Tuesday, September 4, 2012

'എമെര്‍ജിംഗ്‌ കേരള: വേണ്ടഭൂമി ഒരു ലക്ഷം ഏക്കര്‍: കൈയിലുള്ളത്‌ 5400 ഏക്കര്‍‍


 എമെര്‍ജിംഗ്‌ കേരളയിലെ പ്രധാന പദ്ധതികള്‍ക്കായി കണ്ടെത്തേണ്ടത്‌ ഒരു ലക്ഷം ഏക്കറോളം ഭൂമി..! ഇതിനായി വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന്റെ പക്കലുള്ളത്‌ 5,400 ഏക്കര്‍ മാത്രം. കുത്തക കമ്പനികള്‍ക്കും വ്യവസായികള്‍ക്കും സമര്‍പ്പിക്കാന്‍ ബാക്കി സ്‌ഥലം സാധാരണക്കാരില്‍നിന്നു പൊന്നും വിലയ്‌ക്ക് ഏറ്റെടുക്കേണ്ടിവരും. ഈ ഭൂമി നല്‍കുന്നത്‌ പാട്ടത്തിനോ വിലയ്‌ക്കോ എന്നതിന്‌ ഇപ്പോഴും വ്യക്‌തതയില്ല. ഭൂമി 90 വര്‍ഷം വരെ പാട്ടത്തിനു നല്‍കുന്നത്‌ വിലകെട്ടാതെ വില്‍പന നടത്തുന്നതിനു തുല്യമാണ്‌.

പ്രധാന പദ്ധതികള്‍ക്കാണ്‌ ഇത്രയേറെ ഭൂമി ആവശ്യം. എറണാകുളം അമ്പലമുകളിലെ പെട്രോ കെമിക്കല്‍ പദ്ധതിക്ക്‌ 10,000 ഏക്കര്‍, കൊച്ചി-പാലക്കാട്‌ നിംസ്‌ പദ്ധതിക്ക്‌ 13,000 ഏക്കര്‍, ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് ഹബ്‌- 13,000 ഏക്കര്‍, ഐ.ഐ.ഐ.ടി- 50 ഏക്കര്‍, ടൈറ്റാനിയം സ്‌പോഞ്ച്‌- 265 ഏക്കര്‍, ലൈഫ്‌ടൈം പാര്‍ക്ക്‌- 260 ഏക്കര്‍, ചീമേനി പദ്ധതി- 1621 ഏക്കര്‍, മറ്റൊരു പദ്ധതിക്ക്‌ മുപ്പത്തിയാറര ഏക്കര്‍ എന്നിങ്ങനെയാണ്‌ വന്‍കിട പദ്ധതികള്‍. കണക്കെടുത്താല്‍ 38,232 ഏക്കര്‍ ഭൂമിയാണ്‌ ഈ പദ്ധതികള്‍ക്കു ലഭിക്കേണ്ടതെങ്കിലും പെട്രോ കെമിക്കല്‍ പദ്ധതിക്ക്‌ അനുമതി ലഭിക്കണമെങ്കില്‍ മാത്രം 61,000 ഏക്കര്‍ ഭൂമി വേണം. കേന്ദ്ര സര്‍ക്കാരാണു പെട്രോ കെമിക്കല്‍ പദ്ധതിക്ക്‌ അനുമതി നല്‍കേണ്ടത്‌. ആവശ്യമായ സൗകര്യങ്ങളും മുന്‍കരുതലും സുരക്ഷയുമില്ലാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കാനാകില്ല. അമ്പലമുകളില്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക്‌ 13,000 ഏക്കറാണ്‌ സര്‍ക്കാര്‍ രേഖകളില്‍ കാണിച്ചിട്ടുള്ളതെങ്കിലും പദ്ധതി നടപ്പാകുമ്പോള്‍ 61,000 ഏക്കര്‍ കണ്ടെത്തേണ്ടിവരും. 260 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈടെക്‌ കോറിഡോര്‍ നിര്‍മിക്കണമെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നു കണക്കാക്കിയിട്ടില്ല. സീപ്ലെയിന്‍ പദ്ധതിയും ചെറുകിട പദ്ധതികളും കൂടിയാകുമ്പോള്‍ ഒരു ലക്ഷം ഏക്കറോളം ഭൂമി എമെര്‍ജിംഗ്‌ കേരള പദ്ധതിക്കായി വേണ്ടിവരും.

ആമ്പല്ലൂരില്‍ നേരത്തേ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിനായി ഏറ്റെടുത്ത 376 ഏക്കര്‍ ഭൂമിയാണു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്‌. ഇലക്‌ട്രോണിക്‌സ് പാര്‍ക്ക്‌ എമെര്‍ജിംഗ്‌ കേരളയിലൂടെ നിംസ്‌(നാഷണല്‍ ഇന്‍വെസ്‌റ്റ്മെന്റ്‌ ആന്‍ഡ്‌ മാനുഫാക്‌ചറിംഗ്‌ സോണ്‍) ആയി മാറ്റുമ്പോള്‍ 13,000 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ടിവരും. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്ന നിംസിന്‌ അനുമതി ലഭിക്കണമെങ്കില്‍ 5,000 ഹെക്‌ടര്‍ സ്‌ഥലം വേണമെന്നാണു ചട്ടം.

ജനവാസമേഖലയായ ആമ്പല്ലൂരില്‍ ഇത്രയേറെ സ്‌ഥലം എങ്ങനെ കണ്ടെത്തുമെന്നു കണ്ടറിയണം. ഈ മേഖലയില്‍ 2000 ഏക്കര്‍ ഏറ്റെടുത്ത്‌ ഇലക്‌ട്രോണിക്‌സ് ചിപ്പ്‌ നിര്‍മാണത്തിനുള്ള പദ്ധതി നടപ്പാക്കാന്‍ നേരത്തേ ചരടുവലികള്‍ നടന്നെങ്കിലും പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ വി.എസ്‌. സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എമെര്‍ജിംഗ്‌ കേരള പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്ന അന്നത്തെ വ്യവസായവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്‌ണനായിരുന്നു ഇലക്‌ട്രോണിക്‌സ് ചിപ്പ്‌ നിര്‍മാണ പദ്ധതിക്കായി ഏറെ സമ്മര്‍ദം ചെലുത്തിയത്‌.

ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ്‌ ഈ ഭൂമി കണ്ടെത്തേണ്ടത്‌. പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയാകട്ടെ കുത്തക കമ്പനികള്‍ക്ക്‌ ദാനം നല്‍കുന്ന രീതിയില്‍ പാട്ടത്തിനു നല്‍കാനുമാണു നീക്കം. ഹൈടെക്‌ കോറിഡോര്‍ പദ്ധതി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സമരങ്ങള്‍ ഉടലെടുക്കുകയും പദ്ധതിക്കെതിരേ പ്രതിരോധ കൂട്ടായ്‌മകള്‍ സജീവമാകുകയും ചെയ്‌ത സാഹചര്യത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്‌ എളുപ്പവുമാകില്ല. 

No comments:

Post a Comment