- പിറവത്തെ യു ഡി എഫ് മാസ്മരിക വിജയത്തിന്റെ പിന്നിലുള്ള രസതന്ത്രം എന്തായിരുന്നു ? .പിറവത്തെ വോട്ടര്‍മാരുടെ സാമൂഹ്യ ഘടന സമര്‍ത്ഥമായി പഠിച്ച് തന്ത്രപരമായി നടത്തിയ നീക്കങ്ങളിലൂടെ ആണ് യു ഡി എഫ് പിറവം സീറ്റ് നേടിയെടുത്തത്.
- പിറവത്തെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വോട്ടര്‍മാരെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യത്തെ നീക്കം.പിറവം മണ്ഡലത്തില്‍ സൂക്ഷ്മ ന്യൂനപക്ഷം മാത്രമായ ഓര്‍ത്തഡോക്‍സ് സഭയുടെ യുവജന വിഭാഗത്തിന്റെ പേരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്തി എം ജെ ജേക്കബിനെ പരസ്യമായി പിന്തുണച്ചു കൊണ്ട് യാക്കോബായ സഭാ കേന്ദ്രങ്ങളിലാകെ വ്യാപകമായി ഫ്ലക്സ് ബോര്‍ഡുകളും, ബാനറുകളും, പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ആദ്യത്തെ തന്ത്രം.വിജയകരമായി ഈ പരിപാടി നടപ്പിലാക്കിയതോട് കൂടി യാക്കോബായ സഭാ വിഭാഗത്തെ പൂര്‍ണ്ണമായും യു ഡി എഫ് പക്ഷത്തു അണിനിരത്തുവാന്‍ യു ഡി എഫ് ബുദ്ധി രാക്ഷസന്മാര്‍ക്കു കഴിഞ്ഞു.
- യാക്കോബായ സഭയിലെ യുവജന വിഭാഗത്തെ വരുതിയിലാക്കി സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇടതുപക്ഷ സ്ഥാനാര്‍ത്തി എം ജെ ജേക്കബ് ഓര്‍ത്തഡോക്‍സ് സഭാ അംഗമാണ് എന്ന കുപ്രചരണം വ്യാപകമായി നടത്തി.ഈ പ്രചാരണത്തില്‍ കൂടി യാക്കോബായ സഭാ അംഗങ്ങള്‍ പൂര്‍ണ്ണമായും യു ഡി എഫ് പക്ഷത്തു അണിനിരന്നു.
- ഈ മണ്ഡലത്തിലെ ആറ് പള്ളികളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഇരു സഭകള്‍ക്കും സര്‍ക്കാര്‍ പിന്തുണ ആവശ്യം ആണെന്നതിനാല്‍ ഇരു സഭാ നേതൃത്വവും തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ ആടിക്കളിക്കുന്ന നിലപാട് ആണ് സ്വീകരിച്ചത്.
- യാക്കോബായ വിഭാഗത്തെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പാമ്പാക്കുട പഞ്ചായത്തില്‍ സ്വാധീനം ഉള്ള ഓര്‍ത്തഡോക്‍സ് പക്ഷത്തെ വോട്ടുകള്‍ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കുക ആയിരുന്നു അടുത്ത നീക്കം . ഈ ദൌത്യം ഓര്‍ത്തഡോക്‍സ് സഭാ വൈദിക ട്രസ്റ്റി ഡോ: ജോണ്‍ എബ്രഹാം കോനാട്ട് കോര്‍ എപ്പിസ്കോപ്പയെ തന്നെ ആണ് യു ഡി എഫ് ഏല്‍പ്പിച്ചത്.
- പത്തനംതിട്ടയില്‍ നടന്ന മലങ്കര അസോസിയേഷനില്‍ വീണ്ടും വൈദികട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഇദ്ദേഹത്തിനു വിജയിക്കണമെങ്കില്‍ ഈ ദൌത്യം വിജയകരമായി നടത്തി തരണം എന്ന വ്യവസ്ഥ ഓര്‍ത്തഡോക്‍സ് സഭയിലെ യു ഡി എഫ് പക്ഷം ഉയര്‍ത്തിയാണ് പിറവം മണ്ഡലത്തിലെ ഓര്‍ത്തഡോക്‍സ് പക്ഷ വോട്ടുകള്‍ തങ്ങളുടെ വരുതിയിലാക്കിയത്. ഇക്കുറി ഇദ്ദേഹത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഫാ:എം .ഒ . ജോണ്‍ മത്സര രംഗത്തുണ്ടായിരുന്നു.
- ജയിക്കാന്‍ ആവശ്യമായതില്‍ കേവലം 21 വോട്ടുകള്‍ മാത്രം അധികം ലഭിച്ചു കഷ്ടിച്ച് വിജയിച്ച ഓര്‍ത്തഡോക്‍സ് സഭാ വൈദിക ട്രസ്റ്റി ഡോ: ജോണ്‍ എബ്രഹാം കോനാട്ട് കോര്‍ എപ്പിസ്കോപ്പ ഉപകാര സ്മരണക്കു നന്ദി ആയി "ഓര്‍ത്തഡോക്‍സ് സഭാ അംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയി തുടരണം എന്നതാണ് ഓര്‍ത്തഡോക്‍സ് സഭയുടെ നിലപാട് എന്ന് " പരസ്യമായി പ്രഖ്യാപിച്ചു.
- ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ അനുവദനീയമായതില്‍ അധികം സമയം യാക്കോബായ വിഭാഗത്തിനു ആരാധനയ്ക്ക് അനുവദിച്ചും,കോടതിവിധി അനുകൂലമായി ലഭിച്ചിട്ടും പഴന്തോട്ടം പള്ളിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗത്തെ അനുവദിക്കാതെ പുറത്തു നിര്‍ത്തിയും ഇരുവിഭാഗത്തെയും ഒരു പോലെ പ്രീണിപ്പിക്കാന്‍ യു ഡി എഫിന് കഴിഞ്ഞു.
- അങ്ങിനെ പരസ്പരം പോരടിച്ചിരുന്ന യാക്കോബായ ഓര്‍ത്തഡോക്‍സ് വോട്ടുകള്‍ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കുവാന്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ യു ഡി എഫിന് കഴിഞ്ഞു.
- കഴിഞ്ഞ നിയമ സഭ തിരെഞ്ഞെടുപ്പില്‍ പൊതുവേ ഇടതുപക്ഷത്തോടൊപ്പം ആയിരുന്ന ഈഴവ വോട്ടുകള്‍ തങ്ങളുടെ വരുതിയില്‍ ആക്കുന്നതിനു മന്ത്രിമാരായ കെ ബാബുവും , തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തങ്ങളുടെ ഔദ്യോദിക പദവികള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനെ തന്നെ രംഗത്തിറക്കി. ഇടുക്കി ജില്ലയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി പതിച്ചു കൊടുത്തുകൊണ്ടാണ് വെള്ളാപ്പള്ളിയെ സ്വാധീനിച്ചതു.
- എന്‍ എസ് എസിന് മെഡിക്കല്‍ കോളേജു അനുവദിച്ചു സമദൂരം എന്നാല്‍ യു .ഡി .എഫിലേക്കുള്ള ശരി ദൂരമാണെന്ന് സാക്ഷാല്‍ സുകുമാരന്‍ നായരെ കൊണ്ട് തന്നെ പരസ്യമായി പ്രഖ്യാപിപ്പിച്ചു നായര്‍ വിഭാഗത്തെ തങ്ങളോടൊപ്പം അണി നിരത്തുവാനും യു ഡി എഫിന് കഴിഞ്ഞു.
- പുറത്തു പരസ്യമായി കൊമ്പു കോര്‍ത്തിരുന്ന എസ് എന്‍ ഡി പി - എന്‍ എസ് എസ് വിഭാഗങ്ങള്‍ ഐക്യത്തോടു കൂടി യു ഡി എഫിന് പിന്നില്‍ അണി നിരക്കുന്ന കാഴ്ച ഏറെ വിചിത്രം ആയിരുന്നു.
- കൊല്ലത്ത് മത്സ്യ തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരണമടഞ്ഞ സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലിന്റെ ക്യാപ്റ്റനെ അറസ്റ്റ് ചെയ്യാതെ മാറ്റി നിര്‍ത്തിയും , കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷി ആക്കാതെ, ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി കേസ് ചാര്‍ജ് ചെയ്തുകൊണ്ട്,കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ അവസരം ഉണ്ടാക്കി കൊടുത്തും മണ്ഡലത്തിലെ സീറോ മലബാര്‍ സഭയുടെ പിന്തുണ ഉറപ്പിക്കുവാനും യു ഡി എഫിന് കഴിഞ്ഞു.ഈ കേസ് പരിഗണനക്ക് എടുത്തപ്പോള്‍ ശക്തമായ ശകാരമാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ നടത്തിയത്.
- ഇതോടൊപ്പം യുഡിഎഫ് പുതുതായി പ്രഖ്യാപിട്ടുള്ള വികസന പദ്ധതികളില്‍ കച്ചവടക്കണ്ണുകള്‍ ഉള്ള വന്‍ ബിസ്സിനസ്സ് ലോബികള്‍ കോടിക്കണക്കിനു രൂപ ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മണ്ഡലത്തില്‍ ഇറക്കിയത്.
- പണാധിപത്യത്തിന്റെ നഗ്നമായ അരങ്ങേറ്റം ഇതുപോലെ പ്രത്യക്ഷപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പു കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.പണം വേണ്ടവര്‍ക്ക് പണം,മദ്യം വേണ്ടവര്‍ക്ക് മദ്യം , അധികാരപദവികള്‍ വേണ്ടവര്‍ക്ക് പദവികള്‍ എല്ലാം ലോഭമായി വിതരണം ചെയ്ത തെരഞ്ഞെടുപ്പു ആയിരുന്നു പിറവത്ത് നടന്നത്.മന്ത്രിമാര്‍ വീടുകള്‍ തോറും കയറി ഇറങ്ങി തരാ തരം പോലെ അധികാര ദുര്‍വിനിയോഗത്തിന്റെ നഗ്നമായ അഴിഞ്ഞാട്ടമാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് പിറവത്ത് അരങ്ങേറിയത്.
- മുഖ്യ മാധ്യമങ്ങളായ മനോരമക്കും മാതൃഭൂമിക്കും പന്തല്ലൂര്‍ ക്ഷേത്ര ഭൂമി വെട്ടിപ്പ് കേസില്‍ നിന്നും,.വയനാട് ഭൂമി തട്ടിപ്പ് കേസില്‍ നിന്നും രക്ഷപെടുന്നതിനു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ഏറെ ആവശ്യമായിരുന്നു. ഈ തെരഞ്ഞെടുപ്പു കാലത്ത് പൊലിപ്പിച്ചെടുത്ത വാര്‍ത്തകള്‍ ഇടതുപക്ഷത്തിനെതിരായി ആഘോഷപൂര്‍വ്വം പ്രചരിപ്പിക്കുന്നതില്‍ ഈ രണ്ടു മാധ്യമങ്ങളും പരസ്പരം മത്സരിക്കുക ആയിരുന്നു.ചര്‍ച്ച ചെയ്യപ്പെടേണ്ട ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളെ തമസ്കരിച്ചു ചില വൈകാരിക പ്രശ്നങ്ങളെ പര്‍വതീകരിച്ച് ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുക ആയിരുന്നു ഈ മാധ്യമങ്ങള്‍ സ്വീകരിച്ച തന്ത്രങ്ങള്‍.
- പിറവത്തെ വോട്ടു എണ്ണുന്നതിനു രണ്ടുനാള്‍ മുന്‍പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ " പിറവത്ത് ഞങ്ങള്‍ ജയിക്കും.ജയിക്കാനാവശ്യമായതെല്ലാം എല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് " എന്ന പ്രസ്താവന മുകളില്‍ സൂചിപ്പിച്ചിട്ടുള്ള നിഗമനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നതാണ്. ചുരുക്കത്തില്‍ പണാധിപത്യത്തിന്റെയും , ജാതിമത ശക്തികളുടെ സമര്‍ഥമായ ഏകോപനത്തിന്റെയും ഫലമായി നേടിയെടുത്ത വിജയമാണ് പിറവത്ത് യുഡി എഫിന് ലഭിച്ചത്. ഇതില്‍ യു ഡി എഫിന് അതിരു കവിഞ്ഞു ആഹ്ലാദിക്കാനോ എല്‍ ഡി എഫിന് നിരാശപ്പെടാനോ ഒന്നുമില്ല .
Sunday, March 25, 2012
പിറവത്തെ യു ഡി എഫ് വിജയത്തിന്റെ പിന്നാമ്പുറം
Subscribe to:
Post Comments (Atom)
No comments:
Post a Comment