നമ്മുടെ സമൂഹത്തിലുള്ള ഓരോ കുടുംബത്തിന്റെയും താങ്ങും തണലുമായിരുന്നവരാണ് വയോജനങ്ങൾ. ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന എല്ലാ പുരോഗതിക്കും പിന്നിൽ അവരുടെ നിരന്തരമായ കഠിനാധ്വാനം കൂടിയുണ്ട്. പ്രായമായതിന്റെ പേരിൽ അത്തരം വ്യക്തികളെ ഒരിക്കലും മാറ്റിനിർത്താൻ പാടില്ല. പകരം അവര്‍ക്ക് ഉചിതമായ നിലയിലുള്ള ആദരവും മാന്യമായ സ്ഥാനവും ആരോഗ്യ-മാനസിക പരിചരണവും ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തിന്റെ ആരോഗ്യരംഗത്തെ മികവുകൾ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പുരോഗതി കൈവരിച്ചതുകൊണ്ട് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ച നിലയിൽ തുടരുകയാണ്. പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലും സാമൂഹികക്രമങ്ങളിലും കുടുംബങ്ങൾക്ക് നൽകിയിരുന്ന സാമൂഹികസുരക്ഷാ സമ്പ്രദായരീതി വളരെ പ്രശസ്തമാണ്. മുതിർന്നവർ അവരുടെ കുടുംബത്തിലും അയൽക്കാരുടെ ഇടയിലും സമൂഹത്തിലും ആദരിക്കപ്പെട്ടിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ ഈ സംവിധാനം ഏകദേശം പൂർണ്ണമായും ഇല്ലാതാകുകയും മുതിർന്നവരെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമാവുകയും ചെയ്തു. ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന പ്രക്രിയയായ വാർദ്ധക്യത്തിൽ വെല്ലുവിളികളും അവസരങ്ങളും ഒരുപോലെ പ്രദാനം ചെയ്യുന്നു. പൊതുമേഖലയിൽ പ്രതിരോധ, രോഗചികിത്സ, സാന്ത്വന പരിചരണ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് കേരളം പൊതുവായി ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിക്കും വേണ്ട ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ജനകേന്ദ്രീകൃത ആരോഗ്യ വിതരണ സംവിധാനത്തിലൂടെ ഉറപ്പാക്കാന്‍ പുതിയ നയങ്ങളും പദ്ധതികളും തുടർ പ്രവർത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. ആരോഗ്യകരമായ വാർദ്ധക്യം എന്നത് ജീവിതത്തിലുടനീളം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുമുഖ പ്രക്രിയയാണ്. ആളുകൾക്ക് പ്രായമേറുമ്പോൾ അവരുടെ പ്രവർത്തനപരമായ കഴിവുകൾ നിലനിർത്താനും സ്വതന്ത്രമായി ജീവിക്കാനും സമൂഹത്തിൽ അർത്ഥപൂർണ്ണമായ നിലയിൽ ഇടപഴകാനും കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
‘പ്രായം കേവലം ഒരു നമ്പർ’ മാത്രമാണെന്ന് എപ്പോഴും പറയാറുണ്ട്. ഒരു വ്യക്തിയുടെ കഴിവുകളെയോ സാധ്യതകളെയോ അനുഭവങ്ങളെയോ നിർവചിക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗമായി മാത്രമാണ് ഇതിനെ പരിഗണിക്കേണ്ടത്. കാലക്രമത്തെ അടിസ്ഥാനമാക്കിയാണ് എല്ലാക്കാലത്തും പ്രായത്തെ നിർവചിക്കാറുള്ളത്. 55‐-65 എന്ന വയസ്സ് പൊതുവേ ഇന്ത്യയിൽ ‘വിരമിക്കൽ പ്രായം’ കൂടിയാണ്. ഒരു വ്യക്തിക്ക് തന്റെ കർമ്മ മണ്ഡലങ്ങളിൽ നിന്ന് വിശ്രമത്തിനായി അനുവദിക്കപ്പെടുന്ന വിരമിക്കൽ കാലഘട്ടത്തെ മുതിർന്ന പ്രായമായി രാജ്യത്ത് കണക്കാക്കിപ്പോരുന്നു. എന്നാൽ വികസിത രാജ്യങ്ങളിൽ പ്രായത്തിനപ്പുറം വ്യക്തികൾക്ക് ആരോഗ്യമുള്ള കാലമത്രയും താൽപര്യമുള്ള മേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ട്. ചുരുക്കത്തിൽ പ്രായം എന്ന പദത്തിന് സാമൂഹികമായ അർഥങ്ങൾ നിർവചിച്ചു നൽകുന്നത് വ്യക്തികൾ കൈകാര്യം ചെയ്യുന്ന സാമൂഹികമായ പ്രവർത്തനങ്ങളുടെ പങ്കിനെ ആസ്‌പദമാക്കിയാണ്. പ്രായത്തിന്റെ അതിരുകൾക്കപ്പുറം കർമ്മനിരതർ ആയിരിക്കുന്നവരെ നാം ഒരിക്കലും കേവലം അക്കങ്ങളുടെ പേരിൽ തളച്ചിടുവാൻ പാടില്ല. മറിച്ച് അവർ സദാ പ്രസരിപ്പോടെ സാമൂഹികമായ പ്രക്രിയകളിൽ ഏർപ്പെട്ടു കൊണ്ട് സജീവ ജീവിതം നയിക്കാൻ അവസരം ഒരുക്കണം. കുറഞ്ഞ മരണനിരക്കും മുതിർന്ന വ്യക്തികളുടെ അതിജീവന നിരക്കിൽ ഉണ്ടായ വർധനവും വൈദ്യശാസ്ത്ര മേഖലയുടെ മികച്ച നേട്ടമാണ്. എന്നാൽ പ്രത്യുൽപാദന നിരക്കിൽ ഉണ്ടാകുന്ന കുറവ് കണക്കാക്കുമ്പോൾ ‘പോപ്പുലേഷൻ ഏജിങ്’ ആകെ ജനസംഖ്യയിൽ കാര്യമായി പ്രതിഫലിക്കുന്നു എന്നു കാണാം. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്ത് 2050-ൽ 60 വയസ്സുള്ളവർ 200 കോടിയിലും, 80 വയസ്സ് കഴിഞ്ഞവർ 45 കോടിയിലും അധികമാകാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കുന്നു. ഇപ്പോൾ തന്നെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. ഇങ്ങനെ ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം പെരുകുമ്പോൾ വികസന പ്രക്രിയകളുടെ താളം തെറ്റും. രാജ്യങ്ങളുടെ സമ്പദ്ഘടന, ആരോഗ്യം, സാമൂഹികരംഗം എന്നിവിടങ്ങളിൽ കാര്യമായി ബാധിക്കുന്ന ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാൻ സുസജ്ജമാകുകയാണ് ലോക രാജ്യങ്ങളുടെ മുന്നിലുള്ള പ്രധാന പോംവഴി.
2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ ഏകദേശം 30% ത്തോളം 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആയിരിക്കും എന്നാണ് പൊതുവിലുള്ള അനുമാനം. പ്രായമായവരുടെ ക്ഷേമവും പരിപാലനവും ഉറപ്പാക്കാൻ സമഗ്രമായ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. വാർദ്ധക്യത്തിൽ ആരോഗ്യവും ശാരീരിക ക്ഷമതയും നില നിർത്തുന്നത് വ്യക്തിഗതമായും സാമൂഹികവും സാമ്പത്തികവുമായ ഭാരം കുറയ്ക്കുന്നതിന് നിർണ്ണായകമാണ്. പ്രായമായ വ്യക്തികളെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുന്നതിന് മാത്രമല്ല ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു. വാർദ്ധക്യം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ശാരീരിക ക്ഷമതയെയും ബാധിക്കുന്ന സങ്കീർണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളെയാണ് ഉൾക്കൊള്ളുന്നത്. ശാരീരികമായ അവലോകനം നടത്തുമ്പോൾ പേശികളുടെ പിണ്ഡവും അസ്ഥികളുടെ സാന്ദ്രതയും കുറയുകയും ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആകുകയും ചെയ്യുന്നു. ഇതോടൊപ്പം രോഗപ്രതിരോധ ശേഷിയും ക്രമേണ കുറയുന്നു. പ്രായമായ വ്യക്തികളുടെ വൈജ്ഞാനിക ഉണർവിൽ താരതമ്യേന കുറവ് സംഭവിക്കുകയും ഉല്‍ക്കണ്‌ഠ, വിഷാദം തുടങ്ങിയ വെല്ലുവിളികൾ ക്രമേണ ഉണ്ടാവുകയും ചെയ്യുന്നു. പ്രവർത്തന മേഖലയിൽ നിന്നുള്ള വിരമിക്കൽ, ഒറ്റപ്പെടൽ, പ്രിയപ്പെട്ടവരുടെ മരണം, അസുഖം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം നിലവിലുള്ള സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
കേരളത്തെ സംബന്ധിച്ച് 2040 ആകുമ്പോഴേക്കും ആകെ ജനസംഖ്യയുടെ 40% വയോജനങ്ങൾ ആയിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. 14 വയസ്സിന് താഴെയുള്ളവർ 20-ൽ നിന്ന് 17 ശതമാനമായി കുറയുകയും ചെയ്യും. സാമൂഹിക സുരക്ഷയിലും ക്ഷേമപദ്ധതികളിലും ഭാവിയിൽ എന്തൊക്കെ നാം കരുതിയിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷന്റെ കാര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് കേരളം. ഇന്ന് സംസ്ഥാനത്തെ 50 ലക്ഷത്തോളം പേർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്. കർഷകതൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ തുടങ്ങി ഒട്ടേറെ പെൻഷൻ സ്‌കീമുകൾ സംസ്ഥാനത്തുണ്ട്.
വയോജന സൗഹൃദമായി സംസ്ഥാനത്തുള്ള രണ്ട് പ്രധാന പദ്ധതികളാണ് വയോമിത്രവും പകൽവീടും. സാമൂഹിക സുരക്ഷാ മിഷന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ചിട്ടുള്ളതാണ് വയോമിത്രം പദ്ധതി. മുതിർന്ന പൗരരുടെ ആരോഗ്യ പരിപാലനമാണ് വയോമിത്രം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2016-ൽ ഇത് ആരംഭിക്കുമ്പോൾ, രണ്ട് ജില്ലകളിൽ മാത്രമാണ് നടപ്പാക്കിയതെങ്കിലും പിന്നീട് മറ്റ് 12 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വയോജനങ്ങളുടെ മാനസികാരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ചതാണ് പകൽ വീട്. സംഗീതം, ചെസ്സ്, ടെലിവിഷൻ, പത്രം, ആനുകാലികങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളോടൊപ്പം ഡോക്‌ടറുടെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം കൂടി നൽകുന്നതാണ് തൃശ്ശൂരിൽ ആരംഭിച്ച പകൽ വീടെന്ന പദ്ധതിയുടെ ആശയം.
ഇന്ത്യയിൽ പ്രായം ചെന്നവരിൽ 75 ശതമാനത്തിൽ അധികവും സ്വന്തം കുടുംബങ്ങളിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഉള്ള അവഗണനകൾക്ക് വിധേയമായി പീഡനങ്ങൾ അനുഭവിക്കുന്നുവെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൗതികമായ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും പ്രായം ചെന്നവരിൽ പലർക്കും ലഭിക്കുന്നുണ്ടെങ്കിലും അവരെ പരിചരിക്കുവാനോ അവരോട് സംസാരിക്കുവാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനോ അടുത്ത ബന്ധുക്കൾ പോലും തയ്യാറാവുന്നില്ല. പണം മാത്രം കൊടുത്താൽ മതി എന്ന് ചിന്തിക്കുന്ന പുതു തലമുറ മുതിർന്നവരോടൊപ്പം സമയം ചെലവഴിക്കാനോ അവരുടെ ആവശ്യങ്ങൾ അറിയാനോ താൽപര്യം കാണിക്കുന്നില്ല. അത്യാവശ്യം ജീവിത സൗകര്യങ്ങളായി കഴിഞ്ഞാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ഭാര്യയും മക്കളുമായി കഴിയുന്ന അണുകുടുംബ വ്യവസ്ഥ മുതിർന്നവർ ഒറ്റപ്പെടാൻ കാരണമാകുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ചില ഗ്രാമപ്രദേശങ്ങളിലെ പ്രായം ചെന്നവർ അനുഭവിക്കുന്ന സന്തോഷം അണു കുടുംബങ്ങളിലേക്ക് മാറിയ നഗരവൽകൃത സമൂഹത്തിലെ മുതിർന്നവർക്ക് അനുഭവവേദ്യം ആകുന്നില്ല. ആരോഗ്യകരമായ പ്രായമേറലിലും വാർധക്യത്തിലും ശാരീരിക ക്ഷമതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും നിശ്ചിത സമയം സ്ഥിരമായി വ്യായാമത്തിനായി പ്രയോജനപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. പ്രമേഹം, രക്തസമ്മർദം, ഓസ്റ്റിയോ പോറോസിസ് ഉൾപ്പെടെയുള്ള രോഗങ്ങളെ തടയുവാനും നിയന്ത്രിക്കുവാനും ഇതിലൂടെ കഴിയുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം പ്രായമായവർ ഓരോ ആഴ്ചയിലും ഏറ്റവും കുറഞ്ഞത് 150 മിനിറ്റ് എങ്കിലും മിതമായ തീവ്രതയുള്ള ഏയ്റോബിക് പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന നിർദേശമുണ്ട്. ഇത് അവരുടെ ചലനശേഷി കൂടുതൽ മെച്ചപ്പെടുത്തുകയും തളർന്നു വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന ആരോഗ്യദൈർഘ്യവും പുരോഗമന കാഴ്ചപ്പാടുമുള്ള ഏഷ്യൻ രാജ്യമായ ജപ്പാനിൽ ആരംഭിച്ചിട്ടുള്ള റേഡിയോ ടൈസോ എന്ന പേരിലുള്ള മുതിർന്നവരുടെ സാമൂഹിക ഫിറ്റ്നസ് പ്രോഗ്രാമിന് വൻ ജനപ്രീതിയാണ് ഉണ്ടായിട്ടുള്ളത്. ഇതിലൂടെ അവതരിപ്പിക്കുന്ന വളരെ ഹ്രസ്വവും ലളിതവുമായ വ്യായാമമുറകൾ പ്രായമായ വ്യക്തികളെ ഓരോ ദിവസവും സജീവമായി നിലനിർത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
പ്രായമായ എല്ലാ വ്യക്തികൾക്കും ഒരേ രീതിയിലുള്ള ഫിറ്റ്നസ് രീതികളോ പ്രവർത്തനങ്ങളോ ആയിരിക്കില്ല നൽകേണ്ടത്. ഓരോരുത്തരുടെയും ആരോഗ്യ നിലവാരം വ്യത്യസ്തം ആയതിനാൽ വ്യക്തിഗതമായ നിലയിലുള്ള കായികക്ഷമതാ പ്രവർത്തനങ്ങളാണ് നൽകേണ്ടത്. തീവ്രത കുറഞ്ഞ എയ്റോബിക് വ്യായാമങ്ങളും യോഗ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നൽകുന്നതിലൂടെ വഴക്കവും ശക്തിയും സന്തുലനാവസ്ഥയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഓരോരുത്തരുടെയും കഴിവുകൾ മുൻകൂറായി മനസ്സിലാക്കിയതിനു ശേഷം അനുയോജ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നതാകും ഏറെ ഉചിതം. ഓരോ വ്യക്തിയുടെയും ഊർജനില, രോഗപ്രതിരോധശേഷി, പൊതുവായ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് വ്യത്യസ്ത പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. പ്രായമായവർക്ക് അവരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾക്ക് അനുസരിച്ച് അനുയോജ്യമായ നിലയിലുള്ള ഭക്ഷണക്രമം രൂപപ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ള സ്ഥിതി പരിശോധിക്കുമ്പോൾ പ്രായമായ മിക്ക വ്യക്തികളിലും പോഷകാഹാര കുറവ് ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നുണ്ട്. വിശപ്പ് കുറയുക, ക്ഷീണം, സാമ്പത്തികമായ പ്രശ്നങ്ങൾ എന്നിവ കാരണം പലരും കൃത്യമായ നിലയിൽ ഭക്ഷണം കഴിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ഇത് ശരീരത്തിന് ഏറെ ദോഷകരമായാണ് ബാധിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ കേരളത്തിൽ വളരെ സജീവമായി നടന്നിരുന്ന കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെ എല്ലാ വിഭാഗം ആളുകൾക്കും സുലഭമായ നിലയിൽ ഭക്ഷണം വിതരണം ചെയ്യുവാൻ സാധിച്ചിരുന്നു. സമാനമായ നിലയിലുള്ള സാമൂഹിക ഭക്ഷണ വിതരണ പരിപാടികളും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും ഇത്തരം വെല്ലുവിളികളെ നേരിടുവാൻ സഹായിക്കുന്നു. ചില പുരോഗമന രാജ്യങ്ങളിൽ നടപ്പിലാക്കിവരുന്ന ‘മീൽസ് ഓൺ വീൽസ്’ എന്ന സാമൂഹിക പരിപാടിയിലൂടെ സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്നവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനു സാധിക്കുന്നു.
പ്രായമേറിയ ആളുകൾക്ക് ശാരീരികമായ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികമായ ആരോഗ്യവും വൈജ്ഞാനികമായ ക്ഷമതയും നിലനിർത്തുക എന്നുള്ളത്. ഇതിനായി ഒഴിവുള്ള സമയങ്ങളിൽ വായന, പുതിയ കാര്യങ്ങളെ മനസ്സിലാക്കൽ, പുതിയ നൈപുണികൾ സ്വാംശീകരിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ സമയം കണ്ടെത്തേണ്ടതുണ്ട്. പുതിയ കഴിവുകൾ പഠിക്കുന്നതിലൂടെ വൈജ്ഞാനിക പ്രവർത്തനശേഷി നിലനിർത്തുവാനും ഡിമെൻഷ്യ പോലുള്ള അവസ്ഥകളുടെ ആരംഭം വൈകിപ്പിക്കുവാനും സാധിക്കുന്നു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ബ്രെയിൻ ജിം എന്ന പേരിൽ ആരംഭിച്ചിട്ടുള്ള നൂതന സംരംഭം പ്രായമായ വ്യക്തികളെ മാനസികമായി ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് അവരുടെ ഓർമ്മ വർധിപ്പിക്കുവാനും ആജീവനാന്ത പഠനശേഷിയും വൈജ്ഞാനിക പ്രതിരോധശേഷിയും വളർത്തുന്നതിനും സഹായിക്കുന്നു. പ്രായമായ ആളുകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഏകാന്തതയും ഒറ്റപ്പെടലും കാര്യമായ സംഭാവന നൽകുന്നു. ഈ പ്രശ്നങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് സാമൂഹിക ബന്ധങ്ങളും മാനസികാരോഗ്യ സേവനങ്ങളും നിരന്തരം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി അനുയോജ്യമായ കൗൺസിലിങ് സംവിധാനങ്ങളും നിരന്തര പിന്തുണ നൽകുന്ന സന്നദ്ധ സേവകരുടെ സഹായവും എപ്പോഴും ആവശ്യമാണ്. ഇവർക്ക് സമൂഹത്തിൽ ഇടപെടുവാനും സാമൂഹികമായ പ്രവർത്തനങ്ങളിൽ വ്യാപൃതർ ആകുവാനുമുള്ള അവസരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. സമൂഹത്തിലെ വിവിധ പ്രായത്തിലുള്ള ആളുകളുമായി ഇടപഴകാനും ബന്ധം സ്ഥാപിക്കുവാനും അവസരം ഒരുക്കണം. പ്രായമായവരെയും ചെറുപ്പക്കാരെയും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിലൂടെ തലമുറകൾ തമ്മിലുള്ള വിടവ് നികത്തുന്നതിനും സാധിക്കുന്നു. ഇത്തരം പ്രോഗ്രാമുകളിലൂടെ പ്രായഭേദം കുറയ്ക്കുവാനും വൈകാരിക പിന്തുണ കൂടുതൽ ഉറപ്പു വരുത്തുവാനും ലക്ഷ്യബോധം ഉണ്ടാക്കുവാനും കഴിയുന്നു.
1982ൽ വിയന്നയിൽ നടന്ന ആഗോള വയോജന സമ്മേളനം മുതിർന്ന പൗരരുടെ ആരോഗ്യം, സംരക്ഷണം, പാർപ്പിടം, സാമൂഹിക ഉന്നമനം, തൊഴിൽ, വിദ്യാഭ്യാസം, വരുമാനം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളിലും ദേശീയ വികസനത്തിലും ക്രിയാത്മകമായി അവരെ എങ്ങനെ പങ്കെടുപ്പിക്കണം എന്നതിനെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നിരുന്നു. ഇതിനായി സർക്കാരുകളുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിക്കണം എന്നുൾപ്പെടെ പന്ത്രണ്ടോളം നിർദേശങ്ങളാണ് സമ്മേളനം മുന്നോട്ടു വച്ചത്. ഇതിനായി ഒരു ഫോറം രൂപവൽക്കരിക്കുക എന്ന നിർദേശം ഉൾപ്പെടെ യു.എൻ. പിന്നീട് അംഗീകരിച്ചു. തുടർന്ന് 1990 ഡിസംബർ 14ന് യു.എൻ. ജനറൽ അസംബ്ലി ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. മുതിർന്ന പൗരരെയും വാർധക്യത്തെയും കുറിച്ച് പൊതുസമൂഹത്തിനുള്ള ആശങ്കകളും തെറ്റായ ധാരണകളും പരിഹരിക്കുകയും അവബോധം നൽകുകയും ചെയ്യുക, വികസന പ്രക്രിയകളിൽ അവരുടെ സാധ്യതകൾ തിരിച്ചറിയാൻ സമൂഹത്തിന് അവസരം നൽകുക എന്നിവയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രായമായവരിൽ ആരോഗ്യകരമായ വാർധക്യം, സജീവമായ ജീവിതശൈലി, സാമൂഹിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കൂടെ പ്രായത്തിന് അനുയോജ്യമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സിംഗപ്പൂരിൽ സജീവ വാർധക്യ മാസ്റ്റർപ്ലാൻ എന്ന സമഗ്ര പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രായത്തിന് അനുയോജ്യമായ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കൽ, ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കൽ, പുതിയ വയോജന കമ്മ്യൂണിറ്റികൾ രൂപീകരിക്കൽ എന്നിവയാണ് ഇവിടെയുള്ള പ്രധാന സംരംഭങ്ങൾ. സമാനമായ നിലയിൽ പ്രായമായവരുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി അമേരിക്ക, ജപ്പാൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വിവിധ പദ്ധതികൾ നടന്നു വരുന്നുണ്ട്. പ്രായമായ വ്യക്തികളുടെ താൽപര്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നയങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതികളെല്ലാം പ്രവർത്തിച്ചു വരുന്നത്.
ഒരു സമൂഹത്തിന്റെ അമൂല്യ ഉറവിടങ്ങളായ വയോജനങ്ങളുടെ വൈവിധ്യമാർന്ന ശേഷികൾ, അമൂല്യമായ ജ്ഞാനം എന്നിവ സമന്വയിപ്പിക്കുമ്പോൾ അത് ജ്ഞാന സമൂഹ സൃഷ്ടിക്ക് നിർണ്ണായക സ്വാധീനമുണ്ടാക്കും. അവരുടെ ജീവിതാനുഭവം, വിജ്ഞാനം, ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പുതു സമൂഹത്തിന് വളരെ വിലപ്പെട്ട സംഭാവന നൽകുന്നു. ദീർഘകാല ജീവിതാനുഭവത്തിലൂടെ സമ്പാദിച്ച അറിവ്, കഴിവ്, ശേഷി, നൈപുണികൾ എന്നിവ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ കഴിയുന്നതോടൊപ്പം സമൂഹത്തിലുള്ള മൂല്യങ്ങൾ, സംസ്കാരം എന്നിവയെ സംരക്ഷിക്കുന്നതിലും പുതുതലമുറയിൽ ഇവ വളർത്തിയെടുക്കുന്നതിലും ഇവർ പ്രധാന പങ്ക് വഹിക്കുന്നു. സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക സേവനം എന്നിവയിൽ സജീവമായി പങ്കെടുക്കുന്നതിലൂടെ സാമൂഹിക വികസനത്തിന് നിസീമമായ സംഭാവന നൽകാനും ഇവർക്ക് സാധിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ഇവർക്ക് കഴിയുന്നു. അറിവ് പങ്കുവയ്ക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള നൂതന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുകയും വിദ്യാലയങ്ങൾ, ആശുപത്രികൾ, സാമൂഹിക സേവന സംഘടനകൾ എന്നിവിടങ്ങളിൽ സന്നദ്ധ സേവനം നടത്താനുള്ള അവസരങ്ങളും ഒരുക്കണം. പുതിയ കഴിവുകൾ പഠിക്കാനും തങ്ങളുടെ അറിവ് വികസിപ്പിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുകയും ആരോഗ്യ സംരക്ഷണം, സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയും വേണം.
കേരളത്തിൽ നിലവിൽ സർക്കാർ സേവനത്തിലുള്ള വിരമിക്കൽ പ്രായം 56 വയസ്സാണ്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത് 60 ആണ്. പ്രായമാകൽ വ്യക്തികളുടെ പ്രവർത്തന ജീവിതം കുറയ്ക്കുന്നു. കേരളത്തിൽ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിനാൽ അവർക്ക് സുഖപ്രദമായ ജീവിതം നയിക്കാൻ കഴിയും. ഈ അനുഭവ സമ്പന്നരായ മനുഷ്യ ശക്തിയെ ശരിയായി വിന്യസിക്കുന്നത് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സാധ്യതയാണ്. പ്രായപൂർത്തിയായവർ തിരക്കുപിടിച്ചു ജോലിയിൽ ഏർപ്പെടുമ്പോഴും ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർ അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും സ്ഥാപനപരമായ അറിവിന്റെയും ഒരു സംഭരണശാലയാണ്. അവരുടെ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനും മെച്ചപ്പെടുത്താനുമുള്ള വഴികൾ ഒരേസമയം വാഗ്ദാനം ചെയ്യുന്നതോടൊപ്പം സാമൂഹികവും സംഘടനാപരവുമായ നേട്ടങ്ങൾക്കായി അവരുടെ കഴിവുകൾ ഫലപ്രദമായി വിനിയോഗിക്കാനും ആകണം. ഘടനാപരമായ പ്രവർത്തനങ്ങളിൽ ഇത്തരം വ്യക്തികളുടെ സജീവമായ പങ്കാളിത്തം മെച്ചപ്പെട്ട ചലനശേഷി ഉറപ്പാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട അനാരോഗ്യ അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അവർ ഏറ്റെടുക്കുന്ന പുതിയ ഉത്തരവാദിത്വങ്ങളും ആയി ബന്ധപ്പെട്ട നടത്തം, യാത്രകൾ, എന്നിവ ശാരീരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അത്തരം ജോലി ഇല്ലാതിരുന്നവർക്കും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പെൻഷനും വിരമിക്കലും ഇല്ല. ചില വിഭാഗങ്ങളിൽ പെൻഷനായി നാമമാത്രമായ തുക മാത്രം ലഭിക്കുന്നത് അവരുടെ മെഡിക്കൽ ആവശ്യകതയ്‌ക്കു പോലും തികയാറില്ല. വികസിത രാജ്യങ്ങളിൽ സാമൂഹികസുരക്ഷാ സംവിധാനം വളരെ ശക്തമായതു കൊണ്ട് വാർധക്യത്തിൽ അവർക്ക് വിഷമിക്കേണ്ട കാര്യമില്ല. മുതിർന്നവരെ സംബന്ധിച്ചിടത്തോളം പതിവായുള്ള ആരോഗ്യ പരിശോധനകളും വാക്സിനേഷനുകളും ഭാവിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള ഗുരുതരമായ രോഗങ്ങൾ തടയുന്നതിൽ സഹായിക്കും. കേരളത്തിലെ പൊതു അവസ്ഥ പരിശോധിക്കുമ്പോൾ പൊതുജനാരോഗ്യ മേഖലയിൽ വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ പരിചരണം, കിടപ്പു രോഗികളെ കാണുന്നതിനു വേണ്ടിയുള്ള ഗൃഹസന്ദർശനം, മറ്റ് പുനരധിവാസ സേവനങ്ങൾ എന്നിവയുൾപ്പെടെ നൽകുന്നത് ഇത്തരം ആളുകൾക്ക് ആശ്വാസം പകരും. ലോകത്ത് വളരെ പ്രചാരം നേടിയിട്ടുള്ള ടെലിമെഡിസിൻ സംവിധാനം ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. അതോടൊപ്പം ശാരീരിക അവസ്ഥ കൃത്യമായി നിരന്തരം മനസ്സിലാക്കുന്നതിനു വേണ്ടി ശരീരത്തിൽ ധരിക്കാവുന്ന ഉപകരണങ്ങളും ഇന്ന് ആരോഗ്യ മേഖലയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇത്തരം ആധുനികമായ ഉപകരണങ്ങൾ തത്സമയ നിരീക്ഷണത്തിനും തുടർ കൺസൾട്ടേഷനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. പരിമിതമായ നിലയിൽ ചലന ശേഷിയുള്ളവർക്ക് ഇത്തരം ഉപകരണങ്ങളുടെ സഹായം ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ഗുണ നിലവാരമുള്ള ആരോഗ്യ പരിരക്ഷയും ഫിറ്റ്നസ് പ്രോഗ്രാമുകളും പ്രായമായ വ്യക്തികൾക്ക് നൽകുന്നതിൽ കേരളം പോലുള്ള സംസ്ഥാനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ പരിശോധിക്കുമ്പോൾ അവിടെയുള്ള വയോജനങ്ങളുടെ പരിപാലനം വളരെ ദുഷ്കരമാണ്. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി എല്ലാ പ്രദേശത്തും വയോജനക്ലബ്ബുകൾ രൂപീകരിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ, സ്നേഹസല്ലാപം, ദിനാചരണങ്ങൾ, ജന്മദിനാഘോഷങ്ങൾ, സ്നേഹയാത്ര എന്നിവ പോലുള്ള പ്രത്യേക വിനോദ പരിപാടികൾ സംഘടിപ്പിച്ച് അവരെയും സമൂഹത്തിന്റെ ഭാഗമായി ചേർത്തു നിർത്തുവാൻ എല്ലാവിഭാഗം ജനങ്ങളുടെയും നിരന്തര പിന്തുണ ആവശ്യമാണ്
No comments:
Post a Comment