Sunday, June 14, 2026

സമൂഹം സ്വത്വരാഷ്ട്രീയം മതനിരപേക്ഷത© ഡോ:കെ.ടി.ജലീൽ


ആധുനിക ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക ആശയങ്ങളിൽ പ്രധാനപ്പെട്ടവയാണ് സമൂഹം, സ്വത്വരാഷ്ട്രീയം, മതനിരപേക്ഷത എന്നിവ. ആഗോളവൽക്കരണം, കുടിയേറ്റം, സാങ്കേതികവിദ്യയുടെ വളർച്ച, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വ്യാപനം തുടങ്ങിയവയുടെ സ്വാധീനത്തിൽ ഈ ആശയങ്ങൾ പുതിയ രൂപ ഭേദങ്ങൾക്കും വെല്ലുവിളികൾക്കും വിധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മൂന്ന് ഘടകങ്ങളും സമകാലിക രാഷ്ട്രീയത്തെയും സാമൂഹിക ബന്ധങ്ങളെയും നിർണയിക്കുന്ന പ്രധാന ശക്തികളായി മാറി. ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരുടെ സംഘടിതമായ കൂട്ടായ്മയാണ് സമൂഹത്തിൻ്റെ വിവക്ഷ. ചരിത്രപരമായി സമൂഹങ്ങൾ ഭാഷ, സംസ്കാരം, മതം, ജാതി, വർഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടവയാണ്. എന്നാൽ ആഗോളവൽക്കരണത്തിന്റെ ഫലമായി സമൂഹങ്ങൾ കൂടുതൽ വൈവിധ്യപൂർണ്ണമായി. ഉദാഹരണത്തിന്, United States, Canada, United Kingdom തുടങ്ങിയ രാജ്യങ്ങളിൽ വിവിധ വംശീയ, മത, ഭാഷാ വിഭാഗങ്ങൾ ഒരുമിച്ച് ജീവിക്കുന്ന സാഹചര്യമുണ്ടായി. ഈ വൈവിധ്യം സമൂഹത്തെ സമ്പന്നം ആക്കിയെങ്കിലും, ചിലപ്പോൾ പരസ്പര സംഘർഷങ്ങൾക്കും അസ്വാരസ്യങ്ങൾക്കും കാരണമാവുകയും ചെയ്തു. അതിനാൽ ബഹുസ്വര സമൂഹങ്ങൾ വൈവിധ്യവും ഐക്യവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തേണ്ട സാഹചര്യം നേരിട്ടു.

ഇന്ത്യൻ സമൂഹത്തിൻ്റെ വേരുകൾ എത്തിച്ചേരുന്നത് സിന്ധു നദീതട സംസ്കാരത്തിലാണ്. ഇക്കാലത്താണ് ഭാരതത്തിൽ നഗരവൽക്കരണം വികസിച്ചതും വ്യാപാര ബന്ധങ്ങൾ സ്ഥാപിതമായതും. അതോടൊപ്പം ക്രമീകൃത സാമൂഹിക ജീവിതം നിലവിൽ വന്നു. വർണ്ണ വ്യവസ്ഥ സാമൂഹിക സൗധത്തിൻ്റെ അടിത്തറയായത് വേദകാലത്താണെന്ന് പറയാം. കുടുംബവും ഗ്രാമവും സമൂഹ രൂപീകരണത്തിൻ്റെ അഭിവാജ്യ ഘടകങ്ങളായി. കാലാന്തരത്തിൽ ജാതി വ്യവസ്ഥ കൂടുതൽ സങ്കീർണ്ണത കൈവരിച്ചു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ പ്രധാന ജാതി ശ്രേണികൾക്കൊപ്പം നിരവധി ഉപജാതി ഘടനകളും രൂപപ്പെട്ടു. വർണ്ണ വ്യവസ്ഥയുടെ ഉൽഭവത്തെ കുറിച്ച് ഡോ: ആർ.എസ്  ഷർമ്മ തൻ്റെ ''Sudras in Ancient India-"യിൽ പറയുന്നത് പ്രസക്തമാണ്: "പ്രാചീന ഇന്ത്യൻ സമൂഹത്തിൻ്റെ നിർമ്മിതിയിൽ ഉൽപാദന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന വലിയൊരു വിഭാഗത്തെ 'ശൂദ്രർ' എന്ന പേരിൽ മാറ്റി നിർത്തുകയായിരുന്നു.  ഉൽപാദനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടും സാമൂഹികമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു വർഗ്ഗത്തിൻ്റെ രൂപീകരണമാണ് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ അടിത്തറ പാകിയത്". ഇൻഡ്യയിലെ നാടുവാഴിത്ത വ്യവസ്ഥയുടെയും പ്രഭുവർഗ്ഗത്തിൻ്റെ ഉൽഭവവും നിരീക്ഷിച്ചു കൊണ്ട് ഇതേ ഗ്രന്ഥത്തിൽ ഡോ: ശർമ്മ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്; "ഭൂമി ദാനമായി നൽകുന്ന സമ്പ്രദായം (Land Grants) ഭരണാധികാരികളുടെ അധികാരം വികേന്ദ്രീകരിക്കപ്പെടുന്നതിനും കർഷകർക്കു മേൽ പുതിയൊരു പ്രഭു വർഗ്ഗം (Land Lords) രൂപപ്പെടുന്നതിനും കാരണമായി. ഇത് സ്വയം പര്യാപ്തമായ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യൻ സമൂഹത്തെ നയിച്ചു".

ജാതി വ്യവസ്ഥയുടെ യുടെ ആവിർഭാവത്തിനു പിറകെയാണ് മതങ്ങളുടെ പിറവിയും വളർച്ചയും സംഭവിച്ചത്. ഹിന്ദൂയിസം, ബുദ്ധിസം, ജയ്നിസം ഏറ്റവും അവസാനം സിക്കിസം ഇവയെല്ലാം ഇന്ത്യയിൽ ജൻമം കൊണ്ട ദർശനങ്ങളാണ്. ക്രിസ്തുമതയും  ജൂതായിസവും ഇസ്ലാമും സൊറാസ്ട്രിയാനിസവും അവയുടെ ജൻമ ദേശങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി. ഇവയുടെ സ്വാധീനത്തിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞാണ് ഇന്ത്യൻ സമൂഹം രൂപപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ ആരംഭിച്ച സാമൂഹിക രാഷ്ട്രീയ പ്രക്രിയകളാണ് വർത്തമാന കേരളത്തെ രൂപപ്പെടുത്തിയത്. ജാതീയ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കേരളത്തെ സ്വാമി വിവേകാനന്ദൻ "ഭ്രാന്താലയം" എന്നു വിശേഷിപ്പിച്ച അവസ്ഥയിൽ നിന്നാണ് ഇന്ന് കാണുന്ന ആധുനിക കേരളത്തിൻ്റെ പരിസരത്ത് നാം എത്തിയത്. സമൂഹം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. മനുഷ്യൻ്റെ നിലനിൽപ്പിനായുള്ള ആവശ്യങ്ങളിൽ നിന്നാണ് അതു രൂപപ്പെട്ടത്.  ഒരാൾക്കും തനിച്ച് സ്വയംപര്യാപ്തനാകാൻ കഴിയില്ലെന്ന ബോദ്ധ്യമാണ് പരസ്പരാശ്രയ ചിന്ത മനുഷ്യനിൽ ഉണ്ടാക്കിയത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, സുരക്ഷ, ജൈവിക ആവശ്യങ്ങൾ എന്നിവക്കായി അവന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നു. ഈ പരസ്പര ആശ്രയത്വം സാമൂഹ്യ നിർമ്മിതിയുടെ അടിസ്ഥാന ശിലയായി വർത്തിച്ചു. മനുഷ്യരുടെ പൊതുവായ താൽപര്യങ്ങളും ലക്ഷ്യങ്ങളും ഒന്നിച്ചു ജീവിക്കാൻ അവരെ നിർബന്ധിതമാക്കി. സാമൂഹിക ബന്ധങ്ങളും ആശയ വിനിമയങ്ങളും വ്യക്തികളെ കൂടുതൽ ബന്ധിപ്പിച്ചു. കൂട്ടായ്മകൾ ഉയർന്നപ്പോൾ വ്യവസ്ഥാപിതമായ മുന്നോട്ടു പോക്കിന് നിയമങ്ങളും ധാർമിക മൂല്യങ്ങളും അടങ്ങുന്ന സാമൂഹ്യ നിയന്ത്രണം അനിവാര്യമായി. ഭരണ ക്രമങ്ങളും പൊതു മൂല്യബോധങ്ങളും രൂപപ്പെടുന്നതിന് ഇത് വഴിയൊരുക്കി. ജാതിവ്യവസ്ഥയും വൈവിദ്ധ്യത്തിലെ ഏകത്വവും ഗ്രാമീണ ജീവിതവും കൂട്ടുകുടുംബ വ്യവസ്ഥയും വിശ്വാസപരമായ ബഹുസ്വരതയും ഇന്ത്യൻ സാമൂഹ്യ ക്രമത്തിൻ്റെ പിറവിയേയും വളർച്ചയേയും സാരമായി സ്വാധീനിച്ചു. ജാതി, മതം, ഭാഷ, ലിംഗം, വംശം തുടങ്ങിയ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെല്ലാം സമൂഹങ്ങളായും രാജ്യങ്ങളായും അവസാനം രാഷ്ട്രങ്ങളായും മനുഷ്യൻ രൂപപ്പെടുന്നതിന് കളമൊരുക്കി. ബഹുസ്വര സമൂഹങ്ങളുടെ വ്യാപനം അധികാരത്തർക്കങ്ങളിലേക്കും സമ്പത്തിൻ്റെ ഉടമസ്ഥ അവകാശത്തിലേക്കും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളിലേക്കും അവകാശ നിഷേധങ്ങളിലേക്കും അടിച്ചമർത്തലുകളിലേക്കും തുറന്ന സംഘട്ടനങ്ങളിലേക്കും മനുഷ്യ സമൂഹങ്ങളെ നയിച്ചു. അതോടെ സംഘടിത സമൂഹങ്ങൾ യാഥാർത്ഥ്യമായി. രാഷ്ട്രീയവും അധികാരവുമെല്ലാം വലിയ ചർച്ചകൾക്ക് വിഷയീഭവിച്ചു. ഐഡൻ്റിറ്റി പൊളിറ്റിക്സ് അഥവാ സ്വത്വരാഷ്ട്രീയം മനുഷ്യരുടെ ബോധ മണ്ഡലങ്ങളെ തൊട്ടുണർത്തുന്നത് ഇത്തരമൊരു ചരിത്രസന്ധിയിലാണ്.

സ്വത്വരാഷ്ട്രീയം എന്നത് വ്യക്തികളോ കൂട്ടായ്മകളോ അവരുടെ പ്രത്യേക സാമൂഹിക സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ അവകാശങ്ങളും അംഗീകാരവും ആവശ്യപ്പെടുകയും അതിനായി പോരാടുകയും നേടിയെടുക്കുകയും ചെയ്യുന്ന സംവിധാനമാണ്. ജാതി, വംശം, മതം, ലിംഗം, ഭാഷ, ലൈംഗിക ന്യൂനപക്ഷ പദവി തുടങ്ങിയ ഘടകങ്ങളാണ് ഇതിന്റെ അടിസ്ഥാനങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സ്ത്രീപക്ഷ മുന്നേറ്റങ്ങൾ, കറുത്തവർഗ്ഗ അവകാശ പ്രസ്ഥാനങ്ങൾ, തദ്ദേശീയ ജനതകളുടെ അവകാശ സംഘടനകൾ എന്നിവ സ്വത്വരാഷ്ട്രീയത്തിന്റെ ഉരുത്തിരിയലിന് കാരണമായി. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ വിഭാഗങ്ങൾ അവരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ സ്വത്വരാഷ്ട്രീയ സമീപനമാണ് സ്വീകരിക്കുന്നത്. ചരിത്രപരമായി അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകാൻ സ്വത്വ രാഷ്ട്രീയത്തിനായി. സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടാൻ ബന്ധപ്പെട്ട ജനവിഭാഗങ്ങളെ അത് പ്രചോദിപ്പിച്ചു. സാംസ്കാരിക വൈവിദ്ധ്യങ്ങളെ സ്വത്വരാഷ്ട്രീയം നിരാകരിച്ചത് വിഭാഗീയ രാഷ്ട്രീയത്തിനു വിത്തുപാകി. സമൂഹത്തിൽ വിഭജനബോധം വർധിപ്പിക്കാൻ അത് വഴിവെച്ചു. പൊതുനന്മയെക്കാൾ ഗ്രൂപ്പ് താൽപര്യങ്ങൾക്ക് മുൻഗണന ലഭിക്കുന്ന സാഹചര്യം അതോടെ സംജാതമായി. "സ്വത്വ രാഷ്ട്രീയം ആധുനിക ജനാധിപത്യത്തിനു ഭീഷണി ആകുമെന്നാണ്" പ്രശസ്ത ചിന്തകനായ ഫുകുയാമ "Identity: The Demand for Dignity and the Politics Resentment" എന്ന ഗ്രന്ഥത്തിൽ എഴുതിയത്.
യൂറോപ്പിലെയും അമേരിക്കയിലെയും മറ്റു പല രാജ്യങ്ങളിലെയും കുടിയേറ്റം, വംശീയത, ദേശീയത എന്നിവയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളിൽ സ്വത്വരാഷ്ട്രീയം പ്രധാന ചർച്ചാ വിഷയമായി മാറി. പല സ്വത്വങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടായിരിക്കെ അവയെ ഏതെങ്കിലും ഏകമാന സ്വത്വത്തിലേക്ക് ചുരുക്കുന്നതിനെ അമർത്യ സെൻ വിമർശിച്ചത് വിസ്മരിക്കാവതല്ല. (''Identity and Violence: The illusion of Destiny" - 2006) കേരളീയ സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിലാണ് സ്വത്വരാഷ്ട്രീയം രൂപപ്പെട്ടത്. കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾ ജാതിവ്യവസ്ഥയുടെ കാഠിന്യം കുറച്ചെങ്കിലും ജാതിബോധം പൊതുമണ്ഡലത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായില്ല.

ഈഴവ, നായർ, ദളിത്, ആദിവാസി വിഭാഗങ്ങൾ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ വിവിധ സംഘടനകളിലൂടെയാണ് ശ്രമങ്ങൾ നടത്തിയത്. സംവരണ നയം, ഭൂമിയവകാശം, വിദ്യാഭ്യാസ അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മത-ജാതി സ്വത്വങ്ങൾ ഇന്നും രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാണ്.

ഹൈന്ദവ സമൂഹത്തിലെ ദളിത് സ്വത്വ രാഷ്ട്രീയം അടക്കമുള്ള ജാതി സ്വത്വങ്ങൾക്കു പുറമെ മതാധിഷ്ഠിത സ്വത്വരാഷ്ട്രീയവും വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ സജീവമായി. സാമൂഹ്യ ശാസ്ത്രജ്ഞനായ ടി.കെ രവീന്ദ്രൻ ദളിത് സ്വത്വ രാഷ്ട്രീയത്തെ വിശേഷിപ്പിച്ചത് "അധീശത്വത്തിനെതിരായ സാംസ്കാരിക പ്രതിരോധം" എന്നാണ് (Dalit Identity and Politics: Cultural Subordination and the Dalit Challenge - 1995) 

അറിയപ്പെടുന്ന ദളിത് ചിന്തകനായ കെ.കെ കൊച്ച് ദളിത് സ്വത്വ രാഷ്ട്രീയത്തെ "ബ്രാഹ്മണ്യത്തിൻ്റെ നിരാകരണ"മായാണ് കണ്ടത് (ദളിതൻ - ആത്മകഥ, 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി). 

വിവിധ മത-ജാതി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും മത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉണ്ടായത് മതസ്വത്വ രാഷ്ട്രീയത്തിൻ്റെ പ്രചാരത്തിന് ശക്തി പകർന്നു. ന്യൂനപക്ഷ അവകാശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ മതസ്വത്വ രാഷ്ട്രീയത്തിൻ്റെ ഭാഗമായി ഉയർന്നു വന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ദേശീയ തലത്തിൽ മതധ്രുവീകരണം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലും അതിൻ്റെ അനുരണനങ്ങൾ പ്രകടമാണ്. ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുമത സ്വത്വരാഷട്രീയത്തെ പ്രതിനിധീകരിക്കുമ്പോൾ മുസ്ലിംലീഗ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, മുതലായ സംഘങ്ങളും, കൃസംഘി കൂട്ടായ്മകളും ഹൈന്ദവ മുസ്ലിം ക്രൈസ്തവ ജനസാമാന്യത്തിൻ്റെ മതസ്വത്വ രാഷ്ടീയത്തിൻ്റെ മികച്ച ഉദാഹരണങ്ങളാണ്. വിവിധ ജാതി സംഘടനകൾ രാഷ്ട്രീയ പാർട്ടികളായി ദേശീയ രംഗത്ത് സ്വാധീനം ചെലുത്തിയത് വിസ്മരിക്കാവതല്ല. മുലായംഗ് സിഗ് യാദവിൻ്റെയും മായാവതിയുടെയും പാർട്ടികളും പട്ടാളിമക്കൾ കക്ഷിയും ഉദാഹരണം. അവ പക്ഷെ വൈകാതെ പിന്നോക്ക-ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിലേക്ക് തെന്നി മാറി പുതിയ  സമവാക്യങ്ങൾക്ക് തുടക്കമിട്ടു. കേരളത്തിലാകട്ടെ ദളിത് സ്വത്വവാദങ്ങൾ ഏറെ ശ്രദ്ധ നേടിയില്ല. പൂർണ്ണാർത്ഥത്തിൽ മതസ്വത്വമാണ് ആളെക്കൂട്ടാനും അധികാര ലബ്ധിക്കും പറ്റിയ എളുപ്പ വഴി എന്ന് തിരിച്ചറിഞ്ഞ സമ്പന്നരായ മതസ്വത്വവാദികൾ സ്വത്വരാഷ്ട്രീയം അതിവേഗം കൈപ്പിടിയിൽ ഒതുക്കി.

മുസ്ലിംലീഗ് ഉയർത്തുന്ന സ്വത്വരാഷ്ട്രീയം (identity politics) എന്നത് മുസ്ലിം സമൂഹത്തിന്റെ മത സാംസ്കാരിക വിദ്യാഭ്യാസ താൽപര്യങ്ങളും രാഷ്ട്രീയ പ്രതിനിധാനവും സംരക്ഷിക്കുക എന്നതിൽ പരിമിതപ്പെട്ടില്ല. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കലാണ് ലീഗ് അതിൻ്റെ രാഷ്ട്രീയ ലക്ഷ്യമായി വാദിക്കുന്നതെങ്കിലും മുസ്ലിം പ്രമാണി വർഗ്ഗമാണ് ലീഗ് രാഷ്ട്രീയത്തിൻ്റെ പ്രായോജകർ. സംവരണം, സ്കോളർഷിപ്പ്, ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ ഊന്നി ലീഗ് ഏറെക്കാലം പിടിച്ചു നിന്നു. മുസ്ലിം മതാചാരങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാംസ്കാരിക പാരമ്പര്യങ്ങൾക്കും മുസ്ലിം സ്വത്വരാഷ്ട്രീയം സംരക്ഷണം ഉറപ്പു വരുത്തുന്നു എന്ന് വരുത്തീത്തീർക്കാൻ ലീഗിനായി. മതസ്വാതന്ത്ര്യവും ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങളും അവർ ഊന്നിപ്പറഞ്ഞു. മുസ്ലിം സമൂഹത്തിന് രാഷ്ട്രീയ അധികാര ഘടനകളിൽ യഥാർത്ഥ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ലീഗിൻ്റെ നിലപാട്. നിയമസഭ, പാർലമെന്റ്, പ്രാദേശിക ഭരണസംവിധാനങ്ങൾ എന്നിവയിൽ മുസ്ലിം സമുദായിത്തിൻ്റെ പ്രതിനിധാനം വർധിപ്പിക്കണമെന്നതും ലീഗിൻ്റെ പ്രഖ്യാപിത ആവശ്യങ്ങളായി പ്രചരിപ്പിക്കപ്പെട്ടു. ലീഗിന്റെ സ്വത്വരാഷ്ട്രീയം മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വേർതിരിവാണ് തത്വത്തിൽ പ്രതിഫലിപ്പിച്ചത്. സമൂഹങ്ങളെ മതപരമായി വിഭജിക്കാൻ പുതിയ കാലത്ത് ലീഗ് നടത്തുന്ന സങ്കുചിത വർഗീയ പ്രചരണങ്ങൾ അതിൻ്റെ മികച്ച തെളിവാണ്. വർഗ്ഗപരമോ സാമൂഹികമോ ആയ പ്രശ്നങ്ങളെക്കാൾ സമ്പന്നരുടെ സാമ്പത്തിക നേട്ടങ്ങൾക്കാണ് ലീഗ് മുൻഗണന നൽകിയത്. മതസ്വത്വ രാഷ്ട്രീയം ഉപയോഗപ്പെടുത്തി ലീഗ് നേടിക്കൊടുത്ത എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 95 ശതമാനവും കാശുള്ളവർക്ക് ഉദ്യോഗം നേടാനുള്ള കഴുത്തറുപ്പൻ ലേലകേന്ദ്രങ്ങളായി മാറി. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇതിനപവാദമായി ചൂണ്ടിക്കാണിക്കാനാവുക.

ന്യൂനപക്ഷങ്ങളുടെ പ്രത്യേക പ്രശ്നങ്ങൾ ഉന്നയിക്കുന്നത് മതസ്വത്വരാഷ്ട്ര വാദമല്ല.
സാമൂഹികമായി പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾക്ക് അവരുടെ ശബ്ദം രാഷ്ട്രീയത്തിൽ കേൾപ്പിക്കാൻ സ്വത്വരാഷ്ട്രീയമാണ് ഇന്ത്യൻ അവസ്ഥയിൽ കുറ്റമറ്റ വഴി എന്ന ലീഗിൻ്റെ നിലപാട് യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.  ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന ലീഗിൻ്റെ അവകാശവാദം സാങ്കേതികമായി ശരിയാകാം. മുസ്ലിംലീഗിന്റെ സ്വത്വരാഷ്ട്രീയത്തെ ഒരു വശത്ത് ന്യൂനപക്ഷ അവകാശ രാഷ്ട്രീയമായി കാണുമ്പോൾ തന്നെ,  സമുദായത്തിൻ്റെ അടിസ്ഥാന രാഷ്ട്രീയമായി വിശകലനം ചെയ്യുന്നതിനോട് യോജിക്കാനാവില്ല. അതിസങ്കീർണ്ണമായ ഒരു ബഹുമത സമൂഹത്തിൽ മതന്യൂനപക്ഷങ്ങൾക്കും അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങൾക്കും അവകാശ പോരാട്ടത്തിന് സ്വത്വരാഷ്ട്രീയത്തെക്കാൾ അഭികാമ്യം മത-ജാതി ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് പ്ലാറ്റ്ഫോമാണ്. എല്ലാ വൈജാത്യങ്ങൾക്കും അപ്പുറം മനുഷ്യരെ ഒന്നായി കാണുകയും നീതിയും ന്യായവും നോക്കി എല്ലാ വിഭാഗങ്ങൾക്കു വേണ്ടിയും പോരാടുന്ന ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുന്നതാകും ഭൂരിപക്ഷ മതസ്വത്വ വാദം പത്തി വിടർത്തി ആടുന്ന മോദീ ഇന്ത്യയിൽ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ അനുകരണീയം. ആ ചിന്തയിൽ നിന്ന് അവരെ അകറ്റാൻ മതവും കമ്മ്യൂണിസവും തമ്മിലുള്ള ദാർശനിക വ്യത്യാസങ്ങളെ പെരുപ്പിച്ച് കാണിച്ച് സാധുമനുഷ്യരെ വേട്ടപ്പട്ടികൾക്ക് എറിഞ്ഞു കൊടുക്കാൻ ലീഗ് നടത്തുന്ന നീക്കം ന്യൂനപക്ഷങ്ങൾക്ക് അപകടം മാത്രമേ ഉണ്ടാക്കൂ. അതവരുടെ ശവക്കുഴി തോണ്ടാനേ ഉപകരിക്കൂ. സ്വത്വരാഷ്ട്രീയവും വർഗ്ഗരാഷ്ട്രീയവും ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി പോകുന്ന രേഖകളോ പോകേണ്ട വഴികളോ അല്ല. ഒത്തൊരുമിച്ച് പോകേണ്ട ഒരിമ്മിണി വലിയ ഒറ്റരേഖയാണത്.  അതു മനസ്സിലാക്കാൻ മുസ്ലിംലീഗും അവരെ പിന്തുണക്കുന്നവരും മടിച്ചു നിൽക്കുന്നതിൻ്റെ കാരണം, ലീഗിലെ സമ്പന്ന വരേണ്യരുടെ കച്ചവട മോഹങ്ങൾക്ക് മുസ്ലിം സമൂഹത്തിൻ്റെ ഇടതുപക്ഷ സഹവാസം വിഘാതമാകും എന്ന ഭയപ്പാടാണ്. ഇത് യഥാവിധി മുസ്ലിം ജനസാമാന്യം ഉൾകൊള്ളാൻ  വൈകിയാൽ ന്യൂനപക്ഷങ്ങൾക്ക് വിശിഷ്യാ മുസ്ലിങ്ങൾക്ക് നഷ്ടപ്പെടുക സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവുമാകും. ജനാധിപത്യവും മതനിരപേക്ഷതയും എക്കാലവും ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലും താങ്ങും തണലുമായത് സമൂഹത്തിൻ്റെ താഴേ തട്ടിലുള്ളവർക്കാണ്. ഓരോ മതക്കാരും അവരുടേതായ ലോകം സൃഷ്ടിക്കാൻ ശ്രമിച്ചാൽ സമൂഹത്തിൽ വലിയ അകൽച്ചയാകും അതുണ്ടാക്കുക. 

ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ ന്യൂനപക്ഷങ്ങളായ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളിൽ ഒരുതരം അരക്ഷിത ബോധം വളർന്നു വരുന്നത് കാണാതിരുന്നു കൂട. ബീഫിൻ്റെയും ഗോ സംരക്ഷണത്തിൻ്റെയും വസ്ത്രധാരണ രീതികളുടെയും കച്ചവട സ്ഥാപന നടത്തിപ്പിൻ്റെയും മത വിവേചനങ്ങളുടെയും എല്ലാം പേരിൽ നിരവധി മനുഷ്യരാണ് രാജ്യത്ത് അരുകൊല ചെയ്യപ്പെടുന്നത്. മണിപ്പൂരിലും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളിലും നടന്ന ഗോത്രവർഗ്ഗ സംഘട്ടനങ്ങൾക്ക് മതനിറം കൈവന്നതോടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളും അരക്ഷിത ബോധത്തിൽ അമർന്നിരിക്കുകയാണ്. മൂന്നാംതവണ ബി.ജെ.പി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ കൈവിടുന്ന സ്ഥിതി ഉണ്ടാകുന്നതിന് ഹേതുവായി. പൗരത്വ ഭേദഗതി ബില്ലും പൗരത്വ റജിസ്റ്ററും വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് മുസ്ലിങ്ങൾ വെട്ടിമാറ്റപ്പെടുന്ന ഭീതിതമായ അവസ്ഥയും, മുത്വലാക്ക് നിയമവും, ഏക സിവിൽകോഡിനായുള്ള നീക്കങ്ങളും, മുസ്ലിംസംവണം എടുത്തു കളഞ്ഞതും നാട്ടിലുണ്ടാക്കിയ ഭയപ്പാട് ചെറുതല്ല. ബാബരീ മസ്ജിദിൻ്റെ തകർച്ച വരെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടേ തർക്കങ്ങൾ നിലനിന്നിരുന്നുള്ളൂ. എന്നാൽ മൂന്നാം ബി.ജെ.പി സർക്കാരിൻ്റെ വരവോടെ ആരാധനാലയങ്ങൾക്കു പുറമെ സൂഫിവര്യൻമാരുടെ ശവകുടീരങ്ങൾ വരെ വെട്ടിപ്പിടിച്ച് നിഷ്കരുണം പൊളിക്കുന്ന വിചിത്ര ആക്രമണോൽസുകതക്കും നാട് സാക്ഷ്യം വഹിച്ചു. ഇത് മുസ്ലിങ്ങളിലുണ്ടാക്കിയ വൈകാരിക തീക്ഷ്ണത വിവരണാതീതമാണ്. യു.പി യിൽ പള്ളി ഇമാമുമാർ ദുരൂഹ സാഹചര്യങ്ങളിൽ കൊലചെയ്യപ്പെട്ടത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. കാലാകാലങ്ങളായി കേട്ടുകൊണ്ടിരുന്ന മൈക്കിലൂടെയുള്ള ബാങ്കുവിളി നിരോധിച്ചതും, പോലീസിൻ്റെ കൗണ്ടർ അറ്റാക്കുകളിൽ നിരവധി മുസ്ലിം പേരുള്ളവർ വധിക്കപ്പെട്ടതും, പലയിടങ്ങളിലും നടന്ന ബുൾഡോസർ രാജുകളും, വഖഫ് നിയമ ഭേദഗതിയും മുസ്ലിങ്ങളെ ശരിക്കും പിടിച്ചുലച്ചു. സോഷ്യൽ മീഡിയകളിൽ വിവിധ മതധാരകളിലെ തീവ്ര ചിന്താഗതിക്കാർ പരസ്പരം ചെളി വാരി എറിയലും അവഹേളിക്കലും എല്ലാ സീമകളും ലംഘിച്ച് തിമർത്താടി.  ഇവയെല്ലാം ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇടയിലെ അകൽച്ചക്ക് ആക്കം കൂട്ടി. ഇത്തരമൊരു ഘട്ടത്തിൽ ഉണർന്നും ഉയർന്നും പ്രവർത്തിക്കേണ്ട കോൺഗ്രസ് തുടരുന്ന മൗനവും മൃദു ഹിന്ദുത്വ നിലപാടും ന്യൂനപക്ഷങ്ങളിൽ കടുത്ത നിരാശയും അരക്ഷിത ബോധവും സൃഷ്ടിച്ചു. തികച്ചും സങ്കീർണ്ണവും വർഗീയവൽകൃതവുമായ സമകാലിക സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടിൽ ഇടതുപക്ഷ മതേതര പാർട്ടികൾക്കുള്ള ഉത്തരവാദിത്തം വളരെ ഭാരിച്ചതാണ്. പരിമിതമായ രാഷ്ട്രീയ സ്വാധീനമേ ഇന്ത്യാ രാജ്യത്ത് ഇടതുപാർട്ടികൾക്കുള്ളൂ. അതു വെച്ച് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി അവർ ചെയ്തു കൊണ്ടിരിക്കുന്നു. അതിൻ്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കാനും, ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി മാറാനും കമ്മ്യൂണിസ്റ്റ് ചേരിക്കേ സാധിക്കൂ. അതിനു വ്യക്തമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാൻ ഇടതുപക്ഷത്തിന് കഴിയണം. വെള്ളം ചേർക്കാത്ത മതനിരപേക്ഷത ഉയർത്തി പിടിക്കുന്നവർക്കു മാത്രമേ ഇന്ത്യയിലെ വിവിധ രൂപങ്ങളിലുള്ള സ്വത്വ രാഷ്ട്രീയത്തിൽ അഭിരമിക്കുന്നവരെ വിഭാഗീയ പന്ഥാവിൽ നിന്ന് വ്യതിജലിപ്പിച്ച് സുവ്യക്തമായ മതനിരപേക്ഷതയുടെ തെളിമയാർന്ന പന്ഥാവിലേക്ക് വഴിനടത്താനാകൂ. മതനിരപേക്ഷത എന്നത് ഭരണകൂടവും മതവും തമ്മിലുള്ള വേർതിരിവിനെയും എല്ലാ മതങ്ങൾക്കും തുല്യ പരിഗണന ഉറപ്പാക്കുന്നതിനെയും ലാക്കാക്കുന്ന ആശയമാണ്. ഇതിന്റെ അടിസ്ഥാന ലക്ഷ്യം മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും ഒരു മതത്തിനും ഭരണകൂടത്തിൽ പ്രത്യേക ആധിപത്യം അനുവദിക്കാതിരിക്കലുമാണ്. 

ലോകത്തിലെ വിവിധ രാജ്യങ്ങൾ മതനിരപേക്ഷതയെ വ്യത്യസ്ത രീതികളിലാണ് സമീപിക്കുന്നത്.
France-ൽ പൊതുരംഗത്ത് പ്രത്യക്ഷത്തിൽ തിരിച്ചറിയുന്ന മത-സാംസ്കാരിക ചിഹ്നങ്ങൾ വേണ്ടെന്നു  വെച്ചു കൊണ്ടാണ് മതേതരത്വം നടപ്പിലാക്കിയത്. ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യ ബഹുമാനവും സംരക്ഷണവും നൽകുന്ന മാതൃകയായാണ് പ്രചാരം നേടിയത്.
അമേരിക്കയിൽ ഭരണകൂടവും മതസ്ഥാപനങ്ങളും തമ്മിലുള്ള വ്യക്തമായ വേർതിരിവിലൂടെയാണ് മതേതര ആശയങ്ങളുടെ പ്രയോഗവൽക്കരണം നടന്നത്. മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്. ഇത് മതസ്വാതന്ത്ര്യവും പൗരസമത്വവും ഉറപ്പാക്കാൻ അനിവാര്യമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വത്വരാഷ്ട്രീയവും മതനിരപേക്ഷതയും പുതിയ വെല്ലുവിളികൾ നേരിടുന്നു എന്ന യാഥാർത്ഥ്യം അതീവ ജാഗ്രതയോടെയാണ് പുതുതലമുറ കാണേണ്ടത്. മതദേശീയതയുടെ വളർച്ച ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും ശക്തിപ്പെടുന്നത് ഭയപ്പാടോടെ അല്ലാതെ വിലയിരുത്താനാവില്ല. മതത്തിൽ പുരണ്ട സ്വത്വ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.  ബഹുസ്വര സംസ്കാരങ്ങളുടെ സൗന്ദര്യവും, യുദ്ധങ്ങളും സാമ്പത്തിക പ്രയാസങ്ങളില്ലാതെ ജീവിക്കാമെന്ന ആഗ്രഹവും, തൻ്റെ കഴിവ് അംഗീകരിക്കപ്പെടുന്ന മണ്ണ് തേടിയുള്ള അന്വേഷണവും കുടിയേറ്റങ്ങളെ ത്വരിതപ്പെടുത്തുന്നത് ഭൗദ്ധിക ചോർച്ചയിലേക്കാണ് നയിക്കുക. പുതിയ സ്വത്വരാഷ്ട്രീയ ചർച്ചകൾക്ക് ഇത് വഴിമരുന്നിട്ടേക്കാം. സ്വദേശികളും കുടിയേറ്റക്കാരും തമ്മിലുള്ള ബന്ധങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നതും അനുഭവ സത്യമാണ്. സാമൂഹിക മാധ്യമങ്ങൾ വിവിധ സ്വത്വഗ്രൂപ്പുകൾക്ക് സംഘടിക്കാനും അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അവസരം നൽകിയതോടെ സംഗതികൾ നിയന്ത്രണം വിട്ടതായി കാണാം. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രചാരണങ്ങളും  മതഗ്രൂപ്പുകൾ വൻതോതിൽ ദുരുപയോഗിക്കുന്നത് വരാനിരിക്കുന്ന ആപത്തിൻ്റെ സൂചനയാണ്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് മുസ്ലിങ്ങളിലേക്ക് പച്ചനുണകളും കടുത്ത പിണറായി വിരുദ്ധതയും കൊടിയ കമ്മ്യൂണിസ്റ്റ് വിരോധവും കുത്തിക്കയറ്റിയത് മഹാപരാധമാണെന്ന് പറയാതെ വയ്യ. മുസ്ലിം കുടുംബ ഗ്രൂപ്പുകളും മതസംഘടനാ ഗ്രൂപ്പുകളും മഹല്ല് ഗ്രൂപ്പുകളും മദ്രസ്സാ കമ്മിറ്റി ഗ്രൂപ്പുകളും വഴിയാണ് ലീഗ് ഈ ദുർലക്ഷ്യം സാക്ഷാത്കരിച്ചത്. മുസ്ലിംലീഗിൻ്റെ മാരകമായ വിഷലിപ്ത രാഷ്ട്രീയം സാമൂഹ്യമാധ്യമങ്ങളിൽ ആടിത്തിമർത്തു. ലീഗ് ചെയ്ത പാപത്തിന് കൊടുക്കേണ്ടി വരുന്ന വില എത്രയാണെന്ന് കാലത്തിനേ നിശ്ചയിക്കാനാകൂ. പച്ചക്കള്ളങ്ങളും അവാസ്തവങ്ങളും ചെവികളിൽ നിന്ന് ചെവികളിലേക്ക് പടരാൻ സഹായിച്ച സാമുദായിക സംഘടനാ നേതാക്കളും പ്രവർത്തകരും പൊറുക്കാത്ത കുറ്റത്തിനാണ് ചൂട്ടുപിടിച്ചത്. കോൺഗ്രസ്സിലെയും കേരള കോൺഗ്രസ്സിലെയും ക്രൈസ്തവരെ ഉപയോഗിച്ച് സമാനമായ കമ്മ്യൂണിസ്റ്റ് വരുദ്ധ  പ്രചരണം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലും ടീം യു.ഡി.എഫ് വിജയകരമായി നടത്തി. ബി.ജെ.പിയാകട്ടെ ക്ഷേത്ര കമ്മിറ്റി ഗ്രൂപ്പുകളിലും ഹിന്ദു കുടുംബ ഗ്രൂപ്പുകളിലും വിവിധ പേരുകളിലുള്ള ഹൈന്ദവ ഗ്രൂപ്പുകളിലും ഹിന്ദു സമുദായ ജാതി ഗ്രൂപ്പുകളിലും ശബരിമല സ്വർണ്ണപ്പാളി മോഷണം സഖാക്കളാണ് നടത്തിയതെന്ന രൂപത്തിൽ നടത്തിയ ദുഷ്പ്രചരണവും വരാനിരിക്കുന്ന ആപത്തിൻ്റെ ചൂണ്ടുപലകയാണ്. ഇതിനെല്ലാം കോൺഗ്രസ്സിലെ അർധ ബി.ജെ.പി മനസ്സുള്ളവർ തപ്പ് കൊട്ടിക്കൊടുക്കയും ചെയ്തു. 

മതസ്വത്വ രാഷ്ട്രീയത്തിന് തരാതരം അനുസരിച്ച് വർഗീയ രാഷ്ട്രീയത്തിലേക്ക് ഗതിമാറി സഞ്ചരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് കേരളീയ അനുഭവം. മുസ്ലിംസ്വത്വ രാഷ്ട്രീയവും ഹിന്ദുസ്വത്വ രാഷ്ട്രീയവും ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥ നിരീക്ഷിച്ചാൽ അക്കാര്യം ബോദ്ധ്യമാകും. പലപ്പോഴും മതസ്വത്വരാഷ്ട്രീയക്കാർ അവരവർ ഉദ്ദേശിക്കുന്ന മത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടത്തെക്കാൾ അധികാര രാഷ്ട്രീയത്തിനും സാമ്പത്തിക ലാഭത്തിനും  മുൻഗണന നൽകുമ്പോൾ എങ്ങിനെയെങ്കിലും വിജയിക്കുക എന്ന ചിന്ത അവരുടെ മസ്തിഷ്കങ്ങളെ അടപടലം പിടികൂടും.  "ഗോദ"യിൽ ജയിക്കണമെങ്കിൽ ഓരോരുത്തരുടെയും മതസ്വത്വ രാഷ്ട്രീയത്തെക്കാൾ യോജ്യം പച്ചയായ വർഗീയ രാഷ്ട്രീയമാണെന്നു വന്നാൽ അതുണ്ടാക്കുന്ന ദുരന്തം ആർക്കും അനുമാനിക്കാൻ കഴിയില്ല.  ഭൂരിപക്ഷ-ന്യൂനപക്ഷ സ്വത്വരാഷ്ട്രീയക്കാരുടെ പിന്നിട്ട വഴികൾ വിശകലനം ചെയ്താൽ ഏതൊരാൾക്കും നിഷ്പ്രയാസം ഇരുകൂട്ടരും നടത്തിയ ''വഴി തെറ്റിയ സഞ്ചാരം" പെട്ടന്ന് പിടികിട്ടും. മുസ്ലിംലീഗ് ഭരണത്തിലിരിക്കുമ്പോൾ ഒരു "സ്യൂഡോ സെക്കുലർ" അഥവാ കപട മതേതര പാർട്ടിയാകാൻ അവർക്ക് ഒരു മടിയും ഉണ്ടാവാറില്ല. പ്രതിപക്ഷത്താകുമ്പോൾ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവയെക്കാൾ കടുത്ത ന്യൂനപക്ഷ വർഗ്ഗീയതയുടെ വക്താക്കളായും അവർ മാറും. അതിനൊന്നും  യാതൊരു ലജ്ജയും മുസ്ലിംലീഗിനില്ല. ലീഗ് ഭരണപക്ഷത്താകുമ്പോൾ മുസ്ലിങ്ങൾക്കിടയിലെ ന്യൂനപക്ഷ വർഗ്ഗീയ ചേരികൾ സജീവമാകുന്നതും, ലീഗ് പ്രതിപക്ഷത്താകുമ്പോൾ ആ "മുന്നേറ്റ നിര''യുടെ നേതൃസ്ഥാനം ലീഗ് ഏറ്റെടുക്കുന്നതും കേരളം കണ്ടിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവർഷത്തെ മുഖമല്ല വരുന്ന അഞ്ചുവർഷം മുസ്ലിംലീഗിനുണ്ടാവുക. അവർക്ക് വെള്ളാപ്പള്ളി ഇനി ഇഷ്ടക്കാരനാകും. പി.എം ശ്രീ നിസ്സാര വിഷയമാകും. യൂണിവേഴ്സിറ്റികൾ മുഴുവൻ ആർ.എസ്.എസ്സുകാരെ കുത്തിനിറക്കുന്ന ഗവർണറുടെ നടപടി മതസൗഹാർദ്ദത്തിൻ്റെ ചിഹ്നമാകും. വന്ദേമാതരം മുഴുവൻ ആലപിക്കൽ രാജ്യസ്നേഹത്തിൻ്റെ ഉത്തമ മാതൃകയാകും. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ പിന്തുണച്ച് ലേഖനമെഴുതുകയും മോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥൻ കറകളഞ്ഞ മതേതരനാകും. അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രവാചക മാർഗമാകും. തൊപ്പി ധരിക്കാതെ സത്യപ്രതിജ്ഞ ചൊല്ലിയത് മതനിരപേക്ഷതയുടെ മകുടോദാഹരണമാകും. സംഘി ഗവർണ്ണർക്കെതിരെ പ്രതികരിക്കുന്നതും പൊരുതി നിൽക്കുന്നതും കേരളത്തിൻ്റെ വിശാല താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇടുങ്ങിയ ചിന്തഗതിയാകും. മുസ്ലിം പേരുള്ളവരെ സ്വർണ്ണക്കടത്തിൻ്റെ പേരിലോ മയക്കുമരുന്ന് വിൽപ്പനയുടെ പേരിലോ ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചതിൻ്റെ പേരിലോ പോലീസുകാർ അറസ്സു ചെയ്ത് കേസെടുക്കുന്നത് പോലീസിൻ്റെ കൃത്യനിർവഹണത്തിലെ സുവർണ്ണാദ്ധ്യായമാകും. മുനമ്പം ഭൂമി വഖഫല്ലെന്ന് മന്ത്രിസഭ തീരുമാനിച്ചാൽ അത് മതമൈത്രിയുടെ ഉജ്ജ്വല പ്രതീകമാകും. മേൽപറഞ്ഞ കാര്യങ്ങൾ ലീഗ് ഭരണത്തിലല്ലാതെ യാദൃശ്ചികമായി സംഭവിച്ചാൽ,  തികഞ്ഞ മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിക്കും ഹിന്ദുത്വത്തിനും മോദിക്കും മുന്നിലെ കീഴടങ്ങലുമായി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ തെരുവിലിറക്കി സംഘർഷങ്ങൾക്ക് ലീഗ് കോപ്പ് കൂട്ടും.

പാശ്ചാത്യൻ മതേതരത്വവും (Western Secularism) ഇന്ത്യൻ മതേതരത്വവും (Indian Secularism) ലക്ഷ്യത്തിലും പ്രയോഗത്തിലും ചില പ്രധാന വ്യത്യാസങ്ങൾ കാണിക്കുന്നതായി വിലയിരുത്താം. രജനി കോത്താരിയുടെ വീക്ഷണത്തിൽ "പാശ്ചാത്യ മതേതരത്വം മതത്തെ രാഷ്ട്രത്തിൽ നിന്ന് പുറത്താക്കുന്നു. ഇന്ത്യയിൽ പക്ഷെ മതത്തെ ജീവിതത്തിൽ നിന്ന് പുറത്താക്കാൻ കഴിയില്ല. കാരണം, മതം ഇവിടെ വെറും വിശ്വാസം മാത്രമല്ല, ജീവിത രീതിയുമാണ്'' (Politics in India, 1970) രാജീവ് ഭാർഗവയുടെ വാക്കുകൾ കാണുക: ''ഇന്ത്യൻ മതേതരത്വം തത്വത്തിൽ മതങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതാണെങ്കിലും സത്യത്തിൽ ധാർമ്മികമായി എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതുമാണ്" (The Promise of India's Secular Democracy, 2010) ടി.എൻ മദാൻ എഴുതി: "പാശ്ചാത്യ മതേതരത്വം മത വിരുദ്ധമാണ്. ഇന്ത്യൻ മതേതരത്വം മത ബഹുസ്വരമാണ്" (Modern Myths, Locked Minds: Secularism and Fundamentalism in India, 1997). 
മതവും രാഷ്ട്രവും പൂർണമായി വേറിട്ട് നിൽക്കുക  എന്നതാണ് പാശ്ചാത്യൻ മതേതരത്വത്തിൻ്റെ കാതൽ. എല്ലാ മതവിശ്വാസ ധാരകളോടും തുല്യ ബഹുമാനവും നിഷ്പക്ഷ സമീപനവും പുലർത്തലും മതകാര്യങ്ങളിൽ രാഷ്ട്രം ഇടപെടാതിരിക്കലും കർശനമായി പാലിക്കപ്പെടണമെന്നാണ് പാശ്ചാത്യൻ മതേതരത്വം വാദിച്ചത്. മധ്യകാല യൂറോപ്യൻ സഭകളുടെ രാഷ്ട്രീയ ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ഫലമായി രൂപപ്പെട്ട ആശയത്തെയാണ് ലോകം Secularism എന്നു വിളിച്ച് ആഘോഷിച്ചത്. ബഹുമത സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിർത്താനുള്ള ആവശ്യത്തിൽ നിന്ന് വികസിച്ച ആലോചനയാണത്. മതം തീർത്തും വ്യക്തിപരമായ കാര്യമായാണ് പാശ്ചാത്യ മതേതരത്വം കരുതുന്നത്. മതസ്വാതന്ത്ര്യം ഉറപ്പാക്കി എല്ലാ മതങ്ങളെയും അത് അംഗീകരിക്കുന്നു.
 "Separation of Church and State" എന്നതാണ് യൂറോപ്പൻ മതേതരത്വത്തിൻ്റെ ഉൾക്കാമ്പെങ്കിൽ സർവ്വമത സഹോദര്യം അഥവാ "Sarva Dharma Sama Bhava" മാണ് ഇന്ത്യൻ മതേതരത്വത്തിൻ്റെ ആധാരം. അശോക ചക്രവർത്തിയുടെ ശിലാഫലകങ്ങളിൽ കൊത്തിവെച്ച സർവമത സാഹോദര്യമാണ് അതിൻ്റെ അന്തസ്സത്ത. രാഷ്ട്രവും മതസ്ഥാപനങ്ങളും പരസ്പരം സ്വതന്ത്രമായിരിക്കണം എന്ന് ഇന്ത്യൻ സെക്യുലരിസം അഭിപ്രായപ്പെടുന്നു. സർക്കാർ ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ പാടില്ലെന്നും അത് നിഷ്കർഷിക്കുന്നു. ഒരു മതത്തെയും ഇന്ത്യ ഔദ്യോഗിക മതമായി അംഗീകരിക്കാത്തത് ശ്രദ്ധേയമാണ്. എല്ലാ മതങ്ങൾക്കും തുല്യ അവകാശവും സംരക്ഷണവും ഭരണഘടന ഉറപ്പ് വരുത്തുന്നത് പ്രതീക്ഷാനിർഭരമാണ്. സാമൂഹിക നീതിയും സമത്വവും ലക്ഷ്യംവെച്ച്  സർക്കാർ കൊണ്ടുവരുന്ന സാമൂഹ്യ പരിഷ്കരണ നിയമങ്ങൾ വരുമ്പോൾ മതകാര്യങ്ങളിൽ ഗവൺമെൻ്റിന് ഇടപെടാമെന്നും ഇന്ത്യൻ മതേതരത്വം  അർത്ഥമാക്കുന്നു. ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം ഉറപ്പാക്കാനും ഹൈന്ദവ സമുദായത്തിൽ നിന്നുള്ള യോഗ്യരായ പൂജാരികളെ ജാതി നോക്കാതെ ദേവസ്വം വക ക്ഷേത്രങ്ങളിൽ നിയമിക്കാനും സർക്കാർ ഇടപെട്ട് നിയമം കൊണ്ടുവന്നത് സ്മരണീയമാണ്. മുത്തലാഖ് വിഷയത്തിലെ നിയമനിർമ്മാണവും കൃസ്ത്യൻ സ്വത്തവകാശ നിയമത്തിൽ വരുത്തിയ ഭേദഗതിയും ഇതോടൊപ്പം ചേർത്തു വായിക്കാം. പാശ്ചാത്യ മതേതരത്വം "മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവ്" എന്ന ആശയത്തെ മുൻനിർത്തുമ്പോൾ, ഇന്ത്യൻ മതേതരത്വം "എല്ലാ മതങ്ങളോടും തുല്യ ബഹുമാനവും സംരക്ഷണവും" എന്ന ആശയത്തെയാണ് മുന്നിൽ നിർത്തുന്നത്. അതിനാൽ ഇന്ത്യൻ മതേതരത്വം മതങ്ങളിൽ നിന്ന് പൂർണ അകലം പാലിക്കുന്നതല്ല; പകരം, എല്ലാ മതങ്ങളോടും നിഷ്പക്ഷവും സമത്വപൂർണവുമായ സമീപനമാണ് സ്വീകരിക്കുന്നത്.

സ്വത്വരാഷ്ട്രീയവും മതനിരപേക്ഷതയും തമ്മിൽ സമതുലനം നിലനിർത്തുക എന്നത് ജനാധിപത്യ രാജ്യങ്ങൾക്ക് പ്രധാന വെല്ലുവിളിയായി മാറുമെന്നതിൽ തർക്കമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ ജനാധിപത്യം ശക്തിപ്പെടുകയില്ല. അതേസമയം, സ്വത്വരാഷ്ട്രീയം അമിതമായി വളർന്നാൽ സാമൂഹിക ഐക്യം ദുർബലമാവുകയും ജനങ്ങൾക്കിടയിലെ ഭിന്നത രൂക്ഷമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ മതനിരപേക്ഷത ഒരു മധ്യമ മാർഗമായി സ്വീകരിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ അവകാശവും സംരക്ഷണവും ഉറപ്പുവരുത്തി മുന്നോട്ടു പോകലാണ് മതേതര വിശ്വാസികൾക്ക് കരണീയമായിട്ടുള്ളത്. ആരോഗ്യകരമായ ജനാധിപത്യ സമൂഹത്തിൽ വ്യക്തികളുടെ സ്വത്വങ്ങൾ അംഗീകരിക്കപ്പെടണം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. മതസ്വാതന്ത്ര്യം ഉറപ്പാക്കപ്പെടണം. പൊതുനന്മയും ദേശീയ ഐക്യവും നിലനിർത്തണം.
ലോകസാഹചര്യത്തിൽ സമൂഹം, സ്വത്വരാഷ്ട്രീയം, മതനിരപേക്ഷത എന്നിവ പരസ്പര ബന്ധിതമായ ആശയങ്ങളാണ്. സന്തുലിത സ്വത്വരാഷ്ട്രീയം സാമൂഹ്യനീതിക്കും അംഗീകാരത്തിനും വഴി ഒരുക്കുമ്പോൾ, മതനിരപേക്ഷത വൈവിധ്യമാർന്ന സമൂഹങ്ങളിൽ സമത്വവും സഹവർത്തിത്വവും ഉറപ്പ് വരുത്തുന്നു. ആഗോളവൽക്കരണവും സാമൂഹിക മാറ്റങ്ങളും ശക്തമാകുന്ന ഇന്നത്തെ ലോകത്ത് ഈ മൂല്യങ്ങൾ തമ്മിലുള്ള Balance അഥവാ സന്തുലിതത്വം നിലനിർത്തലാണ് ജനാധിപത്യ സമൂഹങ്ങളുടെ ഏറ്റവും വലിയ കടമ. മനുഷ്യാവകാശങ്ങൾ, സമത്വം, സഹിഷ്ണുത, സാമൂഹിക ഐക്യം എന്നിവയെ ബഹുമാനിച്ചുകൊണ്ടുള്ള സമീപനത്തിലൂടെ മാത്രമേ സമാധാനപരമായ സഹവർത്തിത്വം ഏതൊരു സമൂഹത്തിലും രാജ്യത്തും രൂപപ്പെട്ട് വരൂ. ആ വഴിയിലൂടെയുള്ള യാത്ര ദുഷ്കരമാകും. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് അടിയും ഇടിയും ജയിൽവാസവും അവസാനം വീരമൃത്യുവും ഏറ്റുവാങ്ങിയവരുടെ പിൻമുറക്കാരായ പോരാളികൾക്കു മാത്രമേ അതിനു കഴിയൂ. സഖാവ് ഇ.എം.എസിൻ്റെ ദീപ്തമായ ഓർമ്മകൾ അതിനു പ്രചോദകമാകട്ടെ എന്നാശിച്ചു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

(2026 ജൂൺ 13, 14 തിയ്യതികളിൽ അരീക്കോടു വെച്ചു നടന്ന ''ഇ.എം.എസിൻ്റെ ലോകം'' സെമിനാറിൽ 14-ന് ഞായറാഴ്ച അവതരിപ്പിച്ച പ്രബന്ധം)


No comments:

Post a Comment