കൊച്ചി: യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന സിപിഐ എം നിലപാട് നൂറുശതമാനവും ശരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കൊച്ചിയില്‍ ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സാംസ്കാരികസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണ്. ശരിയായ അര്‍ഥത്തില്‍ യേശു വിമോചനപ്പോരാളിയല്ല. തെരുവ് പോരാളിയെന്നാണ് യേശുവിനെ വിശേഷിപ്പിക്കേണ്ടത്. അനീതിക്കെതിരെ ചാട്ടവാറുമെടുത്ത് തെരുവിലേക്കിറങ്ങിയ യേശു ധാര്‍മികരോഷമുള്ളയാളാണെന്ന വീക്ഷണമാണ് തന്റേത്. സിപിഐ എമ്മുകാര്‍ പറയുന്നതുകൊണ്ട് വിശ്വസിക്കില്ലെന്ന സഭയുടെ നിലപാട് ശരിയല്ല. കോണ്‍ഗ്രസുകാര്‍ക്ക് യേശുവിനെക്കുറിച്ച് ഒരു വിവരവുമില്ല. ചില വിവരമില്ലാത്ത മെത്രാന്‍മാര്‍ പറയുന്നതുകേട്ടാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. "അവസാന അത്താഴം" വിവാദമാക്കുന്നത് വിവരമില്ലാത്ത ചില പുരോഹിതന്‍മാരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ്. "അവസാനത്തെ അത്താഴം" മതചിത്രമല്ല. ഇറ്റലിയിലെ ഒരു മഠത്തിന്റെ ഭിത്തി അലങ്കരിക്കാന്‍വേണ്ടിയാണ് ഡാവിഞ്ചി അത് വരച്ചത്. "അവസാനത്തെ അത്താഴം" ഒരു മതത്തിന്റെയും സ്വകാര്യസ്വത്തല്ല. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ "അവസാനത്തെ അത്താഴം" എന്ന ചിത്രത്തിന് പതിനായിരത്തോളം പാരഡികള്‍ കാണാന്‍ കഴിയും. യേശുവിനെ നടുവിലിരുത്തി അദ്വാനിയെയും മന്‍മോഹന്‍സിങ്ങിനെയും വരച്ചിരുന്നെങ്കില്‍ അത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ സ്ഥാനത്ത് ഒബാമയെയാണ് വച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് യേശുവെന്നുപറഞ്ഞാല്‍ പള്ളീലച്ചന്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ്. എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും സക്കറിയ പറഞ്ഞു.
No comments:
Post a Comment