Tuesday, September 4, 2012

പൊലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിന് കെ എം മോഹന്‍ദാസിനെതിരെ കേസ്



വാര്‍ത്ത നല്‍കിയതിനു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് ഇതാദ്യം 




ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തു. സെപ്തംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന മോഹന്‍ദാസിന് നോട്ടീസ് നല്‍കി. അന്വേഷണ സംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ചില മാധ്യമപ്രവര്‍ത്തകരുമായി ദിവസങ്ങളോളം ടെലിഫോണ്‍ വിളിച്ചതിന്റെയും സന്ദേശങ്ങള്‍ അയച്ചതിന്റെയും തെളിവുകള്‍ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. സിപിഐ എമ്മിനെതിരെ പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചമച്ചുനല്‍കുന്നുവെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്നായിരുന്നു ജോസി ചെറിയാന്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്ന് തുറന്നുകാട്ടുന്നതും പൊലീസ് ഗൂഢാലോചന വെളിപ്പെടുത്തുന്നതുമായിരുന്നു ദേശാഭിമാനി വാര്‍ത്ത. വാര്‍ത്ത വന്നതോടെ മുഖം നഷ്ടപ്പെട്ട പൊലീസ് പിടിച്ചുനില്‍ക്കാന്‍ കേസ് ചമയ്ക്കുകയായിരുന്നു. ഇതിനായി വീണ്ടും ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പരാതി കൊടുപ്പിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ മോഹന്‍ദാസിനെ വടകരയിലേക്ക് വിളിപ്പിച്ചത്്. സംസ്ഥാനത്ത് ഇതാദ്യമായാണ് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ പൊലീസ് നേരിട്ട് കേസെടുക്കുന്നത്. മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിച്ച അടിയന്തരാവസ്ഥക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തില്ല. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിന്ദ്യമായ കടന്നാക്രമണമാണ് മോഹന്‍ദാസിന് എതിരായ കേസിലൂടെ പുറത്ത് വന്നത്.


കേസ് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനം: കെയുഡബ്ല്യുജെ

തിരു: പത്രവാര്‍ത്തയുടെപേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ ഫോണ്‍ ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചതിനാണ് വടകര പൊലീസ് കേസെടുത്തത്. പല സ്രോതസ്സുകളില്‍നിന്നു ലഭിക്കുന്ന വിവരം വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇത്തരം നടപടികളില്‍നിന്ന് പൊലീസ് പിന്തിരിയണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരായുള്ള വാര്‍ത്തകള്‍ക്ക് പിന്നിലെ പൊലീസ്-മാധ്യമ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തതില്‍ ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കോ ഡിനേഷന്‍കമ്മിറ്റി പ്രതിഷേധിച്ചു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തൊഴില്‍പരമായ ഉത്തരവാദിത്തം നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിലൂടെ പത്രസ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുകയാണ് സംസ്ഥാനസര്‍ക്കാര്‍.അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് സര്‍ക്കാര്‍ നടപടി. വാര്‍ത്തയെഴുതിയ ലേഖകനെതിരെ കേസെടുക്കുന്നതും പൊലീസ്സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മാധ്യമസ്വാതന്ത്ര്യത്തിന് നേരെ സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണമാണ്. ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് ശൈലിയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യവാദികളും ജനാധിപത്യപ്രേമികളും വിഷയത്തില്‍ പ്രതികരിക്കണമെന്നും ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എസ് മനോജും സെക്രട്ടറി പി വി ജീജോയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment