അഴിമതിയുടെ അഴിഞ്ഞാട്ടം
സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മറവില്‍ ബ്ലേഡ് കമ്പനി തുടങ്ങിയ ജനശ്രീ മിഷന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ഫണ്ട് അനുവദിച്ചതില്‍ കൃഷിമന്ത്രി കെ പി മോഹനും കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രത ബിശ്വാസും പ്രതിക്കൂട്ടില്‍. രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) പ്രകാരം ഫണ്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് ജനശ്രീ മിഷന്‍ തയ്യാറാക്കി നല്‍കിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് 14.36 കോടി രൂപ അനുവദിച്ചത്. 2007ല്‍ ആര്‍കെവിവൈ നടപ്പാക്കുമ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളെല്ലാം ജനശ്രീക്കുവേണ്ടി ലംഘിച്ചു. സംസ്ഥാന ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കും നീക്കിവച്ച തുകയെ ആശ്രയിച്ചുമാത്രമേ ആര്‍കെവിവൈ പദ്ധതികള്‍ക്ക് രൂപം നല്‍കാവൂ. ഇത്തരം പദ്ധതികള്‍ ജില്ലാതലത്തില്‍ തയ്യാറാക്കി സംസ്ഥാനതല അനുമതി കമ്മിറ്റി അംഗീകരിച്ചതുമാകണം. അങ്ങനെ അംഗീകരിക്കുന്ന പദ്ധതികള്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നിര്‍ബന്ധമായും അവയെ ഉപയോഗിച്ചുമാത്രമേ നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തിലെ 6.7 ഉപനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ജനശ്രീ മിഷന്റെ പേരില്‍ ഹസ്സനും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ കടലാസ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്. മെയ് 19ന് ചേര്‍ന്ന സംസ്ഥാനതല അനുമതി കമ്മിറ്റി യോഗത്തിലാണ് ഹസ്സന്റെ അഞ്ച് പദ്ധതിക്കും അംഗീകാരം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ കാര്‍ഷികോല്‍പ്പാദന കമീഷണര്‍ സുബ്രത ബിശ്വാസ് സപ്തംബര്‍ 18ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയും വൈസ്ചെയര്‍മാന്‍ കൃഷിവകുപ്പ് സെക്രട്ടറിയുമാണ്. സാധാരണ നിലയില്‍ ചീഫ് സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുത്താല്‍ത്തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികളില്‍ ഇടപെടാറില്ല. വകുപ്പുകള്‍ ഇത്തരം പദ്ധതികള്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനുമുമ്പ് വകുപ്പുമന്ത്രിയുടെ അംഗീകാരം വാങ്ങണമെന്നാണ് വ്യവസ്ഥ. വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ കൂടി പരിശോധിച്ച് മന്ത്രി ഒപ്പിട്ട ശേഷം മാത്രമേ യോഗത്തില്‍ അജന്‍ഡയായി വയ്ക്കൂ. മന്ത്രിയും വകുപ്പ് സെക്രട്ടറിയും അറിഞ്ഞാണ് ജനശ്രീ മിഷന് വഴിവിട്ട് ഫണ്ട് അനുവദിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജില്ലാതലത്തില്‍ പദ്ധതി തയ്യാറാക്കി അവ തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് നടപ്പാക്കുന്നതിന് പകരം ബ്ലേഡ് കമ്പനി നടത്തുന്ന സ്ഥാപനമായ ജനശ്രീ മിഷന്‍ തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത് ഉന്നത രാഷ്ട്രീയ ഇടപെടലുകളുടെകൂടി ഭാഗമായാണ്. ജനശ്രീക്ക് ഫണ്ട് അനുവദിച്ച കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ നടപടിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂര്‍ണമായും ന്യായീകരിച്ചതോടെ ഈ തട്ടിപ്പില്‍ അദ്ദേഹത്തിനുള്ള പങ്കും പുറത്തുവരികയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുതൊട്ട് ജനശ്രീ വഴിവിട്ട് സഹായിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ രൂപീകരിച്ച ജനശ്രീ സുസ്ഥിര മിഷന്റെ അനുബന്ധസ്ഥാപനമായി ബ്ലേഡ് കമ്പനി മാതൃകയില്‍ പണമിടപാട് സ്ഥാപനം രൂപീകരിച്ച് കച്ചവടം തുടങ്ങിയിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തീരുമാനിച്ച ഉത്തരവ് റദ്ദാക്കാത്തതിന് പിന്നില്‍ ദുരൂഹതയേറുകയാണ്.
No comments:
Post a Comment