ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സിപിഐ എം തലശേരി ഏരിയ കമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാവണമെന്ന് കോടതി ഉത്തരവിട്ടു. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം ഷുഹൈബാണ് വിധി പുറപ്പെടുവിച്ചത്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ഹാജരാവാന്‍ അഡ്വ. കെ വിശ്വനെ കോടതി അനുവദിച്ചു. സുപ്രിംകോടതി വിധിയടക്കം ലംഘിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് വിധി. കസ്റ്റഡിയിലെടുത്തവര്‍ക്ക് ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പാക്കാന്‍ അഭിഭാഷക സാന്നിധ്യം സഹായകമാകുമെന്ന വാദവും കോടതി അംഗീകരിച്ചു. രാമകൃഷ്ണനെ അഡ്വ. വിശ്വന്റെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂവെന്ന് മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ശാരീരിക അവശത അനുഭവിക്കുന്ന രാമകൃഷ്ണനെ മെയ് 25ന് മാഹിയിലെ വീട്ടില്‍ അതിക്രമിച്ചുകടന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാമകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അതിനിടെ, രാമകൃഷ്ണനെ കസ്റ്റഡിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ മജിസ്ട്രേട്ട് വ്യാഴാഴ്ച ആശുപത്രിയിലെത്തി. ശാരീരിക അവശത കണക്കിലെടുത്താണ് നേരിട്ടെത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍് ഏറ്റുവാങ്ങിയത്. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ച് കള്ളമൊഴി രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്.
Thursday, May 31, 2012
പടയന്‍കണ്ടി രവീന്ദ്രന്റെ താടിയെല്ലിന് ക്ഷതം
കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. താടിയെല്ലിന് ക്ഷതമേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തേറ്റ അടിയാണ് ക്ഷതത്തിന് കാരണം. മോണയ്ക്കും മറ്റും ഏറ്റ ക്ഷതങ്ങള്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍പരിശോധിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം രവീന്ദ്രനെ വടകര ജയിലിലേക്ക് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറയ്ക്ക് വിധേയനാക്കിയത്. പറയാത്ത കാര്യങ്ങള്‍ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴിയായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വടകര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പീഡനം നടന്നതായി രവീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു.
പി പി രാമകൃഷ്ണന്‍ അവശനിലയില്‍
കോഴിക ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി പീഡിപ്പിക്കപ്പെട്ട സിപിഐ എം തലശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍ അവശനിലയില്‍ തുടരുന്നു. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് രാമകൃഷ്ണനെ ഇക്കോ ടെസ്റ്റ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കി. ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചുവേദനയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് രാമകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന്് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കടുത്ത ശാരീരിക അവശതയനുഭവിക്കുന്നയാളാണ് രാമകൃഷ്ണന്‍. പ്രമേഹവും മറ്റുരോഗങ്ങളും അലട്ടുന്നുണ്ട്.
തന്തൂരി അടുപ്പിലെ മാംസഗന്ധം
- ""15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാന്‍ മൂന്നുമാസത്തെ പരോള്‍ വേണം"". കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ സുശീല്‍ശര്‍മ അപേക്ഷിച്ചു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മിന്നും താരമായിരുന്നു സുശീല്‍ ശര്‍മ. എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഉറ്റ കൂട്ടുകാരന്‍; യൂത്ത് കോണ്‍ഗ്രസിന്റെ ഡല്‍ഹി പ്രദേശ് പ്രസിഡന്റ്. ശര്‍മയുടെ ഭാര്യ നൈ സാഹ്നി ഡല്‍ഹി മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ് എംഎല്‍എ, ഭാര്യ ഡല്‍ഹിയിലാകെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ആഘോഷജീവിതം. നൈയുടെ സഹപാഠിയായിരുന്ന മത്ലബ് കരീമും കോണ്‍ഗ്രസ് നേതാവാണ്. കരീമിന് നൈയുമായി അവിഹിതബന്ധമുണ്ടെന്ന് ശര്‍മ സംശയിച്ചു. 95 ജൂലൈ രണ്ടിന് രാത്രി ശര്‍മ വീട്ടിലെത്തിയപ്പോള്‍ നൈ ആരോടോ ഫോണില്‍ സംസാരിക്കുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ സംഭാഷണം അവസാനിപ്പിച്ചു. അതോടെ അവിഹിതബന്ധം ഉറപ്പിച്ച ശര്‍മ തോക്കെടുത്തു. ഭാര്യയെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. അശോക് റോഡിലെ ഭാഗ്യ എന്ന റസ്റ്റോറന്റിലേക്ക് ശവശരീരവുമായി ശര്‍മ യാത്രയാകുന്നു. അവിടെ റസ്റ്റോറന്റ് മാനേജര്‍ കേശവ്കുമാറിന്റെ സഹായത്തോടെ ജഡം ചെറുകഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ സംശയംതോന്നി അടുത്തുചെന്നപ്പോള്‍ ശര്‍മ സ്ഥലംവിട്ടു. കേശവ് പിടിയിലായി. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി അടുപ്പിലിട്ടു ചുട്ട കോണ്‍ഗ്രസ് നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ശര്‍മയാണ്, തനിക്ക് മൂന്നുമാസം പരോള്‍ വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു നേതാവിന്റെ ചരിത്രമാണിത്.
- ഇതുപോലെ അനേകം സംഭവങ്ങള്‍. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസ് ഔദ്യോഗികമായി നടപ്പാക്കിയതാണ്. സിഖ് വംശജരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അതിന് നേതൃത്വം നല്‍കിയ ജഗദീശ് ടൈറ്റ്ലറിനെയും സജ്ജന്‍കുമാറിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്വവും മന്ത്രിപദവും നല്‍കി ആദരിച്ചു. കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ സുശീല്‍ ശര്‍മയാണ് കോണ്‍ഗ്രസിന്റെ പ്രതീകമെങ്കില്‍, ഇങ്ങ് കേരള തലസ്ഥാനത്തും അനുയായികള്‍ പിന്നോട്ടല്ല. കെപിസിസി നേതാവായ മുന്‍ എംഎല്‍എ സ്വന്തമായി എന്തിനുംപോന്ന ക്വട്ടേഷന്‍ സംഘത്തെ പോറ്റി വളര്‍ത്തുന്നുണ്ട്. മറ്റ് പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയും ഡസനോളം സംഘങ്ങള്‍ സജീവം.
- 2004ലാണ് കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി വിളയിക്കുളം ലാലിയെ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ അനുയായിയുടെ രക്തം മണ്ണില്‍ വീണു. എം എ വാഹിദ് എംഎല്‍എയും ഡിസിസി ഭാരവാഹി സി മോഹനചന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് വൈരം രണ്ട് ഗുണ്ടാപ്പടകള്‍ തമ്മിലുള്ള തെരുവുയുദ്ധമായി മാറിയപ്പോഴാണ് ലാലി ബലിയാടായത്. 2001ല്‍ മോഹനചന്ദ്രനെ "വെട്ടിയാണ്" എം എ വാഹിദ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. വാഹിദിനെ തോല്‍പ്പിക്കാന്‍ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇവരോടൊപ്പം ലാലിയും സജീവമായി ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വാഹിദിന്റെ "കോടതി" ലാലിക്ക് വധശിക്ഷ വിധിച്ചു. പ്രതികളായത്, സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമുഖര്‍.
- 2010 മെയ് അഞ്ചിന് തലസ്ഥാന നഗരത്തില്‍ത്തന്നെ, കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്വന്തം പാര്‍ടി പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നു. സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഗ്രൂപ്പുതിരിഞ്ഞുണ്ടായ തര്‍ക്കമാണ് നന്തന്‍കോട് ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസിനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്റെ ചവിട്ടേറ്റായിരുന്നു മരണം. നന്തന്‍കോട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു ആന്റണി. അവിടെയെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരാണ് സമരത്തിന് വിളിച്ചത്" എന്നുചോദിച്ച് ആന്റണിയെ വലിച്ചുപുറത്തിട്ടു മര്‍ദിച്ചു. പിടിവലിയില്‍ ഇരുവരും വീണപ്പോള്‍ വിജയന്‍ ചാടിയെണീറ്റ് ആന്റണിയുടെ നെഞ്ചത്ത് ചവിട്ടി. വിജയന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ആന്റണി ഐ ഗ്രൂപ്പുമായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ചവിട്ടുകൊണ്ടുവീണ ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ബര്‍ണബാസിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ""സൂക്ഷിച്ചോ, അടുത്തത് നീയാണ്"" എന്ന് പറയാന്‍ വിജയന്‍ മടിച്ചില്ല. കേസ് തേച്ചുമാച്ചുകളയാന്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ത്തന്നെ ഇടപെടല്‍ തുടരുന്നു. അന്ന് വിജയനെ പുറത്താക്കി എന്ന് നേതൃത്വം പ്രചരിപ്പിച്ചു. ഇന്ന് വിജയന്‍ പഴയ പ്രസിഡന്റ് സ്ഥാനത്തുതന്നെയാണ്. അത് എതിര്‍ഗ്രൂപ്പുകാര്‍ അംഗീകരിക്കുന്നില്ലെങ്കിലും.
- കോണ്‍ഗ്രസ് ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിയല്ല- ഗാന്ധിയുടെയും ഖാദിയുടെയും പാരമ്പര്യത്തിന്റെ പലിശകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരുപറ്റം തട്ടിപ്പുകാരുടെ കൂട്ടായ്മ മാത്രം. ആ മുഖംമൂടിക്കുള്ളില്‍ ഏറ്റവും നികൃഷ്ടമായ കൊലപാതകിയുടെ ദംഷ്ട്രകളുണ്ട്. ചതിയന്റെ കുടിലമനസ്സുണ്ട്. ആ കുടിലതയാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ അജന്‍ഡയായി അനുദിനം പുറത്തുവരുന്നത്.
- കേരളത്തിന്റെ സമുന്നത രാഷ്ട്രീയനേതാവായിരുന്ന ബേബി ജോണിനെ ഒരു സരസന്റെ തിരോധാനത്തിന്റെ പേരില്‍ കൊലയാളിയാക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ ആവേശം ഓര്‍ത്തെടുത്താല്‍ സമാനതകളില്ലാത്ത നെറികേടിന്റെ ചിത്രം തെളിഞ്ഞുവരും. സരസന്‍ ചവറയിലെ ആര്‍എസ്പിയുടെ സാധാരണ പ്രവര്‍ത്തകനായിരുന്നു. ഇടയ്ക്ക് പാര്‍ടി വിട്ടു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. അതോടെ, കഴുകന്മാര്‍ രംഗത്തുവന്നു. പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കുടകില്‍ ഒരു തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു; സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് നാട്ടുകാരോട് പറഞ്ഞു. പക്ഷേ, പറഞ്ഞ കള്ളം പിന്‍വലിക്കാനോ ബേബി ജോണിനോട് മാപ്പുപറയാനോ കോണ്‍ഗ്രസ് തയ്യാറായില്ല- അദ്ദേഹത്തിന്റെ ബോധം മറയുന്നതുവരെ. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ മത്സരമുണ്ടായിരുന്നെങ്കില്‍ ബേബി ജോണിനെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയേനെ.
- കമ്യൂണിസ്റ്റുകാരോടാകുമ്പോള്‍ എല്ലാ മര്യാദകളും മാറ്റിവയ്ക്കാം എന്ന ബോധം അടിച്ചുറപ്പിക്കുകയാണ് വലതുപക്ഷം. ഒരു ഭാഗത്ത് ഏകപക്ഷീയമായ നുണക്കഥകള്‍. സ്വന്തം വീട് ആര്‍ക്കും അഭയസ്ഥാനമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആ അഭയകേന്ദ്രം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് വിരോധം കാപട്യപൂര്‍ണമാണെന്നതുപോലെ നിര്‍ദയവുമാണ്. ഒരു പാര്‍ടിയില്‍ വിശ്വസിക്കുന്ന കുറ്റത്തിന് നൂറുകണക്കിനാളുകളെ ആട്ടിയോടിക്കുന്ന ക്രൗര്യത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. പൊലീസ്, മാധ്യമ, വലതുപക്ഷ ആക്രമണം ഏകോപിച്ച് ഊര്‍ജമാവാഹിക്കാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം കാരണമായി. അത് അരങ്ങുതകര്‍ത്താടുകയാണ്. പശ്ചിമ ബംഗാളിലെന്നപോലെ മഹാസഖ്യമുണ്ടാകുന്നു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അന്വേഷണത്തില്‍ മറയില്ലാതെ ഇടപെടുന്നു. ഒരു കൊലപാതകത്തിന്റെ പാപഭാരം കയറ്റിവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം പൂത്തുലയുകയാണ്. ആജ്ഞാനുവര്‍ത്തികളായ കുറെ പൊലീസുകാരും മാധ്യമസ്വാധീനവുമുണ്ടെന്ന ഹുങ്കാണ് ബംഗാള്‍ മോഡല്‍ സ്വപ്നത്തിനാധാരം. സിപിഐ എം കടന്നുവന്ന വഴികളും നേരിട്ട വെല്ലുവിളികളും സഹിച്ച ത്യാഗങ്ങളും ചിന്തിയ രക്തവും അറിയാത്തവരുടെ ആ ദിവാസ്വപ്നമാണ് കേരളത്തെ സമീപനാളുകളില്‍ ശബ്ദമുഖരിതമാക്കുന്നത്. എന്നാല്‍ അതിന് അല്‍പ്പായുസ് മാത്രം.
Tuesday, May 29, 2012
കസ്റ്റഡിയിലുള്ളവര്‍ക്ക് ക്രൂര പീഡനം: എളമരം കരീം
വടകര: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. വടകര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ താനും കെ കെ ലതിക എംഎല്‍എയും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കണ്ടപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. രവീന്ദ്രന്‍ പറയുന്ന കാര്യം കള്ളമാണെന്നു തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും എളമരം കരീം പറഞ്ഞു. ഞങ്ങള്‍ രവീന്ദ്രനോട് ചോദിച്ചത് നീ ഈ പ്രസ്ഥാനത്തിനെ മാനംകെടുത്തിയോ എന്നാണ്. പൊലീസ് കോടതിയില്‍ കൊണ്ടുവന്ന പ്രതികള്‍ തലയില്‍ തോര്‍ത്തുമുണ്ടിട്ടപ്പോള്‍ പെണ്‍വാണിഭക്കാരെപ്പോലെ പോയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ തോര്‍ത്തുമുണ്ട് നല്‍കിയതും മുഖംമറക്കണമെന്ന് ആവശ്യപ്പെട്ടതും പൊലീസാണ്. സുഹൃത്തായ ചന്ദ്രശേഖരനെ കൊല്ലേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നു പറഞ്ഞ് കൈകൂപ്പി പൊട്ടിക്കരഞ്ഞതായുള്ള മാധ്യമ വാര്‍ത്ത പച്ചക്കള്ളമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. പതിനാലിന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഗൃഹപ്രവേശനത്തിന്റെ കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്ന മൊഴി പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കൂട്ടിപ്പിടിച്ച് ഭേദ്യം ചെയ്തു. കക്കയം ക്യാമ്പിനെ അനുസ്മരിക്കുന്ന പീഡനമാണ് വടകരയില്‍ നടക്കുന്നത്. ചോമ്പാല എസ്ഐ ജയന്‍ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ ഇംഗിതം അനുസരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള അണ്ണന്‍ എന്നയാളുടെ കൈയില്‍ അരിവാള്‍ ചുറ്റിക പച്ചകുത്തിയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഞങ്ങള്‍ ചോദിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിലെ മേമുണ്ട സ്വദേശിയായ രാമകൃഷ്ണനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതെന്ന് വ്യക്തമായി. കുറ്റം സിപിഐ എമ്മില്‍ ആരോപിക്കാനുള്ള വ്യഗ്രതയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നതെന്ന് കരീം പറഞ്ഞു.
സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ അനുവദിക്കില്ല: കൃഷ്ണദാസ്
വടകര: ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിന്റെ ജീവനെടുക്കാന്‍ സമ്മതിക്കില്ലെന്ന് ഡിവൈഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. നിഷ്ഠൂര സംഭവം മറയാക്കി പാവപ്പെട്ടവരുടെ മഹാപ്രസ്ഥാനത്തിന്റെ ജീവനെടുക്കാന്‍ വരുന്ന കൈകള്‍ ഇവിടുത്തെ ജനലക്ഷങ്ങള്‍ തകര്‍ക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴിയില്‍ കെട്ടിയ ചെണ്ടയല്ല. ഞങ്ങളുടെ നെഞ്ചിലും ചങ്കിലും ചോരയും ജീവനും തുടിക്കുന്ന കാലത്തോളം പാര്‍ടിയെ തകര്‍ക്കാന്‍ സമ്മതിക്കില്ല. ഇടതുപക്ഷത്തെ തകര്‍ത്ത് പകരം ആരെയാണ് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാ റവലൂഷണറിക്കാര്‍ ചിന്തിക്കണം. ഇടതുപക്ഷ വേട്ടക്കെതിരെ വടകര കോട്ടപ്പറമ്പില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ചിത്രങ്ങളും പുസ്തകങ്ങളും പൊട്ടക്കിണറ്റിലിട്ടവരാണോ വിപ്ലവകാരികള്‍. ലോക്കപ്പില്‍ നെഞ്ചിലെ ചോരയാല്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ധീരരക്തസാക്ഷി മണ്ടോടികണ്ണന്റെ സ്മാരകം തകര്‍ത്തവരില്‍ എന്ത് റവലൂഷനാണുള്ളത്. എ കെ ജിയുടെയും കേളുഏട്ടന്റെയും പേരിലുള്ള ഓഫീസ് കത്തിച്ചവര്‍ കമ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. മണ്ടോടി കണ്ണനടക്കമുള്ള വരെ കൊന്ന് ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റ്വേട്ട നടത്തിയവരുടെ പിന്മുറക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കൂട്ടുചേര്‍ന്നവരുടെ വിപ്ലവവും രാഷ്ട്രീയവും ജനം തിരിച്ചറിഞ്ഞതാണ്. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചാണ് താന്‍ യോഗത്തിനെത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ചന്ദ്രശേഖരനെ അടുത്തറിയാവുന്ന സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കില്ലാത്ത വേദനയും ദുഃഖവും ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രകടിപ്പിക്കുന്നത് വിശ്വസിക്കാനാവുന്നില്ല. മൊയാരത്ത് ശങ്കരനെയും അഴീക്കോടന്‍ രാഘവനെയുമെല്ലാം കൊന്നവര്‍ സിപിഐ എമ്മിനെ ഇപ്പോള്‍ വേട്ടയാടുന്നു. കമ്യൂണിസ്റ്റുകാരെ മാതൃഭൂമിയും മനോരമയും അക്രമകാരികളെന്ന് വിളിക്കുന്നത് ഇന്നുമാത്രമല്ല. ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാര്‍ നടത്തിയ മുന്നേറ്റവും എംഎസ്പി ഭീകരതയും 1948 മെയ് ഒന്നിന് കമ്യൂണിസ്റ്റ്അക്രമമെന്ന് എഴുതിയ പത്രമാണ് മാതൃഭൂമി. അവരാണിന്ന് ഒഞ്ചിയത്തിന്റെ വിപ്ലവപാരമ്പര്യവും മഹിമയും പാടിനടക്കുന്നതെന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തലാണ്. സിപിഐ എമ്മിലുള്ളപ്പോള്‍ എം വി രാഘവന്‍ മാധ്യമങ്ങള്‍ക്കും മറ്റും മാടായിമാടനായിരുന്നു. പിന്നെ പുലിക്കുട്ടിയായി. രാഘവന്‍ പോയിട്ട് ഈ പ്രസ്ഥാന് ഒരു പോറലും പറ്റിയില്ല. മോന്തായമുള്ളപ്പോഴാണ് പല്ലിക്കും ഓന്തിനും തോന്നുക താനാണ് മോന്തായം താങ്ങി നിര്‍ത്തുന്നതെന്ന്. പാര്‍ടിയും പ്രസ്ഥാനവുമില്ലെങ്കില്‍ ഈ നാടുതന്നെ ഇതേ നിലയിലുണ്ടാകില്ല. നിരവധി സാമൂഹ്യപരിഷ്കാരങ്ങളിലൂടെ ആധുനിക കേരളത്തെ സൃഷ്ടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുന്ന മാധ്യമങ്ങളുടെ കൂലിയെഴുത്തില്‍ ഒലിച്ചുപോകുന്നതല്ല ഈ പ്രസ്ഥാനം-കൃഷ്ണദാസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലിനും കേസെടുക്കുമോ: പിണറായി
നെയ്യാറ്റിന്‍കര: കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തയ്യാറാകുമോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. ഏറ്റവുമൊടുവില്‍ മാര്‍ക്സിസ്റ്റുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് എം എം ഹസ്സന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഒരുപാട് കാര്യങ്ങള്‍ ഓര്‍മയുള്ള ഹസ്സന്‍ ഇത്രയെങ്കിലും പറയാന്‍ ആര്‍ജവം കാണിച്ചു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് ചെങ്കവിള മേഖലാറാലി ഒറ്റപ്ലാവിളയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. അഞ്ച് യുവാക്കളെ വെടിവച്ചുകൊന്ന കൂത്തുപറമ്പ് വെടിവയ്പിന് ഗൂഢാലോചന നടത്തിയത് കെ സുധാകരനും എം വി രാഘവനുമാണെന്ന് വെളിപ്പെടുത്തിയത് മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനാണ്. കെ സുധാകരന്‍ കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നത് നേരിട്ട് കണ്ടുവെന്നാണ്. മട്ടന്നൂരിനടുത്ത് നാല്‍പാടി വാസുവിനെ വെടിവച്ച് കൊന്നശേഷം ഒരുത്തനെ അവിടെ വെടിവച്ചിട്ടുണ്ട് എന്ന് പൊതുയോഗത്തില്‍ കെ സുധാകരന്‍ പ്രസംഗിച്ചു. ഇ പി ജയരാജനെ കൊല്ലാന്‍ വാടകഗുണ്ടകളെ അയച്ചത് കെ സുധാകരനും എം വി രാഘവനുമാണെന്ന് ഗുണ്ടകള്‍ തന്നെ വെളിപ്പെടുത്തി. ചീമേനിയില്‍ സിപിഐ എം ഓഫീസ് അടച്ചുപൂട്ടി അഞ്ച് പേരെ ചുട്ടുകൊന്നില്ലേ? ഇപ്പോള്‍ സമാധാനദൂതന്മാരായി ചമയുന്ന കോണ്‍ഗ്രസിന്റെ ചരിത്രം അക്രമങ്ങളുടെയും കൊലപാതകങ്ങളുടേതുമാണ്. ഒഞ്ചിയം സംഭവത്തിന്റെ തിരക്കഥയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രവീന്ദ്രന്‍, ചെന്നുകണ്ട എളമരം കരീമിനോടും കെ കെ ലതികയോടും പൊലീസിന്റെ ഭീകര മര്‍ദന കഥകളാണ് വെളിപ്പെടുത്തിയത്. പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് മൊഴി നല്‍കാനായിരുന്നു മര്‍ദനം. മൊഴികളെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ നടത്തിയ തല്‍സമയസംപ്രേഷണ കഥകളല്ല യാഥാര്‍ഥ്യമെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
എന്നിട്ടും സുധാകരനും ഹസ്സനും ബഷീറിനുമെതിരെ കേസില്ല
തിരു: കോണ്‍ഗ്രസുകാര്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച കെപിസിസി വക്താവ് എം എം ഹസ്സനും കൂത്തുപറമ്പ് വെടിവയ്പിനും കണ്ണൂരിലെ ഒട്ടേറെ അക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയ കെ സുധാകരനും എതിരെ കേസില്ല. അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത്ലീഗുകാര്‍ക്കെതിരെ കോടതിയില്‍ സാക്ഷിപറയുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തോന്നിയിട്ടില്ല. പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുന്ന ഉമ്മന്‍ചാണ്ടി, നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നത് താനാണെന്ന് പ്രഖ്യാപിച്ച കെ സുധാകരനെതിരെ ഇതേവകുപ്പ് ചുമത്താന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാവുകയാണ്. കോടതിയില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നാണ് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ പ്രഖ്യാപിച്ചത്. നാലുവര്‍ഷംമുമ്പ് ലീഗുകാര്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ടാണ് അന്ന് ഏറനാട് മണ്ഡലം ലീഗ് പ്രസിഡന്റായിരുന്ന ബഷീര്‍ പൊതുയോഗത്തില്‍ ഈ ഭീഷണി മുഴക്കിയത്. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വന്‍പ്രചാരണക്കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും സിപിഐ എമ്മിനെ വേട്ടയാടാനിറങ്ങിയിരിക്കുന്നത്. നിയമം തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവര്‍ തെളിയിക്കുന്നു. സാക്ഷി പറയുന്നവരെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ലീഗ് എംഎല്‍എയും കുറ്റക്കാരനെന്ന് ഡിസിസി പ്രസിഡന്റുതന്നെ തെളിവ് നല്‍കിയ കെ സുധാകരനും സിപിഐ എമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊന്നിട്ടുണ്ടെന്ന് പറഞ്ഞ എം എം ഹസ്സനും ഉമ്മന്‍ചാണ്ടിയുടെ നിയമപുസ്തകത്തിന് പുറത്താണ്. സിപിഐ എമ്മിനെതിരെ രണ്ടും കല്‍പ്പിച്ചിറങ്ങിയ മാധ്യമങ്ങള്‍ക്കാകട്ടെ ഹസ്സന്‍ പറഞ്ഞത് കേട്ടഭാവമില്ല. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്നും അത് ചരിത്രമാണെന്നും ഹസ്സന്‍ പറഞ്ഞത്. ആ ചാനലിനും മിണ്ടാട്ടമില്ല.
പി കെ ബഷീര്‍ പറഞ്ഞതിങ്ങനെ
സാക്ഷി പറഞ്ഞാല്‍ ജീവനോടെ തിരിച്ചുപോകില്ല ""കേരളം മുഴുവന്‍ ഉറ്റുനോക്കിയ സംഭവം നടന്നത് കിഴിശ്ശേരിയിലാണ്. ക്ലസ്റ്റര്‍ ഉപരോധത്തോടനുബന്ധിച്ച് നടന്ന സമരത്തില്‍ നമ്മുടെ നിര്‍ഭാഗ്യത്തിന് ഒരു മാസ്റ്റര്‍ മരണപ്പെടുകയുണ്ടായി. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്ന് ഗവര്‍മെണ്ടും സിപിഎമ്മും എന്‍ജിഒകളും അധ്യാപകസംഘടനകളും പോഷകസംഘടനകളും പറഞ്ഞു. എന്‍ജിഒയുടെ പണിമുടക്കും നടന്നു. നിരപരാധികളായ അഞ്ച് യൂത്ത്ലീഗുകാര്‍ക്കെതിരെ 302 വകുപ്പുപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. 14 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവം നടന്ന രാത്രിയില്‍ റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റുചെയ്തു. മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. അങ്ങനെ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളായി. അവര്‍ ഒരുമാസം ജയിലില്‍ കിടന്നു. ഈ സംഭവം നടന്നോ ഇല്ലയോ എന്ന് എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അതിന് കമ്യൂണിസ്റ്റുകാര്‍ സാക്ഷി പറയാന്‍ പോകരുതെന്ന് അന്ന് പറഞ്ഞതാണ്. ശങ്കരപ്പണിക്കര്‍ പോയാല്‍ കാലുവെട്ടുമെന്ന് പറഞ്ഞു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു കാര്യം വ്യക്തമായി പറയാം. കിഴിശ്ശേരിയിലെ നിരപരാധികളായ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് പ്രതികളാക്കിയത്. ആലിന്‍ചോട്ടിലുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് പൊലീസിന് പേരുകൊടുക്കുന്നത്. ലിസ്റ്റ് കൊടുക്കേണ്ട പൂതി ഇതോടെ തീരും. ലിസ്റ്റ് കൊടുത്താല്‍ ആദ്യം നിങ്ങളെ കൈകാര്യം ചെയ്യും. സാക്ഷിപറയാന്‍ പോകുന്ന വിജയന്‍ എന്ന അധ്യാപകന്‍ തിരിച്ച് വീട്ടിലെത്തുമെന്ന് കരുതേണ്ട. ഈ കേസിനെ സംബന്ധിച്ച് ഏറനാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ പ്രസിഡന്റ് എന്നനിലയ്ക്ക് പറയുന്നു, ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് എവനെങ്കിലും സാക്ഷി പറയാന്‍ കോടതിയില്‍ എത്തുകയാണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ചുപോരില്ല. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങള്‍ ചെയ്തോ, ബാക്കി ഞാനേറ്റു. ഒരു ബേജാറും വേണ്ട""
കെ സുധാകരനെതിരെ രാമകൃഷ്ണന്റെ മൊഴി
കൂത്തുപറമ്പ് വെടിവയ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍: ""കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍. കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു"". ""സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല.""
ഹസ്സന്‍ പറഞ്ഞത് ശരി: ഉണ്ണിത്താന്‍
തിരു: കോണ്‍ഗ്രസുകാര്‍ സിപിഐ എമ്മുകാരെ കൊന്നിട്ടുണ്ടെന്ന് സ്വകാര്യടെലിവിഷന്‍ ചാനലില്‍ കെപിസിസി വക്താവ് എം എം ഹസ്സന്‍ പറഞ്ഞത് ശരിയാണെന്ന് എഐസിസി അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍. "അദ്ദേഹം തമാശ പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. വസ്തുതാപരമായ കാര്യങ്ങളാണ് അദ്ദേഹം പറയാറുള്ളത്"- ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം നടക്കുമ്പോള്‍ പ്രക്ഷുബ്ധാന്തരീക്ഷത്തിലാണ് കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടില്ലെന്ന് താന്‍ ഒരിക്കലും പറയില്ല. എന്നാല്‍, ആസൂത്രണംചെയ്ത്് ആരെയും കൊന്നിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
അക്രമരാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ ആന്റണിയ്ക്ക് അവകാശമില്ല: കോടിയേരി
നെയ്യാറ്റിന്‍കര: അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ എ കെ ആന്റണിക്ക് അവകാശമില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ പി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ വഴിവിട്ട് സഹായിച്ച വ്യക്തിയാണ് ആന്റണി. ചീമേനിയില്‍ 5 സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ആന്റണി കോണ്‍ഗ്രസ് നേതാവ്. മാറാട് കലാപം നടന്നതും ആന്റണിയുടെ കാലത്താണ്. സിപിഐ എം അക്രമരാഷ്ട്രീയം നടത്തുന്നെന്ന ആന്റണിയുടെ പരാമര്‍ശം ജനങ്ങള്‍ തള്ളിക്കളയും. സിപിഐ എമ്മിനെ ജനങ്ങള്‍ക്ക് നന്നായറിയാം. സ്വന്തം മണ്ഡലത്തില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതെയാണ് ആന്റണി വികസനത്തെക്കുറിച്ച് പറയുന്നത്. ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല.
കാലുമാറ്റക്കാരന്‍ ശെല്‍വരാജിന് വോട്ടുപിടിച്ച ആന്റണിയുടെ ആദര്‍ശ മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്താല്‍ മതിയെന്നതാണ് ആന്റണിയുടെ ശരീരഭാഷ. യുഡിഎഫിന്റെ ചട്ടലംഘനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പൊലീസുകാര്‍ പങ്കെടുക്കുന്നുണ്ട്. ഇത് കടുത്ത അച്ചടക്കലംഘനമാണ്. റോഡ് ഷോ നടത്തി ആളുകളെ കൂട്ടേണ്ട ആവശ്യം എല്‍ഡിഎഫിനില്ല. പ്രസംഗിക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയുന്ന ജനപിന്തുണയുള്ള നേതാക്കളാണ് എല്‍ഡിഎഫിനുള്ളതെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന യുഡിഎഫിന്റെ ആരോപണം പരാജയഭീതിയില്‍ നിന്നും ഉണ്ടായതാണ്. രണ്ടാംസ്ഥാനത്തിന് വേണ്ടി യുഡിഎഫും ബിജെപിയും മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടിയേരി പറഞ്ഞു.
Subscribe to:
Posts (Atom)