Saturday, September 8, 2012

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗീയത കൂടുന്നു




ന്യൂഡല്‍ഹി: കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങള്‍ വര്‍ധിച്ചുവരുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സംസ്ഥാന പൊലീസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങളും വംശീയ പ്രശ്നങ്ങളും വര്‍ധിച്ചുവരികയാണ്. ഇത് ആശങ്കയുണര്‍ത്തുന്നതാണ്. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും വഴിയുള്ള പ്രചരണം പുതിയ വെല്ലുവിളികളാണ്. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയത വളര്‍ത്തിയത് കോണ്‍ഗ്രസ് : പിണറായി

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ, തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കുന്ന യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നയമാണ് കേരളത്തില്‍ വര്‍ഗ്ഗീയത വളരാന്‍ കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ഗ്ഗീയ അസ്വാസ്ഥ്യം വളരുന്നുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പരാമര്‍ശം ഗൗരവമുള്ളതാണ്. വര്‍ഗ്ഗീയതയും തീവ്രവാദവും വളരേണ്ട നാടല്ല കേരളം. മറ്റ് നാടുകളിലുള്ളവര്‍ക്ക് അസൂയ തോന്നുംവിധം മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ് കേരളം. എന്നാല്‍ ഇടവേളകളില്‍ കേരളത്തില്‍ വര്‍ഗ്ഗീയ അസ്വാസ്ഥ്യം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിലെത്തുമ്പോഴൊക്കെ കേരളത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങളും കൊലപാതകവും കൂടുന്നു. 1991-96 കാലത്ത് 28 പേരും 2001-06 കാലത്ത് 18 പേരും വര്‍ഗ്ഗീയസംഘര്‍ഷങ്ങളില്‍ മരിച്ചു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും അപചയം മൂലമാണിത്. അധികാരത്തിലെത്താന്‍ എല്ലാ ജാതി മത ശക്തികളെയും യുഡിഎഫ് കൂട്ടുപിടിച്ചു. വര്‍ഗ്ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നു.

കാസര്‍ഗോഡ് മുസ്ലിംലീഗ് സമ്മേളനത്തോടനുബന്ധിച്ച പരിപാടിക്കിടെ ലീഗുകാര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ വധിക്കാന്‍ ശ്രമിച്ചു. ഈ ആക്രമണത്തിന്റെ സ്വഭാവം കണ്ടപ്പോള്‍ തീവ്രവാദിബന്ധമുണ്ടെന്ന സംശയം വന്നു. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ത്തിവെച്ചു. മുസ്ലിംലീഗിന്റെ തീവ്രവാദിബന്ധം പുറത്തുവരുമെന്ന ഭീതിയിലാണിത് ചെയ്തത്. 1996ല്‍ മാറാട് കലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കലാപത്തിനു പിന്നിലെ വിദേശബന്ധവും സാമ്പത്തികസ്രോതസും അടക്കം വിശദമായി അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ അന്വേഷണവും യുഡിഎഫ് അട്ടിമറിച്ചു. മുസ്ലിംലീഗിനുള്ള തീവ്രവാദിബന്ധം വെളിപ്പെടുമെന്ന് ഭയന്നായിരുന്നു ഇതും.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പിന്തുണയോടെ അടുത്തിടെ ഉണ്ടായ തീവ്രവാദിസംഘമായ എസ്ഡിപിഐ കേരളത്തില്‍ ഇതിനകം 29 പേരെ കൊലപ്പെടുത്തി. ഈ തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യം നല്‍കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. മുസ്ലിംലീഗ് അടുത്ത കാലത്തായി നടത്തുന്ന ആക്രമണങ്ങളില്‍ തീവ്രവാദസ്വഭാവം പ്രകടമാണ്. തീവ്രവാദികളുമായുള്ള ബന്ധവും തീവ്രവാദ പരിശീലനത്തിലെ മികവും ആക്രമണങ്ങളുടെ ക്രൂരസ്വഭാവത്തില്‍ നിന്ന് തെളിയുന്നുണ്ട്.

രണ്ട് വര്‍ഗ്ഗീയതകളെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അഞ്ചാം മന്ത്രി പ്രശ്നമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുവരെ ഈ വര്‍ഗ്ഗീയപ്രീണനത്തെക്കുറിച്ച് പരസ്യമായി പറയേണ്ടിവന്നു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധമുള്ള സംഭവവികാസങ്ങളാണ് അതേത്തുടര്‍ന്ന് ഉണ്ടാകുന്നത്. ശ്രീനാരായണന്റെയും മന്നത്തിന്റെയും പേരുപറഞ്ഞ് ഹൈന്ദവ ഏകീകരണത്തിനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഒരു രാഷ്ട്രീയശക്തിയാകാന്‍ ശ്രമിക്കുകയാണത്രെ. എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്? സാമുദായിക ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് പ്രധാനമന്ത്രി. രണ്ട് സീറ്റിനും നാല് വോട്ടിനും വേണ്ടി നാടിനെ തകര്‍ക്കുന്ന ചെറ്റത്തരം കോണ്‍ഗ്രസ് കാട്ടരുത്. പ്രധാനമന്ത്രിയുടെ വിമര്‍ശനം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണു തുറപ്പിക്കണം. വര്‍ഗ്ഗീയശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണം-പിണറായി പറഞ്ഞു.

.

No comments:

Post a Comment