ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ ജവഹർലാൽ നെഹ്റു 1953 മാർച്ച് 6ന് ലോക്സഭയിൽ സ്റ്റാലിന്റെ മരണത്തെ അനുസ്മരിച്ചു കൊണ്ട് ഒരു പ്രസംഗം നടത്തി. നുണ പറയുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ സത്യം പ്രചരിപ്പിക്കാൻ നെഹ്റു നടത്തിയ പ്രസംഗത്തിലെ കാര്യങ്ങൾ കൂടെ പങ്കു വെക്കുന്നു.
"സഭാ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി സഭയ്ക്ക് ഇതിനകം അറിയാവുന്ന ഒരു സംഭവത്തെ കുറിച്ച് പരാമർശിക്കാൻ ഞാൻ അനുവാദം തേടുന്നു. ഇന്ന് അതിരാവിലെ മാർഷൽ സ്റ്റാലിൻ അന്തരിച്ചു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ ഗുരുതരമായ അസുഖത്തെ കുറിച്ച് നാം അറിഞ്ഞത്. ഏതാനും ആഴ്ചകൾക്കു മുമ്പ് മോസ്കോയിലെ നമ്മുടെ സ്ഥാനപതി അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. സ്റ്റാലിന്റെ ഗുരുതര രോഗവിവരം ലഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, അദ്ദേഹവുമായുള്ള ആ കൂടിക്കാഴ്ചയെ കുറിച്ചുള്ള സ്ഥാനപതിയുടെ ദീർഘമായ റിപ്പോർട്ട് ഞാൻ വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു.
മാർഷൽ സ്റ്റാലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അനേകം ആശയങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ ലോകചരിത്രം നമ്മുടെ കണ്ണുകൾക്കു മുന്നിലൂടെ കടന്നു പോകുന്നു. നാമെല്ലാവരും ഈ കാലഘട്ടത്തിന്റെ മക്കളാണ്. നമ്മുടെ സ്വന്തം ദേശീയസമരത്തിൽ മാത്രമല്ല, ലോകത്ത് നടന്ന മഹത്തായ പോരാട്ടങ്ങളാലും നാം സ്വാധീനിക്കപ്പെട്ടവരാണ്.
ഈ മുപ്പത്തിയഞ്ച് വർഷങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ പല മഹത്തായ വ്യക്തിത്വങ്ങളും ഉയർന്നു വരുന്നു. എന്നാൽ ഈ കാലഘട്ടത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തതിൽ മാർഷൽ സ്റ്റാലിനേക്കാൾ വലിയ വ്യക്തിത്വം മറ്റൊരാളില്ലായിരിക്കാം. ക്രമേണ അദ്ദേഹം ഒരു ഇതിഹാസ പുരുഷനായി മാറി. മറ്റു ചിലപ്പോൾ അനേകം ജനങ്ങളുമായി ആത്മബന്ധം പുലർത്തുന്ന നേതാവായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
സമാധാനകാലത്തും യുദ്ധകാലത്തും അദ്ദേഹം തന്റെ മഹത്വം തെളിയിച്ചു. അപരാജിതമായ മനഃശക്തിയും ധൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു. ചരിത്രം ഭാവിയിൽ അദ്ദേഹത്തെ കുറിച്ച് പലതും പറയാം. വരും തലമുറകൾ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്താം. എന്നാൽ ഒരു കാര്യം എല്ലാവരും അംഗീകരിക്കുm - തന്റെ കാലഘട്ടത്തിന്റെ വിധിയെ രൂപപ്പെടുത്തിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം. യുദ്ധത്തിൽ അദ്ദേഹം മഹത്തായ വിജയം നേടിയെങ്കിലും ഒടുവിൽ അദ്ദേഹത്തെ ഓർക്കുക തന്റെ മഹത്തായ രാജ്യത്തെ കെട്ടിപ്പടുത്ത വ്യക്തിയായിട്ടായിരിക്കും.
മാർഷൽ സ്റ്റാലിൻ ഒരു രാഷ്ട്രത്തിന്റെ തലവൻ മാത്രമായിരുന്നില്ല. ആ പദവിയിൽ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം മഹാനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം പൊതുവെ സമാധാനത്തിനു വേണ്ടിയായിരുന്നു എന്നാണ് എന്റെ വിശ്വാസം. യുദ്ധം വന്നപ്പോൾ അദ്ദേഹം മഹാനായ യോദ്ധാവായി തെളിഞ്ഞു. എന്നാൽ നമുക്കുള്ള വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ സ്വാധീനം സമാധാനത്തെ പിന്തുണക്കുന്നത് ആയിരുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് വിവിധ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ ലോകചരിത്രത്തിൽ അതിഗാഢമായ സ്വാധീനം ചെലുത്തിയ മഹാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം എന്ന കാര്യം നിഷേധിക്കാനാവില്ല. അദ്ദേഹത്തിന്റെ മരണം സോവിയറ്റ് യൂണിയന് മാത്രമല്ല, ലോകചരിത്രത്തിലെ ഒരു വലിയ അധ്യായത്തിന്റെ അവസാനമാണ്.
ഈ സഭയുടെ പേരിലും ഇന്ത്യയിലെ ജനങ്ങളുടെ പേരിലും സോവിയറ്റ് യൂണിയന്റെ ജനങ്ങളോടും സർക്കാരിനോടും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു."
ഇതിനു ശേഷം സഭ സ്റ്റാലിന്റെ സ്മരണയ്ക്കായി മൗനം പാലിക്കുകയും അനുശോചന പ്രമേയം രേഖപ്പെടുത്തുകയും ചെയ്തു.
No comments:
Post a Comment