ആരാണ് ഹിന്ദു എന്ന ചോദ്യം ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ വിവാദപരമായി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനുവേണ്ടി ഒരു ഓര്‍ഡിനന്‍സിന് ഭരണഗര്‍ഭഗൃഹത്തില്‍ പിറവി നല്‍കുകയാണ്. നിയമസഭാംഗങ്ങളുടെ പ്രതിനിധിയെ ദേവസ്വംബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരാണ്. നിലവിലുള്ള ഹിന്ദു നിര്‍വചനത്തിന് ഭേദഗതി നിര്‍ദേശിക്കുന്ന, പുറത്തുവരാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ചെറുതാണ്. പക്ഷേ, അത് ഉയര്‍ത്തുന്ന വിപത്ത് വലുതാണ്. ഭേദഗതി നിയമത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമി മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ അഹിന്ദുക്കളാകും. ഹിന്ദുസമുദായത്തില്‍ ജനിച്ചവരാണെങ്കിലും കമ്യൂണിസ്റ്റ്- ഇടതുപക്ഷ- മതനിരപേക്ഷ ആശയഗതിക്കാരാണെങ്കില്‍, അവരെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിയമഭേദഗതി. ദൈവവിശ്വാസിയാണെങ്കിലും മതനിരപേക്ഷ വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ ദൃഢപ്രതിജ്ഞയെടുത്താന്‍ ആ വ്യക്തിയെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്ന ഏറെ അപകടകരമായ വ്യവസ്ഥയും നിര്‍ദേശിക്കുന്നുണ്ട്.
കെ കരുണാകരന്റെ മൂന്നാംമന്ത്രിസഭയുടെ കാലത്ത് ഇത്രത്തോളം വരില്ലെങ്കിലും ഏറെക്കുറെ സമാനമായ ഒരു ദേവസ്വംനിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെ അസാധുവാക്കി തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന (ഭേദഗതി) ബില്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നുവെന്ന സത്യപ്രസ്താവന നല്‍കുന്നവര്‍ക്കേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതിയാണ് കരുണാകരന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് റദ്ദാക്കി, ജന്മംകൊണ്ടോ വിശ്വാസംകൊണ്ടോ ഹിന്ദുവായ എംഎല്‍എമാര്‍ക്കെല്ലാം ദേവസ്വംബോര്‍ഡ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് നായനാര്‍സര്‍ക്കാര്‍ പാസാക്കിയത്. 1950ല്‍ പരവൂര്‍ ടി കെ നാരായണപിള്ളയുടെ ഭരണകാലത്ത് കൊണ്ടുവന്ന മൂലനിയമത്തിന് ബലമേകുന്നതായിരുന്നു നായനാര്‍ സര്‍ക്കാരിന്റെ ഭേദഗതി നിയമം. എന്നാല്‍, അതിനെ കരുണാകരഭരണകാലത്തേക്കാള്‍ മോശമായവിധത്തില്‍ ഭേദഗതിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ പുറപ്പാട്. നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കാണ് ദേവസ്വംബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം. എംഎല്‍എമാരെ സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നത് ആശാസ്യമല്ല. എന്നാല്‍, അതില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നോട്ടം. ""പുതിയ സഭയില്‍ ഹിന്ദു എംഎല്‍എമാരില്‍ 46 പേര്‍ എല്‍ഡിഎഫിലാണ്. യുഡിഎഫിന് 27 പേര്‍മാത്രമാണ്"" എന്ന കണക്കാണ് ഹിന്ദുവിന് പുതിയ നിര്‍വചനം നല്‍കുന്ന സാഹസത്തിന് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ രണ്ട് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്ന് നോമിനേറ്റ് ചെയ്യും. മറ്റൊരാളെ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കും. ആ മൂന്നുപേര്‍ ഒന്നിച്ചിരുന്ന് പ്രസിഡന്റിനെ നിശ്ചയിക്കും. ഇന്നത്തെ സ്ഥിതിയില്‍ പ്രസിഡന്റ്സ്ഥാനം അടക്കം ദേവസ്വംബോര്‍ഡുകളില്‍ ഭൂരിപക്ഷം അംഗങ്ങളും ഭരണപക്ഷത്തിനു ലഭിക്കുമെന്നിരിക്കെ, പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരംഗത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ അധികാരക്കൊതിയാണ് നിയമഭേദഗതിക്ക് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്. അതിനായി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയുടെ ജനാധിപത്യാവകാശത്തെ അസാധുവാക്കാന്‍, ഈശ്വരവിശ്വാസവും ദൈവവിശ്വാസവും ഹിന്ദുമതവിശ്വാസവും ഉണ്ടെന്ന സത്യവാങ്മൂലം എംഎല്‍എമാര്‍ എഴുതിക്കൊടുക്കണമെന്നാണ് നിയമ ഭേദഗതി. മാത്രമല്ല, നിയമസഭാംഗമായി ദൃഢപ്രതിജ്ഞയെടുത്തവരെയും വോട്ടെടുപ്പിനുള്ള അവകാശത്തില്‍നിന്ന് ഒഴിവാക്കുന്നു. അംഗങ്ങളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേവസ്വം നിയമത്തിലെ ഏത് ഭേദഗതിക്കും രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണം. അത്രമാത്രം ശ്രദ്ധേയമായ ഒരു നിയമത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അതിനുവേണ്ടി ഹിന്ദുവിന്റെ അംഗീകൃത നിര്‍വചനംപോലും തിരുത്തുന്നു. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ ദേവസ്വംനിയമംതന്നെ ഭേദഗതിചെയ്യുന്ന അധികാരക്കൊതിയും ജനാധിപത്യക്കുരുതിയും അരുതെന്ന് ഉമ്മന്‍ചാണ്ടിയോട് പറയാന്‍ ആര്‍ജവമുള്ള കോണ്‍ഗ്രസുകാരും യുഡിഎഫ് കക്ഷികളും ഇല്ലേ? മന്ത്രിയും ജനപ്രതിനിധിയും എന്നനിലയില്‍ താന്‍ ചെയ്യുന്ന പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ദൈവത്തില്‍ ഏല്‍പ്പിക്കാതെ തന്നില്‍ത്തന്നെ നിക്ഷിപ്തമാക്കുന്നതിനാണ് താന്‍ ദൃഢപ്രതിജ്ഞയെടുത്തതെന്നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ നിയമം മുന്‍കാലപ്രാബല്യത്തോടെ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ നെഹ്റുവിനുപോലും വോട്ടവകാശം ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ നിയമഭേദഗതിമൂലം അവരും അഹിന്ദുക്കളാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജാതി സങ്കല്‍പ്പം പ്രസിദ്ധമാണ്. ""മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസൈ്യവം ഹ! തത്ത്വം വേത്തി കോപി ന."" അതായത്, പശുക്കള്‍ക്ക് പശുത്വമാണ് ജാതി. അതേപ്രകാരം മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയുള്ളവ ജാതി അല്ല. എന്തു കഷ്ടമാണ്, ഈ തത്വം ആരുമറിയുന്നില്ലല്ലോ എന്നാണ് ഗുരു ആത്മരോഷത്തോടെ ചോദിച്ചത്. "നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും, പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍" എന്ന് കുറിച്ചുകൊണ്ട്, എല്ലാവരും ജനിക്കുന്നത് ഒരൊറ്റ ജാതിയില്‍നിന്നാണെന്നും അപ്പോള്‍പ്പിന്നെ നരജാതിക്കുള്ളില്‍ അന്തരത്തിന് അര്‍ഥമില്ലെന്നുമാണ് ഗുരു ഉപദേശിച്ചത്. "ജാതി ചോദിക്കരുത്, പറയരുത്", "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"- എന്നീ ആഹ്വാനങ്ങളിലൂടെ ശ്രീനാരായണഗുരു വലിയൊരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് കെട്ടഴിച്ചുവിട്ടത്. "പല മതസാരവുമേക"മെന്നായിരുന്നു ഗുരുവിന്റെ സന്ദേശം.
അങ്ങനെ ജാതിമേധാവിത്വത്തിനെതിരായ താത്വികവിമര്‍ശവും സമരാഹ്വാനത്തിനുള്ള പ്രായോഗികപ്രേരണയുമാണ് നല്‍കിയത്. അതിനെ നിഷേധിച്ച്, മതത്തെ സങ്കുചിതമാക്കുകയാണ് ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സിലൂടെ യുഡിഎഫ് സര്‍ക്കാര്‍. ശ്രീനാരായണദര്‍ശനവും അതിന്റെ പ്രായോഗികതലവും പരിശോധിച്ചാല്‍ അതിന്റെ പ്രഭവകേന്ദ്രമായി പ്രാചീനഭാരതത്തിലെ ആസ്തിക, നാസ്തിക ദര്‍ശനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏടുകള്‍ തെളിയും. വേദോപനിഷത്താദി പ്രാമാണികഗ്രന്ഥങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നവര്‍ ആസ്തികരും അംഗീകരിക്കാത്തവര്‍ നാസ്തികരുമായി. പക്ഷേ, നാസ്തികരിലും ദൈവവിശ്വാസികള്‍ ഉണ്ടായിരുന്നു. ലോകായതം, ചാര്‍വാകം, ജൈന- ബുദ്ധ സാംഖ്യദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം നാസ്തികദര്‍ശനങ്ങളായിരുന്നു. അവയില്‍തന്നെ ദൈവവിശ്വാസവും ആത്മീയവീക്ഷണവുമുള്ളവരും ഉണ്ടായിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് പില്‍ക്കാല തലമുറയില്‍പ്പെട്ട ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം. അതിനാല്‍, നാസ്തിക ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സ്, ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും അധിക്ഷേപിക്കലാണ്. ഈ വഴിത്താരയില്‍ സഞ്ചരിച്ചാല്‍ ശ്രീബുദ്ധനെയും മഹാവീരനെയും യുഡിഎഫ് സര്‍ക്കാര്‍ കരിതേക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ വേണ്ടി ഇത്രവലിയ പാതകം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, താങ്കള്‍ ചെയ്യണമോ? മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി കേശവന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനും ഇന്ന് വോട്ടവകാശം കിട്ടില്ലായിരുന്നു. കാരണം, ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് ശബരിമല കത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു സി കേശവന്‍. അത് പറയാനുള്ള ദൃഢവിശ്വാസമുണ്ടായത്, ശ്രീനാരായണ ദര്‍ശനം ഗ്രഹിച്ചതിനാലാണ്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പെരുകുന്നതുകണ്ട് ഗുരു പറഞ്ഞത്, അത് മുടി വെട്ടുന്നതുപോലെയാണെന്നാണ്. വെട്ടുംതോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹങ്ങള്‍ പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ധിച്ചതെന്നായിരുന്നു ഗുരു വ്യക്തമാക്കിയത്. അപ്പോള്‍ വിഗ്രഹാരാധനയും അമ്പലവും ഹിന്ദുവിനെ നിര്‍ണയിക്കുന്നതിന് ഘടകമാക്കുന്നത് നമ്മുടെ ഋഷിവര്യന്മാരോടും സദ്പാരമ്പര്യം പുലര്‍ത്തിയ മുന്‍ഭരണാധികാരികളോടും കാണിക്കുന്ന അനീതിയാണ്. സി കേശവന് പുറമെ, സഹോദരന്‍ അയ്യപ്പനും ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അയിത്തത്തിന് ഇരയായേനെ. "ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ശ്രീനാരായണദര്‍ശനത്തെ വളര്‍ത്തിയുപയോഗിച്ച സഹോദരന്‍ അയ്യപ്പന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കൊച്ചിരാജ്യത്ത് മന്ത്രിയായിരുന്ന നേതാവാണ്. ദളിത്വിഭാഗങ്ങളെയടക്കം ഉള്‍പ്പെടുത്തി അവരുടെ മോചനസമരത്തിന്റെ ഭാഗമായി ചെറായിയില്‍ മിശ്രഭോജനം നടത്തിയപ്പോള്‍ സഹോദരന്‍ അയ്യപ്പനെ "പുലയന്‍ അയ്യപ്പനാ"ക്കിയതുപോലെ ഇന്ന് സഹോദരന്‍ അയ്യപ്പനെ ഉമ്മന്‍ചാണ്ടി "അഹിന്ദു അയ്യപ്പനാ"ക്കിയേനെ. ആധുനിക ഇന്ത്യന്‍ചരിത്രത്തെ തിളക്കമുള്ളതാക്കിയ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വോട്ടവകാശം നല്‍കുമായിരുന്നില്ല.
സ്വസമുദായത്തിന്റെ അവശതകള്‍ക്കെതിരെ പോരാടിയതിന്റെ ഭാഗമായി ഹിന്ദുസമുദായത്തിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ അംബേദ്കര്‍ കലാപക്കൊടി ഉയര്‍ത്തി. ദളിതുകള്‍ക്ക് ഹിന്ദുക്കളായി ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ നിവൃത്തികേടുകൊണ്ട് ഒരുഘട്ടത്തില്‍ അംബേദ്കര്‍ നിര്‍ദേശിച്ചു. അങ്ങനെ നിര്‍ദേശിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഭരണഘടനാ ശില്‍പ്പി, ഇന്നു ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനും വോട്ടവകാശം നിഷേധിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ജനാധിപത്യപരമാണോയെന്ന് ഉമ്മന്‍ചാണ്ടി നെഞ്ചില്‍ കൈവച്ച് ആലോചിക്കണം.
രാഷ്ട്രീയ വിശ്വാസങ്ങളിലും രാഷ്ട്രീയ സമ്പര്‍ക്കങ്ങളിലും താന്‍ എവിടെ നില്‍ക്കുന്നുവെന്ന് അടയാളപ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് എന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിന്ദുനിര്‍വചനം അപകടകരമാണെങ്കിലും ഇതേപ്പറ്റി ഇതുവരെ ഒരക്ഷരം സമുദായ ഐക്യപ്രഖ്യാപനം നടത്തിയ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ പറഞ്ഞിട്ടില്ല. രണ്ട് സമുദായസംഘടനകളുടെയും നേതാക്കള്‍ക്ക് നാക്കില്‍തൊടാന്‍ മധുരംതേച്ചുകൊടുത്താല്‍ ഹിന്ദുനിര്‍വചനം പൊളിച്ചെഴുതുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അപചയത്തിനുനേരെ കണ്ണടച്ചുകൊടുക്കും എന്ന ധൈര്യത്തിലാണ് ഭരണക്കാര്‍.
ആര്‍ എസ് ബാബു
No comments:
Post a Comment