Monday, February 27, 2012

പിറവം തെരഞ്ഞെടുപ്പു ഓര്‍ത്തഡോക്‍സ്‌ സഭാ നീക്കം ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍

പിറവം തെരഞ്ഞെടുപ്പു ഓര്‍ത്തഡോക്‍സ്‌ സഭ യു ഡി എഫിന്  എതിരെ എന്ന പ്രചരണം  ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ യു ഡി എഫ് നേതൃത്വവും ,ഓര്‍ത്തഡോക്‍സ്‌ സഭാ നേതൃത്വവും ഒരുക്കിയ പുതിയ തന്ത്രമാണ്.
പിറവം മണ്ഡലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഈ തന്ത്രപരമായ പ്രചരണത്തില്‍ കൂടി യു.ഡി. എഫിന്  ഒപ്പം അണിനിരത്തി സ്വന്തം സഭയുടെ വിശ്വസ്ത അംഗമായ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ മന്ത്രി സ്ഥാനം ഭദ്രമാക്കുകയാണ്  ഓര്‍ത്തഡോക്‍സ്‌ സഭാ ലക്‌ഷ്യം.
പിറവം മണ്ഡലത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക്  ഭൂരിപക്ഷം ഉള്ള ആറു ദേവാലയങ്ങളില്‍ , ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂലമായി നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് നടപടിക്ക് എതിരെ യാക്കോബായ സഭ നടത്തുന്ന  പ്രാര്‍ത്ഥനായജ്ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ ആണ് പുതിയ പ്രചരണതന്ത്രത്തിനു രൂപം കൊടുത്തിരിക്കുന്നത്.
 ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ കള്ളക്കേസുകളില്‍ കുടുങ്ങി ഇപ്പോഴും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സഭാംഗങ്ങളെ മറന്ന്‍ എങ്ങിനെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് യു.ഡി.എഫിനെ പിന്തുണക്കാനാകും ? ഉമ്മന്‍ ചാണ്ടിയുടെ പോലീസ്  കോടതിയില്‍ നിന്നും സംഘടിപ്പിച്ചെടുത്ത കടുത്ത ജാമ്യ വ്യവസ്ഥ മൂലം വോട്ടു ചെയ്യാന്‍ വിശ്വാസികള്‍ക്ക് സ്വന്തം പോളിംഗ് ബൂത്തില്‍ പോലും എത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ യു.ഡി .എഫ് ഭരണകാലത്ത്  ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി സ്ഥാനം വഹിക്കുമ്പോള്‍ ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ പ്രാര്‍ത്ഥനയ്ക്ക്  എത്തിയ വൈദികര്‍ക്കും ,വിശ്വാസികള്‍ക്കും എതിരായി നടത്തിയ ക്രൂരമായ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് എങ്ങിനെ മറക്കുവാന്‍ കഴിയും? 
പരുമലയില്‍ യാക്കോബായ സഭക്ക്  സ്വന്തമായ സ്ഥലത്ത്  ആരാധനാലയം നിര്‍മ്മിക്കുവാന്‍ ഇനിയും അനുമതി നല്‍കാത്ത യു.ഡി.എഫ് സര്‍ക്കാര്‍ ,അനാഥാലയം നിര്‍മ്മിക്കുവാന്‍ നിയമാനുസൃതം പഞ്ചായത്ത് നല്‍കിയ കെട്ടിട നിര്‍മ്മാണ ലൈസന്‍സ്  പോലും സര്‍ക്കാര്‍ ഇടപെടലില്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നത് എങ്ങിനെ ആണ്  ന്യായീകരിക്കപ്പെടുന്നത്‌  ? ഇന്ത്യന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരം ഏതൊരു മതത്തിനും സ്വത്ത് സമ്പാദിക്കാനും അവയില്‍ ആരാധനലയമോ,മറ്റ് സ്ഥാപനങ്ങളോ നിര്‍മ്മിക്കുവാന്‍ ഉള്ള മൌലികാവകാശം നിയമവാഴ്ച ഉറപ്പു വരുത്തുവാന്‍ ബാധ്യതപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് യാക്കോബായ സഭക്ക്  മാത്രം പരുമലയില്‍ നിഷേധിക്കുന്നത് എന്ന് ഇനിയും മറുപടി പറഞ്ഞിട്ടില്ല .പിറവത്ത് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്ന പി സി വിഷ്ണുനാഥ്  എം എല്‍ എ ഇടപെട്ടാണ് പരുമലയില്‍ യാക്കോബായ സഭക്ക് നീതി നിഷേധിച്ചത് എന്നത് എങ്ങിനെ വിശ്വാസികള്‍ മറക്കും ?
ക്രമസമാധാന പ്രശ്നം ഉന്നയിച്ചു  യാക്കോബായ സഭക്ക്  നീതി നിഷേധിക്കുന്ന യു ഡിഎഫ് സര്‍ക്കാര്‍ ഓര്‍ത്തഡോക്‍സ്‌ സഭാംഗങ്ങള്‍ ലഘു ന്യൂനപക്ഷം മാത്രം ഉള്ള മുളന്തുരുത്തിയില്‍ കലാപം ഉണ്ടാക്കുന്നതിനായി ഓര്‍ത്തഡോക്‍സ്‌  സഭാ കേന്ദ്രം നിര്‍മ്മിക്കുന്നതിന്  എല്ലാ സംരക്ഷണവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണുന്നത്.
യു ഡി എഫ്  ഒരുക്കിയിട്ടുള്ള കെണി "മരണക്കെണി "ആണെന്ന് തിരിച്ചറിയാനുള്ള വിവേകം യാക്കോബായ സഭാ വിശ്വാസികള്‍ക്കുണ്ട് .ബുദ്ധി ശക്തി മരവിച്ചിട്ടില്ലാത്ത യാക്കോബായ സഭാ അംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞു  തങ്ങളുടെ നിലപാട് പിറവം തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കുമെന്ന്  ഉറപ്പാണ്‌ . ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിസഭയെ സംരക്ഷിക്കുവാന്‍ നാണം കെട്ട കൂറു മാറ്റത്തിന്  യു ഡി എഫ് തുനിഞ്ഞത് . പിറവത്ത് എല്ലാ മത വിഭാഗങ്ങളും യു ഡി എഫിന് ഒപ്പമാണ് എന്ന എ കെ ആന്റണിയുടെ പ്രസ്താവന കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം .
              

No comments:

Post a Comment