Wednesday, March 14, 2012

വികസന പ്രശ്നങ്ങളില്‍ ആന്‍റണി ‘മൗനിബാബ’-വി.എസ്



വികസന പ്രശ്നങ്ങളില്‍ ആന്‍റണി ‘മൗനിബാബ’-വി.എസ്
കൊച്ചി:  കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട കേരളത്തിന്‍െറ വികസനപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ‘മൗനിബാബ’യെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്‍െറ പല അഴിമതികള്‍ക്കും മൂകസാക്ഷ്യം വഹിക്കുന്ന ആന്‍റണി ഇത്തരം സുപ്രധാന വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് എറണാകുളം പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പിറവത്ത് എ.കെ. ആന്‍റണി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയിലായിരുന്നു വി.എസ് പ്രതികരിച്ചത്.  കേന്ദ്രത്തിലെ വന്‍ അഴിമതികളോട് പ്രതികരിക്കാത്തതിനാലാണ്  സോണിയാ ഗാന്ധി ആന്‍റണിയെ സ്വന്തം വിശ്വസ്തനാക്കിയത്. ആദര്‍ശ് കുംഭകോണവും  2 ജി സ്പെക്ട്രം അഴിമതിയുമെല്ലാം നടന്നപ്പോള്‍ ആന്‍റണി ഇതിനെല്ലാം മൂകസാക്ഷ്യം വഹിച്ചു. ഫ്രാന്‍സില്‍നിന്ന് വിമാനം ഇറക്കുമതി ചെയ്തതില്‍ നൂറുകോടിയിലധികം രൂപയുടെ അഴിമതി നടന്നപ്പോഴും  ഇന്ത്യയില്‍ അമേരിക്കന്‍ സേനയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും തന്‍െറ ഓഫിസില്‍നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടും പ്രതികരിക്കാന്‍ ആന്‍റണി തയാറായില്ല.
മുല്ലപ്പെരിയാറില്‍ പ്രശ്നം നടക്കുമ്പോള്‍ ആന്‍റണിയും കേരളത്തില്‍ നിന്നുള്ള മറ്റ് കേന്ദ്രമന്ത്രിമാരും ഒരക്ഷരം മിണ്ടിയില്ല.മണിപ്പൂരില്‍ വര്‍ഷങ്ങളായി സമരം ചെയ്യുന്ന ഇറോം ശര്‍മിളയെ സന്ദര്‍ശിക്കാനോ പ്രശ്നം പരിഹരിക്കാനോ കേന്ദ്രമന്ത്രി എന്ന നിലയില്‍ ആന്‍റണി ശ്രമിച്ചില്ലെന്നും വി.എസ് ആരോപിച്ചു.
പി.സി ജോര്‍ജ് വി.എസിനെ ‘മ്ളേഛന്‍’ എന്ന് വിളിച്ച് പരിഹസിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വി.എസ് ക്ഷുഭിതനായി. ജോര്‍ജിനെ തനിക്ക് ശരിക്കുമറിയാം. താന്‍ മുഖ്യമന്ത്രിയായിരിക്കേ സ്വന്തം പാര്‍ട്ടിയിലെ നേതാവിനെതിരെ നിരന്തരം പരാതിയുമായി എത്തിയിരുന്ന ജോര്‍ജിനെ ആര്‍ക്കും വിശ്വസിക്കാനാകില്ല. പി.ജെ. ജോസഫിനെതിരെയായിരുന്നു നിരന്തരം പരാതി നല്‍കിയിരുന്നത്.

No comments:

Post a Comment