ഡീസല്‍ വിലവര്‍ധനയുടെ ഭാരം താങ്ങാനാകാതെ 1800 ബസ് നിരത്തില്‍നിന്ന് പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നു. നിലവില്‍ അറ്റകുറ്റപ്പണികള്‍ക്ക് കട്ടപ്പുറത്ത് കയറ്റിയ ആയിരത്തോളം ബസിനുപുറമെ 800 ബസുകൂടി പിന്‍വലിക്കാനാണ് അധികൃതരുടെ നീക്കം. ഇത് നടപ്പാക്കിയാല്‍ ദേശസാല്‍കൃത പാതകള്‍ അടക്കമുള്ള പാതകളില്‍ യാത്രാദുരിതം രൂക്ഷമാകും. 5400 ബസില്‍ 4400 എണ്ണമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്്. 18.5 ലക്ഷം കിലോമീറ്ററിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്ടത്. നിലവില്‍ മൂന്നരലക്ഷം കിലോമീറ്ററോളം സര്‍വീസ് കുറവുണ്ട്. ഇതിനുപുറമെയാണ് 800 ബസ് പിന്‍വലിക്കുന്നത്. വിലവര്‍ധന വരുംമുമ്പ് പ്രതിമാസം 58 മുതല്‍ 60 കോടി രൂപവരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഇന്ധനച്ചെലവ്. പ്രതിദിനം ഒന്നേമുക്കാല്‍ കോടിമുതല്‍ രണ്ടു കോടിവരെ. വിലവര്‍ധനയോടെ പ്രതിദിനം ശരാശരി 22 ലക്ഷം രൂപയുടെ അധിക ബാധ്യത വരും. എല്ലാ ബസും ഓടിച്ചാല്‍ ഇത് 30 ലക്ഷം രൂപ അധികരിക്കും. പ്രതിമാസചെലവ് 69 കോടിയായി വര്‍ധിക്കും. എന്‍ജിന്‍ ഓയില്‍, കൂളന്റ് തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയാല്‍ ഒരുകോടിയോളം രൂപയുടെ അധികഭാരവും ഏറ്റെടുക്കേണ്ടിവരും. പ്രതിമാസം ആകെ അധികബാധ്യത 70 കോടി കവിയും. നിലവിലെ സാഹചര്യത്തില്‍ അധികബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്തതിനാലാണ് ബസിന്റെ എണ്ണം കുറയ്ക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. സര്‍വീസ് കുറയ്ക്കുന്നത് കോര്‍പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ആദായകരമായ റൂട്ടിലെ സര്‍വീസാകും വെട്ടിച്ചുരുക്കുക. വിവിധ സമ്മര്‍ദങ്ങളുടെ ഭാഗമായാണ് 1500 റൂട്ടിലെ സര്‍വീസ്. ജനപ്രതിനിധികള്‍, ജനകീയ സമരങ്ങള്‍, ആരാധനാലയങ്ങള്‍, പ്രാദേശിക പ്രത്യേകത തുടങ്ങിയവ പരിഗണിച്ച് ശരാശരി വരുമാനം 4000 രൂപയുള്ള ഈ സര്‍വീസുകള്‍ നിര്‍ത്താനാകില്ല. സ്വാഭാവികമായും കൂടുതല്‍ സര്‍വീസുള്ള ദേശസാല്‍കൃത റൂട്ടുകളില്‍നിന്നടക്കം ബസ് പിന്‍വലിക്കും. ഇത് വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും. ദേശസാല്‍കൃത പാതകളടക്കം സമാന്തര സര്‍വീസ് ലോബിയുടെ പിടിയിലുമാകും. ബസ് പിന്‍വലിച്ചത് തിരിച്ചറിയാത്തതിനാല്‍ ജനരോഷത്തിനും സാധ്യതയില്ലെന്ന് തലപ്പത്തുള്ളവര്‍ കരുതുന്നു. ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യം കവരാനുള്ള നീക്കവും തുടങ്ങി. ശമ്പള പരിഷ്കരണം നടപ്പാക്കിയെന്ന് പ്രഖ്യാപിച്ചിട്ട് ഇതുവരെയും നല്‍കിയിട്ടില്ല. 36 ശതമാനം ക്ഷാമബത്ത, യൂണിഫോം അലവന്‍സ് തുടങ്ങിയവയും നിഷേധിച്ചു. ഇവയൊന്നും ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. സെപ്തംബറിലെ ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഒക്ടോബറില്‍ സമരം തുടങ്ങാനുള്ള ആലോചനയിലാണ് തൊഴിലാളികള്‍.
No comments:
Post a Comment