Saturday, March 31, 2012

കിനാലൂര്‍ എസ്‌റ്റേറ്റ്‌ മുറിച്ചു വില്‍ക്കുന്നു; മന്ത്രിമാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും പങ്ക്‌‍









  • കോഴിക്കോട്‌ ജില്ലയിലെ 2490 ഏക്കര്‍ കൊച്ചിന്‍ മലബാര്‍ കിനാലൂര്‍ എസ്‌റ്റേറ്റ്‌ കരാര്‍ വ്യവസ്‌ഥകള്‍ കാറ്റില്‍പറത്തി മുറിച്ചുവിറ്റു. രാഷ്‌ട്രീയ-റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ കോടികള്‍ തട്ടുന്നു.
  • റബര്‍ കൃഷിക്കായി സര്‍ക്കാര്‍ വിട്ടുകൊടുത്ത ഭൂമിയാണ്‌ സെന്റിനു മൂന്നുലക്ഷം രൂപയ്‌ക്കു വരെ മുറിച്ചുവില്‌ക്കുന്നത്‌. എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ സ്വയംവിരമിക്കല്‍ പദ്ധതി പ്രകാരം പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ക്ക്‌ ഭൂമി നല്‍കുന്ന പദ്ധതിയുടെ മറവിലാണു ഭൂമിക്കച്ചവടം.
  • ഏതാനും മന്ത്രിമാര്‍ താത്‌പര്യമെടുത്തു നടപ്പാക്കുന്ന ഭൂമിവില്‌പനയ്‌ക്ക് ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസുകള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നതായി സൂചനയുണ്ട്‌.
  • കഴിഞ്ഞ 20ന്‌ ഉച്ചയ്‌ക്ക് 1.30ന്‌ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്‌, ഷിബു ബേബിജോണ്‍, ചില മുസ്ലിംലീഗ്‌ എം.എല്‍.എമാര്‍ എന്നിവരും മാനേജ്‌മെന്റ്‌ പ്രതിനിധികളും റിയല്‍ എസ്‌റ്റേറ്റുകാരായ പി.കെ.സി. അഹമ്മദ്‌കുട്ടി, കൈനടി ജോസ്‌ എന്നിവരും യോഗം ചേര്‍ന്നു. തുടര്‍ന്ന്‌ കമ്പനി മാനേജ്‌മെന്റിനു റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാര്‍ 27 കോടിരൂപ നല്‍കണമെന്ന വ്യവസ്‌ഥയില്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ ഭൂമി ഒഴിച്ച്‌ ബാക്കി വിറ്റഴിക്കാന്‍ ഉന്നതതലയോഗം അനുമതി നല്‌കുകയായിരുന്നു.
  • സ്വയംവിരമിക്കല്‍ പദ്ധതിപ്രകാരം 2004 ല്‍ പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്കു സ്വയംവിരമിക്കല്‍ കരാര്‍ പ്രകാരം ഒരേക്കര്‍ മൂന്നുസെന്റ്‌ ഭൂമിവീതം കമ്പനി മാനേജ്‌മെന്റ്‌ അളന്നുതിട്ടപ്പെടുത്തി നല്‍കിയിരുന്നു. ഭൂമി അളന്നു വേര്‍തിരിച്ചു കൊടുത്തെങ്കിലും തൊഴിലാളികളുടെ പേരില്‍ ഭൂമി ആധാരംചെയ്‌തു നല്‍കിയിരുന്നില്ല. സ്‌ഥലം ആധാരംചെയ്‌ത് നല്‍കാത്തതിനെതിരേ എസ്‌റ്റേറ്റിലെ മുന്‍ ജീവനക്കാരനായ കെ.എം. ബാലകൃഷ്‌ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി.
  • 2009 നവംബര്‍ 25 ന്‌ ഹൈക്കോടതിയുടെ (സി.ഒ. അപ്പീല്‍ നമ്പര്‍ 649/2008-സി.പി. നമ്പര്‍ 44/2004) പ്രകാരമുള്ള വിധിയില്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ ഭൂമി ആധാരം ചെയ്‌തുകൊടുക്കാന്‍ മാനേജ്‌മെന്റിനു നിര്‍ദേശം നല്‌കി.
  • ഹൈക്കോടതിവിധി നടപ്പിലാക്കാത്തതിനെതിരേ യൂണിയനുകള്‍ ലേബര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാലോചനകള്‍ നടന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന്‌ മന്ത്രിമാരും റിയല്‍എസ്‌റ്റേറ്റുകാരും യോഗം ചേര്‍ന്ന 20നു രാവിലെ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന നോട്ടീസ്‌ തൊഴിലാളി യൂണിയനുകള്‍ക്കുംമാനേജ്‌മെന്റിനും ലേബര്‍ കമ്മിഷണര്‍ നല്‍കിയിരുന്നു. രാവിലെ11ന്‌ നിയമസഭ അഞ്ച്‌-ഇ-കോണ്‍ഫറന്‍സ്‌ ഹാളിലെ റൂം നമ്പര്‍ 624 ല്‍ ചര്‍ച്ചകള്‍ക്കായി എത്തിച്ചേര്‍ന്ന കക്ഷികള്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ നല്‍കിയ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടുകയും ചെയ്‌തു. 12.20ന്‌ മുറിയിലെത്തിയ തൊഴില്‍ മന്ത്രിയുടെ സ്‌റ്റാഫില്‍പ്പെട്ട ഉദ്യോഗസ്‌ഥന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മന്ത്രിക്ക്‌ അസൗകര്യമുള്ളതിനാല്‍ യോഗം മാറ്റിവച്ച വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ യൂണിയന്‍, മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പിരിഞ്ഞുപോയി. തുടര്‍ന്നാണ്‌ രാവിലെ എത്തിച്ചേരാന്‍ അസൗകര്യമുണ്ടായ തൊഴില്‍ മന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തില്‍ റിയല്‍എസ്‌റ്റേറ്റുകാരെ പങ്കെടുപ്പിച്ച്‌ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേര്‍ന്നു വില്‌പനയ്‌ക്കു പച്ചക്കൊടി കാട്ടിയത്‌.
  •  2003 ഫെബ്രുവരി 23ന്‌ എസ്‌റ്റേറ്റ്‌ ജനറല്‍ മാനേജര്‍ മോഹന്‍ കിടാവും മാനേജര്‍ ഉണ്ണികൃഷ്‌ണനും തൊഴിലാളി യൂണിയനുകളുമായി ഒപ്പിട്ട കരാര്‍ പ്രകാരം 540 സ്‌ഥിരം തൊഴിലാളികള്‍ക്കാണ്‌ ഒരേക്കര്‍ മൂന്നുസെന്റ്‌ ഭൂമി നല്‍കാന്‍ വ്യവസ്‌ഥയുള്ളത്‌. കരാര്‍ പ്രകാരം ഭൂമി ആധാരംചെയ്‌ത് നല്‍കാനായി രംഗത്തുവന്ന റിയല്‍ എസ്‌റ്റേറ്റ്‌ ഗ്രൂപ്പ്‌ ബാക്കിസ്‌ഥലം മുറിച്ചുവില്‌ക്കാന്‍ സര്‍ക്കാരില്‍നിന്ന്‌ അനുമതി നേടുകയായിരുന്നു. എസ്‌റ്റേറ്റ്‌ ഭൂമി മുറിച്ചുവില്‍ക്കുന്നത്‌ 1963 ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച്‌ നിയമവിരുദ്ധമാണ്‌. എന്നാല്‍ രാഷ്‌ട്രീയ-ഭൂമാഫിയ ഭരണതലത്തില്‍ കൈകോര്‍ത്തപ്പോള്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ അറുനൂറോളം ഏക്കര്‍ ഭൂമിയൊഴിച്ച്‌ 1800ല്‍പരം ഏക്കര്‍ സ്‌ഥലമാണു മുറിച്ചുവിറ്റ്‌ കോടികള്‍ തട്ടുന്നത്‌.
  •  മൂന്നാര്‍, നെല്ലിയാമ്പതി ഭൂമി കൈയേറ്റങ്ങളെ വെള്ളപൂശാന്‍ കരുനീക്കിയ റവന്യു-രജിസ്‌ട്രേഷന്‍ വിഭാഗം കിനാലൂര്‍ എസ്‌റ്റേറ്റിലെ ഭൂമിയിടപാട്‌ ഗൗരവമായി കാണുന്നില്ല.

No comments:

Post a Comment