രണ്ടു വക്കീലന്മാരാണ് കഥാപാത്രങ്ങൾ.
ഒരാൾ പണ്ട് പത്രലേഖകനായിരുന്ന സംഘപരിവാർ വക്കീലാണ്.
ടിയാനെ നമുക്ക് സൗകര്യാർത്ഥം തനിനിറം എന്നു വിളിക്കാം.
സംഘപരിവാറുകാരനാണ് എന്നു പറഞ്ഞ സ്ഥിതിക്ക് ലവലേശം വിവരമില്ല എന്ന വസ്തുത എടുത്തെഴുതേണ്ട കാര്യമില്ലല്ലോ.
തനിനിറം വെള്ള ഷർട്ടും പാന്റുമേ ഇടൂ. ഉറക്കത്തിലും അങ്ങനെ തന്നെ.
ഷർട്ടാണെങ്കിൽ പഴയ ജയന്റെ ഷർട്ടാണ്. അടപ്പുള്ള രണ്ടു പോക്കറ്റ്. തോളിൽ മറ്റേ ക്ണാപ്പും ഉണ്ടാകും. ഇൻ ചെയ്ത് പിൻ ചെയ്തേ നടക്കൂ.
കറുത്ത ഷൂവാണെങ്കിൽ മിന്നിത്തിളങ്ങും, സവർക്കർ നക്കിയ സായിപ്പിന്റെ ഷൂ പോലെ.
എന്നാലും എന്നെക്കണ്ടാൽ വക്കീലാണെന്നു പറയുമോ എന്നു ടിയാനു സംശയമാണ്. അതുകൊണ്ട് സ്വന്തം പേര് അച്ചടിച്ച കേസുകെട്ട് നെഞ്ചിൽ ചേർത്തു പിടിച്ചേ ടിയാൻ ബസ് സ്റ്റാന്റിൽ വരെ നിൽക്കൂ.
ബസ് സ്റ്റാന്റിന്റെ തൊട്ടടുത്ത് ഭാസ്കരന്റെ പച്ചക്കറിക്കടയുണ്ട്. അവിടെക്കയറും. എന്നിട്ട് കൊരണാവള്ളിയിൽ ക്ലിപ്പിട്ട പോലത്തെ ശബ്ദത്തിൽ ഉറക്കെ ഒരു ചോദ്യമാണ്:
- എടോ, വക്കീലമ്മാർക്കു കഴിക്കാമ്പറ്റിയ പച്ചക്കറി എന്തൊണ്ട്?
എല്ലാവരും തിരിഞ്ഞു നോക്കും. തനിനിറത്തിനു പ്രീതിയാകും.
പിന്നെ തൊട്ടടുത്ത മാസി ബുക്ക് സ്റ്റാളിൽ ചെല്ലും.
- എടോ, വക്കീലമ്മാർക്കു വായിക്കാമ്പറ്റിയ...
ടിയാൻ വായിക്കാത്ത ഒരൊറ്റ സാധനം നിയമമാണ്. അമ്പതാം വയസിൽ വക്കീലായ ടിയാന് നിയമ പുസ്തകം അലർജിയാണ്.
രാവിലെ കോടതിയിൽ വന്ന് എതിർഭാഗം വക്കീലിനെ തെറിവിളിക്കുക, ജഡ്ജിയെ തെറിവിളിക്കുക, ഹൈക്കോടതിയിലേയ്ക്ക് ഊമക്കത്തയയ്ക്കുക ഇതൊക്കെയാണ് ടിയാന്റെ വിനോദങ്ങൾ.
ആരും തിരിച്ചൊന്നും പറയാത്തത് പന്നിയോട് ഗുസ്തി പിടിക്കുന്നതും ചെളിയിൽ കെട്ടിമറിയുന്നതും പന്നിക്കു ഹരമാണെങ്കിലും മനുഷ്യർക്ക് ഹറാമായതു കൊണ്ടാണെന്നു മനസിലാക്കാനുള്ള ബോധമൊന്നും ടിയാനില്ല.
തന്നെ പേടിച്ചിട്ടാണെന്നാണ് ടിയാൻ ധരിച്ചു വശായിരിക്കുന്നത്.
അങ്ങനെ താൻ ജഡ്ജിമാരടക്കം നിരവധി പേരെ പേടിപ്പിച്ച കഥ പതിവു പോലെ പറയുകയാണ് തനിനിറം.
ഇത്തവണ കഥാപ്രസംഗ വേദി കുറുപ്പിന്റെ സീനിയറിന്റെ വക്കീലാഫീസാണ്. ജൂനിയർ വക്കീലന്മാരും കക്ഷികളും ഗുമസ്തന്മാരുമൊക്കെയുണ്ട്.കുറുപ്പും.
കുറുപ്പ് ഒരു ജൂനിയർ വക്കീലാണ്. അല്പം പ്രായമുണ്ട്. വെറും സാധു.
നാരു പോലത്തെ മനുഷ്യൻ. പല്ലിനു കമ്പിയിട്ടുണ്ട്. പല്ലു കടിച്ചു പിടിച്ചേ സംസാരിക്കൂ. യന്തിരൻ ടോണാണ്.
കുറുപ്പിന്റെ മുന്നിലിരുന്ന് തനിനിറം തകർക്കുകയാണ്. പേടിപ്പിച്ച കഥകൾ, പേടിച്ചവരുടെ ലിസ്റ്റ്...
കോടതിയിലാണെങ്കിലും ബസ് സ്റ്റാന്റിലാണെങ്കിലും തനിനിറം ഓസിലേഷനിലിട്ട ഫാൻ പോലെ കറങ്ങും. എന്നെ എല്ലാവരും ശ്രദ്ധിക്കുന്നില്ലേ...
തനിനിറം നിർത്തുന്നില്ല.
കുറുപ്പ് പതുക്കെ എഴുന്നേറ്റ് തനി നിറത്തിന്റെ മുമ്പിൽ ചെന്ന് വളരെ വിനയത്തോടെ യന്തിരൻ ടോണിൽ വിളിച്ചു:
- സാർർർർർ...
- എന്താ കുറുപ്പേ?
കുറുപ്പ് അതിവിനയത്തോടെ പല്ലു കടിച്ചു പിടിച്ച് മൂക്കിലൂടെ ചോദിച്ചു:
- സാറ് കൊറേപ്പേരെ പേടിപ്പിച്ച കഥയൊക്കെ പറഞ്ഞല്ലോ...
- പിന്നെ! പട്ടണക്കാട് എസൈ, ചേർത്തല ഡിവൈയെസ്പി, പാക്കരൻ മയിസ്രേട്ട്, റാവുത്തര് ജില്ലാ ജഡ്ജി...
മുഴുമിപ്പിക്കാൻ കുറുപ്പ് സമ്മതിച്ചില്ല. മുപ്പത്തിരണ്ടു പല്ലും നാക്കും ഒരുമിച്ചു കടിച്ച് വളരെ വിനയത്തോടെ കുറുപ്പ് ചോദിച്ചു:
- സാറിന് എന്നെയൊന്ന് പേടിപ്പിക്കാമോ?
എന്നും എപ്പോഴും അതീവ ശാന്തനായ കുറുപ്പ് അത്യന്തം ശാന്തനായി ചോദിച്ച ആ ചോദ്യം കേട്ട് പ്രേക്ഷകർ മുഴുവൻ ഞെട്ടി.
തനിനിറത്തിന്റെ ഓസിലേഷൻ കറന്റു പോയ പോലെ നിന്നു. കണ്ണൊക്കെ പുറത്തേയ്ക്കു തള്ളി വന്നു, മാസ്ക് സിനിമയിലെ പോലെ.
കുറുപ്പ് വളരെ സാവധാനത്തിൽ ആവർത്തിച്ചു:
- പേടിപ്പിക്ക് സാറേ!
ഗവർണറുടെ ബ്രയിൻ താഴെ വീണാൽ കേൾക്കാവുന്നത്ര നിശബ്ദത.
നിമിഷങ്ങൾ കടന്നുപോയി.
ഒടുക്കം തനിനിറം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു:
- നിന്നെ... അത്... പിന്നെ... ഞാൻ...കണ്ടോളാടാ...
കുറുപ്പ് പല്ലു കൂട്ടിപ്പിടിച്ചു ചിരിച്ചു:
- അതു പോര സാറേ. ഇപ്പം ഒന്നു പേടിപ്പിക്കാമോ...
പിന്നീടൊരിക്കലും കുറുപ്പിന്റെ ഓഫീസിനു മുമ്പിലൂടെ തനിനിറം നടന്നിട്ടില്ല.
കോടതിയിൽ നിന്നു കുറുപ്പിന്റെ ഓഫീസിനു മുമ്പിലൂടെ പത്തു മീറ്റർ നടന്നാൽ തനിനിറത്തിന്റെ ഓഫീസിലെത്താം. പക്ഷേ തനിനിറം ആ വഴി ഒഴിവാക്കി. അരക്കിലോ മീറ്റർ ചുറ്റി ഓഫീസിലേയ്ക്കു പോകാൻ തുടങ്ങി.
*
ഗവർണർ സാറേ,
എന്നെയൊന്നു പേടിപ്പിക്കാമോ?
https://www.facebook.com/100072075932681/posts/pfbid0379ia1pkQm3YyREZXLtKBxnc7pDJxP83tW6nvbty6kta9QqAxaSvuQt1XJx8eGgHbl/
No comments:
Post a Comment