## **ബാലചന്ദ്രൻ**
വർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് രാജ്യമെമ്പാടുമുള്ള യുവാക്കൾ തെരുവിലിറങ്ങിയ ദിനങ്ങൾ. ഇങ്ങ് തെക്കേയറ്റത്ത് ആലുവായിൽ പെരിയാറിന്റെ തീരത്തുള്ള യൂണിയൻ ക്രിസ്ത്യൻ കോളേജിലും ആഗസ്റ്റ് വിപ്ലവത്തിന്റെ 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം ഇരമ്പിയാർത്തു. അതുവരെ വിദ്യാർത്ഥികൾക്കിടയിൽ ഒരു നിർണായക ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി ഫെഡറേഷൻ ഒരു ന്യൂനപക്ഷമായി മാറിയത് വളരെ പെട്ടെന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു അന്ന് കടുത്ത ഗാന്ധിയനും ഒന്നാന്തരം ഒരു പുസ്തകവായനക്കാരനുമായ ഒരു ഗോവിന്ദനാണ്. അയാളോട് വാദിച്ചു ജയിക്കാൻ സഹപാഠികളായ കമ്മ്യൂണിസ്റ്റുകാർക്ക് ആർക്കും സാധ്യമല്ല. വാസു, മാത്യു, രാമകൃഷ്ണൻ, രാമവർമ്മ തുടങ്ങിയ വിദ്യാർത്ഥി ഫെഡറേഷൻകാർ ഒളിവിൽ കഴിയുന്ന ഒരു വിപ്ലവകാരിയേയും കൊണ്ടാണ് അന്ന് നേരം ഇരുണ്ടപ്പോൾ ഹോസ്റ്റലിലെത്തിയത്. അവർ അദ്ദേഹത്തെയും കൊണ്ട് നേരെ ഗോവിന്ദന്റെ മുറിയിലേക്ക് ചെന്നു. അടച്ചിട്ട മുറിയിൽ അവർ രണ്ടാളും മാത്രമായി മണിക്കൂറുകൾ നീണ്ട സംഭാഷണം. രാത്രി ഏറെ വൈകിയപ്പോൾ മറ്റൊരു ഷെൽറ്ററിലേക്ക് പുറപ്പെട്ട വിപ്ലവകാരിയെ യാത്രയാക്കാൻ ഒപ്പം ചെന്ന ഗോവിന്ദൻ അപ്പോഴേക്കും പി ഗോവിന്ദപ്പിള്ള എന്ന ഉറച്ച കമ്മ്യൂണിസ്റ്റുകാരനായി പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
"അന്ന് ഞങ്ങളോടെൊക്കെ വാദിച്ചു ജയിച്ചു നിന്ന ആൾ സഖാവ് പി കൃഷ്ണപിള്ളയുടെ പിറ്റേന്ന് അന്ന് രാത്രി പെട്ടിയും തൂക്കി പോകുന്ന ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു." ഇങ്ങനെ പറഞ്ഞ് പിന്നീട് എപ്പോഴും കളിയാക്കിയിരുന്ന സഹപാഠി, പിന്നീട് ആജീവനാന്ത ചങ്ങാതിയും ആത്മസഖാവുമായി മാറിയ പി കെ വാസുദേവൻ നായരായിരുന്നു.
പി ഗോവിന്ദപ്പിള്ള എന്ന പിജിയെ ഒറ്റവാചകത്തിൽ ഒരിക്കലും വിശേഷിപ്പിക്കുക സാധ്യമല്ല. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു പിജി. കേരളത്തിലെ ഏറ്റവും വലിയ ധീഷണശാലികളിൽ ഒരാൾ. പത്രാധിപന്മാരുടെ കൂട്ടത്തിൽ മുൻ നിരക്കാരൻ. ആരെയും അതിശയപ്പെടുത്തുന്ന വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം. വ്യത്യസ്തമായ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ. യുക്തിഭദ്രമായ വാദമുഖങ്ങൾ കൊണ്ടും ആകർഷകമായ ശൈലി കൊണ്ടും കേട്ടിരിക്കുന്നവരുടെ മനസ്സ് കീഴടക്കുന്ന പ്രഭാഷകൻ. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച നിയമസഭാ സാമാജികൻ. ഭാഷാ പണ്ഡിതൻ, ചരിത്രകാരൻ, സാമൂഹ്യ ചിന്തകൻ, സാഹിത്യ വിമർശകൻ, കലാ നിരൂപകൻ, വായനശാല/ഫിലിം സൊസൈറ്റി പ്രവർത്തകൻ, സ്ഥാപന മേധാവി എന്നതിനേക്കാൾ ആ സ്ഥാപനം കെട്ടിപ്പടുത്തയാൾ (ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡർ)... ഇങ്ങനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നില്ല പ്രായഭേദമന്യേ സകലമാനപേരും ആദരവോടെ 'പിജി' എന്ന് വിളിച്ചിരുന്ന പി ഗോവിന്ദപ്പിള്ള. അങ്ങനെയൊരു വലിയ മനുഷ്യന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ പോരാട്ട വീര്യമാർന്ന ആ ജീവിതത്തിലെ, സംഭവബഹുലമായ ഒരു ചരിത്രകാലഘട്ടത്തെ അടുത്ത് പരിചയപ്പെടാനുള്ള അവസരമാണ് പുതിയ തലമുറയിൽപ്പെട്ടവർക്ക് ലഭിക്കുന്നത്.
പെരുമ്പാവൂർ പുല്ലുവഴിയിൽ പരമേശ്വരൻ പിള്ളയുടേയും പാറുകുട്ടിയമ്മയുടേയും മകനായി ജനിച്ച പി ഗോവിന്ദപ്പിള്ള കാലടിയിലെ ആഗമാനന്ദ ആശ്രമത്തിൽ സംസ്കൃതവും വേദാന്തവും പഠിക്കുന്ന കാലത്താണ് സ്വാതന്ത്ര്യസമരവും ഗാന്ധിയൻ ചിന്തകളും ഗോവിന്ദപ്പിള്ളയെ സ്വാധീനിക്കുന്നത്. തീരെ ചെറുപ്പം മുതൽക്കുള്ള പത്രവായനയും മലയാളരാജ്യത്തിൽ വായിച്ച നെഹ്റുവിന്റെ Wither India എന്ന ലേഖനത്തിന്റെ തർജ്ജമയും വീട്ടിൽ പിതാവും സുഹൃത്തുക്കളുമായി നടക്കുന്ന ചർച്ചകളുമൊക്കെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെയും ലോകമഹായുദ്ധത്തെയും ഗോവിന്ദപ്പിള്ളയുടെ മനസ്സിൽ വ്യക്തമായ ധാരണകളുണ്ടാക്കാൻ സഹായകമായി. അന്ന് ആഗമാനന്ദ സ്വാമി ബ്രഹ്മാനന്ദായം സ്റ്റിൽ സംസ്ഥാനാധ്യാപകനായിരുന്ന എൻ വി കൃഷ്ണവാര്യരെക്കൊണ്ട് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വാതന്ത്ര്യസമര പത്രം നടത്തുന്ന പ്രൊഫ. ചന്ദ്രഹാസനെ ചെന്ന് കാണാൻ നിർദ്ദേശിച്ചു. സ്വാതന്ത്ര്യസമര പത്രവും രഹസ്യസ്വഭാവമുള്ള ചില ലഘുലേഖകളുമൊക്കെ വായിച്ചതോടെ ഗാന്ധിസത്തിൽ നിന്ന് പതുക്കെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് മനസ്സ് കൂടുമാറി. പിന്നീടാണറിഞ്ഞത് പുറമെ ശുദ്ധപാവം പോലെ നടന്നിരുന്ന എൻ വി കൃഷ്ണവാര്യരാണ് ഈ 'വിധ്വംസക പ്രവർത്തനങ്ങളുടെ'യൊക്കെ പിറകിൽ പ്രവർത്തിച്ചിരുന്നതെന്ന്.
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റ് പഠനകാലത്താണ് ഖദർ ധാരിയായി ഗാന്ധിയൻ ആശയങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഗോവിന്ദപ്പിള്ളയെ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവായിരുന്ന പികെവി കളിയാക്കി വിളിച്ചിരുന്നത് 'പുല്ലുവഴി ഗാന്ധി' എന്നാണ്. പികെവിയും പി ഗോവിന്ദപ്പിള്ളയും മലയാറ്റൂർ രാമകൃഷ്ണനും പന്തളം കൊട്ടാരത്തിലെ രാമവർമ്മയുമൊക്കെ പഠിച്ചിരുന്ന സമരോത്സുകമായ ആ യുസി കാലം മലയാറ്റൂർ പിൽക്കാലത്ത് 'അഞ്ചുസെന്റ്' എന്ന നോവലിൽ അവതരിപ്പിക്കുന്നുണ്ട്. വിജ്ഞാനദാഹിയും ഖദർധാരിയുമായ ഗോവിന്ദൻ എന്ന ചെറുതെങ്കിലും മികച്ചൊരു കഥാപാത്രമായി പിജിയെ നോവലിൽ കാണാം. പിന്നീട് 1952 ലെ തിരുക്കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ പിജി പെരുമ്പാവൂർ മത്സരിക്കുമ്പോൾ മലയാറ്റൂർ ആയിരുന്നു തിരഞ്ഞെടുപ്പ് ഏജന്റ്. 1954 ൽ മലയാറ്റൂർ അന്തര നിയോജക മണ്ഡലത്തിൽ കെ പി ഹോർമിസിനെതിരെ മത്സരിക്കുമ്പോൾ പിജി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചു. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ ചെയർമാനായ മലയാറ്റൂരിനെതിരെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി അഴിമതി ആരോപണം ഉയർത്തിയപ്പോൾ നിയമസഭയിൽ ആ വിഷയം ഉന്നയിച്ചവരിൽ ഒരാൾ പണ്ടത്തെ സുഹൃത്തും സഹപാഠിയുമായിരുന്ന ആളായിരുന്നു. രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തുന്ന നേരത്ത് പിജിക്ക് ഒരിക്കലും വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും തടസ്സമായിട്ടില്ലല്ലോ.
പിജി ബോംബെ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ബി ടി രണ്ടി വെയുടെ കൽക്കട്ട തീസിസിന്റെ വരവ്. ഭരണകൂടത്തിനെതിരെ കലാപം നടത്താനുള്ള പാർട്ടിയുടെ ആഹ്വാനമേറ്റെടുത്തുകൊണ്ട് പോലീസിനെ ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ പിജി പൂനയിലെ പ്രശസ്തമായ യേർവാഡ ജയിലിലാണ് തടങ്കൽ ജീവിതം നയിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തീർന്ന, സമരാഢ്യനായ നേതാവ് അജയ് ഘോഷ് ആയിരുന്നു. നോവൽ വായന കമ്മ്യൂണിസ്റ്റുകാർക്ക് പറ്റിയതല്ല എന്ന് തെറ്റിദ്ധരിച്ചിരുന്ന പിജിക്ക് ഒരു പുസ്തകമെടുത്ത് കൊടുത്ത് അത് വായിക്കാൻ അജയൻ പ്രേരിപ്പിച്ചു. എസ്തൽ ലിലിയൻ വോയ്നിച്ച് എന്ന റഷ്യൻ എഴുത്തുകാരി എഴുതിയ 'ഗാഡ് ഫ്ലൈ' എന്ന നോവലായിരുന്നു അത്. പുസ്തകം ആവേശത്തോടെ വായിച്ചു തീർത്ത പിജി വർഷങ്ങൾക്ക് ശേഷം മറ്റൊരു ജയിൽവാസകാലത്താണ് ആ നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. 'കാട്ടുകടന്നൽ' എന്ന നോവൽ മലയാളികൾക്ക് മഹത്തായ വിശ്വസാഹിത്യത്തിലേക്ക് വാതിൽ തുറന്നുകൊടുക്കുക മാത്രമല്ല, വിപ്ലവാശയങ്ങളോട് ആഭിമുഖ്യമുള്ള ആരെയും പ്രചോദിപ്പിക്കുക കൂടി ചെയ്യുന്ന മികച്ചൊരു സാഹിത്യ സൃഷ്ടിയെന്ന നിലയിൽ ഇപ്പോഴും വായിക്കപ്പെടുന്നു. അജയ് ഘോഷിനോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ പിജി പ്രകടിപ്പിച്ചത് ആ തലമുറയിലെ മറ്റു പല കമ്മ്യൂണിസ്റ്റുകാരെയും പോലെ സ്വന്തം മകൻ അജയൻ എന്ന് പേരിട്ടത് കൊണ്ടാണ്.
ഒരു കമ്മ്യൂണിസ്റ്റുകാരനെക്കൊണ്ട് സഹോദരിയെ വിവാഹം ചെയ്യിക്കണമെന്ന ആഗ്രഹം കൊണ്ട് ആരെങ്കിലും സ്വന്തം പെങ്ങളുടെ വിവാഹാലോചന മുടക്കുന്നത് കെട്ടിട്ടുണ്ടോ? പിജിയും സഹോദരന്മാരും ചെയ്തത് അതാണ്. യാഥാസ്ഥിതികനായ പിതാവിന് ഒടുവിൽ അതിന് വഴങ്ങേണ്ടി വന്നു. പോലീസ് അന്വേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരനായ പികെവിക്ക് മകൾ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തു കൊടുത്തത് ജീവിതകാലം മുഴുവൻ പുല്ലുവഴിയിലെ തറവാട്ട് വീട്ടിൽ താമസിച്ചുകൊള്ളാമെന്ന ഉറപ്പിലാണ്. 1955ൽ പിജി വിവാഹം കഴിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടുള്ള പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കാരണം വാഴു രാജമ്മയുടെ തറവാടായ പന്തളം മുള്ളൂർ വീട്ടിലെ കാരണവർ പെണ്ണിന്റെ അമ്മാവനായ എം എൻ ഗോവിന്ദൻ നായരായിരുന്നു.
**(ശേഷം പേജ് 2-ൽ)**
No comments:
Post a Comment