Saturday, October 1, 2022

റെഡ് സെല്യൂട്ട്‌ : കോടിയേരി ബാലകൃഷ്ണൻ

സമരതീക്ഷ്‌ണവും സൗമ്യദീപ്തവുമായ ജീവിതംകൊണ്ട്‌ മനസ്സുകളെ കീഴടക്കിയ പ്രിയ നേതാവിന്‌ ഇനി ജനകോടികളുടെ ഹൃദയത്തിൽ അമരത്വം. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ (69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനി രാത്രി എട്ടിന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായർ പകൽ 11ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം തലശേരി ടൗൺഹാളിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ കോടിയേരി മാടപ്പീടികയിലെ വസതിയിൽ തിങ്കൾ രാവിലെ 10 വരെ പൊതുദർശനം. രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിനുശേഷം പകൽ മൂന്നിന്‌ പയ്യാമ്പലത്ത്‌ സംസ്‌കരിക്കും. ആദരസൂചകമായി  തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്‌ച ഹർത്താൽ ആചരിക്കും.  

അന്ത്യസമയത്ത്‌ ഭാര്യ വിനോദിനിയും മക്കളായ ബിനോയ്‌ കോടിയേരിയും ബിനീഷ്‌ കോടിയേരിയും ഒപ്പമുണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാത്രി ചെന്നൈയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര ഉപേക്ഷിച്ചു. തിങ്കൾ രാവിലെ കണ്ണൂരിലെത്തും. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

   പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ആഗസ്‌ത്‌ അവസാനമാണ്‌ സ്ഥാനമൊഴിഞ്ഞ്‌ ചികിത്സയ്‌ക്കായി ചെന്നൈയിലേക്ക്‌ തിരിച്ചത്‌. കണ്ണൂർ ജില്ലയിലെ തലശേരിയിൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന്‌ ആയിരുന്നു കോടിയേരിയുടെ  ജനനം. വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ രാഷ്ട്രീയത്തിൽ സജീവമായി. എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. മിസ തടവുകാരനായി 16 മാസം ജയിലിൽ കഴിഞ്ഞു 
1982ലും 1987ലും 2001ലും തലശേരിയിൽനിന്ന്‌ നിയമസഭയിലെത്തി. 2001–-06, 2011–- 16ലും പ്രതിപക്ഷ ഉപനേതാവായും 2006–-11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. 1988ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗവും 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായി. 2002ൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ പൊളിറ്റ്‌ ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ ആലപ്പുഴ  സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി. 2016ൽ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫിന്‌ അധികാരം ലഭിച്ച തെരഞ്ഞെടുപ്പിൽ അമരക്കാരനായി. 2018ൽ തൃശൂർ സമ്മേളനത്തിലും സെക്രട്ടറിയായി തുടർന്നു. 2020 നവംബർമുതൽ ഒരുവർഷം ചികിത്സയ്‌ക്കായി ചുമതലയൊഴിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ മുന്നണിയുടെ വിജയത്തിനായി അനാരോഗ്യം വകവയ്‌ക്കാതെ അക്ഷീണം പ്രവർത്തിച്ചു. 2022 മാർച്ചിൽ എറണാകുളം സമ്മേളനത്തിൽ മൂന്നാം തവണയും സെക്രട്ടറിയായി. ദേശാഭിമാനി ചീഫ്‌ എഡിറ്ററായും പ്രവർത്തിച്ചു.

സിപിഐ എം നേതാവും തലശേരി എംഎൽഎയുമായിരുന്ന എം വി രാജഗോപാലിന്റെ മകൾ എസ്‌ ആർ വിനോദിനിയാണ്‌ ഭാര്യ. മക്കൾ: ബിനോയ്‌ കോടിയേരി, അഡ്വ. ബിനീഷ്‌ കോടിയേരി. മരുമക്കൾ: ഡോ. അഖില, റിനീറ്റ.
Read more: https://www.deshabhimani.com/news/kerala/kodiyeri-balakrishnan/1047197

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ കശാപ്പിന്റെ ആ പ്രഖ്യാപനം 1975 ജൂൺ 26ന് അർധരാത്രിയിലാണ്. മണിക്കൂറുകൾക്കകം പ്രതിഷേധവുമായി കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം രംഗത്തുവന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമാണ് അന്ന് ഞാൻ. എം എ ബേബി പ്രസിഡന്റും.

28ന് കോഴിക്കോട്ട് എ കെ ജി പങ്കെടുക്കുന്ന സിപിഐ എം പ്രവർത്തക യോഗത്തിൽ സംബന്ധിക്കാൻ തിരുവനന്തപുരത്തുനിന്നും 27ന് നാട്ടിലെത്തിയതാണ്. അന്നുതന്നെ ചിറക്കര ഹൈസ്‌കൂളിനു മുമ്പിൽ നടന്ന പ്രതിഷേധയോഗത്തിൽ സംസാരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്‌തു. വീട്ടിലെത്തി പിറ്റേന്ന് കോഴിക്കോട്ടേക്കു പോകാനുള്ള തയ്യാറെടുപ്പിൽ ഉറങ്ങാൻ കിടന്നു. അർധരാത്രിയോടെ വാതിലിൽ തുടരെയുള്ള മട്ടുകേട്ടാണ് ഉണർന്നത്. വാതിൽ തുറന്നപ്പോൾ തലശേരി എസ്ഐയുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം വീടുവളഞ്ഞിരിക്കുന്നു. അപ്പോൾ തന്നെ അറസ്റ്റ് ചെയ്‌തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ചുറ്റുവട്ടത്തുമുള്ള നൂറുകണക്കിനുപേരെ ഇതുപോലെ പിടിച്ചുകൊണ്ടുപോയിരുന്നു. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും ഒട്ടേറെ സഖാക്കളെ അറസ്റ്റുചെയ്‌തു. അടിയന്തരാവസ്ഥക്കെതിരെ പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്‌തതാണ് എന്നെ അറസ്റ്റുചെയ്യാൻ പൊലീസിനെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുമെന്നും ഒരുകാലത്തും പുറത്തുവരാൻ കഴിയില്ലെന്നും തലശേരി സ്റ്റേഷനിൽവച്ച് എസ്ഐ ഭീഷണിമുഴക്കി. അടിയന്തരാവസ്ഥക്കെതിരായ ആദ്യ പ്രതികരണമായതിനാലാണ് സംഘടനയെ സർക്കാർ നോട്ടമിട്ടത്. ആദ്യം അറസ്റ്റിലായവരിൽ എസ്എഫ്ഐ നേതാക്കളായിരുന്നു കൂടുതൽ. തുടർന്നു പഠിപ്പുമുടക്ക്, സംസ്ഥന സെക്രട്ടറിയെ അറസ്റ്റുചെയ്തിലുള്ള പ്രതിഷേധവുമായി മാറിയതോടെ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനം അടിയന്തരാവസ്ഥക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനു ധീരമായ തുടക്കം കുറിക്കുകയായിരുന്നു.

പത്രങ്ങൾക്കു സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നെങ്കിലും വിദ്യാർത്ഥി നേതാക്കളെ അറസ്റ്റുചെയ്ത വാർത്ത ദേശാഭിമാനിയിൽ വന്നതോടെ പത്രത്തെ പ്രീ സെൻസർഷിപ്പിനു വിധേയമാക്കി. തുടർന്ന് പല ദിവസങ്ങളിലും എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട് പ്രസിദ്ധീകരിച്ചു. പൊലീസ് സ്റ്റേഷനിൽ പാർടി നേതാക്കൾ കാണാനെത്തി. തുടർന്ന് അർധരാത്രിയോടെ വിട്ടയക്കുകയും ചെയ്തു. പുറത്തുവന്നശേഷം കൊച്ചിയിൽ വിളിച്ചുചേർത്ത എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയോഗത്തിൽ വിദ്യാർത്ഥി പ്രസ്ഥാനം ഏറ്റെടുക്കേണ്ട കടമകൾക്കു രൂപം നൽകി.
സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ പരസ്യ പ്രവർത്തനം നടത്താൻ എം എം ബേബി, എം വിജയകുമാർ, ജി സുധാകരൻ എന്നിവരെയും രഹസ്യ പ്രവർത്തനങ്ങൾക്കു എന്നെയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. പരസ്യ പ്രവർത്തനത്തിന്റെ ഭാഗമായി കേളേജുകളിൽ നടത്തിയ ധർണയും പ്രകടനങ്ങളും അടിച്ചൊതുക്കാനാണ് പൊലീസ് ശ്രമിച്ചത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയവരെ അതിഭീകരമായി മർദിച്ചു. വിദ്യാർത്ഥി മുന്നേറ്റത്തെ എങ്ങനെയും തടയുകയായിരുന്നു ഉദ്ദേശ്യം. പലരെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഞാൻ മാത്രമാണ് പുറത്തുണ്ടായത്. വീണ്ടും അറസ്റ്റിലാകുന്നതുവരെയുള്ള രണ്ട് മാസം കേരളത്തിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച രഹസ്യയോഗങ്ങൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളിൽ സമരവീര്യം ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തി. അന്ന് പിടിയിലകപ്പെടാതിരുന്നത് സഖാക്കളുടെ ജാഗ്രതകൊണ്ട്.

ഇതിനിടെ പാർടി നേതാക്കളെ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ തുടങ്ങി. എ കെ ജി, ഇ എം എസ് ഉൾപ്പെടെയുള്ളവർ ജയിലിൽ. സെപ്തംബറിൽ തലശേരിക്കടുത്ത് ടെമ്പിൾഗേറ്റിനടുത്തുവച്ച് സഞ്ചരിച്ച ഓട്ടോ നാലുഭാഗത്തുനിന്നുമെത്തിയ പൊലീസ് തടഞ്ഞുനിർത്തി എന്നെയും അറസ്റ്റ് ചെയ്തു. കണ്ണൂർ സ്റ്റേഷനിലെ ലോക്കപ്പിൽ കിടക്കുമ്പോഴാണ് അന്നു കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയനെ അറസ്റ്റ്ചെയ്ത് മർദിച്ച് അവശനാക്കി അവിടെ കൊണ്ടുവന്നത്. എപ്പോഴും എന്തും സംഭവിക്കാമെന്ന ഭീകരാന്തരീക്ഷം. ഞങ്ങൾ 16പേരാണ്  ലോക്കപ്പിലുള്ളത്. അടിവസ്ത്രം മാത്രം ധരിക്കാനേ അനുവാദമുള്ളൂ. കോടതിയിൽ ഹാജരാക്കാതെ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. മിസ പ്രകാരം ജയിലിലടച്ച സംസ്ഥാന സെക്രട്ടറിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ ഒപ്പുശേഖരണത്തിലൂടെ എസ്എഫ്ഐയുമായി ബന്ധമില്ലാത്തവരെ കൂടി പ്രസ്ഥാനത്തിലേക്കു അണിനിരത്താൻ  സാധിച്ചു.

മണ്ണാർക്കാട് എംഇഎസ് കേളേജിലെ മുഹമ്മദ് മുസ്‌തഫയും കോഴിക്കോട് എൻജിനിയറിങ് കോളേജിലെ പി രാജനും അന്ന് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടു. അതിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ അധികാരത്തിൽനിന്നിറക്കാനുമുള്ള സമരത്തിനു നേതൃത്വം നൽകാനും കഴിഞ്ഞത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പോരാട്ട ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായം. അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് 16മാസത്തെ ജയിൽവാസം കഴിഞ്ഞ് ഞങ്ങൾ പുറത്തുവന്നത്. തുടർന്ന് കേരളത്തിലെ കേളേജുകളിൽ വൻസ്വീകരണം ലഭിച്ചു. എസ്എഫ്ഐയുടെ ഉശിരൻ മുന്നേറ്റമാണ് പിന്നീടുള്ള നാളുകളിൽ കാണാനായത്. അതോടെ കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ്യു കുത്തക തകരുകയായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ എസ്എഫ്ഐ നേതൃത്വം നൽകിയ ആ പോരാട്ടമാണ് കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിനും വഴിത്തിരിവായത്. 


https://www.deshabhimani.com/kodiyeri/news/view/1677 

പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ വിമാനത്താവളത്തിനു പുറത്ത് ആയിരങ്ങൾ കാത്തുനിന്നു.

മട്ടന്നൂരിൽ നിന്നു തലശേരി വരെ വഴി നീളെ ജനം തിങ്ങി നിറഞ്ഞു.

എല്ലായിടത്തും കണ്ഠമിടറി മുദ്രാവാക്യം വിളിച്ചാണ് ജനം നേതാവിനെ വരവേറ്റത്.

വിലാപയാത്ര ടൗൺ ഹാളിനു മുമ്പിലെത്തിയപ്പോൾ ജനക്കൂട്ടം റെഡ് സല്യൂട്ട് വിളികളാൽ ഇളകി മറിഞ്ഞു.

ക്യൂ കിലോമീറ്ററുകൾ നീണ്ടു.
(മാധ്യമം)

*
സഖാവിനെക്കുറിച്ച് സി പി എം സമുന്നത നേതാവ് എ കെ ബാലൻ:

അക്ഷരാർത്ഥത്തിൽ ഒരു പാത്രത്തിൽ ഭക്ഷണവും ഒരു പായയിൽ ഉറക്കവും അനുഭവിച്ചവരാണു ഞങ്ങൾ.

ഞാൻ താമസിച്ച കോളേജ് ഹോസ്റ്റലുകളിൽ ഏറെക്കുറെ ഒരു അന്തേവാസിയെപ്പോലെ ആയിരുന്നു ബാലകൃഷ്ണൻ. ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ ഉണ്ടാകും. ചിലപ്പോൾ കിടന്നുറങ്ങാൻ മാത്രമായി വരും.

ഭക്ഷണത്തിനു വലിയ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. എന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ഞാൻ ബാലകൃഷ്ണനു വേണ്ടി നീക്കിവയ്ക്കും.

വ്യക്തിജീവിതത്തിൽ വിഷമതകളുണ്ടാകുമ്പോൾ എന്നെ വിളിക്കും. പഴയ കാര്യങ്ങളൊക്കെ ഓർമ്മിക്കും.

അവസാനം ബാലകൃഷ്ണനുമായി ദേശാഭിമാനി ഒരു അഭിമുഖം നടത്തിയിരുന്നു. ബാലകൃഷ്ണന് അതു പൂർത്തിയാക്കാനായില്ല. ബാക്കി കാര്യങ്ങൾ ബാലനോടു ചോദിച്ചാൽ മതിയെന്നാണ് അദ്ദേഹം ലേഖകനോടു പറഞ്ഞത്.

അവസാന വാർത്താ സമ്മേളന ശേഷം തീരെ നടക്കാൻ വയ്യാതിരുന്ന ബാലകൃഷ്ണനെ, മാദ്ധ്യമ പ്രവർത്തകരൊക്കെ പോയിക്കഴിഞ്ഞപ്പോൾ വീൽചെയറിലാണ് കാറിലേയ്ക്കു കൊണ്ടുപോയത്.

കാറിൽ കയറുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. അവസാന വാർത്താ സമ്മേളനമെന്ന ശക്തമായ ഒരു സന്ദേശം ബാലകൃഷ്ണനു സ്വയം ലഭിച്ചതിനാലായിരിക്കാം അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞത്. ഞാനും കരഞ്ഞുപോയി.

അപ്പോളോ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയപ്പോഴാണ് അവസാനമായി കണ്ടത്.

മുഷ്ടി ചുരുട്ടി ബാലകൃഷ്ണൻ യാത്ര പറഞ്ഞു.
(മനോരമ)

*
കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അന്ത്യയാത്രയിലും നിഴലായി കൂടെ നിന്നു.

സ്പീക്കർ:

- പതിനെട്ടാം വയസിൽ പരിചയപ്പെട്ടതു മുതൽ ഒരു മകനോടുള്ള വാത്സല്യത്തോടെ അദ്ദേഹം എന്നോടു പെരുമാറി. എന്നെ നിയമ പഠനത്തിനു ചേർത്തതും അദ്ദേഹമാണ്.

- 2019 -ലെ തെരഞ്ഞെടുപ്പു കാലത്ത് എഎസ്പിയുമായി വാക്കേറ്റമുണ്ടായതറിഞ്ഞ് കോടിയേരി വിളിച്ചു ശാസിച്ചു. ആരോടും മോശമായി പെരുമാറരുത്, എല്ലാവരെയും ചേർത്തു നിർത്തുന്നതായിരിക്കണം പൊതുപ്രവർത്തകരുടെ പ്രവർത്തന രീതിയെന്ന് ഉപദേശിച്ചു.

മരണവിവരം അറിഞ്ഞതു മുതൽ കോടിയേരിയിലെ വീട്ടിലും തലശേരി ടൗൺഹാളിലും പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സ്പീക്കറുണ്ടായിരുന്നു.
(മനോരമ)

ആംബുലൻസിനെ അനുഗമിച്ച സ്പീക്കർ ദു:ഖം താങ്ങാനാകാതെ വിതുമ്പി.
(മാധ്യമം)

*
കോൺഗ്രസുകാരനായ കഥാകൃത്ത് ടി പത്മനാഭൻ:

അദ്ദേഹത്തിന്റെ അകവും പുറവും ഒന്നായിരുന്നു. നാട്യങ്ങളില്ലാത്ത സൗമ്യൻ. എല്ലാ പാർട്ടിക്കാരോടും കരുതൽ സൂക്ഷിച്ചു.

ടി കെ ബാലനെക്കുറിച്ച് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/എംഎൽഎ) ഞാനെഴുതിയ കഥ കോൺഗ്രസ് നേതാവിന്റെ ബോംബ് രാഷ്ട്രീയത്തെക്കുറിച്ചാണ്. ബാലൻ ഇല്ലെന്നറിഞ്ഞിട്ടും വീടിനു നേരെ ബോംബെറിഞ്ഞ് മകന്റെ കണ്ണു തകർക്കുന്ന ആ കഥ ഉദാഹരിച്ച് കോടിയേരി പലയിടത്തും പ്രസംഗിക്കുകയും ഇതെഴുതിയത് ഒരു കോൺഗ്രസുകാരനാണെന്നു പറയുകയും ചെയ്തു.

അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം നാട്ടിലെത്തിയപ്പോൾ എന്നെ വിളിച്ചു.

വികാരഭരിതമായിരുന്നു ആ ശബ്ദം.

മുക്കാൽ മണിക്കൂർ നീണ്ടു ആ വിളി. ഏറെ നേരവും ഇരുവർക്കും ഒന്നും സംസാരിക്കാനായില്ല. ആ മനസ് എനിക്കു കാണാമായിരുന്നു.

അദ്ദേഹം പറഞ്ഞു:

- ഒന്നുമില്ല, എനിക്കു പപ്പേട്ടനെ വിളിക്കണമെന്നു തോന്നി. അത്രമാത്രം...
(ദേശാഭിമാനി)

*
ഭൂമിയിൽ നിന്നും മാഞ്ഞു പോകുന്നതല്ല, ഓർമ്മയിൽ നിന്നും മാഞ്ഞുപോകുന്നതാണു മരണം.

ഓർക്കാൻ പ്രിയപ്പെട്ടവരുള്ളപ്പോൾ മരിക്കുന്നതെങ്ങനെയാണ്?
(ദീപ നിശാന്ത്)


No comments:

Post a Comment