ഖുർആൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു “താങ്കൾക്ക് സത്യ സമേതം ഈ ഗ്രന്ഥം നാം വെളിപാടായി നൽകി. ഇതിനു മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവച്ചു കൊണ്ടും അവയ്‌ക്ക് സാക്ഷിയായിക്കൊണ്ടും, അല്ലാഹുവിന്റെ വെളിപാടുകൾക്കനുസരിച്ച് ജനങ്ങൾക്കിടയിൽ വിധി നടപ്പാക്കിക്കോളൂ. സത്യത്തെ വിട്ട് സ്വേച്ഛകളെ പിന്തുടരരുത്. ഓരോ സമുദായത്തിനും ഓരോ നിയമസംഹിതയും നടപടിക്രമവും നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചെങ്കിൽ നിങ്ങളെയെല്ലാം ഒരു സമുദായമാക്കിയേനെ. വിവിധ സമുദായങ്ങളാക്കിയത് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് നന്മയുടെ കാര്യത്തിൽ നിങ്ങൾ മത്സരിക്കുവിൻ” (5/48). “പ്രവാചകൻമാർക്കെല്ലാവർക്കും നൽകിയ വെളിപാടുകളിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇവർക്കിടയിൽ ഒരു വ്യത്യാസവും ഞങ്ങൾ കൽപ്പിക്കുന്നില്ല.” (2/136). ജനങ്ങൾ ഏത് മതത്തിൽ വിശ്വസിച്ചാലും അവർ സത്യസന്ധരായി നിലകൊള്ളണം. ഇസ്ലാമിനെ ഒരു മതമായല്ല പ്രവാചകൻ അവതരിപ്പിക്കുന്നത്. ഇസ്ലാം മുൻ പ്രവാചകസന്ദേശങ്ങളുടെ പുതിയ പതിപ്പ് മാത്രമാണ്. മുൻ പ്രവാചകരുടെ സന്ദേശങ്ങളെ ദുർവ്യാഖ്യാനിച്ച് പുരോഹിതർ ജനങ്ങളെ ചൂഷണം ചെയ്യുകയും പ്രവാചകരെ ആരാധനാ മൂർത്തികളായി അവതരിപ്പിക്കുകയും ചെയ്തപ്പോൾ സത്യസംസ്ഥാപനത്തിനായി മുഹമ്മദ് നബി അവതരിച്ചതാണെന്ന് ഖുർആനിൽ കാണാം. മുൻ വേദങ്ങളിലെ സമത്വവും ക്ഷേമവും ഉയർത്തിപ്പിടിച്ച് നവോത്ഥാനം സൃഷ്ടിക്കുകയായിരുന്നു നബി.
Saturday, October 8, 2022
മുഹമ്മദ് നബിയുടെ മാതൃകഡോ. ഹുസൈൻ രണ്ടത്താണി
ദൈവമൊന്ന് മനുഷ്യരൊന്ന് എന്ന പ്രഖ്യാപനത്തിലൂടെ അസമത്വമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് മുഹമ്മദ് നബി വരുന്നത്. മദീനയിൽ ഒരു മാതൃക സ്റ്റേറ്റ് രൂപീകരിച്ച് അതിന് ലിഖിതമായ ഒരു ഭരണഘടനയും നിർമിച്ച് ഒരു ക്ഷേമരാജ്യം നബി പടുത്തുയർത്തി. ഏകദൈവത്വത്തിന്റെ പ്രായോഗികത സമത്വവും സാഹോദര്യവും സുരക്ഷയുമാണെന്ന് നബി ലോകത്തെ പഠിപ്പിച്ചു. വർണവാദികൾക്കും സാമ്രാജ്യത്വവാദികൾക്കും മുതലാളിത്തത്തിനും പൗരോഹിത്യത്തിനും നബി ശത്രുവാണ്. അവരെന്നും നബിയെ പഴിച്ചിട്ടേ ഉള്ളൂ. ഒരു പ്രത്യേക മതം സൃഷ്ടിക്കാതെ മുൻ വേദങ്ങളെ അംഗീകരിച്ചു കൊണ്ട് മുൻ പ്രവാചകർ ഉയർത്തിപ്പിടിച്ച ജീവിതസന്ദേശം കാലത്തിനൊത്ത് പരിഷ്കരിക്കുകയായിരുന്നു നബി.
വിശ്വാസം വ്യക്തിയുടെ മനസ്സിൽനിന്ന് ഉണ്ടാകേണ്ടതാണെന്നും അത് ആരെയും അടിച്ചേൽപ്പിക്കാനാകില്ലെന്നും നബി പഠിപ്പിക്കുന്നു. ‘‘മതത്തിൽ നിർബന്ധമില്ല, സത്യം മിഥ്യയിൽനിന്ന് വ്യക്തമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ദോഷത്തെ തള്ളുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്തവൻ ഏറ്റവും സത്യസന്ധമായ പിടിത്തമാണ് പിടിച്ചിരിക്കുന്നത്. അതൊരിക്കലും പൊട്ടിപ്പോകില്ല.''(2/256). ലോകത്തുള്ള സൃഷ്ടിജാലങ്ങളുടെ രഹസ്യം മനസ്സിലാക്കി ദൈവത്തെ കണ്ടെത്താൻ മനുഷ്യനോട് ഖുർആൻ ആഹ്വാനം ചെയ്യുന്നു. ഒട്ടകങ്ങളുടെ സൃഷ്ടിപ്പ്, പർവതങ്ങൾ ഉയർത്തപ്പെട്ടത്, ഭൂമി പരത്തപ്പെട്ടത് –- എല്ലാത്തിന്റെയും രഹസ്യം കണ്ടുപിടിച്ച് അതിന്റെ പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് പറയുന്നത്.
പ്രവാചകൻമാരുടെ ചുമതല ഒരിക്കലും വിശ്വാസങ്ങളെ അടിച്ചേൽപ്പിക്കലല്ല. “നബീ താങ്കൾ ഉദ്ബോധനം നടത്തുക. താങ്കൾ ഉദ്ബോധകൻ മാത്രമാണ്. നിർബന്ധവും അധികാരവും ചെലുത്തേണ്ട ബാധ്യത പ്രവാചകൻമാർക്കില്ല.” (88/21 –-22). മതവിശ്വാസം അടിച്ചേൽപ്പിക്കാൻവേണ്ടി യുദ്ധംചെയ്യാനും പാടില്ല. യുദ്ധം അനിവാര്യമാകുന്നത് അവനവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കുമ്പോഴാണ്. ഒരു മതത്തിന്റെ ഭരണം സ്ഥാപിക്കാനോ മേൽക്കോയ്മ സ്ഥാപിക്കാനോ യുദ്ധം ചെയ്യുന്നത് അക്രമമാണ്. ‘ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ടും ചെയ്തോളൂ. പക്ഷേ, അതിക്രമമരുത്. അതിക്രമകാരികളെ അല്ലാഹു ഇഷ്ടപ്പെടില്ല. അക്രമം വധത്തേക്കാൾ ചീത്തയാണ് (2/190–-91). ഏതെങ്കിലും വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു വിദ്വേഷവും ആ വിഭാഗത്തോട് പ്രകടിപ്പിക്കാൻ വകുപ്പില്ല. ഖുർആൻ വചനം: “അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളിൽ സത്യവിശ്വാസിയുണ്ട്. സത്യനിഷേധിയുണ്ട്. നിങ്ങൾ പ്രവർത്തിക്കുന്നത് കാണുന്നവനാണല്ലാഹു.”64/2. “ വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിപൂർവം സാക്ഷി പറയുന്നവരുമാകുവിൻ. ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ. അതാണ് ഭക്തിയോട് ഏറ്റവും അടുത്തത്. (5/8). നജ്റാനിലെ ക്രിസ്തീയ നേതാക്കൾ പ്രവാചകനുമായി ദൈവശാസ്ത്രപരമായ ഒരു ചർച്ചയ്‌ക്ക് തയ്യാറായി മദീനയിലെത്തി. നബി അവരെ മദീനാ പള്ളിയിൽത്തന്നെ താമസിപ്പിച്ചുവെന്ന് മാത്രമല്ല; അവർക്ക് പ്രാർഥിക്കാനുള്ള സൗകര്യം പള്ളിയിൽത്തന്നെ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ പരിതഃസ്ഥിതിയിൽ മതവിശ്വാസികളെന്ന് പറയപ്പെടുന്നവർക്ക് ചിന്തിക്കാൻപ്പോലും കഴിയാത്തതാണ് പ്രവാചകന്റെ ഈ സമീപനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment