പ്രധാന പദ്ധതികള്‍ക്കാണ് ഇത്രയേറെ ഭൂമി ആവശ്യം. എറണാകുളം അമ്പലമുകളിലെ പെട്രോ കെമിക്കല്‍ പദ്ധതിക്ക് 10,000 ഏക്കര്‍, കൊച്ചി-പാലക്കാട് നിംസ് പദ്ധതിക്ക് 13,000 ഏക്കര്‍, ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് ഹബ്- 13,000 ഏക്കര്‍, ഐ.ഐ.ഐ.ടി- 50 ഏക്കര്‍, ടൈറ്റാനിയം സ്‌പോഞ്ച്- 265 ഏക്കര്‍, ലൈഫ്‌ടൈം പാര്‍ക്ക്- 260 ഏക്കര്‍, ചീമേനി പദ്ധതി- 1621 ഏക്കര്‍, മറ്റൊരു പദ്ധതിക്ക് മുപ്പത്തിയാറര ഏക്കര്‍ എന്നിങ്ങനെയാണ് വന്‍കിട പദ്ധതികള്‍. കണക്കെടുത്താല്‍ 38,232 ഏക്കര്‍ ഭൂമിയാണ് ഈ പദ്ധതികള്‍ക്കു ലഭിക്കേണ്ടതെങ്കിലും പെട്രോ കെമിക്കല്‍ പദ്ധതിക്ക് അനുമതി ലഭിക്കണമെങ്കില്‍ മാത്രം 61,000 ഏക്കര്‍ ഭൂമി വേണം. കേന്ദ്ര സര്‍ക്കാരാണു പെട്രോ കെമിക്കല്‍ പദ്ധതിക്ക് അനുമതി നല്‍കേണ്ടത്. ആവശ്യമായ സൗകര്യങ്ങളും മുന്‍കരുതലും സുരക്ഷയുമില്ലാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കാനാകില്ല. അമ്പലമുകളില്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 13,000 ഏക്കറാണ് സര്‍ക്കാര്‍ രേഖകളില്‍ കാണിച്ചിട്ടുള്ളതെങ്കിലും പദ്ധതി നടപ്പാകുമ്പോള്‍ 61,000 ഏക്കര്‍ കണ്ടെത്തേണ്ടിവരും. 260 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈടെക് കോറിഡോര്‍ നിര്‍മിക്കണമെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നു കണക്കാക്കിയിട്ടില്ല. സീപ്ലെയിന്‍ പദ്ധതിയും ചെറുകിട പദ്ധതികളും കൂടിയാകുമ്പോള്‍ ഒരു ലക്ഷം ഏക്കറോളം ഭൂമി എമെര്‍ജിംഗ് കേരള പദ്ധതിക്കായി വേണ്ടിവരും. ആമ്പല്ലൂരില്‍ നേരത്തേ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിനായി ഏറ്റെടുത്ത 376 ഏക്കര്‍ ഭൂമിയാണു സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ഇലക്‌ട്രോണിക്‌സ് പാര്‍ക്ക് എമെര്‍ജിംഗ് കേരളയിലൂടെ നിംസ്(നാഷണല്‍ ഇന്‍വെസ്‌റ്റ്മെന്റ് ആന്‍ഡ് മാനുഫാക്‌ചറിംഗ് സോണ്‍) ആയി മാറ്റുമ്പോള്‍ 13,000 ഏക്കര്‍ ഭൂമി കണ്ടെത്തേണ്ടിവരും. പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്ന നിംസിന് അനുമതി ലഭിക്കണമെങ്കില്‍ 5,000 ഹെക്‌ടര്‍ സ്‌ഥലം വേണമെന്നാണു ചട്ടം. ജനവാസമേഖലയായ ആമ്പല്ലൂരില്‍ ഇത്രയേറെ സ്‌ഥലം എങ്ങനെ കണ്ടെത്തുമെന്നു കണ്ടറിയണം. ഈ മേഖലയില്‍ 2000 ഏക്കര്‍ ഏറ്റെടുത്ത് ഇലക്‌ട്രോണിക്‌സ് ചിപ്പ് നിര്‍മാണത്തിനുള്ള പദ്ധതി നടപ്പാക്കാന്‍ നേരത്തേ ചരടുവലികള്‍ നടന്നെങ്കിലും പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വി.എസ്. സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എമെര്‍ജിംഗ് കേരള പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അന്നത്തെ വ്യവസായവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്‌ണനായിരുന്നു ഇലക്‌ട്രോണിക്‌സ് ചിപ്പ് നിര്‍മാണ പദ്ധതിക്കായി ഏറെ സമ്മര്‍ദം ചെലുത്തിയത്. ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ഈ ഭൂമി കണ്ടെത്തേണ്ടത്. പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയാകട്ടെ കുത്തക കമ്പനികള്‍ക്ക് ദാനം നല്‍കുന്ന രീതിയില്‍ പാട്ടത്തിനു നല്‍കാനുമാണു നീക്കം. ഹൈടെക് കോറിഡോര്‍ പദ്ധതി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ സമരങ്ങള്‍ ഉടലെടുക്കുകയും പദ്ധതിക്കെതിരേ പ്രതിരോധ കൂട്ടായ്‌മകള്‍ സജീവമാകുകയും ചെയ്‌ത സാഹചര്യത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് എളുപ്പവുമാകില്ല. |
Tuesday, September 4, 2012
'എമെര്‍ജിംഗ് കേരള: വേണ്ടഭൂമി ഒരു ലക്ഷം ഏക്കര്‍: കൈയിലുള്ളത് 5400 ഏക്കര്‍
കെ സുധാകരനുവേണ്ടി പൊലീസ് കള്ളം പറഞ്ഞെന്ന് തെളിഞ്ഞു
തിരു: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കുവേണ്ടി പൊലീസ് കോടതിയില്‍ പച്ചക്കള്ളം പറഞ്ഞതായി തെളിഞ്ഞു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കാന്‍ ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ച കേസിലാണ് പൊലീസ് കള്ളം പറഞ്ഞത്. വിവാദ പ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നതിനാല്‍ തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുന്നെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് പൊലീസ് ആദ്യം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കള്ളം പുറത്തായത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് സുധാകരനെതിരായ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതിനാണ് സിബിഐ അന്വേഷണമെന്ന നുണക്കഥ സൃഷ്ടിച്ചത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് കേസ് പലവട്ടം നീട്ടി. ആഗസ്ത് 25ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഷോക്കോസ് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെയാണ് സത്യംപറയാന്‍ നിര്‍ബന്ധിതമായത്. സിബിഐ കേസെടുത്തില്ലെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ നല്‍കിയ പരാതി ചെന്നൈ യൂണിറ്റിലേക്ക് അയച്ച വിവരം മാത്രമേ ഉള്ളെന്നുമാണ് ചൊവ്വാഴ്ച പൊലീസ് തിരുത്തിയത്. വിശദാംശങ്ങള്‍ രേഖാമൂലം നല്‍കാന്‍ സിബിഐ വിമുഖത കാണിച്ചതായും കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണം അവസാനിപ്പിച്ചില്ലെന്നും കാര്യക്ഷമമായി നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, കോടതി മുന്‍ധാരണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഈ കോടതിയില്‍ വിശ്വാസമില്ലെന്നും കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടു. പൊലീസും പ്രതിയും ഒത്തുകളിക്കുകയാണെന്ന് ഹര്‍ജിക്കാരിലൊരാളായ അഡ്വ. നെയ്യാറ്റിന്‍കര നാഗരാജന്‍ പറഞ്ഞു. കേസ് പരിഗണിക്കുന്ന കോടതിക്കെതിരെ പ്രസംഗിച്ചതിന്് സുധാകരനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ അഡ്വ. പള്ളിച്ചല്‍ എസ് കെ പ്രമോദും ബോധിപ്പിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസ് ആണ് കേസ് പരിഗണിക്കുന്നത്. കേസ് ഏഴിലേക്ക് മാറ്റി. 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയിലായിരുന്നു വിവാദ പ്രസംഗം. സുപ്രീംകോടതി ജഡ്ജി 36 ലക്ഷംരൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പരാതിയെത്തുടര്‍ന്ന് കേസെടുക്കാന്‍ മ്യൂസിയം പൊലീസിനോട് ഡിജിപി നിര്‍ദേശിച്ചു. പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. പ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുകയാണെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവാണ് കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി മൂന്നുതവണ ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേസ് നീട്ടിക്കൊണ്ടുപോയി. കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് നിലപാട് മാറ്റിയത്. വിവിധ കേസുകളില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും ഉന്നത പൊലീസ് നേതൃത്വവും കാട്ടുന്ന ഇരട്ടത്താപ്പാണ് സുധാകരന്റെ കേസിലൂടെ വീണ്ടും വ്യക്തമായത്.
പൊലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിന് കെ എം മോഹന്‍ദാസിനെതിരെ കേസ്
വാര്‍ത്ത നല്‍കിയതിനു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് ഇതാദ്യം
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെതിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തു. സെപ്തംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന മോഹന്‍ദാസിന് നോട്ടീസ് നല്‍കി. അന്വേഷണ സംഘത്തില്‍പ്പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ചില മാധ്യമപ്രവര്‍ത്തകരുമായി ദിവസങ്ങളോളം ടെലിഫോണ്‍ വിളിച്ചതിന്റെയും സന്ദേശങ്ങള്‍ അയച്ചതിന്റെയും തെളിവുകള്‍ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. സിപിഐ എമ്മിനെതിരെ പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചമച്ചുനല്‍കുന്നുവെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്നായിരുന്നു ജോസി ചെറിയാന്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്ന് തുറന്നുകാട്ടുന്നതും പൊലീസ് ഗൂഢാലോചന വെളിപ്പെടുത്തുന്നതുമായിരുന്നു ദേശാഭിമാനി വാര്‍ത്ത. വാര്‍ത്ത വന്നതോടെ മുഖം നഷ്ടപ്പെട്ട പൊലീസ് പിടിച്ചുനില്‍ക്കാന്‍ കേസ് ചമയ്ക്കുകയായിരുന്നു. ഇതിനായി വീണ്ടും ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പരാതി കൊടുപ്പിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ മോഹന്‍ദാസിനെ വടകരയിലേക്ക് വിളിപ്പിച്ചത്്. സംസ്ഥാനത്ത് ഇതാദ്യമായാണ് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ പൊലീസ് നേരിട്ട് കേസെടുക്കുന്നത്. മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിച്ച അടിയന്തരാവസ്ഥക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തില്ല. മാധ്യമസ്വാതന്ത്ര്യത്തിനു നേരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിന്ദ്യമായ കടന്നാക്രമണമാണ് മോഹന്‍ദാസിന് എതിരായ കേസിലൂടെ പുറത്ത് വന്നത്.
കേസ് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനം: കെയുഡബ്ല്യുജെ
തിരു: പത്രവാര്‍ത്തയുടെപേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഡിവൈഎസ്പിയുടെ ഫോണ്‍ ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചതിനാണ് വടകര പൊലീസ് കേസെടുത്തത്. പല സ്രോതസ്സുകളില്‍നിന്നു ലഭിക്കുന്ന വിവരം വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇത്തരം നടപടികളില്‍നിന്ന് പൊലീസ് പിന്തിരിയണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ പ്രതിഷേധിച്ചു
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരായുള്ള വാര്‍ത്തകള്‍ക്ക് പിന്നിലെ പൊലീസ്-മാധ്യമ കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തതില്‍ ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കോ ഡിനേഷന്‍കമ്മിറ്റി പ്രതിഷേധിച്ചു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തൊഴില്‍പരമായ ഉത്തരവാദിത്തം നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിലൂടെ പത്രസ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുകയാണ് സംസ്ഥാനസര്‍ക്കാര്‍.അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് സര്‍ക്കാര്‍ നടപടി. വാര്‍ത്തയെഴുതിയ ലേഖകനെതിരെ കേസെടുക്കുന്നതും പൊലീസ്സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതും മാധ്യമസ്വാതന്ത്ര്യത്തിന് നേരെ സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണമാണ്. ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് ശൈലിയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യവാദികളും ജനാധിപത്യപ്രേമികളും വിഷയത്തില്‍ പ്രതികരിക്കണമെന്നും ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എസ് മനോജും സെക്രട്ടറി പി വി ജീജോയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Sunday, September 2, 2012
ലീഗ് ആസ്ഥാനത്തേക്ക് 2266 കോടിയുടെ പദ്ധതി
തിരു: എമര്‍ജിങ് കേരളക്കെതിരെ യുഡിഎഫിനകത്തും പ്രതിഷേധം ശക്തമാകുന്നതിനിടെ ലീഗ് ആസ്ഥാനത്തേക്ക് 2266 കോടിയുടെ എഡ്യൂ-ഹെല്‍ത്ത് സിറ്റി പദ്ധതി. മന്ത്രി കുഞ്ഞാലിക്കുട്ടി ചെയര്‍മാനായ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) ആഭിമുഖ്യത്തില്‍ മലപ്പുറത്തെ പാണക്കാട് വില്ലേജില്‍ 183 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക.
വ്യവസായ വകുപ്പിന്റെ ഭൂമി ദീര്‍ഘകാലത്തേക്ക് സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിനു നല്‍കി നടപ്പാക്കുന്ന എഡ്യൂ-ഹെല്‍ത്ത് സിറ്റി എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്ന വന്‍ പദ്ധതിയാണ്. മുസ്ലിംലീഗ് നേതാക്കളുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പദ്ധതി എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്നത്. 2017നകം പൂര്‍ത്തിയാകത്തക്കവിധമാണ് പദ്ധതിയുടെ ഘടന. റോഡ്, വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.
വിദ്യാഭ്യാസമേഖലയിലെ ലീഗ്വല്‍ക്കരണത്തിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് എമര്‍ജിങ് കേരളയിലെ വമ്പന്‍ പദ്ധതി മുസ്ലിം ലീഗ് കൈക്കലാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യമേഖലയ്ക്ക് 74 ശതമാനവും ഓഹരിയുള്ള ഇന്‍കെലിന് അങ്കമാലിയിലും വല്ലാര്‍പാടത്തും പദ്ധതികളുണ്ടെങ്കിലും അതൊന്നും എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചില്ല. വാണിജ്യ സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ സുപ്രധാന കേന്ദ്രങ്ങളില്‍ ഇന്‍കെല്‍ റവന്യൂവകുപ്പിനോട് ഭൂമി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളിലെ കണ്ണായ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കണമെന്നായിരുന്നു ആവശ്യം. പാട്ടവ്യവസ്ഥകളുടെ നഗ്നമായ ലംഘനമായിരിക്കും ഇതെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
Saturday, August 25, 2012
വ്യക്തി സ്വാതന്ത്ര്യം മുതലാളിത്ത പൊയ് മുഖം അഴിയുന്നു
ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹം
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ കാര്യത്തില്‍ ലോകം രണ്ടുതട്ടില്‍ നില്‍ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ വാഴ്ത്താറുള്ള മുതലാളിത്തലോകം, പൊതുവില്‍ അസാഞ്ചിന് അഭയം നല്‍കിയ ഇടതുപക്ഷരാഷ്ട്രമായ ഇക്വഡോറിന്റെ നടപടിക്കെതിരെ. ഇരുമ്പുമറയുള്ള ജനാധിപത്യരാഹിത്യത്തിന്റെ നാട് എന്ന് ബൂര്‍ഷ്വാമാധ്യമങ്ങള്‍ അപലപിക്കാറുള്ള ഇടതുപക്ഷലോകം ഇക്വഡോറിന്റെ നടപടിക്ക് അനുകൂലം. മുതലാളിത്തം ഉയര്‍ത്താറുള്ള വ്യക്തിസ്വാതന്ത്ര്യ- അഭിപ്രായസ്വാതന്ത്ര്യവാദത്തിന്റെ പൊള്ളത്തരം ലോകജനതയ്ക്ക് കണ്ണുതുറന്നുകാണാനുള്ള ഒരു സന്ദര്‍ഭംകൂടിയായി മാറിയിരിക്കുന്നു അസാഞ്ചിന്റെ സംഭവം.
അമേരിക്കയ്ക്കും ബ്രിട്ടനും അസാഞ്ചിന്റെ കഥ കഴിക്കണം. കാരണം, അദ്ദേഹത്തിന്റെ വിക്കിലീക്സാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ജനാധിപത്യധ്വംസനത്തിനും മനുഷ്യത്വലംഘനത്തിനും കൂട്ടക്കുരുതികള്‍ക്കുംവേണ്ടി അമേരിക്കയും ബ്രിട്ടനും തയ്യാറാക്കിയ ഗൂഢപദ്ധതികളും ഉപജാപങ്ങളും പുറത്തുകൊണ്ടുവന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഒക്കെ അക്രമങ്ങളുടെ ഞെട്ടിക്കുന്ന രേഖകളാണ് അസാഞ്ച് പുറത്തുവിട്ടത്. അമേരിക്കയുടെ ഒരു രഹസ്യവും രഹസ്യമല്ല എന്നുവന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ബുദ്ധിമാന്ദ്യം സംഭവിച്ച സംവിധാനമാണെന്നുവന്നു. അമേരിക്ക ലോകത്തിനുമുമ്പില്‍ ചൂളി. ചോര മരവിപ്പിക്കുന്ന അമേരിക്കന്‍ കിരാതകൃത്യങ്ങളുടെ ലക്ഷക്കണക്കായ തെളിവുകള്‍ വിക്കിലീക്സ് പുറത്തുവിട്ടപ്പോള്‍ അമേരിക്ക അണിഞ്ഞിരുന്ന മനുഷ്യത്വത്തിന്റെ പൊയ്മുഖം വലിച്ച് ചീന്തപ്പെടുകയായിരുന്നു. ഇറാഖില്‍ പത്രപ്രവര്‍ത്തകരും പൗരജനങ്ങളുമടക്കമുള്ളവരോടു കാട്ടിയ കൊടുംക്രൂരതകള്‍ കണ്ട് അമേരിക്കയെ ലോകം വീണ്ടുമൊരിക്കല്‍ക്കൂടി തിരിച്ചറിയുകയായിരുന്നു. ഇതിനു പ്രതികാരമായി, അസാഞ്ചിനെ വിട്ടുകിട്ടിയാല്‍ ഉടന്‍ കഥ കഴിക്കണമെന്നുകരുതി കാത്തിരിക്കുകയായിരുന്നു അമേരിക്ക. ഇതിനിടയിലാണ് ജൂണ്‍ 19ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ചെന്ന് അസാഞ്ച് അഭയം ചോദിച്ചതും, കഴിഞ്ഞ ദിവസം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ ക്വെറിയ അസാഞ്ചിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന് ധീരമായി പ്രഖ്യാപിച്ചതും. എംബസിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യാന്‍ കാത്തിരിക്കുകയാണ് ബ്രിട്ടന്‍. എംബസിയിലേക്ക് നയതന്ത്ര പ്രോട്ടോകോള്‍ ലംഘിച്ച് കടന്നുകയറാന്‍ വ്യഗ്രതപ്പെടുകപോലും ചെയ്തു ബ്രിട്ടീഷ് പൊലീസ്. ബ്രിട്ടന്റെ ഭീഷണിസ്വരം വിലപ്പോകില്ലെന്ന് ക്വെറിയ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഭീഷണി ഇക്വഡോറിനെതിരെ മാത്രമല്ല ലാറ്റിനമേരിക്കയ്ക്കാകെ എതിരെയുള്ളതാണെന്നും അതിനെ നേരിടുകതന്നെ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. തൊട്ടുപിന്നാലെതന്നെ ബൊളീവിയയുടെ പ്രസിഡന്റ് ഈവാ മൊറേല്‍സ് ഇക്വഡോറിനെ പിന്തുണച്ച് രംഗത്തുവന്നു. അര്‍ജന്റീന, ക്യൂബ, നിക്കരാഗ്വെ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും ഇക്വഡോറിനെ പിന്തുണച്ചു. അസാഞ്ചിനെതിരെ സ്വീഡനില്‍ ലൈംഗികാതിക്രമത്തിനുള്ള കേസുണ്ട്. അമേരിക്കയില്‍ രാഷ്ട്രരഹസ്യങ്ങള്‍ ചോര്‍ത്തിയതിനുള്ള കേസുണ്ട്. ലൈംഗികാതിക്രമക്കേസ് അമേരിക്കന്‍ പ്രേരണയില്‍ കെട്ടിച്ചമച്ചതാണെന്നാണ് വിക്കിലീക്സ് പ്രവര്‍ത്തകര്‍ പറയുന്നത്. ഏതെങ്കിലും വിധത്തില്‍ അസാഞ്ചിനെ വിട്ടുകിട്ടണമെന്നും അദ്ദേഹത്തിന്റെ കഥകഴിക്കണമെന്നുമുള്ള ചിന്തയാണ് അമേരിക്കയെ നയിക്കുന്നത് എന്ന് അവര്‍ കരുതുന്നു. എന്തായാലും അസാഞ്ചിനെ കൈമാറിയാല്‍ അദ്ദേഹത്തിന് ന്യായപൂര്‍ണമായ ഒരു വിചാരണ ലഭിക്കില്ല എന്നത് വ്യക്തമാണ്. ഇംഗ്ലണ്ടിലെതന്നെ പൗരസമൂഹം അസാഞ്ചിനെ പിന്തുണയ്ക്കുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയ്ക്ക് കൈമാറിയാല്‍ അസാഞ്ച് വധിക്കപ്പെടും എന്നതുതന്നെയാണ് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിനുള്ള കാരണമെന്ന പ്രസിഡന്റ് റാഫേല്‍ ക്വെറിയയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് അവര്‍. ബ്രിട്ടീഷ് കോടതികള്‍ അസാഞ്ചിന്റെ എല്ലാ അപ്പീലുകളും തിരസ്കരിക്കുകയായിരുന്നു. ഇത് അമേരിക്കയുടെ താല്‍പ്പര്യത്തിലുമായിരുന്നു. അമേരിക്കന്‍ ഹെലികോപ്റ്റര്‍ 18 ഇറാഖികളായ നിരായുധ പൗരന്മാരെ വെടിവച്ചുകൊല്ലുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് 2010ല്‍ വിക്കിലീക്സ് വാര്‍ത്താസ്ഫോടനപരമ്പര ആരംഭിച്ചത്. രഹസ്യരേഖകളുടെ പ്രവാഹംകൂടിയായപ്പോള്‍ പെന്റഗണ്‍ അസാഞ്ചിനെതിരെ ഭീഷണി ആരംഭിച്ചു. ലോകത്തെ ആക്രമിച്ച ഭീകരനാണ് അസാഞ്ച് എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അസാഞ്ചിന് രാജ്യംവിട്ടുപോകേണ്ടിവന്നു; വിക്കിലീക്സ് പൂട്ടേണ്ടിവന്നു. അമേരിക്കയാകട്ടെ, ഒസാമ ബിന്‍ലാദനു സമനായി അസാഞ്ചിനെ കണക്കാക്കി വേട്ടയാരംഭിച്ചു. സ്വീഡനിലുള്ളത് അമേരിക്കന്‍ താളത്തില്‍ തുള്ളുന്ന ഭരണമാണ്. അവിടത്തെ പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവുതന്നെയും അമേരിക്കന്‍ വലതുപക്ഷ സൈദ്ധാന്തികനായി അറിയപ്പെടുന്ന കാള്‍റോവാണ്. തന്നെ ജയിപ്പിക്കാന്‍ ഏറ്റവും സഹായിച്ച വ്യക്തി എന്ന് ജോര്‍ജ്ബുഷ് രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കുശേഷവും പറഞ്ഞതാണ് ഇയാളെക്കുറിച്ച്. ഇയാളുടെ മുന്‍കൈയിലാണ് ലൈംഗികാപവാദക്കേസ് അസാഞ്ചിനെതിരായി ചമയ്ക്കപ്പെട്ടത് എന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു. അതെന്തുമാകട്ടെ, കേസുണ്ടെങ്കില്‍ അതിന് ന്യായമായ വിചാരണയാണ് വേണ്ടത്. എന്നാല്‍, സ്വീഡന് അതല്ല ഉദ്ദേശ്യം. തങ്ങള്‍ക്ക് വിട്ടുകിട്ടുന്ന അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറുക എന്നതാണ്. അവരത് ചെയ്യുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഇക്വഡോറിന്റെ നിലപാട് സ്വാഗതാര്‍ഹമാകുന്നത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ""അപ്പോസ്തലന്മാര്‍"" അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിക്കെതിരെ കൊലവിളി നടത്തുന്നതും കമ്യൂണിസ്റ്റുകാര്‍ അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് മാധ്യമ മേധാവിയെ അഭയം നല്‍കി രക്ഷിക്കുന്നതുമായ കാഴ്ച ലോകത്തിന് പഠിക്കാനുള്ള പാഠമാണ് തുറന്നുതരുന്നത്.
Thursday, August 16, 2012
ഇതു ക്രൈസ്തവ സഭകള്‍ക്കു അപമാനം
- മിനിമം കൂലി എന്ന ഭരണഘടന അവകാശം നേടിയെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ നൂറ്റി പതിനാല് ദിവസങ്ങളായി സമരം ചെയ്ത പാവം നേഴ്സുമാരുടെ സമരത്തോട് കുംഭകര്‍ണ്ണ സമീപനം സ്വീകരിച്ച കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രി മാനേജ്‌മന്റ് നടപടിയോട് ആര്‍ക്കും യോജിക്കാന്‍ കഴിയില്ല.
- ഇന്ത്യന്‍ നിയമത്തിനു കീഴ് വഴങ്ങി മാത്രമേ ഏതൊരു മത സ്ഥാപനത്തിനും ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന ഭരണഘടനാ വ്യവസ്ഥ ഒരു മത സ്ഥപനങ്ങളും മറക്കരുത്. പരമോന്നത നീതി പീഠം ആയ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി ന്യായങ്ങള്‍ നിയമ നിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമങ്ങള്‍ പോലെ തന്നെ പരിഗണിക്കപ്പെടണം എന്നാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
- മിനിമം വേജു ആക്ട് പ്രകാരം സര്‍ക്കാര്‍ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ മിനിമം കൂലി പ്രഖ്യാപിച്ചാല്‍ മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലി കൊടുക്കുവാന്‍ യാതൊരു സ്ഥാപന ഉടമക്കും ഇന്ത്യയില്‍ അവകാശമില്ല എന്ന നിയമത്തിന്റെ " സുവിശേഷം" ഈ മാനേജുമെന്റിനെ പഠിപ്പിക്കാന്‍ ഇനി ആരാണ് വരേണ്ടത്.
- മിനിമം കൂലി കൊടുത്താല്‍ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകും എങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ സുപ്രീം കോടതി പലവട്ടം വിധി പറഞ്ഞിട്ടുണ്ട് എന്നത് ഇവര്‍ മറക്കാതിരിക്കട്ടെ.
- നമ്മുടെ രാജ്യത്തിലെ മതന്യൂനപക്ഷ സമൂഹങ്ങള്‍ സുരക്ഷിതരായി കഴിയുന്നത് ഭരണഘടനയുടെ പ്രത്യേക സുരക്ഷാ കവചം ഉപയോഗിച്ചാണ് എന്നത് ഇന്ത്യയിലെ ഒരു മത ന്യൂനപക്ഷവും മറക്കരുത്. അതെ മത ന്യൂന പക്ഷങ്ങള്‍ തന്നെ ഭരണഘടന ഉറപ്പു നല്‍കുന്ന മിനിമം കൂലി അവകാശം നിഷേധിച്ചു ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.
- മിനിമം കൂലി എന്ന പട്ടിണി കൂലി നിഷേധിച്ചു കൊണ്ട് കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ആശുപത്രികളോ , വിദ്യാഭ്യാസ സ്ഥാപനങ്ങളോ നടത്തി ഇനിയും യാതൊരു സേവനവും തങ്ങള്‍ക്കു നല്‍കേണ്ടതില്ല എന്ന് ഒറ്റക്കെട്ടായി എന്നാണ് ജനങ്ങള്‍ക്ക് ഈ ചൂഷകരോട് പറയാന്‍ കഴിയുക.
- കോതമംഗലം മോര്‍ ബസ്സേലിയോസ് മാനേജ്‌മന്റ് മാത്രമല്ല ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടത് .ഇത്തരം കൊടിയ ചൂഷണം നടത്തുന്നതില്‍ കേരളത്തിലെ ക്രൈസ്തവ സഭകളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം . "നിന്റെ വയലില്‍ പണിയെടുന്നവന്റെ കൂലി സൂര്യാസ്തമനത്തിനു മുന്‍പ് കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കാത്ത കൂലി നിന്റെ അരമനയുടെ മുന്‍പില്‍ നിന്ന് നിലവിളിക്കുമെന്നും ആ നിലവിളി സൈന്യങ്ങളുടെ ദൈവമായ യഹോവ കേള്‍ക്കുമെന്നും അത് നിനക്ക് അനര്‍ത്ഥം ഉണ്ടാക്കും "എന്നും ഉള്ള ബൈബിള്‍ വാക്യം തങ്ങള്‍ നടത്തുന്ന അധര്‍മ്മത്തിനു എതിരായ പ്രവാചക ദൂത് ആയി ധന ചൂഷണത്തിന്റെ ഈ അപ്പോസ്തലന്മാര്‍ എന്തു കൊണ്ടാണ് മനസിലാക്കാത്തത് ?
- തൊഴിലാളികള്‍ സംഘടിക്കുന്നതും കൂട്ടായി വില പേശുന്നതും ക്രിമിനല്‍ കുറ്റമായി കാണുന്ന വലതു പക്ഷ ദൃശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങള്‍ കഴിഞ്ഞ നൂറ്റി പതിനാലു ദിവസങ്ങള്‍ ഈ സമരത്തോട് പുലര്‍ത്തിയ നിസംഗ സമീപനത്തെ കേരള സമൂഹം ഒറ്റക്കെട്ടായി അപലപിക്കേണ്ടതാണ്
Wednesday, August 1, 2012
നട്ടെല്ലില്ലാത്ത കാക്കിവേഷങ്ങള്‍
എംഎല്‍എ എന്നല്ല, ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ പൊലീസിന് അധികാരമില്ല. ആഭ്യന്തരമന്ത്രി ഒരുദിവസം കല്‍പ്പിച്ചാല്‍ യന്ത്രവുംകൊണ്ട് ഫോണ്‍ ചോര്‍ത്താന്‍ പോകുന്ന പൊലീസുകാരന്‍ ചെയ്യുന്നത് സ്വന്തം പണിയല്ല, ക്രിമിനലിന്റെ പണിയാണ്. ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍സംഭാഷണം ടാപ്പ്ചെയ്ത് ഒരു പൊലീസുകാരന്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്രസുരക്ഷയ്ക്ക്, അന്യരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം തകര്‍ക്കപ്പെടുമ്പോള്‍, പൊതുനിയമസംവിധാനം അപകടത്തില്‍പ്പെടുമ്പോള്‍, ഒരു കുറ്റകൃത്യം തടയാന്‍- ഇത്രയും ഘട്ടങ്ങളിലാണ് ടെലിഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പൊലീസിന് കഴിയുക. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് സെക്ഷന്‍ 5(2) ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വെറുതെ തീരുമാനിക്കാവുന്ന കാര്യവുമല്ല അത്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടാകണം. ഏതുതരത്തിലുള്ള ആശയവിനിമയമാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് അതില്‍ വ്യക്തമായി പറയണം. ഈ ഉത്തരവിന്റെ കാലാവധി രണ്ടുമാസത്തേക്കായിരിക്കും. ഇത്തരമൊരു ഉത്തരവ് വന്നാല്‍ത്തന്നെ, ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍ കമ്യൂണിക്കേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി കേന്ദ്രത്തിലും തത്തുല്യമായ സമിതി സംസ്ഥാനത്തും ടെലിഫോണ്‍ ചോര്‍ത്തുന്നത് നിയമാനുസൃതവും അത്യന്താപേക്ഷിതവുമാണോ എന്നു വിലയിരുത്തണം. അല്ലെന്നുകണ്ടാല്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ നശിപ്പിക്കേണ്ടതാണ്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവകരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം പിന്‍വലിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡവും അവഗണിച്ചാണ് യുപിഎ സര്‍ക്കാര്‍ അതിനുമുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു അത്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയും ഭരണഘടന വിഭാവനംചെയ്യുന്ന പൗരന്റെ മൗലികാവകാശങ്ങളും തകര്‍ക്കുന്ന നടപടിയായാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്. ഇവിടെ ടി വി രാജേഷിന്റെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ ചോര്‍ത്താന്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമം നിര്‍വചിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടില്ല. പൊലീസിന് നിയമം കൈയിലെടുക്കാനുള്ള അധികാരമില്ല. യുഡിഎഫിന് കേസില്‍ കുടുക്കാനുള്ളവരുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വയ്ക്കാന്‍ അനുവാദം കൊടുക്കുന്നത്ര താണ നിലവാരത്തിലുള്ള നടപടിയാണിത്. സര്‍ക്കാരിന് ഈ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനാകില്ല. പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) ഢെ യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി, ടെലിഫോണ്‍ ചോര്‍ത്തുന്നതിന്റെ നിയമവിരുദ്ധതയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനംചെയ്യുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ അവകാശത്തിന്റെ നിഷേധമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. ടെലിഫോണില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ ഭരണഘടനയുടെ 19(1എ) അനുസരിച്ച് സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വിനിയോഗിക്കപ്പെടുന്നത്. അത് നിഷേധിക്കുന്നതിനെ സുപ്രീംകോടതി അതീവഗൗരവത്തോടെ കാണുന്നു. 1855ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ട കോടതി അതിനുമുമ്പുതന്നെ ഇത്തരം അനധികൃത ഫോണ്‍ ചോര്‍ത്തലുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തുന്നതും മറ്റും അതിന്റെ ഭാഗമായാണ്. ടി വി രാജേഷിന്റെ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 5(2)ഉം അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അതിനര്‍ഥം ഭരണഘടന പൗരനുനല്‍കുന്ന മൗലികാവകാശത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൈവച്ചിരിക്കുന്നു എന്നതാണ്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍വച്ച സിപിഐ എം നേതാക്കള്‍ കുറ്റസമ്മതം നടത്തി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം നല്‍കി. സിപിഐ എമ്മിനെ കേസില്‍ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് അന്വേഷണസംഘത്തിലെ യുഡിഎഫ് സേവകരായ ചില ഉദ്യോഗസ്ഥര്‍ വാര്‍ത്ത സൃഷ്ടിച്ചതും ചോര്‍ത്തിയതും. അങ്ങനെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഒരുദ്യോഗസ്ഥന്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകരോട് എത്രവട്ടം സംസാരിച്ചു എന്ന വിവരം ദേശാഭിമാനി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ വലിയ നിയമലംഘനമായി കൊണ്ടാടാനും കേസെടുത്ത് പീഡിപ്പിക്കാനുമാണ് പൊലീസ് തയ്യാറായത്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ച് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് ഇഷ്ട മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയ യജമാനന്മാരില്‍നിന്നും അച്ചാരം വാങ്ങിയതല്ല തെറ്റ്, ആ വിവരം പുറത്തുകൊണ്ടുവന്നതാണ് മഹാ അപരാധം എന്നാണ് മാന്യന്മാര്‍ ഇപ്പോഴും പറയുന്നത്. ഇതേ ആളുകള്‍ ഇപ്പോള്‍ പരസ്യമായി നിയമം ലംഘിച്ച് ഭരണഘടനയെ പുച്ഛിച്ചുതള്ളി വ്യക്തിയുടെ സ്വകാര്യതയില്‍ തള്ളിക്കയറുന്നു. ജനപ്രതിനിധികളുടെപോലും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് തെളിവുണ്ടാക്കാന്‍ നടക്കുന്നു. ടി വി രാജേഷ് ഫോണിലൂടെ എന്തെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതായല്ല പൊലീസ് കണ്ടെത്തിയത്. പാര്‍ടിയുടെ പ്രാദേശികതലത്തിലുള്ള ഒരു പ്രവര്‍ത്തകനുമായി സംസാരിച്ച ചില കാര്യങ്ങള്‍ റെക്കോഡുചെയ്ത് കേള്‍പ്പിച്ച് അതിനെ ഷുക്കൂര്‍ വധക്കേസുമായി ബന്ധിപ്പിക്കാനുള്ള ദുര്‍ബലശ്രമമാണ് നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധപ്രവൃത്തിയാണെന്ന സംശയംപോലും അന്വേഷണസംഘത്തിന് ഉണ്ടായില്ല. യുഡിഎഫിന് ദാസ്യവേല ചെയ്യുമ്പോള്‍ അവര്‍ നിയമവും അന്തസ്സും അഭിമാനവും വിവേകവും യുക്തിയും മറന്നുപോകുന്നു. ജനനേതാക്കളെ പലകുറി വിളിച്ചുവരുത്തി വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. പൊലീസിനെതിരെ ആര് എന്ത് വിമര്‍ശം ഉന്നയിച്ചാലും കേസെടുത്ത് പേടിപ്പിക്കുന്നു. ഏതാനും മാധ്യമങ്ങളുടെ സഹായവും ലഭിക്കുന്നു എന്നുവരുമ്പോള്‍ കാക്കി യൂണിഫോമിനുമേല്‍ അഹന്തയുടെയും അവിവേകത്തിന്റെയും തൊപ്പിയാണ് എടുത്തണിയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തോടെ കേരളം അറബിക്കടലിലേക്ക് തിരിച്ചുപോകും എന്നാണ് പൊലീസിലെ യുഡിഎഫ് സേവാദളത്തിന്റെ മനോഗതം. അതിന്റെ പുളപ്പാണ് ജനനേതാക്കളുടെ സ്വകാര്യസംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് വലിയ മിടുക്കായി കൊണ്ടുനടക്കുമ്പോള്‍ തെളിയുന്നത്. ഇക്കണക്കിന് ഇവര്‍ നാളെ എന്തെല്ലാം ചെയ്യും എന്നാണ് ആലോചിക്കേണ്ടത്. നാട്ടില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടവര്‍ തന്നെ ചെയ്യുന്ന ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛത അളക്കാനാകാത്തതാണ്. അനധികൃത ഫോണ്‍ ചോര്‍ത്തല്‍ നടത്തിയവരെ നിയമപരമായി കൈകാര്യംചെയ്തേ തീരൂ. അതിന് പ്രേരിപ്പിച്ചവരെയും വെറുതെവിടാന്‍ പാടില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ ആ ചുമതല ജനങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. അങ്ങനെ വരുമ്പോള്‍ കേസിന്റെയും പൊലീസ് ഭീകരതയുടെയും ഭീഷണിയുടെയും ആയുധങ്ങളൊന്നും പോരാതെ വരും. ടി വി രാജേഷിന്റേതുമാത്രമല്ല, സിപിഐ എമ്മിന്റെ പ്രമുഖരായ പല നേതാക്കളുടെയും ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നുണ്ട് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ക്യാമ്പിലേക്ക് എംഎല്‍എമാര്‍ ചെന്നപ്പോള്‍ "നിങ്ങള്‍ വരുന്ന വിവരം മൂന്നുമണിക്കൂര്‍ മുമ്പേ എനിക്കറിയാമായിരുന്നു" എന്നാണ് ഒരു ഐപിഎസ് മിടുക്കന്‍ പറഞ്ഞുകളഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറാണത്രേ പുതിയ അന്വേഷണയന്ത്രം. അങ്ങനെയെങ്കില്‍ വടകര പൊലീസ് ക്യാമ്പിന്റെ ടവര്‍ പരിധിയില്‍നിന്ന് ഏതൊക്കെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍ കോളുകള്‍ പോയി എന്നും ആരില്‍നിന്നെല്ലാം തിരിച്ചുവന്നു എന്നും അന്വേഷിക്കാന്‍ എളുപ്പമാണ്. അതില്‍ തെളിയും ആരാണ് കാക്കിക്കുള്ളിലെ അച്ചാരംവാങ്ങികളും ചാരന്മാരും ചെരുപ്പുനക്കികളുമെന്ന്. യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് സേനയെ തറയോളം താഴ്ത്തിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിസ്ഥാനവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനവും ഒഴിയുമ്പോള്‍ പൊലീസിന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ചിന്തിക്കേണ്ടത്. അഭിമാനവും കഴിവും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇല്ലാത്ത ഒരു സേന നാടിനുതന്നെ ഭാരമാകും. നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തും പ്രതിഷേധം പ്രകടിപ്പിക്കുന്നവരെയാകെ കേസുകളില്‍ പ്രതിചേര്‍ത്തും പ്രസംഗത്തിന്റെ പേരില്‍ കേസുകളുടെ അതിസാരം സൃഷ്ടിച്ചും യുഡിഎഫിന് വിടുവേല ചെയ്യുന്ന അതേ തെമ്മാടിത്തം മറ്റൊരു രീതിയിലും പൊലീസ് നിര്‍വഹിക്കുന്നുണ്ട്. മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ് ആവിയാക്കിയും മറ്റുമാണത്. പൊലീസിലെ നട്ടെല്ലുള്ളവര്‍ക്കുമാത്രമല്ല, നാടിനാകെ അപമാനമാണ് ഈ സ്ഥിതി. ലജ്ജാകരം എന്നു പറഞ്ഞാലും മതിയാകില്ല. |
Subscribe to:
Posts (Atom)