തിരു: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കുവേണ്ടി പൊലീസ് കോടതിയില്‍ പച്ചക്കള്ളം പറഞ്ഞതായി തെളിഞ്ഞു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കാന്‍ ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ച കേസിലാണ് പൊലീസ് കള്ളം പറഞ്ഞത്. വിവാദ പ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതിനാല്‍ തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുന്നെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് പൊലീസ് ആദ്യം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കള്ളം പുറത്തായത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് സുധാകരനെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനാണ് സിബിഐ അന്വേഷണമെന്ന നുണക്കഥ സൃഷ്ടിച്ചത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് കേസ് പലവട്ടം നീട്ടി. ആഗസ്ത് 25ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെയാണ് സത്യംപറയാന്‍ നിര്‍ബന്ധിതമായത്. സിബിഐ കേസെടുത്തില്ലെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ നല്‍കിയ പരാതി ചെന്നൈ യൂണിറ്റിലേക്ക് അയച്ച വിവരം മാത്രമേ ഉള്ളെന്നുമാണ് ചൊവ്വാഴ്ച പൊലീസ് തിരുത്തിയത്. വിശദാംശങ്ങള്‍ രേഖാമൂലം നല്‍കാന്‍ സിബിഐ വിമുഖത കാണിച്ചതായും കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണം അവസാനിപ്പിച്ചില്ലെന്നും കാര്യക്ഷമമായി നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, കോടതി മുന്‍ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഈ കോടതിയില്‍ വിശ്വാസമില്ലെന്നും കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടു. പൊലീസും പ്രതിയും ഒത്തുകളിക്കുകയാണെന്ന് ഹര്‍ജിക്കാരിലൊരാളായ അഡ്വ. നെയ്യാറ്റിന്‍കര നാഗരാജന്‍ പറഞ്ഞു. കേസ് പരിഗണിക്കുന്ന കോടതിക്കെതിരെ പ്രസംഗിച്ചതിന്് സുധാകരനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ അഡ്വ. പള്ളിച്ചല്‍ എസ് കെ പ്രമോദും ബോധിപ്പിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസ് ആണ് കേസ് പരിഗണിക്കുന്നത്. കേസ് ഏഴിലേക്ക് മാറ്റി. 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയിലായിരുന്നു വിവാദ പ്രസംഗം. സുപ്രീംകോടതി ജഡ്ജി 36 ലക്ഷംരൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പരാതിയെത്തുടര്‍ന്ന് കേസെടുക്കാന്‍ മ്യൂസിയം പൊലീസിനോട് ഡിജിപി നിര്‍ദേശിച്ചു. പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. പ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുകയാണെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവാണ് കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി മൂന്നുതവണ ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേസ് നീട്ടിക്കൊണ്ടുപോയി. കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് നിലപാട് മാറ്റിയത്. വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും ഉന്നത പൊലീസ് നേതൃത്വവും കാട്ടുന്ന ഇരട്ടത്താപ്പാണ് സുധാകരന്റെ കേസിലൂടെ വീണ്ടും വ്യക്തമായത്.
No comments:
Post a Comment