തിരു: യേശുക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണമെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്നത് നൂറുശതമാനവും ശരിയാണ്്. ക്രിസ്തുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ട്. യേശുവിനെ മാറ്റിനിര്‍ത്തിയാല്‍ വിപ്ലവകാരികളുടെ പട്ടിക പൂര്‍ണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച "മാര്‍ക്സാണ് ശരി" പ്രദര്‍ശനം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയാണ് ഞാന്‍ . അതില്‍ അഭിമാനിക്കുകയുംചെയ്യുന്നു. ലോകം അംഗീകരിച്ച സത്യം സിപിഐ എം പറയുമ്പോള്‍ വിവാദമുണ്ടാക്കുന്നത് എന്തിനെന്നുമനസിലാവുന്നില്ല. വിവാദമുണ്ടാക്കുകയല്ല, സ്വാഗതംചെയ്യുകയാണ് വേണ്ടത്. അന്ത്യഅത്താഴ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് സിപിഐ എം പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയതോടെ അത് സംബന്ധിച്ച വിവാദം അവസാനിക്കേണ്ടതായിരുന്നു." ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം ചെ ഗുവേരയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങള്‍ എന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ട്. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായി ഏറെ ബന്ധമുണ്ട്. യഹൂദമതത്തിന്റെയും ക്രിസ്തുവിന്റെയും ദര്‍ശനങ്ങള്‍ മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്ഥിതിസമത്വവാദചിന്ത ബൈബിളില്‍ ഉടനീളം കാണാം. ദരിദ്രജനതയുടെ മുന്നേറ്റമായിരുന്നു ആദ്യകാലത്ത് ക്രൈസ്തവമതം. ദരിദ്രര്‍ക്ക് മതം ആശ്വാസമാകുന്നത് എങ്ങനെയെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. മതത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് പൂര്‍ണമായി മനസിലാക്കുകയാണ് വേണ്ടത്. മാര്‍ക്സിസം പ്രത്യയശാസ്ത്രപരമായും ക്രൈസ്തവചിന്ത വിശ്വാസപരമായും ഏറ്റെടുക്കുന്നത് മര്‍ദിതരുടെ മോചനമാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് ക്രൈസ്തവ ദര്‍ശനം. എന്നാല്‍ , ധനികവര്‍ഗത്തിന്റെ പക്ഷംചേര്‍ന്ന വ്യവസ്ഥാപിത സഭകള്‍ യേശുവിന്റെ ദര്‍ശനം ഉപേക്ഷിച്ചു. വിപ്ലവാദര്‍ശം കൈയൊഴിഞ്ഞവരാണ് ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നതില്‍ തെറ്റ് കാണുന്നത്. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണ്. ക്യൂബയില്‍ ഫിദല്‍കാസ്ട്രോ പ്രസിഡന്റായിരിക്കെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് വലിയ കത്തീഡ്രല്‍ നിര്‍മിച്ചു നല്‍കി. കത്തീഡ്രലിന്റെ കൂദാശച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. ഫിദല്‍ കാസ്ട്രോയുടെ 80-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനും ഞാന്‍ സാക്ഷ്യം വഹിച്ചു. വടക്കേ ഇന്ത്യയിലും മറ്റും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ സംരക്ഷകരായി ഓടിയെത്തിയത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷക്കാരാണെന്ന കാര്യം മറക്കാനാവില്ല. ഇതൊക്കെ മറച്ചുവച്ച് പ്രചാരണം നടത്തുന്നവരെപ്പറ്റി എന്തു പറയാനാണ്-മെത്രാപോലീത്ത പറഞ്ഞു. ധാര്‍മികമൂല്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ് "മാര്‍ക്സാണ് ശരി" പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന നഗരിയില്‍ മാര്‍ കൂറിലോസിനെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ വികാരി ഫാ. അനീഷ് ടി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു. ഇ എം എസ് കൃതികളുടെ വാള്യങ്ങളിലൊന്ന് കടകംപള്ളി മാര്‍ ഗീവര്‍ഗീസിന് സമ്മാനിച്ചു.
No comments:
Post a Comment