2020-21-നും ഇടയ്ക്ക് എട്ടു വർഷംകൊണ്ട് 10.32 ലക്ഷം കോടി രൂപ എഴുതി തള്ളിയ ശേഷമാണ് കുടിശിക ഇത്രയും ബാക്കിയുണ്ടായത്. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം കുടിശിക 16 ലക്ഷം കോടി രൂപയിലേറെയാണ്. 

ആരാണ് ഈ കിട്ടാക്കടങ്ങൾ എടുത്തിട്ടുള്ളത്? 

ഇവരുടെ ആരുടെയും പേര് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. എങ്കിലും 2016 ലോക്സഭയിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം പ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും 5 കോടിയേക്കാൾ വലിയ വായ്പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കൃഷിക്കാർ കോടികൾ വായ്പയെടുക്കുന്നവരല്ലല്ലോ. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വൻകിട കമ്പനിക്കാരുടേതാണ്.

ലോക്സഭാ ചോദ്യത്തിൽ നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയിൽ 2015 ആദ്യം 3.4 ശതമാനമായിരുന്നു കിട്ടാക്കടം. മാർച്ച് 2016-ൽ വായ്പകൾ പുതിയ തീരുമാനപ്രകാരം റീക്ലാസിഫൈ ചെയ്തപ്പോൾ അവരുടെ കിട്ടാക്കടം 22.33 ശതമാനമായി ഉയർന്നു.

ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന കൊള്ളക്കാരുടെ ലിസ്റ്റ് ചിത്രമായി കൊടുത്തിട്ടുണ്ട്. റിലയൻസും അദാനിയും അഗർവാളും ഒന്നും മോശക്കാരല്ല. ബിജെപിക്ക് ഏറ്റവും വലിയ സംഭാവന കൊടുക്കുന്നവരാണ് ലിസ്റ്റിലെ ഏതാണ്ട് എല്ലാപേരും. ഈ കൊള്ളയിൽ ബിജെപിയും കൂട്ടുപങ്കാളികളാണ്. ഔദ്യോഗികമായി കൊള്ളക്കാരുടെ പേര് വെളിപ്പെടുത്താൻപോലും കേന്ദ്രസർക്കാർ തയ്യാറല്ല.

അതിനു പകരം എന്താണു ചെയ്യുന്നത്?

എഴുതി തള്ളുകയെന്നു പറയുമ്പോൾ നഷ്ടപരിഹാരത്തുക ഓരോ ബാങ്കും വകയിരുത്തേണ്ടിവരും. അങ്ങനെ വകയിരുത്തുമ്പോൾ മൂലധനം ഇല്ലാതാവും. കുറച്ചു ധനസഹായം ബാങ്കുകൾക്കു കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. എട്ടുവർഷംകൊണ്ട് 3.32 ലക്ഷം കോടി രൂപ. ഇത്രയും തുകകൊണ്ട് മാനദണ്ഡ പ്രകാരമുള്ള മൂലധനം ബാങ്കുകൾക്ക് ഉണ്ടാവില്ല. അപ്പോൾപിന്നെ എന്താണു പോംവഴി? ബാങ്കുകളുടെ ഓഹരി വിൽക്കുക. ബാങ്കുകളെ സ്വകാര്യവൽക്കരിക്കുക. ബാങ്കുകളെ കൊള്ളയടിച്ച കോർപ്പറേറ്റുകൾക്കു തന്നെ ബാങ്കിന്റെ നഷ്ടം നികത്താൻ ബാങ്കിനെ വിൽക്കുക എന്നതാണു ബിജെപിയുടെ നയം.
https://www.facebook.com/100044138484362/posts/589346589213285/

No comments:

Post a Comment