കേരളത്തിൽ നവോത്ഥാനം പോയിട്ട് വെറും ഉത്ഥാനം പോലും ഉണ്ടായിട്ടില്ല. ആ കാലത്ത് ജീവിച്ച തലയ്ക്ക് വെളിവുള്ള ഒരേയൊരു മനുഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ,അത് സഹോദരൻ അയ്യപ്പനാണ്. മതവും ജാതിയും വേണ്ടെന്നു പറഞ്ഞതുകൊണ്ട് അദ്ദേഹത്തെ ഈഴവർ കൈ കൊണ്ടില്ല .ഈഴവനായി ജനിച്ചതുകൊണ്ട് ദളിതരും സ്വീകരിച്ചില്ല. ഹിന്ദുയിസത്തിന് എതിരായി സംസാരിച്ചത് കൊണ്ട് ഉയർന്ന ജാതിക്കാരും സ്വീകരിച്ചില്ല.
പിന്നെ ബുദ്ധിയും ബോധവുമുള്ള ഏതാനും ചില ആളുകൾ അദ്ദേഹത്തെ ഇടയ്ക്കിടയ്ക്ക് ഓർക്കുന്നുണ്ട്
നവോത്ഥാനം എന്ന് കൊട്ടിഘോഷിക്കുന്നത് ഹിന്ദുമത പരിഷ്കരണത്തെയാണ് .എന്തെങ്കിലും ചില പരിഷ്കാരങ്ങൾ വരുത്താതെ പിടിച്ചുനിൽക്കാൻ വയ്യാതായപ്പോഴാണ് ചെറുതായെന്ന് വഴങ്ങി കൊടുത്തതാണ്. അല്ലാതെ അതിനെ ആരും പരിഷ്കരിച്ചതല്ല .കാലാവധി കഴിഞ്ഞ വണ്ടി നന്നാക്കി എടുത്ത് ഓടിക്കാൻ ശ്രമിച്ച ചിലരെപ്പോലെ എങ്കിലും ചിലർ ശ്രമിക്കാതിരുന്നില്ല .എന്നാൽ പ്രധാനമായി നടന്നത് ജാതി ശാക്തീകരണമാണ്. ഓരോ ജാതികളും ശക്തിപ്പെടുത്തുന്ന പ്രക്രിയയ്ക്ക് ജാതി ഹിന്ദു ആയിരുന്ന രാജാക്കന്മാരും സഹായിച്ചു. കാരണം,ചിതറി കിടക്കുന്ന ജനതയെ നിയന്ത്രിക്കാൻ എളുപ്പമാണ്. അത്രയേ ഉള്ളൂ
ശ്രീനാരായണഗുരുവും അയ്യൻകാളിയും ശുഭാനന്ദ ഗുരുവും എല്ലാ ഹിന്ദുമത പരിസരത്തുകൂടി സഞ്ചരിച്ചവരാണ്.
ജാതിയോട് കലഹിച്ച സദാനന്ദ സ്വാമി എന്ന ഹിന്ദു സന്യാസി സ്ഥാപിച്ച പ്രസ്ഥാനത്തിലൂടെ ഹിന്ദുമതത്തെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്ത അയ്യൻകാളി. ക്രിസ്തുമത പ്രചരണം മൂലം ഹിന്ദുമതം നശിച്ചു പോകുന്നത് കണ്ടു മറന്നതെന്താണ് സദാനന്ദ സ്വാമി പ്രവർത്തനം ആരംഭിക്കുന്നത്. മതപരിവർത്തനം നടന്നതിന്റെ കാരണം ജാതിയുടെ ഭീകരത കൊണ്ടാണെന്ന് സ്വാമിക്ക് നന്നായി അറിയാമായിരുന്നു. "ഡോണ്ട് ടച്ചിസം" എന്നാണ് സ്വാമി ഹിന്ദുമതത്തെ വിളിച്ചത്. അതുകൊണ്ട് ജാതിയില്ലാത്ത ഒരു ഹിന്ദു മതത്തെ അദ്ദേഹം സ്വപ്നം കണ്ടു . നായന്മാർ അദ്ദേഹത്തെ ഗുരുവാക്കണം എന്ന ആഗ്രഹത്തോടെ കൂടി സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ഒരു ജാതിയുടെയും ഗുരുവല്ല എനിക്ക് ജാതിയില്ല ഞാനൊരു ഹിന്ദു സന്യാസി മാത്രമാണ്. അങ്ങനെയാണ് നായന്മാർ അദ്ദേഹത്തെ എതിർക്കാനും അവഹേളിക്കാനും തുടങ്ങിയത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അദ്ദേഹത്തെക്കുറിച്ച് തന്റെ പത്രത്തിൽ നിരന്തരം എഴുതി. സി.വി.രാമൻ പിള്ള തൻറെ ധർമ്മരാജാ എന്ന നോവലിൽ വില്ലനായ സന്യാസിയായി സ്വാമിയെ അവതരിപ്പിച്ചു. അദ്ദേഹത്തിൻറെ ആശ്രമത്തിൽ ദളിതർക്ക് പൂർണ്ണ സ്വാതന്ത്ര്യവും അവർക്ക് വിദ്യാഭ്യാസവും ധൈര്യവും നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി അങ്ങനെയാണ് ദളിതർ ആദ്യമായി ഹിന്ദുമതത്തിന്റെ രുചി അറിയുന്നത്. ഒരു സദാനന്ദ സ്വാമി നല്ലവനായതുകൊണ്ട് ഒരു ഹിന്ദുമതം നന്നാകാൻ കഴിയില്ലെന്ന് പിന്നീട് തെളിഞ്ഞു. സ്വാമി ജാതിയില്ലാത്ത ഹിന്ദുമതം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ദളിതരെല്ലാം ജാതിയുള്ള ഹിന്ദുക്കളായി കടുത്ത അപരമത വിരോധികളും ആയി എന്നതാണ് അതിൻറെ പരിസമാപ്തി. തെക്കൻ തിരുവിതാംകൂറിൽ നടന്ന മതപരിവർത്തനത്തെ അയ്യങ്കാളി എതിർക്കുന്നതിന് കാരണം ഈ ഹിന്ദുമത അവബോധമാണ്. അതുകൊണ്ടാണ് പല കാര്യങ്ങൾക്കും തിരുവിതാംകൂർ സർക്കാർ വളരെ രഹസ്യമായി അയ്യൻകാളിക്ക് സഹായങ്ങൾ നൽകിയത്. തിരുവിതാംകൂറിന്റെ ലക്ഷ്യം ഒരു സമ്പൂർണ്ണ ഹിന്ദു രാജ്യമായിരുന്നു. എന്നാൽ പിന്നീട് അംബേദ്കറൈറ്റുകൾ അയ്യങ്കാളിയെ വീണ്ടെടുക്കുമ്പോൾ മതത്തിൻറെ മാലിന്യങ്ങളെല്ലാം കുടഞ്ഞു കളഞ്ഞു ശുദ്ധീകരിച്ച് അവർക്ക് വേണ്ടപ്പെട്ട രീതിയിൽ പ്രതിഷ്ഠിക്കുന്നുണ്ട്. എന്നാൽ ചരിത്രം അവിടെ ഇരിക്കുന്നുണ്ട്. നിരീശ്വരവാദിയും ഹിന്ദു വിരോധിയും ആണെന്നാണ് അവർ പറയുന്നത്. എന്നാൽ പ്രജാസഭയിലെ പ്രസംഗത്തിൽ തങ്ങൾക്ക് ആരാധിക്കാനുള്ള ക്ഷേത്രങ്ങൾ പണിത് നൽകണമെന്ന് പറയുന്നുണ്ട്. ക്ഷേത്രം ദേവാലയം മുതലായവ നിർമ്മിച്ച നൽകുന്നത് സർക്കാരിൻറെ ജോലിയല്ലെന്ന് ദിവാൻ മറുപടി പറയുന്നു. തെളിവുകൾ ധാരാളമുണ്ടെങ്കിലും അവർ നിർമ്മിച്ചു വെച്ച അയ്യൻകാളിക്ക് അപ്പുറത്തേക്ക് മറ്റൊന്നുമില്ലെന്നാണ് ചില അംബേദ്കർസ്റ്റുകൾ പറയുന്നത്. .
ഒരു പ്രതിഷ്ഠ കൊണ്ട് ജാതി ഹിന്ദുക്കൾക്ക് തലവേദന ഉണ്ടാക്കിയ ശ്രീനാരായണഗുരു ഹൈന്ദവൻ അല്ലെന്ന് ചില ശ്രീനാരായണീയരും ഹൈന്ദവൻ ആണെന്ന് വേറെ ചില ശ്രീനാരായണീയരും ജാതി ഹിന്ദുക്കളും ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. ഏതാണെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തിൻറെ പ്രവർത്തിയും രചനകളും വിശ്വാസവും ഒക്കെ നോക്കിയിട്ട് തന്നെ വേണം. ഒരു വലിയ മനുഷ്യസ്നേഹിയും വിശാല ഹൃദയമുള്ള ഒരു മനുഷ്യനും ഒക്കെ ഗുരുദേവരിൽ ഉണ്ട് എന്നുള്ളത് വളരെ ശരിയാണ്. എന്നാൽ അദ്ദേഹം ഹിന്ദുമതത്തിന്റെ മാലിന്യം നിറഞ്ഞ പ്രദേശം വൃത്തിയാക്കി എല്ലാവർക്കും അവിടെ ഇടം ഉണ്ട് എന്നൊരു സൂചന നൽകിയ ആളാണ്. ഹൈന്ദവദർശനങ്ങളെ കുറച്ചുകൂടി മാനുഷിക മൂല്യങ്ങൾ നിറഞ്ഞ ഒന്നാക്കി വ്യാഖ്യാനിച്ച ആളാണ്. ഹൈന്ദവ സ്തുതികൾ എഴുതിയ കവിയാണ്. അങ്ങനെ അയിത്ത ജാതിക്കാർക്ക് ഹിന്ദുമതത്തിൽ ഇടം ഉണ്ടാക്കിയ ഒരു മനുഷ്യനാണ് എന്ന് പറയാം. എന്നാൽ അദ്ദേഹത്തിൻറെ വ്യാഖ്യാനങ്ങൾ എടുത്തു വച്ചുകൊണ്ട് ഹിന്ദുമതത്തിന് അപ്പുറത്താണ് എന്ന് വേണമെങ്കിലും വ്യാഖ്യാനിക്കുക എളുപ്പമാണ്. ഹിന്ദുമതത്തിന്റെ വേലിക്കെട്ട് എന്ന് പറയുന്നത് അവർക്ക് ഇഷ്ടമുള്ളപ്പോൾ ചുരുക്കി ചിലരെ വെളിയിൽ കളയാനും ആവശ്യമുള്ളപ്പോൾ അത് വലുതാക്കി ആരെ വേണമെങ്കിലും അകത്താക്കാവുന്ന ഒന്നാണ്. അവിടെയാണ് ശ്രീനാരായണഗുരു തങ്ങൾക്ക് ഒരു ഇടം കണ്ടെത്തുന്നത്. ഒരുപക്ഷേ അദ്ദേഹം അംബേദ്കറേ പോലെ ഹിന്ദുമതത്തിന് വെളിയിലേക്ക് പോയിരുന്നെങ്കിൽ കേരളത്തിൻറെ സാമൂഹ്യ ഘടന മറ്റൊന്നാകുമായിരുന്നു. എന്നിവിടെ ഹൈന്ദവ ഫാസിസത്തിന്റെ പതാക വാക്കുകളാകുന്നത് പിന്നോക്ക ജനവിഭാഗമാണെന്ന് കാണുമ്പോഴാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നത്.
മറ്റൊരു കാര്യം ജാതി മേധാവിത്വം കൊടികുത്തി വാണ കാലത്ത് സവർണ്ണ ഹിന്ദു ശ്രീനാരായണ ഗുരുവിനെ വെറുതെ വിട്ടു , അദ്ദേഹത്തോട് വെറുതെ അങ്ങ് ക്ഷമിച്ചു എന്നൊക്കെ കരുതുന്നത് ഒരു വിഡ്ഢിത്തം മാത്രമാണ്. ഗുരുവിൻറെ ദാർശനിക ഇടപെടലിൽ അവർ മലർന്നുവീണു എന്ന് കരുതുന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വലിയ കാര്യമായി തോന്നുന്നില്ല. കാരണം ജാതി ഹിന്ദു ഒരു നല്ല കൃത്യം ചെയ്യണമെങ്കിൽ അതിൽ നിന്ന് വലിയൊരു പ്രതിഫലം ഉണ്ടാകണം. അത് വളരെ സിമ്പിൾ ആണ്. സഹോദരൻ അയ്യപ്പനെ പോലെ ഉള്ള ആളുകൾ ഹിന്ദുമതത്തിന് എതിരായി നിൽക്കുമ്പോൾ ശ്രീനാരായണഗുരു അതിൽ നിന്ന് പുറത്തു പോകാനോ തയ്യാറായില്ല. അതിലെ തിന്മകളെ എതിർക്കുകയും മറു സൈഡിൽ ഹിന്ദുത്വ ദൈവങ്ങളെ വാഴ്ത്തുകയും ആശയങ്ങളെ മറവ്യാഖ്യാനം ചെയ്യുകയും ചെയ്തു കൊണ്ട് അവിടെത്തന്നെ നിന്നു. അല്ലെങ്കിൽ കേരളത്തിലെ ഒരു പ്രബല സമുദായം മറ്റേതെങ്കിലും മതസ്ഥരാവുകയും ഹിന്ദുമതത്തിന് ഭീഷണി ആവുകയും ചെയ്യുമായിരുന്നു. ഈയൊരു കാരണം കൊണ്ട് മാത്രമാണ് കേരളത്തിലെ സവർണ്ണ നേതൃത്വം ശ്രീനാരായണ ഗുരുവിനോട് ക്ഷമിക്കുന്നത്. അദ്ദേഹത്തിൻറെ പ്രതിഭാവിലാസം ഒന്നും കണ്ടിട്ടല്ല. എങ്കിലും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ ഇവർ അപമാനിക്കാറുണ്ടല്ലോ അടുത്ത കാലത്ത് ശ്രീനാരായണ കൃതി വായിച്ചതിന് തടസ്സപ്പെടുത്തി എഴുന്നേൽപ്പിച്ചു വിട്ട സംഭവം ഉണ്ടായിട്ടുണ്ട്.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"
ഗുരുവിൻറെ പ്രസ്താവന അക്കാലത്ത് കേൾക്കാൻ ഇമ്പമുള്ളതായിരുന്നെങ്കിലും ഇപ്പോഴത്ര സുഖകരമായി തോന്നുന്നില്ല. ഇന്ത്യ പോലെ ഒരു രാജ്യത്ത് തീർച്ചയായും മതം ഏതായാലും നന്നാവില്ല എന്നുള്ളത് തിരിച്ചറിവ് ഇന്നുണ്ട്. അതുകൊണ്ടാണ് സഹോദരൻ അയ്യപ്പൻ ഇവരെക്കാൾ എല്ലാം കൂടുതൽ ശരിയാകുന്നത്. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന വിപ്ലവകരമായ ആ പ്രഖ്യാപനം ഉൾക്കൊള്ളാനുള്ള ശേഷി അടുത്ത ഒരു 500 വർഷത്തേക്ക് ഉണ്ടാകാനുള്ള സാധ്യതയില്ല. അത്രത്തോളം ഗോത്രബോധത്തിൽ മുങ്ങിത്താണുപോയ മനുഷ്യരാണ് ഇന്ത്യക്കാർ. യുക്തിവാദികളും നിരീശ്വരവാദികളും ഗോത്രബോധത്തിൽ ജീവിക്കുന്ന രാജ്യത്താണെന്ന് ഓർക്കണം .
സഹോദരൻ ഇതിൽ നിന്നെല്ലാം വിഭിന്നമായി കാര്യങ്ങളെ നോക്കി കണ്ടു .ആ കാലത്തന്നല്ല,ഈ ദേശത്ത് പോലും ജനിക്കേണ്ട ആളല്ല .അദ്ദേഹത്തെ ഉൾക്കൊള്ളാനുള്ള പാകതയുള്ള മനുഷ്യർ സമീപ നൂറ്റാണ്ടുകളിൽ പോലും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല.
വാൽക്കഷണം
എനിക്ക് തോന്നുന്നത് ജനാധിപത്യ ബോധവും നല്ല സാമൂഹ്യബോധവും ഉള്ള ഈഴവർ സഹോദരൻറെ പിൻഗാമികൾ തന്നെയാണ്. അവർക്ക് ശ്രീനാരായണ ഗുരുവിൻറെ ധാർമികതയും മനുഷ്യസ്നേഹവും കൂടി ലഭിച്ചിട്ടുണ്ട് എന്നുള്ളത് കൊണ്ടാണ് അവർ തെളിഞ്ഞ മനുഷ്യരായി നമുക്ക് മുമ്പിൽ നിൽക്കുന്നത്. ഒരു സമൂഹം എന്ന നിലയിൽ പ്രസക്തരാകാനുള്ള ആളുകളൊന്നും അവർ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും അത്തരം സാന്നിധ്യങ്ങളാണ് നാളെയ്ക്കുള്ള ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷയും.
No comments:
Post a Comment