Friday, October 21, 2022

അല്ല, കോൺഗ്രസേ
 ഇതാണോ ജനാധിപത്യം ?

ജനാധിപത്യം’ സിപിഐ എമ്മിൽ നടപ്പാക്കാൻ കഴിയുമോ എന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ ചോദ്യം. അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ കോൺഗ്രസ് നേതാക്കൾ ഈ ചോദ്യം ചോദിക്കില്ല. കോൺഗ്രസിൽ നടന്ന  സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം 310 ആയിരുന്നു. കോൺഗ്രസ് നേതാക്കളോട് ഒരൊറ്റ ചോദ്യം. ഈ 310 പേരെ എങ്ങനെ തെരഞ്ഞെടുത്തു. ബൂത്തുകളിൽ നിന്നോ, മണ്ഡലങ്ങളിൽ നിന്നോ, ബ്ലോക്ക് തലങ്ങളിൽ നിന്നോ അതുമല്ലെങ്കിൽ ജില്ലാതലങ്ങളിൽ നിന്നെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയാണോ. അങ്ങനെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന്‌ ഏവർക്കും വ്യക്തമായി അറിയാം. 

കെപിസിസിയുടെ ഏറ്റവും പിറകിലുള്ള അടച്ചിട്ട മുറിയിൽ കെപിസിസി  പ്രസിഡന്റ്‌ കെ സുധാകരനും കോൺഗ്രസിനെ നിയന്ത്രിക്കുന്ന സംഘടനാ ചുമതലയുള്ള നേതാവ് കെ സി വേണുഗോപാലും ചേർന്നു തയ്യാറാക്കിയ തട്ടിക്കൂട്ട് ലിസ്റ്റാണ്‌ ഇതെന്ന് ആർക്കാണ് അറിയാത്തത്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനുമുള്ള  അതൃപ്തി ഇല്ലാതാക്കാനായി അവർക്കു കൂടി വേണ്ടപ്പെട്ട ചിലരെയും ചേർത്തു വച്ചിട്ടുണ്ടെന്നു മാത്രം. എ കെ ആന്റണി പണ്ടും ഇപ്പോഴും ആരുടെയും പേര് പ്രത്യക്ഷമായി പറയാറില്ല. ഇപ്പോഴും പറയാൻ സാധ്യതയുമില്ല. പിസിസി അംഗങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ ഓരോ ജില്ലയിലും പാർടിക്കു വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ പോലും പട്ടികയ്ക്ക് പുറത്ത്. ഇങ്ങനെ സംഘടനാ ജനാധിപത്യത്തെ അരുംകൊല ചെയ്തിട്ട് ജനാധിപത്യത്തിന്റെ മേനിപറയാൻ  നാണമാകുന്നില്ലേ.

അൽപ്പമെങ്കിലും സംഘടനയുള്ള കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ തമിഴ്നാട്ടിലും ആന്ധ്രയിലും ബംഗാളിലും ഉത്തർപ്രദേശിലും ബിഹാറിലും എന്തായിരിക്കും സ്ഥിതി. ഒഡിഷ  ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ബൂത്തു കമ്മിറ്റിയോ മണ്ഡലം കമ്മിറ്റിയോ എന്തിന് ജില്ലാ കമ്മിറ്റിയോ പോലുമില്ലായെന്നത് അനുഭവസാക്ഷ്യമാണ്.

ഉത്തർപ്രദേശിലും ബിഹാറിലും മറ്റും വോട്ടർപട്ടികയിൽ നിന്നും പകർത്തിയാണ് പല പിസിസി അംഗങ്ങളെയും ചേർത്തതെന്നാണ് പിന്നാമ്പുറ വാർത്തകൾ. അതുകൊണ്ടാണത്രേ പല പിസിസി അംഗങ്ങൾക്കും ഫോൺ നമ്പരും വിലാസം പോലും ഇല്ലാതെ പോയത്. എന്നിട്ടാണ് കോൺഗ്രസിൽനിന്ന് ജനാധിപത്യം പഠിക്കാൻ ഒരു ഉളുപ്പുമില്ലാതെ ആഹ്വാനം ചെയ്യുന്നത്.

കൃത്യമായി മൂന്നു വർഷത്തിലൊരിക്കൽ ബ്രാഞ്ചുതലം മുതൽ തീയതി നിശ്ചയിച്ച്, ലോക്കൽ സമ്മേളനങ്ങളും ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കി സംസ്ഥാന സമ്മേളനവും പാർടി കോൺഗ്രസും നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സിപിഐ എമ്മിനോടാണ് ഇവരുടെ സാരോപദേശം.

സംഘടനാപരമായി വിമർശങ്ങൾക്കും സ്വയംവിമർശങ്ങൾക്കും അവസരമൊരുക്കി തീർത്തും ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെടുന്നത്. മാത്രമല്ല, കാലാകാലങ്ങളിൽ ഓരോ വിഷയത്തോടും സ്വീകരിക്കേണ്ട നയങ്ങളും നിലപാടുകളും സമ്മേളനം വിശദമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തും. അതനുസരിച്ച് പാർടി ഭരണഘടനയ്ക്കും പാർടി പരിപാടിക്കും അനുസരിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ടു പോകും. അതാണ് സിപിഐ എം എന്ന പാർടി സ്വീകരിച്ചു വരുന്ന സംഘടനാരീതി. ഭരണഘടനാപരമായും സംഘടനാപരമായും ജനാധിപത്യത്തിന്റെ വസന്തം വിരിയിക്കുന്ന സിപിഐ എമ്മിനോടാണ് ജനാധിപത്യ ധ്വംസകൻമാരായ ഇവരുടെ ഉപദേശം.


 

1991നു ശേഷം സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ  കേരളത്തിൽ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വയലാർ രവിയോട് എ കെ ആന്റണി കെപിസിസി പ്രസിഡന്റ്‌ പദവിയിൽ തോറ്റതിനു ശേഷം സംഘടനാ തെരഞ്ഞെടുപ്പേ നടന്നിട്ടില്ല. കേരളത്തിൽ ബൂത്തുതലം മുതൽ സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ തയ്യാറായാൽ കുറച്ചു കാലം കൂടി കോൺഗ്രസ്  ഉണ്ടാകും. ഇല്ലെങ്കിൽ ഗോവയിലെയും കർണടകത്തിലെയും പോലെ വർഗീയശക്തികൾക്ക്  വളമാകും.

സോണിയാ കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡന്റായി വരട്ടേ എന്ന വിശാല നിലപാടാണ് സോണിയും രാഹുലും സ്വീകരിച്ചതെന്നാണ്‌ അവകാശവാദം.  അപ്പോഴും പ്രായം 75 കഴിഞ്ഞ സോണിയ ഗാന്ധിക്ക് പകരമായി എൺപതുകാരനും മക്കൾക്ക് രാഹുലെന്നും പ്രിയങ്കയെന്നും പ്രിയദർശിനിയെന്നും പേരിട്ട് ആ കുടുംബത്തോട്  പ്രതിബദ്ധത കാട്ടിയ മല്ലികാർജുൻ ഖാർഗെയെ തന്നെ കണ്ടുപിടിച്ച ഹൈക്കമാൻഡിന്റെ ആ വിശാലമനസ്കത അപാരം.

കോൺഗ്രസ് ഇന്ത്യയിൽ നിലനിൽക്കണമെന്ന് രാജ്യത്തെ പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളും മതനിരപേക്ഷ വാദികളും ആഗ്രഹിക്കുമ്പോഴും  ഹൈക്കമാൻഡ്  അതാഗ്രഹിക്കുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. സോണിയാ കുടുംബത്തിനു ചുറ്റും ചുറ്റിത്തിരിയുന്ന  വാൽനക്ഷത്രമായിരിക്കണം കോൺഗ്രസ് അധ്യക്ഷനായി വരേണ്ടതെന്ന്‌ നിർബന്ധമുണ്ടായിരുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർടിയെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ  പ്രശ്നവും അതുതന്നെയാണ്

Read more: https://www.deshabhimani.com/articles/news-articles-21-10-2022/1050762

No comments:

Post a Comment