Tuesday, March 27, 2012

പത്ര ഉടമകള്‍ സംഘടന ഉണ്ടാക്കുന്നതും , വിലപേശുന്നതും നിയമപരമോ?


  • പത്ര ഏജെന്റുമാര്‍ കഴിഞ്ഞ കുറെ നാളുകളായി പത്ര ഉടമകള്‍ക്ക് എതിരായി തങ്ങള്‍ക്കു ലഭിക്കുന്ന കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു സമരത്തില്‍ ആണ്. പത്ര ഏജെന്റുമാര്‍ സംഘടിക്കുന്നതും ,തങ്ങളുടെ ആവശ്യം നേടി എടുക്കുന്നതിനു പണിമുടക്കുന്നതും രാജ്യ ദ്രോഹമാണ് എന്ന് പത്ര മുതലാളിമാരുടെ സംഘടന സംഘടിതമായി പ്രചരണം നടത്തുന്നുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം സമരക്കാര്‍ ഹനിക്കുന്നു.എന്നതാണ്  ഉടമകളുടെ പ്രചരണം.
  • സ്വകാര്യ മൂലധനത്താല്‍ നിയന്ത്രിക്കപ്പെടുന്ന നമ്മുടെ രാജ്യത്തെ കുത്തക പത്രങ്ങള്‍ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാ വാര്‍ത്തകളും തങ്ങളുടെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന് ആത്മ  പരിശോധന നടത്തുന്നത് നന്ന്. ഈ കുറിപ്പ് എഴുതുന്നത്‌  ഒരു പത്ര ഏജെന്റു അല്ല എന്നത് വ്യക്തമാക്കട്ടെ. 
  • പന്തല്ലൂര്‍ ക്ഷേത്ര ഭൂമി മനോരമ കുടുംബം കവര്‍ന്നെടുത്ത വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞത്  മനോരമ പത്രത്തില്‍ കൂടി ആയിരുന്നില്ല. ഇന്റെര്‍ഗ്രേറ്റ് ഫിനാന്‍സ് എന്ന മനോരമ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചു കോടികള്‍ കവര്‍ന്നെടുത്ത വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞതും മനോരമയില്‍ കൂടി ആയിരുന്നില്ല.മാതൃഭൂമി പത്ര ഉടമ വയനാട്ടില്‍ ആദിവാസികളെ വഞ്ചിച്ചു സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യടക്കി,ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞത് മാതൃഭൂമി പത്രത്തില്‍ കൂടി ആയിരുന്നില്ല.തങ്ങളുടെ മൂലധന താല്പര്യങ്ങള്‍ക്ക് ഇണങ്ങാത്ത വാര്‍ത്തകള്‍ തമസ്കരിച്ചു ജനങ്ങളില്‍ നിന്നും നിരന്തരമായി മറച്ചു വെച്ച് ജനവഞ്ചന നടത്തികൊണ്ടിരിക്കുന്ന കുത്തക പത്രങ്ങളുടെ " അറിയാനുള്ള അവകാശത്തിനു " വേണ്ടിയുള്ള പുതിയ വാദങ്ങള്‍ വിലപ്പോവില്ല.
  • പത്ര ഏജെന്റുമാര്‍ തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തവര്‍ ആണെന്നതിനാല്‍ ,ട്രേഡ് യൂണിയന്‍ എന്നനിലയില്‍ സംഘടിക്കുന്നതും,വിലപേശുന്നതും നിയമവിരുദ്ധം ആണെന്നതാണ് പത്ര ഉടമകള്‍ ഉന്നയിക്കുന്ന അടുത്ത ആക്ഷേപം .ഈ ആക്ഷേപം മുഖവിലക്കെടുത്തു കൊണ്ട് സര്‍ക്കാര്‍ ഈ തര്‍ക്കത്തില്‍ തങ്ങള്‍ക്കു ഇടപെടാന്‍ കഴിയില്ല എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.
  • പത്ര ഉടമകള്‍ സംഘടിക്കുന്നതും, ന്യൂസ്‌ പ്രിന്റ്‌ വില ഉള്‍പ്പെടെ ഉള്ള പ്രശ്നങ്ങളില്‍ സര്‍ക്കാരിനോട് വിലപേശുന്നതും ഏതു നിയമത്തിന്റെ പിന്‍ബലത്തില്‍ ആണ് എന്നത് പത്ര ഉടമകള്‍ വ്യക്തമാക്കുമോ.? വ്യാപാരി-വ്യവസായികള്‍,റേഷന്‍  വ്യാപാരികള്‍, പെട്രോള്‍ വ്യാപാരികള്‍,ടാങ്കര്‍ ലോറി ഉടമകള്‍ , വ്യവസായികള്‍ ,ആശുപത്രി- വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍,സ്വകാര്യ ബസുടമകള്‍, തുടങ്ങിയവര്‍ സംഘടനകള്‍ ഉണ്ടാക്കുന്നതും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ , ജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ അവകാശപ്പെട്ട   സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ നിഷേധിക്കുന്നതും ഏതു നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ? ഇവര്‍ മുന്‍പ് നടത്തിട്ടുള്ള സമരങ്ങളില്‍ ഇടപെട്ടു ബന്ധപ്പെട്ട കക്ഷികളെ വിളിച്ചു ചര്‍ച്ച ചെയ്തു പ്രശ്നങ്ങള്‍ പരിഹരിക്കാറുള്ള സര്‍ക്കാര്‍ പത്ര ഏജെന്റുമാര്‍ നടത്തുന്ന സമരത്തില്‍ കാര്യക്ഷമമായി ഇടപെടാതെ പുലര്‍ത്തുന്ന നിസംഗത തികഞ്ഞ ഉത്തരവാദിത്തരാഹിത്യം ആണ്.
  • നാളിതുവരെ അസംഘടിതരായിരുന്ന പത്ര ഏജെന്റുമാര്‍ സംഘടിക്കുന്നതും , തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് കൂട്ടായ തീരുമാനം എടുക്കുന്നതും, കൂട്ടായി വിലപേശുന്നതും നിയമവിരുദ്ധമാണെങ്കില്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിതിക്ക് ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ട് എന്ന് കരുതേണ്ടി വരും.
  • ജനാധിപത്യത്തിന്റെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും,വ്യക്തികളും, അറിഞ്ഞോ ,അറിയാതെയോ പത്ര ഉടമകളുടെ  കുപ്രചരണങ്ങള്‍ക്ക് കീഴ്പ്പെടുന്നു എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു.      

No comments:

Post a Comment